വേൽസിന്റെ ചരിത്രം

ഇപ്പോളത്തെ വേൽസ് (Welsh: Cymru) പ്രദേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഏകദേശം രണ്ടര ലക്ഷം വർഷങ്ങൾക്ക് മുൻപുണ്ടായ നിയാന്തർത്താൽ മനുഷ്യരുടെ സാന്നിധ്യത്തിന്റെ തെളിവോടെയാണ്. ഹോമോ സാപ്പിയൻസ് ഇവിടെ എത്തിച്ചേർന്നത് ഏകദേശം 31,000 ബി.സി-യോടെ ആണ്. 9000 ബി.സി-യോടെ ഹിമയുഗം അവസാനിച്ചതോടുകൂടിയാണ് ഇവിടെ തുടർച്ചയായ ആധുനിക മനുഷ്യരുടെ വാസം നിലനിന്നത്. കൂടാതെ മെസോലിത്തിക്ക്, നവീനശിലായുഗം, വെങ്കല യുഗങ്ങളിൽ നിന്നുള്ള നിരവധി ചരിത്രാവശിഷ്ടങ്ങൾ വെയിൽസിലുണ്ട്. ഇരുമ്പുയുഗത്തിൽ ഫോർത്ത് ഫിർത്തിന് തെക്ക് ബ്രിട്ടനിലെന്നപോലെ, ഇവിടത്തെ സംസ്കാരം ഒരു പൊതു ബ്രിട്ടോണിക് ഭാഷയോടെ കെൽറ്റിക് സംസ്കാരം ആയി മാറി. എഡി 43-ൽ ബ്രിട്ടൺ കീഴടക്കാൻ തുടങ്ങിയ റോമാക്കാർ, ആദ്യം 48-ൽ ഇപ്പോൾ വടക്കുകിഴക്കൻ വെയിൽസിൽ ഡെസിയാങ്ലിക്കെതിരെ ആക്രമണം നടത്തി, 79-ൽ ഓർഡോവിസുകളെ പരാജയപ്പെടുത്തി പ്രദേശത്തിന്റെ പൂർണ്ണ നിയന്ത്രണം നേടി. അഞ്ചാം നൂറ്റാണ്ടിൽ റോമാക്കാർ ബ്രിട്ടനിൽ നിന്ന് പാലായനം ചെയ്തത് ആംഗ്ലോ-സാക്സൺ കുടിയേറ്റത്തിനുള്ള വാതിൽ തുറന്നു. അതിനുശേഷം, ഇവിടം നിരവധി രാജ്യങ്ങളായി വിഭജിക്കാൻ തുടങ്ങി. മധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന ബ്രിട്ടോണിക് സംസാരിക്കുന്ന മറ്റ് ജനങ്ങളിൽ നിന്ന് ഫലപ്രദമായി വേർപെടുത്തിയ ഇംഗ്ലീഷ് അധിനിവേശത്തോടെയാണ് വെൽഷ് ജനത രൂപപ്പെട്ടത്.

റോമൻ കാലഘട്ടത്തിനു ശേഷം, ഇന്നത്തെ വെയിൽസിൽ, ഗ്വിനെഡ്, പവീസ്, സെറെഡിജിയൻ, ഡൈഫെഡ്, ബ്രൈച്ചീനോഗ്, എർഗിംഗ്, മോർഗൻവ്ഗ്, ഗ്വെന്റ് എന്നിവയുൾപ്പെടെ നിരവധി വെൽഷ് രാജ്യങ്ങൾ രൂപപ്പെട്ടിരുന്നു. ചില ഭരണാധികാരികൾ മറ്റ് വെൽഷ് പ്രദേശങ്ങളിലും പടിഞ്ഞാറൻ ഇംഗ്ലണ്ടിലും തങ്ങളുടെ നിയന്ത്രണം വ്യാപിപ്പിച്ചെങ്കിലും, ആർക്കും വെയിൽസിനെ കൂടുതൽ കാലം ഒന്നിപ്പിക്കാൻ കഴിഞ്ഞില്ല. ഇംഗ്ലീഷുകാരിൽ നിന്നും, പിന്നീട് ഇംഗ്ലണ്ട് കീഴടക്കിയ നോർമൻമാരിൽ നിന്നുമുള്ള ആഭ്യന്തര പോരാട്ടങ്ങളും ബാഹ്യ സമ്മർദ്ദവും വെൽഷ് രാജ്യങ്ങൾ ക്രമേണ ഇംഗ്ലീഷ് കിരീടത്തിന്റെ നിയന്ത്രണത്തിലാകാൻ കാരണമായി. 1282-ൽ, ലിവെലിൻ എപി ഗ്രുഫുഡിന്റെ മരണത്തെത്തുടർന്ന് ഇംഗ്ലണ്ടിലെ രാജാവ് എഡ്വേർഡ് ഒന്നാമൻ വെയിൽസ് പ്രിൻസിപ്പാലിറ്റി കീഴടക്കി; അതിനുശേഷം, ഇംഗ്ലീഷ് രാജാവിന്റെ പ്രത്യക്ഷ അവകാശി പ്രിൻസ് ഓഫ് വെയിൽസ് എന്ന പദവി വഹിച്ചു. വെൽഷ് ജനത ഇംഗ്ലീഷ് ഭരണത്തിനെതിരെ നിരവധി കലാപങ്ങൾ ആരംഭിച്ചു, അവസാനത്തെ പ്രധാന കലാപം 15-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒവെയ്ൻ ഗ്ലിൻഡർ നയിച്ച കലാപമായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ, ഓവൻ ട്യൂഡറിന്റെ പ്രപൗത്രനായ വെൽഷ് വംശജനായ ഹെൻറി എട്ടാമൻ, വെയിൽസിനെ ഇംഗ്ലണ്ട് രാജ്യത്തിൽ പൂർണ്ണമായും ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വെയിൽസ് നിയമങ്ങൾ പാസാക്കി.

1707-ൽ വെയിൽസ് ഗ്രേറ്റ് ബ്രിട്ടൺ രാജ്യത്തിന്റെയും പിന്നീട് 1801-ൽ യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെയും അയർലൻഡിന്റെയും ഭാഗമായി. എന്നിരുന്നാലും, കനത്ത ഇംഗ്ലീഷ് ആധിപത്യം ഉണ്ടായിരുന്നിട്ടും വെൽഷുകാർ അവരുടെ ഭാഷയും സംസ്കാരവും നിലനിർത്തി. 1588-ൽ വില്യം മോർഗൻ പ്രസിദ്ധീകരിച്ച വളരെ പ്രധാനപ്പെട്ട ആദ്യത്തെ പൂർണ്ണമായ വെൽഷ് ബൈബിൾ വിവർത്തനത്തിന്റെ പ്രസിദ്ധീകരണം, വെൽഷിനെ ഒരു സാഹിത്യ ഭാഷ എന്ന നിലയിൽ വളരെയധികം മുന്നോട്ട് കൊണ്ടുപോയി. പതിനെട്ടാം നൂറ്റാണ്ടിൽ വെയിൽസിനെ വളരെയധികം ബാധിക്കുന്ന രണ്ട് മാറ്റങ്ങളുടെ തുടക്കം കണ്ടു, വ്യാവസായിക വിപ്ലവവും, വെൽഷ് മെത്തഡിസ്റ്റ് പുനരുജ്ജീവനവും ആയിരുന്നു ഇവ. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉദയകാലത്ത്, പ്രത്യേകിച്ച് 19-ാം നൂറ്റാണ്ടിലെ തെക്കുകിഴക്കൻ വെയിൽസിൽ ദ്രുതഗതിയിലുള്ള വ്യാവസായികവൽക്കരണവും കൽക്കരി, ഇരുമ്പ് വ്യവസായങ്ങളുടെ വളർച്ചയുടെ ഫലമായി ജനസംഖ്യയിൽ നാടകീയമായ വർധനവും അനുഭവപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തിൽ വെയിൽസ് പൂർണ്ണവും സന്നദ്ധവുമായ പങ്ക് വഹിച്ചു. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് ബ്രിട്ടീഷ് സാമ്രാജ്യം അവസാനിച്ചതോടെ 20-ആം നൂറ്റാണ്ടിൽ വെയിൽസിലെ വ്യവസായങ്ങൾ ക്ഷയിച്ചു, അതേസമയം ദേശീയ വികാരവും സ്വയം നിർണ്ണയത്തിലുള്ള താൽപ്പര്യവും ഉയർന്നു. 1920-കളിൽ ലിബറൽ പാർട്ടിയെ പിൻതള്ളി ലേബർ പാർട്ടി പ്രബലമായ രാഷ്ട്രീയ ശക്തിയായി. രണ്ടാം ലോകമഹായുദ്ധസമയത്ത്, യുണൈറ്റഡ് കിംഗ്ഡത്തിന്റെയും സഖ്യകക്ഷികളുടെയും കൂടെ വെയിൽസും ഗണ്യമായ പങ്ക് വഹിച്ചു, ബ്ലിറ്റ്സ് സമയത്ത് അതിന്റെ നഗരങ്ങൾ വ്യാപകമായി ബോംബാക്രമണം ചെയ്യപ്പെട്ടു. 1960-കളിൽ നിന്ന് ദേശീയ പാർട്ടിയായ പ്ലെയ്ഡ് സിമ്രു ശക്തി പ്രാപിച്ചു. 1997-ലെ ഒരു റഫറണ്ടത്തിൽ, വെൽഷ് വോട്ടർമാർ, വെയിൽസിനായുള്ള ഒരു ദേശീയ അസംബ്ലിക്ക് സർക്കാർ ഉത്തരവാദിത്തം വികേന്ദ്രീകരിക്കുന്നതിന് അംഗീകാരം നൽകി, അത് 1999-ൽ ആദ്യമായി യോഗം ചേർന്നു. 2020 മെയ് മാസത്തിൽ സെനെഡ് സിമ്രു/വെൽഷ് പാർലമെന്റ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

ചരിത്രാതീത കാലഘട്ടം

ആധുനിക വെയിൽസിൽ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങളിൽ ഏറ്റവും പഴക്കം ചെന്നത് വടക്കൻ വെയിൽസിലെ എൽവി നദിയുടെ താഴ്‌വരയിലെ ബോണ്ട്നെവിഡ് പാലിയോളിത്തിക് സ്ഥലത്ത് നിന്ന് കണ്ടെത്തിയ ഒരു നിയാണ്ടർത്തൽ താടിയെല്ലാണ്; ഇത് പിൽക്കാല പാലിയോളിത്തിക് കാലഘട്ടത്തിലേതും ഏകദേശം 230,000 വർഷങ്ങൾ പഴക്കമുള്ളതുമാണ്, [1] അതിനുശേഷം, സൗത്ത് പെംബ്രോക്ക്ഷെയറും ഗോവറും ഉൾപ്പെടെ വെയിൽസിലെ ഒന്നിലധികം പ്രദേശങ്ങളിൽ പാലിയോളിത്തിക് യുഗത്തിലെ മനുഷ്യന്റെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[2] വെയിൽസിൽ ആധുനിക മനുഷ്യർ കുറഞ്ഞത് 29,000 വർഷമായി വസിക്കുന്നു.[3] 1823-ൽ സൗത്ത് വെയിൽസിലെ സ്വാൻസിയിലെ ഗോവർ പെനിൻസുലയിലെ പവിലാൻഡ് ചുണ്ണാമ്പുകല്ല് ഗുഹകളിലൊന്നിൽ നിന്ന് ചുവന്ന ചായം പൂശിയ ഒരു മനുഷ്യ അസ്ഥികൂടമായ ദി റെഡ് ലേഡി ഓഫ് പവിലാൻഡ് കണ്ടെത്തി. പേര് ഇങ്ങനെയാണെങ്കിലും, അപ്പർ പാലിയോലിത്തിക് കാലഘട്ടത്തിന്റെ (പഴയ ശിലായുഗം) അവസാനത്തിൽ ഏകദേശം 33,000 വർഷം മുമ്പ് ജീവിച്ചിരുന്ന ഒരു യുവാവിന്റേതാണ് അസ്ഥികൂടം. പവിലാൻഡ് ഗുഹ മഞ്ഞുപാളിയുടെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്തിരുന്നു, സമുദ്രനിരപ്പ് താഴ്ന്നതായിരുന്നു, അതിനാൽ ആ സമയത്ത് ഗുഹ കരപ്രദേശത്തായിരുന്നു.[4] പടിഞ്ഞാറൻ യൂറോപ്പിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന ആചാരപരമായ ശവസംസ്കാര സ്ഥലമായി ഇത് കണക്കാക്കപ്പെടുന്നു. ആനക്കൊമ്പ്, കടൽക്കക്കകൽ എന്നിവകൊണ്ട് നിർമ്മിച്ച ആഭരണങ്ങളും ഒരു മാമോത്തിന്റെ തലയോട്ടിയും അസ്ഥികൂടത്തിന്റെ സമീപത്തായി കണ്ടെത്തിയിരുന്നു.

അവലംബം

  1. Davies 1994, p. 3.
  2. Davies 1994, p. 2.
  3. Pettitt 2010, p. 207.
  4. Richards & Trinkaus 2009.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya