വിന്ധ്യൻ കാട്ടുതുള്ളൻ
തെക്കേ ഇന്ത്യയിലേയും മധ്യേന്ത്യയിലേയും ഒരു തനത് (endemic) ശലഭമാണ് വിന്ധ്യൻ കാട്ടുതുള്ളൻ (വിന്ധ്യ ശലഭം) (Vindhyan Bob).[2][3][4][5] ലോകത്ത് മറ്റൊരിടത്തും ഇതിനെ കാണാൻ കഴിയില്ല. കേരളത്തിൽ ഈ ശലഭം വിരളമാണ്. കൊടുങ്കാടിനോട് ചേർന്നു കിടക്കുന്ന പുൽമേടുകളിലാണ് ഇവയുടെ പ്രധാന കേന്ദ്രം. വേഗത്തിൽ പറക്കും, പക്ഷെ വളരെ ഉയരത്തിൽ പറക്കാറില്ല. പക്ഷിക്കാട്ടത്തിൽ നിന്നും തണ്ണീർ തടങ്ങളുടെ ഓരങ്ങളിൽ നിന്നും പോഷകങ്ങൾ വലിച്ചെടുക്കാറുണ്ട്. ആൺ ശലഭത്തിന്റെ ചിറകിന്റെ പുറത്തിന് ഇരുണ്ട തവിട്ട് നിറമാണ്. മുൻചിറകിന്റെ പുറത്ത് മേൽവശത്തായി ഒരു ചെറിയ മഞ്ഞപ്പൊട്ട് കാണാം. ഇത് അർധതാര്യമാണ്. ഇതിന് താഴെയായി മൂന്ന് ചെറിയ പുള്ളികളുമുണ്ട്. ചിറകിന്റെ അടിവശത്തിന് മങ്ങിയ തവിട്ട് നിറമോ ചെമ്പിന്റെ നിറമോ ആണ്. പിൻ ചിറകിന്റെ അടിയിലെ പുള്ളികൾ വ്യക്തമല്ല. മുൻചിറകിന്റെ അടിവശത്തിന് ചുവപ്പ് കലർന്ന മഞ്ഞ നിറമാണ്. മങ്ങിയ പുള്ളികളും കാണാം. വേനലിൽ പിൻചിറകിന്റെ അടി വശത്ത് ഇരുണ്ട പട്ട കാണാം. പെൺ ശലഭത്തിന്റെ മുൻചിറകിന്റെ അടിയിൽ കാണുന്ന രോമങ്ങൾ ആൺ ശലഭത്തിന്റെ ചിറകിനടിയിൽ കാണാറില്ല. കർണാടക, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി-മേയ്, ജൂലൈ, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[6]
ചിത്രശാലഅവലംബം
പുറം കണ്ണികൾArnetta vindhiana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia