വഹ്ദത്തുൽ വുജൂദ്സൂഫി തത്വജ്ഞാനികളിൽ മുൻനിരയിൽ നിൽക്കുന്ന ഇബ്ൻ അറബി കാഴ്ച വെച്ച തത്ത്വശാസ്ത്രമായിരുന്നു വഹ്ദത്തുൽ വുജുദ്. ഏക അസ്തിത്വം അഥവാ ഏകോണ്മതത്വം എന്നതാണ് ഇതിൻറെ വിവക്ഷ. സൂഫി തത്ത്വങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഇരട്ട സിദ്ധാന്തങ്ങളിൽ ഒന്നാണ് ഇത്. തത്വജ്ഞാനികൾക്കിടയിലും, മത ആത്മീയ -കർമ്മശാസ്ത്ര പണ്ഡിതർക്കിടയിലും ഏറെ സംവാദത്തിന് നാന്ദി കുറിച്ച ദർശനമായി ഇന്നും വിഹരിക്കുന്ന ഒന്നാണ് ‘വഹ്ദത്തുൽ വുജുദ്’. ഈ പദം ഇബ്ൻ അറബി ഉപയോഗിച്ചിട്ടില്ല എന്നും അതിൻറെ ആശയപ്രസരണം നടത്തുക മാത്രമായിരുന്നുവെന്ന വാദങ്ങളും ശക്തമാണ്.[1] ഇബ്നു അറബിയുടെ കാഴ്ചപ്പാടിൽ ദൈവമെന്ന അസ്തിത്വം മാത്രമാണ് നിലനിൽപ്പുള്ള സത്യം. മറ്റെല്ലാം സ്രഷ്ടാവായ ദൈവത്തിൻറെ സൃഷ്ടികളാണ്. സൃഷ്ടാവിൻറെ കൈയൊപ്പ് സൃഷ്ടികളുടെ മേൽ എല്ലാം പതിഞ്ഞിരിക്കുന്നു. അതിനാൽ സൃഷ്ടികളോട് പ്രകടിപ്പിക്കുന്ന സ്നേഹവും കരുണയുമെല്ലാം സ്രഷ്ടാവിലേക്ക് ചെന്നെത്തുന്നവ തന്നെയാണ്. രോഗികളെ സന്ദർശിക്കാൻ പ്രേരിപ്പിച്ചു കൊണ്ടുള്ള “ഞാൻ രോഗി ആയപ്പോൾ എന്ത് കൊണ്ട് സന്ദർശിച്ചില്ല” എന്ന ദൈവിക വചനം ഉദാഹരിച്ചാൽ സൃഷ്ടികളോട് കാട്ടുന്ന നന്മകൾ സ്രഷ്ടാവിനോട് കാട്ടുന്ന നന്മ തന്നെയാണെന്നും, പ്രപഞ്ചവും അതിലെ സർവ്വ വസ്തുക്കളും ഈശ്വരനിൽ നിന്നുണ്ടായതാണ് എന്നും ഈ സിദ്ധാന്തം നിരൂപിക്കുന്നുണ്ട്. ദൈവികാംശം എല്ലാത്തിലും കുടികൊള്ളുന്നുവെന്നുള്ളതാണ് ഈ വാദത്തിൻറെ ആകെപൊരുൾ. എല്ലാ വസ്തുക്കളും ദൈവത്തിൻറെ പ്രകാശനങ്ങളാണ് (manifestations/ تجليات) എന്ന് അദ്ദേഹം തൻറെ ഗ്രന്ഥങ്ങളിലൂടെ സമർത്ഥിക്കുന്നു. എല്ലാ സൃഷ്ടികളിലും സ്രഷ്ടാവിനെ കാണാം എന്ന് പറയുമ്പോൾ തന്നെ സൃഷ്ടികളിൽ സ്രഷ്ടാവുണ്ട് എന്ന വാദത്തെ അദ്ദേഹം നിരാകരിക്കുകയും ചെയ്യുന്നുവെന്നതും പ്രസക്തമാണ്.[2] [3] [4] പ്രതികൂല വാദംഏഴ് അർത്ഥതലങ്ങൾ ഉള്ള ഈ വാക്കിനെ ഇബ്നു അറബി സമീപിച്ചിരുന്നത് ഇന്ന രൂപത്തിലായിരുന്നു എന്ന് തത്വം സമർപ്പിതന്റെ രചനകൾ തന്നെ ചൂണ്ടി കാട്ടി അനുകൂല പ്രതികൂല വാദഗതികളുമായി പലരും തർക്കത്തിലേർപ്പെടുകയും അനുവിധാനം ചെയ്യുകയും ഉണ്ടായിട്ടുണ്ട്. ദൈവികാംശം എല്ലാത്തിലുമുണ്ട് അല്ലെങ്കിൽ ഈശ്വരനാണ് സർവ്വകാര്യങ്ങളുടെയും ഉത്ഭവം എന്നത് “ഈശ്വരൻ എല്ലാത്തിലും നിറഞ്ഞു നിൽക്കുന്നു അതിനാൽ ഏതിനെ ആരാധിച്ചാലും അത് ഈശ്വരനെ ആരാധിക്കുന്നതിന് തുല്യമാണ്” എന്ന് വിശ്വസിക്കുന്ന അദ്വൈത സിദ്ധാന്തവുമായി ചേർന്ന് പോകുന്ന ഒന്നാണെന്ന് ചില തത്ത്വ ചിന്തകർ വിശദീകരിക്കുന്നു. [5] [6] എന്നാൽ ദൈവം പ്രകൃതിയിൽ ഉണ്ടെന്ന വാദം ഇബ്നു അറബിയുടെ വാചകങ്ങൾ സമർത്ഥിക്കുന്നുണ്ടെന്ന് തെളിയിക്കുക പ്രയാസമാണെന്നും കൂട്ടിച്ചേർക്കുന്നുണ്ട്. [7] [8] ഏതാണ്ടിതേ നിഗമനമാണ് പല മുസ്ലിം പണ്ഡിതന്മാരും വെച്ച് പുലർത്തുന്നത്. വഹ്ദത്തുൽ വുജൂദിൻറെ സാരം സർവ്വ വസ്തുക്കളിലും ദൈവം കുടി കൊള്ളുന്നു എന്നതാണെന്നും ഇത് “ഏത് വസ്തുവിലും ദൈവമുണ്ട്, അത് തന്നെയാണ് ദൈവം അല്ലെങ്കിൽ അതിന് ദൈവമായി മാറാനാകും” എന്ന പേർഷ്യൻ ഇത്തിഹാദ് (അദ്വൈത) വിശ്വാസത്തെ പിന്തുണയ്ക്കുന്നുവെന്നും ഇവർ സമർത്ഥിക്കുന്നു. പ്രപഞ്ച സ്രഷ്ടാവ് അല്ലാതെ ആരാധ്യനില്ല എന്ന ഇസ്‌ലാമിക അടിത്തറയ്ക്ക് നേർ വിപരീതമാണ് ഈ തത്വമെന്നും പ്രപഞ്ചവും സ്രഷ്ടാവും രണ്ട് അസ്തിത്വങ്ങൾ ആണെന്നും വഹ്ദത്തുൽ വുജൂദ് ഏകനായ സ്രഷ്ടാവിന് പങ്കാളികളെ സൃഷ്ടിക്കുന്നതാണെന്നും തള്ളിക്കളയേണ്ടതാണെന്നും അവർ വാദിക്കുന്നു. ഇക്കാരണങ്ങൾ ചൂണ്ടി പല കർമ്മശാസ്ത്ര പണ്ഡിതരും ഇബ്ൻ അറബിയുടെ ഗ്രന്ഥങ്ങൾ അഗ്നിക്കിരയാക്കാൻ ആഹ്വാനം ചെയ്തിരുന്നു. [9] ഇബ്നു അറബിയുടെ സിദ്ധാന്തത്തെ അനുകൂലിക്കാത്ത മുൻ കാലങ്ങളിലെ കർമ്മശാസ്ത്ര പണ്ഡിതരിൽ പലരും ഇബ്നു അറബി മഹാ ഗുരുവാണെന്ന് അംഗീകരിക്കുന്നവരായിരുന്നു. അവിശ്വസനീയമായ മഹാഗുരു (ശൈഖുൽ അക്ഫാർ) എന്നായിരുന്നു അവർ ഇബ്ൻ അറബിയെ വിശേഷിപ്പിച്ചിരുന്നത്, എങ്കിലും അദ്ദേഹത്തിൻറെ ഗ്രന്ഥം വായിക്കുന്നതിനെ തൊട്ട് വിശ്വാസികളെ വിലക്കിയിരുന്നു. എന്നാൽ ഈ തത്വത്തെ വിമർശിക്കുന്ന സലഫി ധാരയിൽ പെട്ട ആധുനിക പണ്ഡിതർ തത്വവും അത് സമർത്ഥിച്ചവനും വഴികേടിലാണെന്ന് വിശ്വസിക്കുന്നു. [10][11] [12][13] സൂഫി പക്ഷംവഹ്ദത്തുൽ വുജൂദ് സൂഫികൾക്കിടയിലും സംവാദങ്ങൾക്ക് വഴിയൊരുക്കി. ഇസ്‌ലാമിക വിശ്വാസ നിരാകരണമാണ് ഈ തത്വസംഹിതയെന്ന് അവരാരും വിശ്വസിക്കുന്നില്ലെങ്കിലും ജ്ഞാന മാർഗ്ഗം പ്രാപിക്കാത്തവർക്ക് തെറ്റിദ്ധാരണ സൃഷ്ടിക്കാനും അവരെ വഴികേടിലാക്കാനും ഇത്തരം പ്രയോഗങ്ങൾ നിമിത്തമാകുമെന്ന് സൂഫികളിൽ ചിലരെങ്കിലും ഭയന്നു. സൂഫിമാർഗ്ഗത്തെ പ്രാപിക്കുന്ന ചിലർ ‘വഹ്ദത്തുൽ വുജൂദ്’ ഇത്തിഹാദ് ആണെന്ന് സമർത്ഥിച്ചു കൊണ്ട് പ്രവർത്തിക്കാനാരംഭിച്ചതോടെ ഈ തത്ത്വദർശനത്തെ വിമർശിച്ചു കൊണ്ട് പലരും രംഗത്തെത്തി. പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന സൂഫി യോഗി ശൈഖ് അഹമ്മദ് സർഹിന്ദി ആണ് അതിൽ പ്രധാനി. ഇബ്ൻ അറബിയുടെ ഈ സിദ്ധാന്തം സാധാരണ ജനങ്ങളെ മതനിന്ദയിലേക്കും ശരീഅത്തിനെ അവഗണിക്കുന്നതിലേക്കും വഴി നയിക്കുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടു.വഹ്ദത്തുൽ ശുഹൂദ് എന്ന ദർശനം അദ്ദേഹം വഹ്ദത്തുൽ വുജൂദിനെതിരായി കാഴ്ച വെച്ചു.[14]
ഇബ്നു അറബിയെ പാടെ തള്ളി കളഞ്ഞു കൊണ്ടായിരുന്നില്ല സർഹിന്ദിയുടെ വാദങ്ങൾ. ഇബ്നു അറബി മഹാ ജ്ഞാന ഗുരുവാണെന്ന് അംഗീകരിച്ചായിരുന്നു ഈ തടയണ കെട്ടൽ. അഹ്‌മദ് സർഹിന്ദിയുടെ ഗുരു ബാഖി ബില്ലയും, അരുമ ശിഷ്യനും ത്വരീഖത്ത് പിന്തുടരാവകാശിയുമായ ശാഹ് വലിയുള്ളയും വഹ്ദത്തുൽ വുജൂദ് തത്ത്വജ്ഞാനത്തെ പിന്തുണക്കുന്നവനായിരുന്നുവെന്നത് ഇബ്നു അറബിയെ പാടെ ‘സർഹിന്ദി’ നിരാകരിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. ജദ്ബിൻറെ ഹാൽ എന്ന പ്രേമചിത്തരുടെ മാനസികാവസ്ഥയിലാണ് ഇബ്നു അറബി എല്ലാത്തിലും ദൈവത്തെ ദർശിച്ചതെന്നും ആ സമയത്തെ ഗ്രന്ഥ രചനകളെ ആ ഒരു തലത്തിൽ നിന്ന് വേണം സമീപിക്കേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിൻറെ വാദം. [15] അഹ്‌മദ് സർഹിന്ദി വുജൂദിൻറെ ആന്തരികാർഥത്തെ ഉൾകൊണ്ടിരുന്നുവെങ്കിലും അതിൻറെ ബാഹ്യാർത്ഥം ജനങ്ങളെ വഴികേടിലാക്കുമെന്ന് ഭയന്നിരുന്നതിനാലാണ് വഹ്ദത്തുൽ ശുഹൂദ് ദർശനവുമായി മുന്നോട്ട് വന്നതെന്ന് കരുതപ്പെടുന്നു. സൂഫികളിലെ മറുപക്ഷം വഹ്ദത്തുൽ വുജൂദ് പൊതുജനസമക്ഷം വെക്കുന്നതിൽ തെറ്റൊന്നുമില്ല എന്ന വിശ്വാസം പുലർത്തി. ജ്ഞാന മാർഗ്ഗത്തിൽ സമ്പൂർണ്ണത പ്രാപിക്കാത്തവർ തൻറെ വാചകങ്ങളെ സമീപിക്കരുത് എന്ന് ഇബ്നു അറബി തന്നെ പറഞ്ഞിരിക്കെ [16] ആരെങ്കിലും വിലക്ക് ലംഘിച്ചു അത്തരം കാര്യങ്ങളുടെ പിറകെ പോയി, തങ്ങളുടെ ബോധമണ്ഡത്തിന് അപ്രാപ്യമായ ഗ്രന്ഥങ്ങൾ വായിച്ചു കൊണ്ട് ഉൾക്കൊള്ളാനാവാത്ത വാചകങ്ങൾക്ക് സ്വയം വ്യാഖ്യാനം തയ്യാറാക്കി വഴികേടിലായാൽ അതിനുത്തരവാദികൾ അവർ മാത്രമാണെന്നും ഇബ്ൻ അറബി അല്ലെന്നുമാണ് മറുപക്ഷ വാദം. ‘അത്യുന്നതനായ ദൈവം’ ഒരിക്കലും മറ്റൊരു വസ്തുവും ആയി ലയിക്കുകയോ കുടികൊള്ളുകയോ ഇല്ല എന്ന് ഇബ്നു അറബി തന്നെ പ്രഖ്യാപിച്ചിരിക്കെ [17], [18] ഇത് സംബന്ധിച്ച വിവാദങ്ങൾ അധരവ്യായാമാണെന്നാണ് ഈ തത്വശാസ്ത്രത്തെ അനുകൂലിക്കുന്ന സൂഫി പണ്ഡിതർ കരുതുന്നത്. ഇവകൾ കാണുകപുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia