വിനിമയനിരക്ക്
ഒരു കറൻസി നൽകി മറ്റൊന്നു വാങ്ങാനുള്ള നിരക്കിനെയാണ് സാമ്പത്തികശാസ്ത്രത്തിൽ, വിനിമയനിരക്ക് (വിദേശവിനിമയനിരക്ക്, ഫോറെക്സ് നിരക്ക് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്) എന്നു വിളിക്കുന്നത്. മറ്റൊരു കറൻസിയെ അപേക്ഷിച്ച് ഒരു കറൻസിക്കുള്ള മൂല്യമാണിത് സൂചിപ്പിക്കുന്നത്.[1] ഉദാഹരണത്തിന് 1 അമേരിക്കൻ ഡോളറിന് (യു.എസ്.$) 76.20 ഇന്ത്യൻ രൂപ (ഐ.എൻ.ആർ, ₹) എന്ന വിനിമയനിരക്കിൽ ഒരു അമേരിക്കൻ ഡോളർ വാങ്ങാൻ 76.20 ഇന്ത്യൻ രൂപ നൽകേണ്ടിവരും.[2] നിലവിലുള്ള വിനിമയനിരക്കിനെ സ്പോട്ട് എക്സ്ചേഞ്ച് നിരക്ക് എന്നാണ് വിളിക്കുന്നത്. ഭാവിയിൽ ഒരു ദിവസം കൈമാറ്റം ചെയ്യാം എന്ന ധാരണയിൽ നടത്തുന്ന വിനിമയക്കരാറിലെ നിരക്ക് ഫോർവേഡ് എക്സ്‌ചേഞ്ച് നിരക്ക് എന്നാണ് അറിയപ്പെടുന്നത്. നാണ്യവിനിമയച്ചന്തയിൽ (കറൻസി എക്സ്‌ചേഞ്ച്) വാങ്ങാനുള്ള നിരക്കും വിൽക്കാനുള്ള നിരക്കും വ്യത്യസ്തമായിരിക്കും. മിക്ക കൈമാറ്റങ്ങളും ഒരു നാട്ടിലെ നാണ്യവും വിദേശനാണയങ്ങളും തമ്മിലായിരിക്കും. നാണ്യക്കച്ചവടക്കാർ വിദേശനാണ്യം വാങ്ങുന്ന നിരക്കാണ് വാങ്ങാനുള്ള നിരക്ക്. വിദേശനാണ്യം വിൽക്കുന്ന നിരക്ക് ഇതിൽ നിന്ന് വ്യത്യസ്തമായിരിക്കും. വ്യാപാരിയ്ക്ക് ലഭിക്കുന്ന ലാഭം ഈ രണ്ടു നിരക്കിലും ഉൾപ്പെട്ടിട്ടുണ്ടാകുകയോ കമ്മീഷൻ എന്ന നിലയിൽ വേറേ ഈടാക്കുകയോ ആണ് ചെയ്യുക. അവലംബം
|
Portal di Ensiklopedia Dunia