വി.ആർ. കൃഷ്ണനെഴുത്തച്ഛൻ
ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ ചരിത്ര ഗതിവിഗതികൾ നിയന്ത്രിച്ച പല രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങളുടേയും നടുനായകത്വം വഹിച്ച മഹദ്‌വ്യക്തിയായിരുന്നു വി. ആർ. കൃഷ്ണനെഴുത്തച്ഛൻ. ഗാന്ധിയൻ, കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ സ്ഥാപകനേതാക്കളിലൊരാൾ, കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ മുന്നണിപ്രവർത്തകൻ എന്നീ നിലകളിലും കൃഷി, വ്യവസായം, സാമൂഹ്യക്ഷേമപദ്ധതികൾ തുടങ്ങിയ രംഗങ്ങളിലെ സജീവനായകൻ എന്ന നിലയിലും അദ്ദേഹം സ്വന്തന്ത്ര്യപൂർവ്വകേരളത്തിന്റെയും സ്വാതന്ത്ര്യാനന്തരകേരളത്തിന്റേയും നയപരിപാടികളിൽ ഗണ്യമായ പങ്കു വഹിച്ചു. സ്വാതന്ത്ര്യ സമരസേനാനിയും, പത്ര പ്രവർത്തകനും, തൊഴിലാളി നേതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതാവും തൃശ്ശുർക്കാരനുമാണ്. തൃശ്ശൂരിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ദീനബന്ധു ദിനപത്രത്തിന്റെ സ്ഥാപകനായിരുന്നു.[1][2][3][4][5] ജീവിതരേഖവടക്കൂട്ട് നെല്ലിപറമ്പിൽ രാമനെഴുത്തച്ഛന്റെയും, ഞാറശ്ശേരി വളപ്പിൽ ലക്ഷ്മി അമ്മയുടേയും പത്താമത്തെ മകനായി 1909 ഏപ്രിൽ 25 തൃശ്ശൂരിലെ അവിണിശ്ശേരിയിലാണ് വി.ആർ. കൃഷ്ണനെഴുത്തച്ഛൻ ജനിച്ചത്.[6] ![]() സ്വന്തം വീടിന്റെ നടപ്പുരയിൽ നടത്തിയിരുന്ന എഴുത്തുപുരയിൽ ആദ്യാക്ഷരങ്ങൾ പഠിച്ചു. പത്താം തരം ഗോൾഡ് മെഡലോടെ പാസ്സായി, തുടർന്ന് സാമ്പത്തികശാസ്ത്രബിരുദ്ധം, നിയമബിരുദ്ധം എന്നിവ റാങ്കോടെ പൂർത്തിയാക്കി. 1925 ൽ ഗാന്ധിജി തൃശൂരിൽ എത്തിയപ്പോൾ നേരിൽ കാണാൻ വീടുവിട്ടിറങ്ങിയ അദ്ദേഹം അതോടെ സ്വാതന്ത്യ്രസമരത്തിലേക്ക് കാലെടുത്ത് വയ്ക്കുകയായിരുന്നു. കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസ്സ് നേതാക്കളിൽ ഒരാളായിരുന്ന പി.കുമാരനെഴുത്തച്ഛനായിരുന്നു രാഷ്ട്രീയത്തിൽ ഇദ്ദേഹത്തിന്റെ മാർഗദർശി.[7][5] കൊച്ചി രാജ്യ പ്രജാമണ്ഡല രൂപീകരണവും പ്രവർത്തനങ്ങളും വഴി ആണ് വി.ആർ. കൃഷ്ണനെഴുത്തച്ഛൻ രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചത്.[8][9] കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകരണവും പ്രവർത്തനങ്ങളുംസ്വാതന്ത്രപൂർവ കൊച്ചിരാജ്യത്ത് ഉണ്ടായിരുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തിൽ അതൃപ്തരായ ഒരുകൂട്ടം യുവാക്കൾ വി.