വിലാപങ്ങൾ (ബൈബിൾ)എബ്രായബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് വിലാപങ്ങൾ. യഹുദരുടെ ഒന്നാം ദേവലയം ക്രി.മു. 587-86-ൽ ബാബിലോണിയർ നശിപ്പിച്ചതിനെക്കുറിച്ചു വിലാപിക്കുന്ന അഞ്ചു കവിതകളുടെ സമാഹാരമാണ് ഈ കൃതി. ദേവാലയം നശിപ്പിക്കപ്പെട്ട കാലത്തെ ദൈവജ്ഞൻ ജെറമിയാ പ്രവാചകനെ ഇതിന്റെ രചയിതാവായി കാണുന്ന ശക്തമായ പാരമ്പര്യം നിലവിലുണ്ട്. ഈ കൃതിയുടെ എബ്രായമൂലത്തിന്റെ പേര് 'എയ്ക്കാ' എന്നാണ്. പുസ്തകം ആരംഭിക്കുന്നതും ആ വാക്കിലാണ്. എബ്രായഭാഷയിൽ വിലാപഗാനങ്ങളുടെ പതിവു തുടക്കമായ ആ പദത്തിന്, 'എങ്ങനെ' എന്നാണർത്ഥം. യഹൂദലിഖിതങ്ങളുടെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിന്റെ സ്രഷ്ടാക്കൾ, ഈ കൃതിയ്ക്ക് അതിന്റെ ഉള്ളടക്കത്തെ പ്രതിഭലിപ്പിക്കാൻ 'വിലാപങ്ങൾ' എന്നർത്ഥം വരുന്ന "ത്രെണോയ് ഹയെരെമിയൗ"(Threnoi Hieremiou) എന്ന പേരു നൽകി. എബ്രായ ബൈബിളിൽ, ലിഖിതങ്ങൾ(കെതുവിം) എന്ന അന്തിമ ഖണ്ഡത്തിലാണ് ഇതിന്റെ സ്ഥാനം.[1] പഴയനിയമത്തിൽ ജെറമിയായുടെ പുസ്തകത്തിനു തൊട്ടു പിന്നാലെയാണ് മിക്കവാറും ഇതിനെ ചേർക്കാറുള്ളത്. സെപ്ത്വജിന്റിനു പുറമേ ജെറോമിന്റെ ലത്തീൻ ബൈബിൾ പരിഭാഷയായ വുൾഗാത്തയിലും കാണുന്ന ക്രമീകരണമാണിത്. കർതൃത്വം![]() ബാബിലൊണിയയിലെ നബുക്കദ്നസ്സർ രാജാവ് യെരുശലേം ആക്രമിച്ച് സെദെക്കിയാ രാജാവിനെ തടവിലാക്കുകയും സൊളമൻ പണിയിച്ച യഹൂദരുടെ ഒന്നാം ദേവാലയം നശിപ്പിക്കുകയും ചെയ്തപ്പോൾ, ഇസ്രായേലിൽ പ്രവാചകദൗത്യത്തിൽ ഏർപ്പെട്ടിരിരുന്ന ജെറമിയായുടെ രചനയായി യഹൂദ-ക്രൈസ്തവ പാരമ്പര്യങ്ങൾ ഇതിനെ കണക്കാക്കുന്നു. [2] യെരുശലേമിന്റെ ദാമാസ്കസ് കവാടത്തിനു പുറത്തുള്ള ഒരു ഗുഹയിൽ അഭയം തേടിയ പ്രവാചകൻ അവിടെ ഈ രചന നടത്തി എന്നാണു പാരമ്പര്യം. ജോസിയാ രാജാവിന്റെ മരണത്തിൽ ജെറമിയാ ഒരു വിലാപം രചിച്ചതായി രണ്ടാം ദിനവൃത്താന്തപുസ്തകം പറയുന്നുണ്ടെങ്കിലും [3]അക്ഷരങ്ങളെ വർണ്ണമാലയിലെ അവയുടെ ക്രമത്തിൽ പിന്തുടരുന്ന വിലാപങ്ങളിലെ മുദ്രാലങ്കാര രീതി (acrostic style), ജെറമിയായുടെ പ്രവചനഗ്രന്ഥത്തിൽ കാണാത്തതാണ്. ജെറമിയായുടെ പേരും വിലാപങ്ങളിൽ ഒരിടത്തും കാണുന്നില്ല. അതിനാൽ ഇതിന്റെ കർതൃത്വം തർക്കവിഷയമാണ്. ഇതിനെ ജെറമിയായുടെ രചനയായി കരുതുന്ന പണ്ഡിതന്മാർ ഇന്നു കുറവാണ്. നഗരവിലാപങ്ങളുടെ മെസോപ്പൊത്തോമിയൻ പാരമ്പര്യം പിന്തുടർന്ന് എഴുതിയതാവാം ഇത്. ഊർ നഗരത്തിന്റെ നാശത്തെക്കുറിച്ചുള്ള വിലാപം ആ പാരമ്പര്യത്തിലെ ഒരു രചനയാണ്.
ഉള്ളടക്കംഈ കൃതിയിലെ അഞ്ചദ്ധ്യായങ്ങൾ ഓരോന്നും ഓരോ കവിതയാണ്. ഒന്നാം അദ്ധ്യായം തുല്യ ദൈർഘ്യമുള്ള രണ്ടു വിഭാഗങ്ങൾ അടങ്ങിയതാണ്: അദ്യത്തെ 11 വാക്യങ്ങൾ യെരുശലേമിന്റെ പതനം അതിന്റെ പാപങ്ങളുടെ ഫലമാണെന്നു സ്ഥാപിക്കുന്നു. അടുത്ത 11 വാക്യങ്ങളിൽ നഗരം അതിന്റെ പാപങ്ങൾ ഏറ്റുപറഞ്ഞ് ദൈവത്തിന്റെ നീതിയെ അംഗീകരിക്കുന്നു. രണ്ടാം അദ്ധ്യായവും, തേജസ്വിയും സർവശക്തനുമായ ദൈവം തന്റെ ജനത്തിനു നേരേ സ്വീകരിച്ച നിലപാടിന്റെ ന്യായീകരണമാണ്. മൂന്നാം അദ്ധ്യായത്തിലെ വക്താവ് ഒരു പുരുഷനാണ്. അയാൾ ആരാണെന്നു പറയുക എളുപ്പമല്ല. ദൈവത്തിന്റെ കോപം എന്നും നിലനിൽക്കുകയില്ല; തന്റെ ജനത്തോടു വിശ്വസ്തനായിരിക്കുന്ന അവിടുന്ന് അവരെ പുനരുദ്ധരിക്കും എന്ന പ്രത്യാശയാണ് ഇതിന്റെ സാരം. നാലാം അദ്ധ്യായം ആദ്യത്തെ രണ്ടദ്ധ്യായങ്ങളിലെ ഉള്ളടക്കത്തിന്റെ ആവർത്തനമാണ്. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ അവസ്ഥയെക്കുറിച്ച് ബൈബിളിലുള്ളതിൽ ഏറ്റവും ഹൃദയസ്പർശിയായ വിവരണമാണ് ഒടുവിലത്തെ അദ്ധ്യായം.[5] ഛന്ദസ്രൂപനിഷ്ഠയുടെ അതിപ്രസരമുള്ള ബൈബിൾ ഗ്രന്ഥങ്ങളിലൊന്നെന്ന്, നിരൂപകനായ ഫ്രാൻസിസ് ലാൻഡി വിലാപങ്ങളെ വിശേഷിപ്പിച്ചിട്ടുണ്ട്.("....one of the most obtrusively formal books in the Bible")[6] 22 വർണ്ണങ്ങൾ ചേർന്ന എബ്രായ അക്ഷരമാലയെ ആശ്രയിച്ചുള്ള പലവിധ മുദ്രാലങ്കാരരീതികളിലാണ് വിലാപങ്ങളിലെ അഞ്ചു പദ്യങ്ങകളും എഴുതപ്പെട്ടിരിക്കുന്നത്. മൂന്നു വരികൾ അടങ്ങിയ 22 ഖണ്ഡങ്ങൾ വീതമുള്ള ഒന്നും രണ്ടും അദ്ധ്യായങ്ങളിലിലെ ഓരോ ഖണ്ഡത്തിലും ആദ്യവരി ആദ്യാക്ഷരത്തിലും രണ്ടും മൂന്നും വരികൾ രണ്ടാമത്തേയും മൂന്നാമത്തേയും അക്ഷരങ്ങളിലും തുടങ്ങുന്നു. ഇതേ ശൈലി തന്നെ പിന്തുടരുന്ന നാലാം അദ്ധ്യായത്തിലെ ഖണ്ഡങ്ങളിൽ ഈരണ്ടു വരികളേയുള്ളു. മൂന്നാം അദ്ധ്യായം മൂന്നു വരികളുടെ ഖണ്ഡങ്ങൾ അടങ്ങിയതാണെങ്കിലും ഓരോ ഖണ്ഡവും വ്യതിരിക്തമായ ഒരക്ഷരത്തിൽ തുടങ്ങുന്നു. അവസാനത്തെ അദ്ധ്യായത്തിൽ മുദ്രാലങ്കാരം തിരിച്ചറിയാനാവുന്നില്ലെങ്കിലും അതിലെ വരികളുടെ സംഖ്യ വർണ്ണമാലയിലെ അക്ഷരങ്ങളുടെ കണക്കിൽ 22 ആണ്. പ്രത്യേകമായ ഒരു വിലാപഛന്ദസിനെ (lamentation meter) ഈ കവിതകളിൽ കാണുന്നവരുണ്ട്. ഈ സവിശേഷതകൾ മൂലം എബ്രായഛന്ദസ്സിന്റെ പഠനത്തിൽ വിലാപങ്ങൾക്ക് പ്രത്യേകമായ സ്ഥാനമുണ്ട്.[4] പാരായണംക്രി.മു. 587-ൽ യെരുശലേമിലെ ഒന്നാം ദേവാലയത്തെ ബാബിലോണിയരും ക്രി.വ. 70-ൽ രണ്ടാം ദേവാലയത്തെ റോമാക്കാരും നശിപ്പിച്ചതിന്റെ അനുസ്മരണദിനമെന്ന നിലയിൽ യഹൂദപഞ്ചാംഗത്തിലെ ഏറ്റവും ദുഃഖപൂർണ്ണമായ ദിവസമായി കണക്കാക്കപ്പെടുന്ന ആവ് മാസം ഒൻപതാം നാളിലെ (തിഷാ ബ് ആവ്) യഹൂദാരാധനയിൽ ഈ ഗ്രന്ഥം പാരായണം ചെയ്യപ്പെടുന്നു. ക്രിസ്തീയ പാരമ്പര്യത്തിലും ഈ കൃതി ഉയിർപ്പുതിരുനാളിനു മുൻപുള്ള പീഡാനുഭവവാരത്തിലെ ദേവാലയശുശ്രൂഷയിൽ വായിക്കപ്പെടാറുണ്ട്. അവലംബം
|
Portal di Ensiklopedia Dunia