വെയ്റ്റിങ്ങ് ഫോർ ഗോദോ
![]() സാമുവൽ ബെക്കറ്റ് എഴുതിയ 'അസംബന്ധ'-നാടകമാണ് വെയ്റ്റിങ്ങ് ഫോർ ഗോദോ (Waiting for Godot - ഗോദോയെ കാത്ത്). ആരെന്നറിയാത്ത ഗോദോ എന്നയാൾക്കു വേണ്ടി സുഹൃത്തുക്കളായ വ്ലാദിമിർ, എസ്ട്രാഗൻ എന്നിവരുടെ അനന്തവും ഫലശൂന്യവുമായ കാത്തിരിപ്പാണ് ഇതിൽ ചിത്രീകരിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ഇംഗ്ലീഷ് ഭാഷാ നാടകമായി ഇതു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബെക്കെറ്റ് ഫ്രഞ്ചു ഭാഷയിൽ എഴുതിയ മൂലരചനയ്ക്ക് അദ്ദേഹം തന്നെ നിർവഹിച്ച ഇംഗ്ലീഷ് പരിഭാഷയുടെ പേരാണ് "വെയ്റ്റിങ്ങ് ഫോർ ഗോദോ". "രണ്ടംഗങ്ങളുള്ള ഒരു ശുഭ-ദുരന്തനാടകം" (A tragicomedy in two acts) എന്ന ഉപശീർഷകവും അദ്ദേഹം ഇംഗ്ലീഷ് പരിഭാഷയിൽ മാത്രം സ്വീകരിച്ചിട്ടുണ്ട്. ഫ്രെഞ്ചിലെ മൂലരചന 1948 ഒക്ടോബർ 9-നും 1949 ജനുവരി 29-നും ഇടയ്ക്ക് എഴുതിയതാണ്. പാരിസിൽ നടന്ന ആദ്യാവതരണം 1953 ജനുവരി 5-നായിരുന്നു. നാടകത്തിൽ 'പോസോ' എന്ന കഥാപാത്രത്തിന്റെ വേഷമിടുകകൂടി ചെയ്ത റോജർ ബ്ലിൻ ആയിരുന്നു രംഗാവതരണം സൃഷ്ടിച്ചത്. ഗോദോയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിനെ സംബന്ധിക്കുന്ന ഈ നാടകത്തിൽ ഗോദോയുടെ അസാന്നിദ്ധ്യം ഉൾപ്പെടെ നാടകത്തിന്റെ പല ഘടകങ്ങളും അതിന്റെ കണക്കില്ലാത്ത വ്യാഖ്യാനങ്ങൾക്കു കാരണമായിട്ടുണ്ട്. ഗോദോ ദൈവത്തിന്റെ പ്രതീകമാണെന്നും ഒരിക്കലും വന്നെത്താത്ത ദൈവികരക്ഷയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിന്റെ ചിത്രീകരണമാണ് ഈ നാടകമെന്നും കരുതുന്നവരുണ്ട്.[1] എങ്കിലും ഗോദോ ദൈവത്തെ സൂചിപ്പിക്കുന്നു എന്ന വ്യാഖ്യാനത്തെ ബെക്കറ്റ് സ്വയം തള്ളിപ്പറഞ്ഞിട്ടുണ്ട്. ഗോദോ ദൈവമായിരുന്നെങ്കിൽ താൻ ദൈവം എന്ന പേരു തന്നെ ഉപയോഗിക്കുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.[2] അവലംബം
|
Portal di Ensiklopedia Dunia