ഒരു രാജ്യത്തിന്റെ ജി.എൻ.പി.യുടെയോ ജി.ഡി.പി.യുടെയോ വലിയൊരു പങ്ക് പ്രകൃതി വിഭവങ്ങളിൽ നിന്നാണ് ലഭിക്കുന്നതെങ്കിൽ അത്തരം സാമ്പത്തിക വ്യവസ്ഥയെ വിഭവാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ (resource-based economy) എന്നു വിളിക്കുന്നു.[1] പണത്തിന്റെ ഉപയോഗം ഇല്ലാതെ വിഭവങ്ങളെ അധിഷ്ഠിതമാക്കിയുള്ള സാമ്പത്തിക രീതിയെയും വിഭവാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ(resource based economy) എന്നു വിളിക്കുന്നു.[2][3]
ഉദാഹരണത്തിന്:
- സുരിനാമിന്റെ ബോക്സൈറ്റ് കയറ്റുമതി ജി.ഡി.പി.യുടെ 15%-ഉം കയറ്റുമതി വരുമാനത്തിന്റെ 70%-ഉം വരുന്ന കച്ചവടമാണ്.[4]
- റഷ്യയുടെ കയറ്റുമതിയിൽ, 80%-ലധികം എണ്ണ, പ്രകൃതിവാതകം, ലോഹങ്ങൾ, മരം എന്നിവയാണ്.[5]
- നോർവേയുടെ എണ്ണ, പ്രകൃതി വാതക കയറ്റുമതി ആകെ കയറ്റുമതിയുടെ 45%-ഉം ജി.ഡി.പി.യുടെ 20%-ലധികവുമാണ്.[6]
- ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഓസ്ട്രേലിയ വിഭവാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ വികസിപ്പിച്ചു. കാർഷിക കയറ്റുമതി കൂടാതെ മിനറലുകളും ഓസ്ട്രേലിയ കയറ്റുമതി ചെയ്യുന്നുണ്ട്.[7][8]
പണ സമ്പ്രദായത്തിന് ബദലായി വിഭവങ്ങളെ അധിഷ്ഠിതമാക്കി ഉള്ള സാമൂഹിക രീതിയെയും റിസോഴ്സ് ബേസ്ഡ് എക്കണോമി എന്നു വിളിക്കപ്പെടുന്നു.
പണം, മൂല്യം, കൈമാറ്റം എന്നിവയുടെയോ കടം, സേവനം എന്നിവയിൽ അധിഷ്ഠിതമായ ഏതെങ്കിലും സമ്പ്രദായത്തിന്റെയോ ഉപയോഗം ഇല്ലാതെതന്നെ എല്ലാ സാധനങ്ങളും സേവനങ്ങളും ലഭ്യമാകുന്ന ഒരു സമ്പൂർണ്ണമായ സാമൂഹിക-സാമ്പത്തിക ക്രമം ആണ് ഇത്. എല്ലാ വിഭവങ്ങളും എല്ലാ നിവാസികളുടെയും പൊതു സ്വത്ത് ആയിരിക്കും. ചില പ്രത്യേക ആൾക്കാരുടേത് മാത്രം ആയിരിക്കില്ല. ഭൂമി ധാരാളം വിഭാവങ്ങളാൽ സമൃദ്ധമാണ്; ഈ വിഭവങ്ങളെ പണത്തിനെ അടിസ്ഥാനപ്പെടുത്തി ക്രമീകരിക്കുന്നത് അനുയോജ്യമല്ല എന്നും അത് നമ്മുടെ നിലനിൽപ്പിനു തന്നെ വിപരീത ഫലങ്ങൾ ഉളവാക്കുന്നതാണെന്നും ഉള്ള അനുമാനത്തിൽ അധിഷ്ഠിതമാണ് ഈ സമ്പ്രദായം.
ആധുനിക സമൂഹത്തിന് കൈവശമുള്ള വളരെ പുരോഗമിച്ച സാങ്കേതികവിദ്യകൊണ്ട് ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യ സുരക്ഷ, എന്നിവ ലഭ്യമാക്കാം. ഫലപ്രദമായി രൂപീകരിക്കപ്പെട്ട സാമ്പത്തിക രീതി വഴി വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കാം, പുനരുൽപ്പാദിപ്പിക്കാൻ കഴിയുന്ന-മലിനീകരണം ഇല്ലാത്ത ഊർജ്ജം അപരിമിതമായ അളവിൽ ഉണ്ടാക്കാം, മൊത്തം ജനങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനായി കരയിൽ നിന്നും കടലിൽനിന്നും ഉള്ള വിഭവങ്ങൾ, ഭൌതിക ഉപകരണങ്ങൾ, വ്യവസായശാലകൾ എന്നിവ ഒരു വിഭവ അധിഷ്ഠിത സാമ്പത്തിക നയത്തിൽ ഉപയോഗിക്കാം. പണത്തിനെ അല്ലാതെ വിഭവങ്ങളെ അധിഷ്ടിതമായുള്ള സാമ്പത്തിക രീതിയിൽ, എല്ലാവരുടെയും ആവശ്യകത നിറവേറ്റാനും ഉയർന്ന ജീവിത സാഹചര്യം ലഭ്യമാക്കുവാനും സാധിക്കും എന്നും ഉള്ള ആശയങ്ങൾ, അതിന്റെ ബ്ലൂപ്രിന്റുകൾ മുതലായവ വീനസ് പ്രൊജക്ട്, യുഗചേതന മുന്നേറ്റം എന്നീ സംഘനകൾ മുന്നോട്ടു വയ്ക്കുന്നു. [9] [10]
ഇതും കാണുക
അവലംബം