ആർ. കൃഷ്ണനെഴുത്തച്ഛന്റെ നേതൃത്വത്തിൽ 26 ജനുവരി 1941 ൽ നടന്ന യോഗത്തിൽ വച്ച് കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപികരിക്കുക എന്ന തീരുമാനം കൈക്കൊണ്ടു. കൊച്ചി രാജാവിന്റെ പരമാധികാരം അവസാനിപ്പിക്കുകയും, ഉത്തരവാദിത്ത്വഭരണം നിലവിൽവരുത്തുകയുമായിരുന്നു പ്രജാമണ്ഡലത്തിന്റെ പ്രധാനലക്ഷ്യങ്ങളിൽ ഒന്ന്. 9 ഫെബ്രുവരി 1941 ന് കൊച്ചി രാജ്യ പ്രജാമണ്ഡലം സ്ഥാപിതമായി വി.ആർ. കൃഷ്ണനെഴുത്തച്ഛനായിരുന്നു സ്ഥാപക ജനറൽ സെക്രട്ടറി.[2] 1941 ൽ ഉണ്ടായ വെള്ളപ്പൊക്ക കെടുതികളിൽ നിന്ന് കൊച്ചിരാജ്യത്തെ ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രജാമണ്ഡലം പ്രവർത്തിച്ചിരുന്നു ഇതിനായി രൂപം കൊടുത്ത സംഘടനയായ കൊച്ചിൻ ഫ്ലഡ് റിലീഫ് കമ്മറ്റി യുടെ സെക്രട്ടറിമാരായിരുന്നു കൃഷ്ണനെഴുത്തച്ഛനും, സി.അച്യുത മേനോനും. കൊച്ചി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും നന്നായി പ്രവർത്തിക്കാൻ ഈ സംഘടനക്കു കഴിഞ്ഞു. വെള്ളപ്പൊക്കകെടുതികളെ കുറിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കുകയും ലഘുലേഖകൾ വിതരണം ചെയ്ത് ധനശേഖരണം നടത്തുകയും ചെയ്യുന്നതിലും കൃഷ്ണനെഴുത്തച്ഛൻ പങ്കെടുത്തു.[8] കൊച്ചിൻ കർഷക സഭ![]() ജന്മി-കുടിയാൻ വ്യവസ്ഥ മൂലം കർഷകർ നേരിടേണ്ടിവന്നിരുന്ന വിഷമതകൾക്ക് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെ പ്രജാമണ്ഡലത്തിൽ നിന്നും വേർപ്പെട്ട് രൂപീകരിച്ച സംഘടനയായിരുന്നു 'കൊച്ചിൻ കർഷക സഭ' പ്രസിഡന്റായി വി.ആർ. കൃഷ്ണനെഴുത്തച്ഛനും, ജനറൽ സെക്രട്ടറിയായി സി.അച്യുത മേനോനും തിരഞ്ഞെടുക്കപ്പെട്ടു. കർഷകരുടെ പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന ലഘുലേഖകൾ ഈ സംഘടന വിതരണം ചെയ്തു. 'കുടിയാന്മാർക്ക് കൃഷിഭൂമിയിൽ സ്ഥിരാവകാശം' എന്ന ആവശ്യമുന്നയിച്ച് കൊച്ചിൻ കർഷക സഭ നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭങ്ങൾക്കു ശേഷം 13 ഫെബ്രുവരി 1943 ൽ വെറുംപാട്ടകുടിയാൻ ബിൽ കൊച്ചി നിയമസഭ അംഗീകരിച്ചു. 1944 ൽ പ്രജാമണ്ഡലം പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായുണ്ടായ യോഗത്തിൽ കമ്മ്യൂണിസ്റ്റ് അനുഭാവമുള്ള പ്രവർത്തകർ പ്രജാമണ്ഡലം അംഗത്വം ഉപേക്ഷിച്ചു. ഈ സംഭവത്തോടെ കൊച്ചിൻ കർഷക സഭ കൃഷ്ണനെഴുത്തച്ഛന്റെ നേതൃത്വത്തിലുള്ള ആൾ കൊച്ചിൻ കിസ്സാൻ കോൺഗ്രസ്സ്, സി.അച്യുത മേനോന്റെ നേതൃത്വത്തിലുള്ള കൊച്ചിൻ കർഷക സഭ എന്നിങ്ങനെ രണ്ടായി പിരിഞ്ഞു.ആൾ കൊച്ചിൻ കിസ്സാൻ കോൺഗ്രസ്സ് പിന്നീട് ആൾ ഇന്ത്യ കിസ്സാൻ കോൺഗ്രസ്സ് ൽ ലയിച്ചു.[8] ജനുവരി 1942 ൽ കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ഒന്നാം വാർഷിക യോഗം ഇരിഞ്ഞാലക്കുടയിൽ വച്ച് നടത്താൻ തിരുമാനിച്ചിരിക്കെ അന്നത്തെ കൊച്ചി ദിവാനായിരുന്ന എ.ഫ്.ഡ്ബ്ലൂ ഡിക്സൺ പ്രജാമണ്ഡലത്തിന്റെ പ്രസിഡ്ന്റായിരുന്ന എസ്.നീലകണ്ഡ അയ്യരേയും, സെക്രട്ടറിയായിരുന്ന കൃഷ്ണനെഴുത്തച്ഛനെയും യോഗത്തിൽ വിളിച്ച് പ്രജാമണ്ഡലത്തിന്റെ ഒന്നാം വാർഷിക യോഗം നിരോധിച്ച വിവരം അറിയിച്ചു പ്രജാമണ്ഡലത്തിന്റെയും, കൊച്ചിൻ കർഷക സഭയുടേയും പ്രവർത്തനം രാജഭരണത്തിനോട് നീരസം ഉണ്ടാക്കുന്നതാണ് എന്ന കാരണത്താലായിരുന്നു ഇത്. ഈ നിരോധനത്തെ തുടർന്ന് പ്രജാമണ്ഡലത്തിന്റെ മറ്റു നേതാക്കളോടൊപ്പം കൃഷ്ണനെഴുത്തച്ഛനെയും അറസ്റ്റ് ചെയ്തു. പ്രജാമണ്ഡലത്തിന്റെ വാർഷിക യോഗം നടത്തുന്നതിനായി മുന്നോട്ടുവന്ന നേതാക്കളിൽ കെ. കരുണാകരൻ ഉൾപ്പെടെ പലരെയും ദിവാന്റെ നേതൃത്വത്തിൽ വിന്യസിച്ച പോലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ ഇവർക്ക് കൊടിയ പീഡനങ്ങൾ നേരിടേണ്ടി വന്നു.[8][5] തൃശ്ശൂരിലെ പ്രധാന നെയ്ത്ത് കേന്ദ്രമായിരുന്നു ആവിണിശ്ശേരി. കൊച്ചി ഖാദി ഗ്രാമ വ്യവസായ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഖാദിയുടെ പ്രചരണത്തിനായി പ്രവർത്തിച്ചിരുന്ന ഈ നെയ്ത്ത്ശാലയിൽ ഖാദിയുടെ പ്രചരണാർത്ഥം പ്രവർത്തിച്ചിരുന്നവരിൽ പ്രധാനിയായിരുന്നു കൃഷ്ണനെഴുത്തച്ഛൻ. തൃശ്ശൂരിലും, എറണാകുളത്തും ഖാദി പ്രചരണാർത്ഥം നെയ്ത്ത് ശാലകൾ ആരംഭിക്കുന്നതിൽ പ്രജാമണ്ഡലത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ സംഘടനക്ക് കഴിഞ്ഞു ഈ സംഘടനയുടെ പ്രധാന പ്രവർത്തകനായും കൃഷ്ണനെഴുത്തച്ഛൻ ഉണ്ടായിരുന്നു.[5][8] ![]() ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് 1942 ആഗസ്ത് 5 ന് ഗാന്ധിജിയുടെയും, നെഹ്രുവിന്റെയും നേതൃത്വത്തിൽ ബോംബേയിൽ നടന്ന ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ യോഗത്തിൽ എസ്.നീലകണ്ഡ അയ്യരും, കൃഷ്ണനെഴുത്തച്ഛനും പ്രജാമണ്ഡലത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കൊച്ചിരാജ്യത്തുണ്ടായ സമരപ്രവർത്തനങ്ങളിൽ പ്രജാമണ്ഡലം സജീവമായി പങ്കെടുത്തു. പത്രമാധ്യമങ്ങളുടെ പ്രവർത്തനത്തിന് വലിയ വിലക്കുകൾ ഉണ്ടായിരുന്നു ഈ കാലത്ത് പ്രജാമണ്ഡലം ദീനബന്ധു എന്ന പേരിൽ ഒരു പത്രം പ്രസിദ്ധീകരണമാരംഭിച്ചു. കൃഷ്ണനെഴുത്തച്ഛൻ ആയിരുന്നു ഈ പത്രത്തിന്റെ പത്രാധിപർ.[5] രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ സാമ്പത്തിക തകർച്ചയിൽ നിന്ന് ജനങ്ങളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ഗ്രാമസേവകസംഘങ്ങളിൽ പ്രവർത്തിച്ച കൃഷ്ണനെഴുത്തച്ഛൻ തൃശ്ശൂരിൽ ഗ്രാമസേവകസംഘത്തിന്റെ കാര്യാലയത്തിന്റെ സെക്രട്ടറി ആയിരുന്നു. അഞ്ചാം പനി, കോളറ എന്നീ രോഗങ്ങൾ നാട്ടിൽ പടർന്ന സാഹചര്യത്തിൽ ഗ്രാമസേവകസംഘം രോഗനിവാരണപ്രവർത്തനങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നു.