വില്യം ടെമ്പിൾ
കാന്റർബറിയിലെ മുൻ ആർച്ച് ബിഷപ്പാണ് വില്യം ടെമ്പിൾ.[1]. ജീവിതരേഖ1881 ഒക്ടോബർ 15-ന് ഡെവൺഷെറിലെ എക്സ്റ്ററിൽ ഫ്രെഡറിക് ടെംപിളിന്റെ പുത്രനായി ജനിച്ചു. 1902-ൽ ഒക്സ്ഫഡ് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം, അവിടത്തെ ക്യൂൻസ് കോളജിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1909-ൽ വൈദികപട്ടം ലഭിച്ചു. 1910-14 കാലത്ത് റെപ്റ്റൺ സ്കൂളിലെ പ്രധാനാധ്യാപകനായും 1914-17 കാലത്ത്. പികാഡിലിയിലെ സെന്റ. ജയിംസ് ദേവാലയത്തിലെ പുരോഹിതനായും സേവനമനുഷ്ഠിച്ചു. വെസ്റ്റ് മിനിസ്റ്റർ അബിയിലെ വൈദികസമിതിയംഗം മാഞ്ചെസ്റ്ററിലെ ബിഷപ്പ്, യോർക്കിലെ ആർച്ച്ബിഷപ്പ് എന്നീ പദവികൾ അലങ്കരിച്ചതിനുശേഷം 1942-ൽ കാന്റർബറിയിലെ ആർച്ച് ബിഷപ്പ് ആയി. ഇംഗ്ലണ്ടിന്റെ ക്രൈസ്തവസഭാധ്യക്ഷൻ എന്ന നിലയിൽ വത്തിക്കാനുമായി ബന്ധം സ്ഥാപിക്കാൻ ഇദ്ദേഹം മുൻകൈയെടുത്തു. ക്രൈസ്തവസഭയുടെ സ്വാതന്ത്ര്യത്തിനും ഉന്നമനത്തിനും, സമൂഹനന്മയ്ക്കുംവേണ്ടി ഇദ്ദേഹം അക്ഷീണം പ്രവർത്തിച്ചു. 1937-ൽ എഡിൻബറൊയിൽ നടന്ന മതവിശ്വാസപ്രവർത്തനത്തെയും സഭാനടപടികളെയും കുറിച്ചുള്ള രണ്ടാം ലോക സമ്മേളനത്തിൽ ആധ്യക്ഷ്യം വഹിച്ചത് ഇദ്ദേഹമാണ്. ജെ.എഛ്. ന്യൂമാനുശേഷം ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞ പുരോഹിതശ്രേഷ്ഠനാണ് വില്യം ടെംപിൾ. ടെംപിളിന്റെ സാമൂഹിക ധർമശാസ്ത്രവീക്ഷണങ്ങളെ ക്രൈസ്തവ സിദ്ധാന്തങ്ങൾ സ്വാധീനിച്ചിരുന്നു. ആത്മീയ വാദത്തെ ആസ്പദമാക്കിയാണ് ഇദ്ദേഹം ക്രിസ്തുവിനെ വിശദീകരിച്ചത്. ക്രൈസ്തവ വിശ്വാസത്തിന് സാർവജനീനമായ ഒരു കാഴ്ചപ്പാടു നൽകി. ദിവ്യ വെളിപാടിനെക്കുറിച്ചുള്ള ടെംപിളിന്റെ വീക്ഷണം പ്രത്യേകം ശ്രദ്ധേയമാണ്. ഓരോ സംഭവവും ദൈവസാന്നിധ്യം വെളിപ്പെടുത്തുന്നുണ്ടെങ്കിലും ഒരു പ്രത്യേക വ്യക്തിക്കുമാത്രമേ 'ദിവ്യ വെളിപാട്' ലഭിക്കുന്നുള്ളുവെന്നും അതിനാൽ ക്രിസ്തീയ 'ദിവ്യ വെളിപാട്' തികച്ചും വ്യക്തിപരമായ ഒരു അനുഭവമാണെന്നും ഇദ്ദേഹം സിദ്ധാന്തിച്ചു. മെൻസ് ക്രിയാട്രിക്സ് (1917), ക്രിസ്റ്റസ് വെരിറ്റാസ് (1924), നേച്ചർ, മാൻ ആൻഡ് ഗോഡ് (1934) എന്നിവയാണ് പ്രധാന കൃതികൾ. 1944 ഒക്ടോബർ 26-ന് കെന്റിൽ നിര്യാതനായി. അവലംബംപുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia