2004 മുതൽ 2009 വരെ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കടപ്പ ജില്ലയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു[1] വൈ.എസ്.രാജശേഖര റെഡ്ഢി.(1949-2009) നാല് തവണ ലോക്സഭാംഗം, രണ്ട് തവണ ആന്ധ്ര പി.സി.സി പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[2][3][4][5]
ജീവിതരേഖ
ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയിലുള്ള പുലിവെണ്ടുലയിൽ വൈ.എസ്.രാജയുടേയും ജയമ്മയുടേയും മകനായി 1949 ജൂലൈ 8ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഗുൽബർഗ് സർവകലാശലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദ പഠനം പൂർത്തിയാക്കി. എം.ആർ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് നേടിയ ശേഷം ഡോക്ടറായി ഔദ്യോഗിക ജീവിതമാരംഭിച്ചു.
രാഷ്ട്രീയ ജീവിതം
1975 മുതൽ 1978 വരെ യൂത്ത് കോൺഗ്രസ് കടപ്പ ജില്ലാ സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവേശനം. 1978-ൽ പുലിവെണ്ടുല മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ പാർലമെൻ്ററി ജീവിതത്തിനും തുടക്കമായി. ആറ് തവണ നിയമസഭയിലേക്കും നാല് തവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട രാജശേഖര റെഡ്ഢി 2004 മുതൽ 2009 വരെ ആന്ധ്രപ്രദേശിൻ്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചു.
പ്രധാന പദവികളിൽ
1975-1978 : ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ്, കടപ്പ
1978-1983 : നിയമസഭാംഗം, പുലിവെണ്ടുല (1)
1981-1983 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
1983-1985 : നിയമസഭാംഗം, പുലിവെണ്ടുല (2)
1983-1985 : പ്രസിഡൻ്റ്, ആന്ധ്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എ.പി.സി.സി)
2004-ൽ നടന്ന ആന്ധ്ര പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 294 സീറ്റിൽ 185 സീറ്റുകൾ ജയിച്ച കോൺഗ്രസിന് നിയമസഭയിൽ ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്നാണ് വൈ.എസ്.രാജശേഖര റെഡ്ഢി ആദ്യമായി മുഖ്യമന്ത്രിയാവുന്നത്.
2009-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 156 സീറ്റ് നേടി കോൺഗ്രസ് അധികാരം നിലനിർത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി പദവിയിൽ രണ്ടാമൂഴം ലഭിച്ചു.
മരണം
2009 സെപ്റ്റംബർ രണ്ടിന് കുർണൂലിനടുത്തുള്ള നിർമ്മല വനമേഖലയിൽ നടന്ന ഹെലിക്കോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്
തകരുകയായിരുന്നു.