വയൽനായ്ക്കൻ
കൊറ്റികളുടെ കൂട്ടത്തിലെ ഏറ്റവും വലിയ പക്ഷികളിലൊന്നാണ് വയൽനായ്ക്കൻ[2] (ആംഗലേയം: Lesser Adjutant ശാസ്ത്രീയനാമം Leptoptilos javanicus). ഗുരുതരമായ വംശനാശഭീഷണിയുടെ വക്കിലെത്തി നിൽക്കുകയാണ് ഈ വലിയ പക്ഷികൾ. ലോകമാകമാനം അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ മാത്രം പ്രായപൂർത്തിയെത്തിയ പക്ഷികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് കണക്കാക്കപ്പെടുന്നത്. സിംഗപ്പൂരിൽ നിന്നും പൂർണ്ണമായും ചൈനയിൽ നിന്ന് അധികം താമസിയാതെയും ഇവ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഭൂട്ടാനിൽ ഇവ ദേശാടനത്തിനിടെ മാത്രം കാണാവുന്ന തരത്തിലേക്ക് കുറഞ്ഞിട്ടുമുണ്ട്. [3] പട്ടാളക്കാരുടെ കവാത്തിനു സമാനമായ നടപ്പാണ് ഇവയ്ക്ക് ആംഗലേയത്തിൽ അംഗരക്ഷകൻ എന്നർത്ഥം വരുന്ന Adjutant എന്ന പേരു സമ്മാനിച്ചത്. ഇവയിൽ വലിപ്പമേറിയ Greater Adjutant എന്ന വലിയ വയൽനായ്ക്കനും[4] Lesser Adjutant എന്ന വയൽനായ്ക്കനും ഉൾപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തുടങ്ങി തെക്കുകിഴക്കൻ ഏഷ്യയിലും ജാവ വരെയുള്ള പ്രദേശങ്ങളിലാണ് ഇവയെ കാണാനാവുക. കേരളത്തിൽ വളരെ അപൂർവ്വമായി മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ. സാമാന്യ വിവരണംവലിപ്പത്തിലെ ചെറുപ്പവും വളവില്ലാത്ത മേൽക്കൊക്കിന്റെ അഗ്രവും കഴുത്തിലെ സഞ്ചിയുടെ അഭാവവും കൊണ്ട് വയൽനായ്ക്കനിൽ നിന്ന് ചെറുനായ്ക്കനെ തിരിച്ചറിയാം. കറുപ്പും ചാരവും മങ്ങിയ വെളുപ്പും കലർന്ന ശരീരമാണ് ഇവയുടേത്. കഷണ്ടിത്തലയും മങ്ങിയ നിറമുള്ള മുഖവുമുള്ള വയൽനായ്ക്കൻ പ്രജനനകാലത്ത് മുഖം കൂടുതൽ ചുവപ്പ് നിറമുള്ളതും കഴുത്ത് ഓറഞ്ച് നിറമുള്ളതുമായാണ് കാണുക. ഈ സമയം കൊക്കിനും ഇളം ചുവപ്പ് കലർന്ന തവിട്ടു നിറം വ്യാപിക്കും. തലയിലും കഴുത്തിലും കറുത്തതും വെളുത്തതുമായ രോമങ്ങൾ അങ്ങിങ്ങായി കാണാം. കൊതുമ്പന്നങ്ങളെ ഒഴിച്ചാൽ ഞാറപ്പക്ഷികളിൽ ഏറ്റവും വലിയ കൊക്കുള്ള പക്ഷികളാണ് ഇവ. 25.8 മുതൽ 30.8 സെന്റിമീറ്റർ വരെ നീളമുള്ളതാണ് ഇവയുടെ കൊക്ക്. കൊക്ക് മുതൽ വാലറ്റം വരെ 87 മുതൽ 93 സെന്റിമീറ്റർ നീളവും നിവർന്ന് നിൽക്കുമ്പോൾ 110 മുതൽ 120 സെന്റിമീറ്റർ നീളവും ഉള്ള വയൽനായ്ക്കന് 4.000 കിലോഗ്രാം മുതൽ 5.710 കിലോഗ്രാം വരെ തൂക്കവും ഉണ്ടാകും. 57.5 മുതൽ 66 സെന്റിമീറ്റർ വരെ നീളമുള്ളതാണ് ഓരോ ചിറകുകളും. വലിപ്പക്കൂടുതൽ ഉള്ളതു കൊണ്ടു തന്നെ ഓടിയ ശേഷം മാത്രമാണ് ഇവ പറന്നുയരുക. പറക്കുമ്പോൾ കഴുത്ത് ശരീരത്തോട് ചേർത്ത് ചുരുക്കി വെയ്ക്കുകയും ചെയ്യുന്നു. പതിനാറു വർഷത്തോളമാണ് ഇവയുടെ ജീവിത ദൈർഘ്യം. ആഹാരംതടാകങ്ങളും വലിയ നദീതീരങ്ങളും തണ്ണീർത്തടങ്ങളും നിറഞ്ഞതും ഉയരമുള്ള മരങ്ങൾ സുലഭമായ പ്രദേശത്താണ് ഇവ ചെറു കൂട്ടമായി താവളമടിക്കുക.[5] മത്സ്യങ്ങളും ജലപ്രാണികളും ചെറുപാമ്പുകളും തവളകളും ചീഞ്ഞളിഞ്ഞ ശവശരീരങ്ങളും ഒക്കെ ഇവ ആഹാരമാക്കാറുണ്ട്. ആൺ പെൺ പക്ഷികൾ കാഴ്ചയിൽ ഒരേ പോലെയുള്ളവയാണ്. [6] പ്രജനനംമൺസൂൺ അടിസ്ഥാനമാക്കി ഉത്തരേന്ത്യയിൽ നവംബറിൽ തുടങ്ങി ജനുവരി വരേയും തെക്കേ ഇന്ത്യയിൽ ഫെബ്രുവരിയിൽ തുടങ്ങി മേയ് വരേയുമാണ് ഇവയുടെ പ്രജനനകാലം. വലിയ മരങ്ങൾക്ക് മുകളിലായി ചെറുചില്ലകൾ കൊണ്ട് കൂടൊരുക്കി ഇലകൾ കൊണ്ട് മെത്തയൊരുക്കി അതിലാണ് മുട്ടയിടുക. ഒരു മീറ്ററിലധികം പരപ്പും ആഴവും ഉള്ളതാണ് കൂടുകൾ. മൂന്നു മുതൽ നാലുവരെ മുട്ടകളാണ് ഒരു പ്രജനനകാലത്ത് ഇടുക. മുപ്പത്തിയഞ്ചോളം ദിവസം നീണ്ടതാണ് അടയിരിക്കൽ കാലം. ഏകദേശം അഞ്ചു മാസക്കാലത്തോളം കഴിഞ്ഞാണ് കുഞ്ഞുങ്ങൾ പറക്കാൻ പ്രാപ്തരാകുന്നത്. അതുവരെ മാതാപിതാക്കൾ ഇവയ്ക്കുള്ള ആഹാരം എത്തിച്ചു കൊടുക്കും. ഇക്കാലയളവിൽ ഉയരമേറിയ മരങ്ങളിലെ കൂട്ടിൽ നിന്ന് താഴെ വീണും കഴുകന്മാരുടെ ആക്രമണം കൊണ്ടും കുഞ്ഞുങ്ങൾ മരിച്ചു പോകാറുണ്ട്. [7][8] വംശനാശ ഭീഷണിപറക്കാൻ തുടങ്ങിയാൽ മനുഷ്യനൊഴികെ യാതൊരു വിധ ശത്രുക്കളും ഇവയ്ക്കില്ലെന്ന് തന്നെ പറയാം. ഗോത്രവർഗ്ഗക്കാർ ഇവയുടെ കൊക്ക് മുളയിൽ തിരുകി ആയുധമാക്കുകയും മാംസം ഭക്ഷിക്കാൻ എടുക്കുകയും ചെയ്യാറുള്ളത് ഇവയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്. വാസ സ്ഥലങ്ങളുടെ കയ്യേറ്റവും ചതുപ്പുകൾ നികത്തുന്നതും തണ്ണീർത്തടങ്ങൾ കുറയുന്നതും ഒക്കെ ഇവയുടെ ജീവനു ഭീഷണിയാണ്. കീടനാശിനികളുടെ പ്രയോഗവും അസുഖം വന്നതും മരുന്നുകൾ കുത്തിവെച്ചതുമായ കന്നുകാലികളുടെ അഴുകിയ മാംസം ഭക്ഷിക്കുന്നതും ഒക്കെ ഇവയുടേയും നിലനിൽപ്പിനു ഭീഷണി സൃഷ്ടിക്കുന്നവയാണ്. .[9]) അവലംബം
External linksവിക്കിസ്പീഷിസിൽ Leptoptilos javanicus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Leptoptilos javanicus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia