ലൈംഗികന്യൂനപക്ഷം
![]()
ലെസ്ബിയൻ (സ്വവർഗപ്രണയിനി), ഗേ (സ്വവർഗപ്രണയി), ബൈസെക്ഷ്വൽ (ഉഭയവർഗപ്രണയി), ട്രാൻസ്ജെൻഡർ (ഭിന്നലിംഗർ), ഇന്റർസെക്സ് (മിശ്രലിംഗം), അസെക്ഷുവൽ (അലൈംഗികർ) എന്നീ സമൂഹങ്ങളെ മൊത്തമായി സംബോധന ചെയ്യുന്നതിന് ഉപയോഗിക്കുന്ന ചുരുക്കപ്പേരാണ് ലൈംഗികന്യൂനപക്ഷം / LGBTIAQ+. ലിംഗ-ലൈംഗികന്യൂനപക്ഷം എന്ന വാക്കാണ് കുറേക്കൂടി കൃത്യം. ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലൈംഗികചായ്‌വോ[1] (Sexual orientation) ലിംഗതന്മയോ (Gender Identity) ഉള്ള വിഭാഗമാണിവർ. ഇതിന് ജനതികവും ജൈവികവുമായ അടിസ്ഥാനമുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു. മസ്തിഷ്ക്കത്തിന്റെ പ്രത്യേകത ഇതിൽ എടുത്തു പറയേണ്ടതായിട്ടുണ്ട്. ഇതിൽ അലൈംഗികർക്ക് (Asexuals) ആരോടും ലൈംഗിക താല്പര്യമോ, ലൈംഗിക ചായ്‌വോ ചിലപ്പോൾ ലൈംഗികശേഷിയോ തീരെ ഉണ്ടാകാറില്ല. ഈ സവിശേഷതയെ അലൈംഗികത (Asexuality) എന്ന് അറിയപ്പെടുന്നു. ഇത് ബ്രഹ്മചര്യമല്ല (celebacy). ഈ സമൂഹങ്ങളെ മുൻപ് സംബോധന ചെയ്യുവാൻ ഉപയോഗിച്ചിരുന്ന വാക്കുകൾ മാറ്റിക്കൊണ്ട് 1980കളിൽ LGB എന്ന പദം നിലവിൽ വരികയും, കാലാനുഗുണമായി LGB പരിഷ്കരിച്ച് 1990കളോടെ LGBT എന്നാക്കുകയും ചെയ്തു . [2] വിദേശ രാജ്യങ്ങളിൽ ജൻഡർ/ ലിംഗനീതി/ലിംഗസമത്വം/ ലൈംഗികത എന്നിവ അടിസ്ഥാനമാക്കിയുള്ള സംഘടനകൾക്കിടയിൽ ഈ ചുരുക്കപ്പേര് വളരെ വേഗം പ്രചാരം നേടുകയും അത് ഈ സമൂഹങ്ങളെ അഭിസംബോധന ചെയ്യുവാനുള്ള മുഖ്യധാരപദമായി മാറുകയും ചെയ്തു. [3][4] [5]Yogyakarta Principles in Action പ്രകാരം ഉള്ള പ്രവർത്തക മാർഗ്ഗദർശിയിൽ LGBTI എന്ന പദം വ്യാപകമായി പ്രദിപാദിച്ചിട്ടുണ്ട് [6]. ഇന്ത്യയിൽ നിലവിൽ ഉള്ള മൂന്നാം ലിംഗഭേദമായ ഹിജറ/ഹിജഡകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് LGBTIH എന്നും ഉപയോഗിക്കാറുണ്ട്.[7] LGBT എന്നതിനെ പൊതുവിൽ ക്വിയർ (Queer) എന്നും അഭിസംബോധന ചെയ്യാറുണ്ട്. മഴവിൽ നിറങ്ങളിലുള്ള പതാകയാണ് ചിഹ്നം. കൂടാതെ ബൗദ്ധികമായി ഉയർന്ന നിലവാരത്തിലുള്ള അല്ലെങ്കിൽ മികച്ച ബുദ്ധിശക്തിയുള്ള വ്യക്തികളോട് മാത്രം പ്രണയം തോന്നുന്ന ആളുകളുണ്ട്. ഈ വിഭാഗത്തെ സാപ്പിയോസെക്ഷ്വൽ (Sapiosexual) എന്ന് വിളിക്കുന്നു. പാൻസെക്ഷ്വൽ പോലെ വേറെയും വിഭാഗങ്ങളുമുണ്ട്. മെറിയം-വെബ്‌സ്റ്റർ നിഘണ്ടു അനുസരിച്ച്, പാൻസെക്ഷ്വാലിറ്റി എന്നത് ഒരു പ്രത്യേക ജൻഡർ അല്ലെങ്കിൽ ലൈംഗിക ആഭിമുഖ്യം ഉള്ള ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്താത്ത ആകർഷണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു, അല്ലെങ്കിൽ സ്വഭാവ സവിശേഷതയാണ്. ലിംഗവ്യക്തിത്വം തടസമാകാതെ പ്രണയം തോന്നുക എന്നും ഈ വാക്കിന് അർത്ഥം ഉണ്ട്. യുകെയിലെ എൽജിബിടി റൈറ്റ്സ് ചാരിറ്റിയായ സ്റ്റോൺവാൾ, പാൻസെക്ഷ്വലിനെ നിർവചിക്കുന്നത് “മറ്റുള്ളവരോടുള്ള പ്രണയത്തിനും / അല്ലെങ്കിൽ ലൈംഗിക ആകർഷണീയതയ്ക്കും സെക്സോ ജെൻഡറോ പരിമിതിയാകാത്ത ഒരു വ്യക്തി” എന്നാണ്. ലൈംഗിക വ്യക്തിത്വത്തിന്റെ വിഭാഗത്തിൽ പാൻസെക്ഷ്വൽ ആണെന്ന് സ്വയം തിരിച്ചറിയുന്ന ഒരു ചെറിയ വിഭാഗം ആളുകൾ മാത്രമേയുള്ളൂ. പൊതു സമൂഹത്തിലും സര്ക്കാർ സംവിധാനത്തിലും ട്രാൻസ്ജെൻഡർ ആളുകൾ നേരിടുന്ന പ്രശ്നങ്ങൾ അഭിമുഖീകരിക്കുക, ഇതര ലിംഗവിഭാഗങ്ങൾക്കുള്ള പോലെ തുല്യത ഉറപ്പു വരുത്തുക (Equality), ഭയ രഹിതമായി ജീവിക്കുക, വിവേചനം അവസാനിപ്പിക്കുക എന്നീ ഉദ്ദേശ്യത്തോടെ കേരള സംസ്ഥാന സർക്കാർ ട്രാൻസ്ജെൻഡർ നയം പ്രഖ്യാപിക്കുകയുണ്ടായി.[8] ഇതിന്റെ ഭാഗമായി സംസ്ഥാന ട്രാൻസ്ജെൻഡർ സെൽ, ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് എന്നിവ രൂപീകരിച്ചു. മൂന്നാം ലിംഗം, ഹിജഡ, ഭിന്നലിംഗർ തുടങ്ങിയ പദങ്ങൾ വിവേചനപരമാണെന്ന് ഇവർ വാദിക്കുന്നു. അതിനാൽ ട്രാൻസ്ജെൻഡർ എന്ന വാക്കാണ് ഇന്ന് സാർവത്രികമായി ഉപയോഗിച്ചു വരുന്നത്. ട്രാൻസ്ജെൻഡർ ആളുകളെ ട്രാൻസ് പുരുഷൻ (Trans man), ട്രാൻസ് സ്ത്രീ (Trans women) എന്നീ രണ്ട് വിഭാഗങ്ങളായി തിരിക്കാം. ഇവരിൽ ചിലർ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാറുണ്ട്. അതുവഴി ട്രാൻസ് സെക്ഷ്വൽ (Trans sexual) ആയി മാറാറുണ്ട്. പൊതുവേ പല രാജ്യങ്ങളിലും ലിംഗ-ലൈംഗികന്യൂനപക്ഷങ്ങൾ അടിച്ചമർത്തപ്പെട്ടവരോ മുഖ്യധാരയിൽ നിന്ന് പാർശ്വവൽക്കരിക്കപ്പെട്ടവരോ ആണ്. എന്നാൽ ചില രാഷ്ട്രങ്ങൾ ഇവർക്ക് മറ്റ് പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ അനുവദിച്ചു നൽകിയിട്ടുണ്ട്. എതിർപ്പുകൾപല രാജ്യങ്ങളിലും ലിംഗ-ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന മനുഷ്യർ വ്യാപകമായി ശിക്ഷിക്കപ്പെടുന്നുണ്ട്, പ്രത്യേകിച്ച് മതപരമായ നിയമങ്ങൾ ഉള്ള രാജ്യങ്ങളിൽ. ഐ.പി.സി. 377 നിലനിൽക്കേ ഇന്ത്യയിലും 2018 വരെ സ്വവർഗ്ഗലൈംഗികത ശിക്ഷിക്കപ്പെടാവുന്ന കുറ്റമായാണ് പരിഗണിച്ചിരുന്നത്. എന്നാൽ സുപ്രീം കോടതി വിധിയോടെ ഇതിന് മാറ്റമുണ്ടായി. പല യാഥാസ്ഥിതിക ചിന്താഗതിക്കാരും ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിൽ ലൈംഗികന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുവാനും വധിക്കുവാനും ഉള്ള അവകാശങ്ങൾക്കു വേണ്ടി വാദിക്കുകയുണ്ടായി.[9] അവലംബങ്ങൾ
പുറം കണ്ണികൾLGBT എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia