വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ
ഇന്നത്തെ ഉത്തരേന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെട്ട ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു ഭരണമേഖലയായിരുന്നു വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ (ഇംഗ്ലീഷ്: North West Provinces, ചുരുക്കം: NWP). കീഴടങ്ങിയതും പിടിച്ചടക്കിയതുമായ പ്രവിശ്യകളിൽ നിന്നാണ് 1836-ൽ ഈ മേഖല രൂപമെടുത്തത്. 1902-ൽ യുണൈറ്റെഡ് പ്രോവിൻസസ് ഓഫ് ആഗ്ര ആൻഡ് ഔധിനകത്തെ ആഗ്ര പ്രവിശ്യയായി മാറുംവരെ കാലാനുഗതമായ രൂപമാറ്റങ്ങളോടെ ഈ മേഖല നിലനിന്നിരുന്നു.[1] കിഴക്ക് നേപ്പാളും അവധും, തെക്ക് ബംഗാളിന്റെ അധോപ്രവിശ്യകളിലുൾപ്പെട്ട ബുന്ദേൽഖണ്ട്, തെക്കുപടിഞ്ഞാറ് സിന്ധ്യകളും രജപുത്താനയും, വടക്ക് പഞ്ചാബ്, ഡെറാഡൂൺ, കുമൗൺ, നേപ്പാൾ എന്നിവയായിരുന്നു 1830-കളിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ അതിരുകൾ. പ്രധാനമായും അവധ് അടിയറവച്ച പ്രദേശങ്ങൾ, മറാഠർ, ഗൂർഖകൾ എന്നിവരിൽനിന്നും ബ്രിട്ടീഷുകാർ പിടിച്ചെടുത്ത പ്രദേശങ്ങൾ എന്നിവ ഉൾപ്പെട്ടതായിരുന്നു വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ. ഇത് ഡെൽഹി, മീറഠ്, രോഹിൽഖണ്ഡ്, ആഗ്ര, അലഹബാദ്, ബനാറസ് എന്നിങ്ങനെ ആറു ഭരണപ്രദേശങ്ങളായി തിരിച്ചിരുന്നു. 1833-35 കാലത്ത് അലഹബാദ് ആയിരുന്നു ഇതിന്റെ തലസ്ഥാനം. അതിനുശേഷം ഒരു വർഷം ആഗ്രയും. 1836-ൽ ആഗ്ര, കൽക്കത്ത പ്രെസിഡെൻസിയിലെ ഒരു പ്രവിശ്യയായി മാറി.[2] കേന്ദ്രീകൃതഭരണസംവിധാനം ലക്ഷ്യംവച്ചുകൊണ്ടുള്ള പുരോഗമനനയങ്ങളായിരുന്നു പ്രവിശ്യയുടെ ഭരണകർത്താക്കൾ എടുത്തിരുന്നത്. ഈ നയത്തിന്റെ പ്രധാനതെളിവുകളിലൊന്ന് മഹൽവാരി എന്ന പുതിയ നികുതിസമ്പ്രദായമാണ്. ഗ്രാമസഭകളെ അഥവാ മഹലിനെ അടിസ്ഥാനഘടകമായി നികുതി നിർണ്ണയിക്കുന്ന സമ്പ്രദായമായിരുന്നു ഇത്. 1822 മുതൽ മഹൽവാരി രീതിക്കനുയോജ്യമായ നികുതികണക്കാക്കൽ ശ്രമങ്ങൾ നടത്തിയെങ്കിലും ഭരണ അസൗകര്യം മൂലവും നികുതി തുക ഏറിയിരുന്നതുകൊണ്ടും നടപ്പാക്കാനാവുന്നുണ്ടായിരുന്നില്ല. 1833-ൽ വില്യം ബെന്റിക്കിന്റെ കാലത്തുവന്ന ഒമ്പതാം ചട്ടം (റെഗുലേഷൻ IX) അനുസരിച്ചുള്ള നികുതികണക്കാക്കലോടെയാണ് കാര്യങ്ങൾ നേരെയായത്. വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ ഭൂസർവേ നടത്തി നികുതി തിട്ടപ്പെടുത്തുന്നത് നടപ്പാക്കുന്നതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ റോബർട്ട് മെർട്ടിൻസ് ബേഡ് ആയിരുന്നു. നികുതി തിട്ടപ്പെടുത്തുന്നതിന് വിപുലമായ സർവേ നടപടികൾ ഇക്കാലയളവിൽ നടന്നു.[2] ജെയിംസ് തോമാസൺ, ജോൺ ലോറൻസ് എന്നിവരും ഈ മേഖലയിൽ പ്രവർത്തിച്ച പ്രമുഖരാണ്.[3] അവലംബം
|
Portal di Ensiklopedia Dunia