ലൂസി ഹില്ലർ ലാംബർട്ട് ക്ലീവ്‌ലാന്റ് (ജീവിതകാലം: 1780 - 1866) ഒരു അമേരിക്കൻ എഴുത്തുകാരി, ദിനക്കുറിപ്പുകാരി, സഞ്ചാരി, കലാകാരി, സാമൂഹിക പരിഷ്കർത്താവ് എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർത്തിച്ചിരുന്ന ഒരു വനിതയായിരുന്നു.[1]അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് മുൻപുള്ള കാലത്തെ[2]അമേരിക്കയിലെ ഒരു പ്രധാന നാടോടി കലാകാരിയായി അറിയപ്പെട്ടിരുന്ന അവർ ഏതാണ്ട് ഒരു ഡസനിലധികം കുട്ടികളുടെ പുസ്തകങ്ങളുടെ രചന നിർവ്വഹിക്കുകയും അതോടൊപ്പം അവയുടെ ചിത്രീകരണം നടത്തുകയും ചെയ്തിരുന്നു.[3]
1780 ൽ അമേരിക്കൻ ഐക്യനാടുകളിലെമസാച്യുസെറ്റ്സ് സംസ്ഥാനത്തെ സേലം നഗരത്തിൽ ഒരു ഘടികാര നിർമ്മാതാവും വെള്ളിപ്പണിക്കാരനുമായിരുന്ന മേജർ ജോസഫ് ഹില്ലർ (ജീവിതകാലം: 1748-1814) മാർഗരറ്റ് ക്ലീവ്‌ലാൻഡ് ഹില്ലർ (ജീവിതകാലം: 1748-1804) എന്നീ ദമ്പതിമാരുടെ ഇളയ പുത്രിയായി[4] ലൂസി ഹില്ലർ ജനിച്ചു.[5] 1803-ൽ ഈ കുടുംബം മസാച്യുസെറ്റ്സിലെ ലാൻകാസ്റ്ററിലേക്ക് താമസം മാറ്റുകയും അവിടെവച്ച് ലൂസി 1806-ൽ ക്യാപ്റ്റൻ വില്യം ലാംബെർട്ട് എന്ന വ്യക്തിയെ വിവാഹം കഴിക്കുകയും ചെയ്തു.[6] കഷ്ടിച്ച് ഒരു വർഷത്തിനുശേഷം വിധവയായിത്തീർന്ന ലൂസി തന്റെ മൂത്ത സഹോദരിമാരായ ഡോർക്കസ്, മേരി, വിവാഹിതരായ സഹോദരന്മാർ എന്നിവരോടൊപ്പം താമസിക്കാനായി സേലത്തേക്ക് മടങ്ങിയെത്തി.[7] ലൂസിയുടെ പിതാവ് 1814-ലും സഹോദരി മേരി 1815-ലും മരണമടഞ്ഞു.[8] അടുത്ത വർഷം ലൂസി വിഭാര്യനായ തന്റെ സഹോദരീ ഭർത്താവ് ക്യാപ്റ്റൻ വില്യം ക്ലീവ്‌ലാൻഡിനെ വിവാഹം കഴിച്ചു.[9]
1821-ൽ ഈ ദമ്പതികൾ സേലത്തേക്ക് താമസം മാറുകയും വില്യം സമുദ്ര വ്യാപാരത്തിൽ വ്യാപൃതനായതോടെ ലൂസി കുട്ടികളുടെ പുസ്തകങ്ങളുടെ രചയിതാവായി മാറുകയും ചെയ്തു.[10] 1828 നവംബറിൽ, ലൂസി, തന്റെ വളർത്തുപുത്രൻ ജെയിംസ് ക്ലീവ്‌ലാൻഡുമായി സെഫിർ[11] എന്ന കപ്പലിൽ ചൈനയിൽ വിൽപ്പനയ്ക്കായി ചന്ദനം വാങ്ങാൻ യാത്ര ചെയ്യുകയായിരുന്ന വില്യം ക്ലീവ്‌ലാൻഡുമായി തിമോറിലേക്ക് ഒരു വ്യാപാര യാത്ര ആരംഭിച്ചു.[12] യാത്രയ്ക്കായി പാസ്‌പോർട്ട്[13] നൽകപ്പെടുകയും ഈ യാത്ര ഏകദേശം ഒരു വർഷത്തോളം നീണ്ടുനിൽക്കുകയും ചെയ്തു. ആ സമയത്ത് ലൂസി ഒരു യാത്രാ ഡയറിയും സ്കെച്ച്ബുക്കും കയ്യിൽ സൂക്ഷിച്ചു.[14] അവൾ രചിച്ച രണ്ട് ഡസൻ രേഖാചിത്രങ്ങൾ തിമോറിലും മക്കാവിലും ചുറ്റുമുള്ള ദൈനംദിന ജീവിതത്തിന്റെ രംഗങ്ങൾ ചിത്രീകരിച്ചു.[15] മക്കാവിൽ, ഈ സംഘം മറ്റൊരു അമേരിക്കക്കൻ രചയിതാവ് ഹാരിയറ്റ് ലോയെ കണ്ടുമുട്ടുകയും അദ്ദേഹം ലൂസിയുടെ സ്വന്തം ഡയറിയിൽ ഈ കൂടിക്കാഴ്ച്ചയേക്കുറിച്ച് വിവരിക്കുകയും ചെയ്തിരുന്നു.[16]
ലൂസി ഹില്ലർ ക്ലീവ്‌ലാൻഡിന്റെ പരുത്തി, കമ്പിളി മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗപ്പെടുത്തി നിർമ്മിച്ച ‘ദ ലെറ്റർ’ എന്ന മാതൃക (സേലം, മസാച്ചുസെറ്റ്സ്)
1827 നും 1842 നും ഇടയിലുള്ള കാലഘട്ടത്തിൽ കുട്ടികൾക്കായി സംയമനം, നിർമ്മാർജ്ജനം, സാമൂഹിക നന്മ എന്നിങ്ങനെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ഒരു ഡസനിലധികം പുസ്തകങ്ങളുടെ രചന നിർവ്വഹിച്ച ലൂസി ഹില്ലർ ക്ലീവ്‌ലാന്റ് ഒപ്പം അവയുടെ ചിത്രീകരണവും നടത്തുകയും പേരില്ലാതെ പ്രസിദ്ധീകരിക്കുകയും ചെയ്തു.[17] സാഹിത്യരചനയോടൊപ്പം അമേരിക്കൻ ജീവിതത്തിന്റെ വിവിധ രംഗങ്ങൾ കാണിക്കുന്ന 'വിഗ്നെറ്റുകൾ' എന്ന നിരവധി ലഘു നാടോടി ശില്പങ്ങളും ക്ലീവ്‌ലാൻഡ് സൃഷ്ടിച്ചിരുന്നു.[18] നിരവധി ചാരിറ്റബിൾ മേളകളിലേക്ക് അവർ ഈ ശിൽപ്പ മാതൃകകൾ പ്രദർശനത്തിനും നൽകിയിരുന്നു.[19] 1844 ൽ 64 വയസുള്ളപ്പോൾ ന്യൂയോർക്കിലെ മെക്കാനിക്സ് ലിറ്റററി അസോസിയേഷൻ ഓഫ് റോച്ചെസ്റ്ററിൽനിന്ന് ലൂസി ഒരു ഡിപ്ലോമ കരസ്ഥമാക്കി.[20] 1852-ൽ ന്യൂയോർക്ക് നഗരത്തിലെ ഷർട്ട് വുമൺസ് യൂണിയൻ മേളയിലേക്കുള്ള പ്രവേശനത്തിലൂടെ വനിതാ വസ്ത്ര തൊഴിലാളികളെ സഹായിക്കാൻ ഇരുപത് ഡോളർ സ്വരൂപിക്കുന്നതിനു സാധിച്ചു.[21] 1830 മുതൽ 1860 വരെയുള്ള കാലഘട്ടത്തിൽ, പരുത്തി, പട്ട്, കമ്പിളിരോമം, തുകൽ, മുടി എന്നിവയുൾപ്പെടെ നിരവധി വസ്തുക്കൾ ഉപയോഗിച്ച് ക്ലീവ്‌ലാന്റ് കുറഞ്ഞത് പതിനൊന്ന് ചിത്ര മാതൃകകൾ ഉണ്ടാക്കി. [22]മുത്തുകൾ, സ്ഫടികം, ചിത്രത്തയ്യൽ, ചായം എന്നിവ ഉപയോഗിച്ച് അവൾ അവ മോടി പിടിപ്പിച്ചിരുന്നു. [23]
സാഹിത്യകൃതികൾ
ദ ലിറ്റിൽ ഗേൾ ഹൂ വാസ് ടോട്ട് ബൈ എക്സ്പിരിയൻസ് (1827)
ദ ബ്ലാക്ക് വെൽവെറ്റ് ബ്രേസ്‍ലെറ്റ് (1828)
ദ ക്ലോസറ്റ് (1828)
ഏർലി ഇംപ്രഷൻസ് (1828)
ഒറിജിനൽ മോറൽ ടേൽസ് : ഇന്റന്റഡ് ഫോർ ചിൽഡ്രൺ ആന്റ് യംഗ് പേർസൺസ്, കണ്ടയ്നിംഗ് ടെംപ്റ്റേഷൻ (1828)
ആനെറ്റ് വാറിംഗ്ടൺ, അഥവാ, സീക്വൽ ടു ദ ബ്ലാക്ക് വെൽവെറ്റ് ബ്രേസ്‍ലെറ്റ് (1832)
ദ അഡ്വഞ്ചേർസ് ഓഫ് വിൽസൺ ആവെറി (1833)
ക്ലാര ന്യൂജെന്റ്, അഥവാ, ദ പ്രോഗ്രസ് ഓഫ് ഇംപ്രൂവ്മെന്റ്: എ ടെയ്ൽ (1833)
ദ അൺവേൽഡ് ഹാർട്ട്: എ സിമ്പിൾ സ്റ്റോറി (1835)
ദ കാർപന്റർ ആന്റ് ഹിസ് ഫാമിലി: ആൾസോ,പ്രൈഡ് സബ്ഡ്യൂഡ് (1835)