[8] ![]() പ്രജാമണ്ഡലം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തിരുമാനിച്ചതിനു ശേഷം, 1945 ൽ കൊച്ചി നിയമസഭയിലേക്ക് ഇദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.[9] നെന്മാറ മണ്ഡലത്തെ പ്രതിനിധീകരിച്ച്, തിരുവിതാംകൂർ-കൊച്ചി നിയമസഭയിലും അഗംമായിരുന്നു കൃഷ്ണനെഴുത്തച്ഛൻ.[7] സ്വന്തം രാഷ്ട്രീയ മാർഗദർശിയും കൊച്ചിയിലെ കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിൽ സജീവസാനിധ്യവുമായിരുന്ന പി.കുമാരനെഴുത്തച്ഛന്റെ പുത്രി 'ലക്ഷ്മി ഭായ്' ആണ് വി.ആർ.കൃഷ്ണനെഴുത്തച്ഛന്റെ പത്നി.[8][7][9] വാർദ്ധക്യസഹജമായ രോഗങ്ങൾ മൂലം അദ്ദേഹം 2004 ൽ തന്റെ 95 ആം വയസിൽ അന്തരിച്ചു.[9] വി.ആർ.കൃഷ്ണനെഴുത്തച്ഛന്റെ ജന്മശദാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ പേരിലുള്ള വി.ആർ.കൃഷ്ണനെഴുത്തച്ഛൻ ജന്മശദാബ്ദി അവാർഡ് 2009 ൽ എം.പി. വീരേന്ദ്രകുമാറിന് നൽകിയിരുന്നു.[10] എഴുത്തച്ഛൻ സമാജം എന്ന സംഘടനക്കു നേതൃത്വം നൽകിയിരുന്ന ഇദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം എഴുത്തച്ഛൻ സമാജം ആരംഭിച്ച നിയമ കലാലയത്തിന് ഇദ്ദേഹത്തിന്റെ നാമമാണ് നൽകിയിരിക്കുന്നത്.[11] അംഗീകാരങ്ങൾദേശീയസ്വാതന്ത്ര സമരത്തിലെ വിശിഷ്ടസേവനം വിലയിരുത്തി രാഷ്ട്രം താമരപത്രം നൽകി ആദരിച്ചു. മറ്റു പ്രധാന അവാർഡുകൾ ഇവയാണ്. 1931 ൽ മികച്ച പഠന ഗ്രന്ഥത്തിനുള്ള മദ്രാസ് സർവ്വകലാശാല അവാർഡ് ഗ്രാമോദ്ധാരണം എന്ന കൃതിക്ക് ലഭിച്ചു. മികച്ച സഹകാരിക്ക് സദാനന്ദൻ അവാർഡ്, കേരള പ്രസ്സ് ഫൗണ്ടേഷന്റെ സ്വാതന്ത്ര്യ കനകോപഹാരം, സഹകരണരംഗത്തെ മികച്ച സംഭാവനകൾക്ക് പ്രൊഫ. കെ. എം. ചാണ്ടി അവാർഡ്, സാമൂഹിക സാഹിത്യ മണ്ഡലങ്ങളിലെ വിശിഷ്ടസേവനത്തിന് രാമാശ്രമം അവാർഡ്, തൃശ്ശൂർ സഹൃദയവേദി അവാർഡ്, ടോംയാസ് അവാർഡ്.[6] സാഹിത്യ രംഗത്ത്സാഹിത്യരംഗത്തും വി.ആർ.കൃഷ്ണനെഴുത്തച്ഛന്റേതായ സംഭാവനകളുണ്ട് ഇദ്ദേഹം ഒരു കവി ആയിരുന്നു.[9] സ്വന്തം ആത്മകഥയായ വി.ആർ. കൃഷ്ണനെഴുത്തച്ഛൻ: ആത്മകഥ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. മറ്റു കൃതികൾ
ഇതിനുപുറമെ കൊച്ചിരാജ്യത്തിന്റെ ചരിത്രത്തെപറ്റിയുള്ള കൊച്ചിരാജ്യചരിത്രം എന്ന കൃതിയുടെ സഹ-എഴുത്തുകാരനും ആയിരുന്നു വി. ആർ. കൃഷ്ണനെഴുത്തച്ഛൻ.[6][12] അവലംബം
കൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia