ശബരിമല ക്ഷേത്രം, യുവതീപ്രവേശം ഇവിടെ നിയമപ്രകാരം വിലക്കപ്പെട്ടിരുന്നു
കേരളത്തിലെശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ പത്ത് വയസ് മുതൽ അമ്പത് വയസ് വരെയുള്ള സ്ത്രീജനങ്ങൾക്ക് പ്രവേശിക്കാനുണ്ടായിരുന്ന വിലക്കിനേയും പിന്നീട് കോടതി ഇടപെടലിനാലുണ്ടായ വിലക്കൊഴിവാക്കലിനേയും സംബന്ധിച്ച രാഷ്ട്രീയവും സാമുദായികവുമായ വിവാദ വിഷയമാണ് ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ യുവതീപ്രവേശം. ഹൈക്കോടതി വിധിയെത്തുടർന്ന് നിയമപരമായി യുവതികൾക്ക് പ്രവേശനവിലക്ക്[1] നിലവിൽ വന്നത് 1991 - 2018 കാലയളവിൽ ആയിരുന്നു[2][3]. വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി ഈ പ്രവേശനവിലക്ക് അസാധുവാക്കി, പ്രായവും ലിംഗവും അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനവിലക്ക് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 25 (വിശ്വാസസ്വാതന്ത്ര്യം) എന്നിവക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്.[4][5] ഈ വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്നും കോടതി പറഞ്ഞു.[6] ഇത് ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനും വഴിവെച്ചു.[7] ഏതാനും സ്ത്രീകൾ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും സന്നിധാനത്തിലെത്താൻ അവർക്ക് ആദ്യ ശ്രമത്തിൽ സാധിച്ചിരുന്നില്ല.[8][9]ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ 2019 ജനുവരി 2-ന് ശബരിമല സന്നിധാനത്ത് നടത്തിയ പ്രവേശമാണ്, ഈ വിധിക്കുശേഷം നടന്ന യുവതികളുടെ ആദ്യത്തെ ശബരിമലപ്രവേശം.[10][11][12]
മാസമുറ പ്രായം എന്ന കണക്കിൽ പത്ത് വയസ് മുതൽ അമ്പത് വയസ് വരെ പ്രായമുള്ള സ്ത്രീകളെയാണ് ശബരിമലയിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞിരുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് 1951-ൽ യുവതീ പ്രവേശം തടയണമെന്ന് നിർദ്ദേശം വെച്ചിരുന്നു[18], എന്നാൽ ഇത് പൊതുവേ അവഗണിക്കപ്പെടുകയാണുണ്ടായത്. നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠ യുവതീ സാമീപ്യം ആഗ്രഹിക്കുന്നില്ല എന്നാണ് വിശ്വാസം.[19][20]. അതുപോലെ തന്നെ
ആർത്തവം അശുദ്ധിയാണെന്ന വിശ്വാസപ്രകാരം യുവതികളായ സ്ത്രീകൾക്ക് 41 ദിവസം വ്രതം എടുക്കാൻ കഴിയില്ലെന്നും, തന്മൂലം ശബരിമല ദർശനം സാദ്ധ്യമല്ലെന്നും വിശ്വസിക്കപ്പെടുന്നുണ്ട്[21][22]. വ്രതം പൂർത്തിയാക്കി ഇരുമുടി എടുത്ത് ശബരിമല കയറുന്നത് പതിനെട്ടാംപടി വഴി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനാണെന്നും അല്ലാത്തവർക്ക് വടക്കേ നടവഴി ക്ഷേത്രത്തിൽ പ്രവേശിക്കാം എന്നുമുള്ള ആചാരപ്രകാരം, 1991-ൽ കേരള ഹൈക്കോടതി യുവതീപ്രവേശനം നിരോധിക്കുന്നതിന് മുമ്പ്, നിരവധി സ്ത്രീകൾ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു.[23] കുട്ടികളുടെ ചോറൂണിനായും സ്ത്രീകൾക്ക് അക്കാലത്തു ക്ഷേത്രത്തിൽ പ്രവേശിക്കാമായിരുന്നു[3].
ധർമ്മശാസ്താവ്,[24] പൂർണ്ണ, പുഷ്കല എന്നീ ഭാര്യമാർക്കൊപ്പം. ഏഴാം നൂറ്റാണ്ട്, തമിഴ്‌നാട്.
വിവിധ ഹൈന്ദവസംഘടനകൾ മുമ്പ് ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനെ അനുകൂലിച്ച് നിലപാടെടുത്തിരുന്നു. അന്ന് ആർ.എസ്.എസ്. സംസ്ഥാന നേതാവായിരുന്ന ഒ. രാജഗോപാൽ 1999-ലെ മാതൃഭൂമി ശബരിമല തീർത്ഥാടന സപ്ലിമെന്റിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണം എന്ന് ലേഖനമെഴുതിയിരുന്നു.[25] ആർ.എസ്.എസ്. ദേശീയ ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയും മുമ്പ് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് അനുകൂലിച്ചിരുന്നു.[26]‘സ്ത്രീകളെ ശബരിമലയിൽ നിന്ന് പുറത്താക്കണമെന്ന് പറയുന്നവരെയോർത്ത് ലജ്ജ തോന്നുന്നു’ എന്നായിരുന്നു നിത്യചൈതന്യയതിയുടെ അഭിപ്രായം.[27]കൊല്ലത്ത് 2007-ൽ നടത്തിയ വാർത്താസമ്മേളനത്തിൽ ‘പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ, സ്ത്രീക്കു ശബരിമലയിൽ കയറാനാവില്ല എന്നു പറയുന്നത് അധർമ്മം‘ എന്ന് അമൃതാനന്ദമയി നിലപാടെടുത്തിരുന്നു[28][29]. ഇന്ന് പുരുഷന്മാർ പോലും 41 ദിവസം വ്രതം എടുത്ത് ശബരിമലയിൽ പോകുന്നില്ലെന്നും, സ്ത്രീകളുടെ ആർത്തവചക്രം 28 ദിവസമായതിനാൽ അവർക്ക് 41 ദിവസം വ്രതം എടുക്കാനാവില്ല എന്ന തൊടുന്യായം പറഞ്ഞ് സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാതിരിക്കാനാവില്ലെന്ന് മുമ്പ് കെ. സുരേന്ദ്രൻ നിലപാടെടുത്തിരുന്നു[30]. ആർ.എസ്.എസിന്റെ മുതിർന്ന പ്രചാരകനും മുൻ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖും ആയ ആർ. ഹരി, ശബരിമലയിൽ സ്ത്രീ പ്രവേശത്തിനനുകൂലമായി ലേഖനങ്ങളെഴുതുകയും പിന്നീട് 2017 സെപ്റ്റംബറിൽ പുസ്തകമായി ഇറക്കുകയും ചെയ്തിട്ടുണ്ട്[31][32].
ഹൈക്കോടതിയിൽ നടന്ന കേസിൽ കക്ഷികളായിരുന്ന തന്ത്രികുടുംബവും ദേവസ്വം ബോർഡും മണ്ഡലകാല-മകരവിളക്ക് കാലത്തും വിഷുപൂജയ്ക്കും മാത്രമേ യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ തടസ്സമുള്ളു എന്നും മാസപൂജയടക്കമുള്ള, ക്ഷേത്രം തുറക്കുന്ന, മറ്റ് അവസരങ്ങളിൽ യുവതികൾക്ക് വടക്കേനട വഴി ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നതാണ് എന്നും അന്ന് നിലപാടെടുത്തിരുന്നു. രണ്ടാം ഉമ്മൻ ചാണ്ടി സർക്കാർ നിയമിച്ച ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ 2016-ൽ ക്ഷേത്രത്തിന്റെ പേര് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്ന് കാണിച്ച് ദേവസ്വം ബോർഡ് ഉത്തരവ് പുറത്തിറക്കി മാറ്റിയിരുന്നു.[33] ഐതിഹ്യപ്രകാരം ധർമ്മശാസ്താവിന് പൂർണ്ണ എന്നും പുഷ്കല എന്നും രണ്ട് ഭാര്യമാരുണ്ടെന്നതിനാൽ, സുപ്രീം കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസിൽ, ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ ദേവൻ നൈഷ്ഠിക ബ്രഹ്മചാരി ആണ് എന്ന വാദം നിലനിൽക്കില്ല എന്ന കാരണത്താലാണിത് എന്നാരോപണമുണ്ടായിട്ടുണ്ട്[34][35].
സുപ്രീംകോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ, ശബരിമലയിൽ പ്രവേശിക്കാനായി, ആർത്തവവിരാമം വരെ കാത്തിരിക്കാൻ തയ്യാർ (#ReadyToWait) എന്ന ഹാഷ്‌ടാഗോടെയുള്ള പ്രചരണം സമൂഹമാദ്ധ്യമങ്ങളിൽ നടന്നിരുന്നു[36][37]. സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിന് വയസ്സ് തെളിയിക്കുന്ന രേഖ ക്ഷേത്രനടത്തിപ്പുകാർ 2018 ജനുവരിയിൽ നിർബന്ധമാക്കിയിരുന്നു.[38]
മുമ്പ് നടന്നിട്ടുള്ള ചില സ്ത്രീപ്രവേശങ്ങൾ
തിരുവിതാംകൂർ മഹാറാണിയായിരുന്ന സേതു പാർവ്വതി ബായ്, യൗവനത്തിൽ ശബരിമല ക്ഷേത്രത്തിൽ വന്നതായി രേഖകളുണ്ട്.[3][39][40] ശബരിമലയിൽ 1986-ൽ നമ്പിനാർ കെടുവതില്ലൈ എന്ന ചലച്ചിത്രത്തിനായി ജയശ്രീ, സുധ ചന്ദ്രൻ, അനു, വടിവുക്കരസി, മനോരമ എന്നീ നടിമാർ പതിനെട്ടാം പടിയിൽ പ്രതിഷ്ഠക്കടുത്ത് നൃത്തം ചെയ്തിരുന്നു.[41] ഷൂട്ടിങ്ങിനെ തുടർന്ന് റാന്നി മജിസ്ട്രേറ്റ് കോടതിയിൽ കേസുണ്ടാവുകയും, വിലക്കപ്പെട്ട പ്രായത്തിലുള്ള നടിമാർക്കും ഫീസ് വാങ്ങി ഷൂട്ടിങിന് അനുമതി നൽകിയ ദേവസ്വം ബോർഡ് ഭാരവാഹികൾക്കും മജിസ്ട്രേറ്റ് പിഴ വിധിക്കുകയും ചെയ്തിരുന്നു[42]. യുവതീപ്രവേശ വിലക്ക് ഇതിന് ശേഷമാണ് കർശനമായത് എന്ന് പറയപ്പെടുന്നു[42]. കർണ്ണാടകയിലെ മുൻമന്ത്രി ജയമാല, 1986-ൽ ക്ഷേത്രം സന്ദർശിച്ചതായും, വിഗ്രഹം തൊട്ടതായും അവകാശപ്പെട്ടിരുന്നു.[43][44] ദേവസ്വം കമ്മീഷണറായിരുന്ന ജെ. ചന്ദ്രികയുടെ പേരമകളുടെ ചോറൂണ് 1990-ൽ ശബരിമലയിൽ നടക്കുകയും, അതിൽ യുവതികൾ അടക്കമുള്ളവർ ക്ഷേത്രത്തിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. ആ ചോറൂണിന്റെ ചിത്രമുള്ള പത്രവാർത്തയടക്കം ഹൈക്കോടതിക്ക് ചെന്ന കത്ത് ഹൈക്കോടതി പൊതുതാത്പര്യ ഹർജിയായി പരിഗണിച്ചിരുന്നു.[45]പത്തനംതിട്ട ജില്ലാകലക്ടർ വത്സലാകുമാരി 1995-ൽ ഔദ്യോഗികാവശ്യങ്ങൾക്കായി ക്ഷേത്രം സന്ദർശിച്ചിരുന്നു.[46] അതേ വർഷം തന്നെ രണ്ട് യുവതികൾ ക്ഷേത്രസന്ദർശനം നടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.[46]
ശബരിമലയിലെ കരാറുകാരനായിരുന്ന സുനിൽ സ്വാമിയുടെ മദ്ധ്യസ്ഥതയിൽ സ്ത്രീകൾ പലതവണ ശബരിമലയിൽ എത്തിയതായി ആരോപണമുണ്ടായിട്ടുണ്ട്.[47][48]മേൽശാന്തിയുടെ മകൾ 2014-ൽ വിഷുപൂജയ്ക്ക് ക്ഷേത്രം സന്ദർശിക്കുകയും രണ്ട് ദിവസം സന്നിധാനത്ത് താമസിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇത് വിവാദമായതോടെ മേൽശാന്തിയുടെ ചിലവിൽ തന്നെ പരിഹാരക്രിയകൾ ചെയ്തിരുന്നു.[49]
കേരള ഹൈക്കോടതി വിധി
“
ദേവസ്വം ബോർഡിന്റെ ഇത്തരം നിയന്ത്രണങ്ങൾ ഭരണഘടനയുടെ ചട്ടങ്ങൾ 15, 25, 26 എന്നിവയുടെ ലംഘനമാവില്ല. ഇത് 1965-ലെ ഹിന്ദു ക്ഷേത്രപ്രവേശന നിയമത്തിനും എതിരല്ല. ഇത് ലിംഗവിവേചനമല്ല, മറിച്ച് ഒരു പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ മാത്രമാണ് ഈ നിയന്ത്രണം ബാധിക്കുന്നത്
സ്ത്രീ പ്രവേശനത്തെ തുടർന്ന് 1990-ൽ ഒരു വ്യക്തി സമർപ്പിച്ച കത്ത് പൊതുതാത്പര്യ ഹർജിയായി ഹൈക്കോടതി പരിഗണിക്കുകയുണ്ടായി. തുടർന്ന് ഹൈക്കോടതി യുവതികളുടെ ക്ഷേത്രപ്രവേശനം തടഞ്ഞു.[45] വിധി വന്നത് 1991 ഏപ്രിൽ 5-ന് ആണ്. നേരത്തെ സ്ത്രീകൾ നിയന്ത്രണമില്ലാതെ പ്രവേശിച്ചിട്ടുണ്ടെങ്കിലും ശബരിമല കയറാൻ പത്ത് വയസിനും അമ്പത് വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കുള്ള നിയന്ത്രണം ശബരിമലയിലെ കാലാതിവർത്തിയായ ആചാരമാണ് എന്ന നിഗമനത്തിലാണ് ഹൈക്കോടതി എത്തിയത്.[50] ആ നിയന്ത്രണം എല്ലാ തീർത്ഥാടനവേളയിലും നടപ്പിലാക്കേണ്ടതാണെന്നും നിർദ്ദേശിച്ചു. ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചു. ഇത് നടപ്പിലാക്കാൻ പോലീസ് ഉൾപ്പെടെയുള്ള എല്ലാ സഹായവും ദേവസ്വം ബോർഡിനു നൽകണമെന്നു കേരള സർക്കാരിനോടും കോടതി നിർദ്ദേശിച്ചു[3].
ഹൈക്കോടതിയുടെ 1991-ലെ ഇടപെടലിൽ ജസ്റ്റിസ് കെ.എസ്. പരിപൂർണന്റെ വ്യക്തിപരമായ താൽപര്യം പ്രകടമായിരുന്നെന്നും ഒരാൾ അദ്ദേഹത്തിനെഴുതിയ കത്ത് പൊതുതാൽപര്യഹർജിയാക്കിയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെ എതിർകക്ഷിയാക്കിയും അദ്ദേഹവും ജസ്റ്റിസ് കെ. ബാലകൃഷ്ണമാരാരും കൂടി വാദംകേട്ടശേഷം 10-നും 50-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം മൊത്തത്തിൽ നിരോധിക്കുകയായിരുന്നുവെന്നും അതിനായി സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അഭിപ്രായം എതിരായിരുന്നുവെങ്കിലും പന്തളം രാജവംശത്തിന്റെ പ്രതിനിധിയേയും അയ്യപ്പസേവാസംഘം പ്രതിനിധിയേയും വിളിച്ചുവരുത്തി അനുകൂലമൊഴിയെടുത്തശേഷം വിധി പ്രസ്താവിക്കുകയായിരുന്നുവെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി. ഭാസ്കർ ആരോപിച്ചിട്ടുണ്ട്.[51] കേസ് ആദ്യം വന്നത് ജസ്റ്റിസ് കെ.ടി. തോമസും ജസ്റ്റിസ് കെ.എസ്. പരിപൂർണ്ണനും ഉൾപ്പെട്ട ബഞ്ചിലായിരുന്നെന്നും, കേസിനിടെ സ്ത്രീപ്രവേശത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞതിനോട് ജസ്റ്റിസ് പരിപൂർണ്ണൻ യോജിച്ചിരുന്നില്ലെന്നും, പിന്നീട് പരിപൂർണ്ണൻ സീനിയർ ജഡ്ജി ആയിരുന്നതിനാൽ ബഞ്ച് മാറുകയായിരുന്നെന്നും ജസ്റ്റിസ് കെ.ടി. തോമസ് വെളിപ്പെടുത്തിയിട്ടുണ്ട്.[52]
അന്നത്തെ നായനാർ സർക്കാരോ ദേവസ്വം ബോർഡോ ഈ വിധിയെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നില്ല.[51]
സുപ്രീം കോടതിയിലെ ഹർജി
ഇൻഡ്യൻ യങ് ലോയേഴ്സ് അസോസിയേഷനു വേണ്ടി, ഭക്തി പസ്രിജ സേഠി, ലക്ഷ്മി ശാസ്ത്രി, പ്രേരണ കുമാരി, അൽക്കാ ശർമ്മ, സുധാ പാൽ എന്നിവർ, 2006-ൽ ശബരിമലയിൽ ഒരു പ്രായത്തിലുമുള്ള സ്ത്രീകളെ തടയരുത് എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യഹർജി കൊടുത്തു. പ്രവേശനനിയന്ത്രണം തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് എതിരാണെന്ന് അവർ കോടതിയെ ബോധിപ്പിച്ചു[53]. സംഘപരിവാർ ബന്ധമുള്ളവരാണ് ഇവർ എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്[54]. ഈ കേസിൽ 2007 നവംബറിൽ കേരളത്തിലുണ്ടായിരുന്ന എൽ.ഡി.എഫ്. അച്ചുതാനന്ദൻ സർക്കാർ യുവതീപ്രവേശത്തിന് അനുകൂലമായിട്ടും, പിന്നെ വന്ന യു.ഡി.എഫ്. ഉമ്മൻ ചാണ്ടി സർക്കാർ 2016 ഫെബ്രുവരി 6-ന് യുവതീ പ്രവേശത്തിന് എതിരായിട്ടും, പിന്നീട് വന്ന പിണറായി വിജയൻ സർക്കാർ 2016 നവംബർ 7-ന് യുവതീപ്രവേശത്തിന് അനുകൂലമായിട്ടും സുപ്രീംകോടതിയിൽ സത്യവാങ്മൂലങ്ങൾ സമർപ്പിച്ചിട്ടുണ്ട്[55].
വിധി
ശബരിമലയിലെ സ്ത്രീപ്രവേശം പരിശോധിച്ച സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബഞ്ച് 2018 സെപ്റ്റംബർ 28-ന് നൽകിയ വിധി പ്രകാരം ഏത് പ്രായത്തിലുമുള്ള വനിതകൾക്ക് ഉപാധികളില്ലാതെയുള്ള പ്രവേശനം അനുവദിക്കുകയാണുണ്ടായത്. ഒരംഗത്തിന്റെ വിയോജിപ്പോടുകൂടിയ ഭൂരിപക്ഷ വിധിയായിരുന്നു ഇത്[56].
“
ഇത്തരം വിവേചനപരമായ ആചാരങ്ങൾ സ്ത്രീകളുടെ ആരാധനാസ്വാതന്ത്ര്യത്തെയും ക്ഷേത്രപ്രവേശനസ്വാതന്ത്ര്യത്തെയും നിഷേധിക്കുന്നതായും പ്രസ്താവിക്കുന്നതിന് കോടതിക്ക് മടിയില്ല.
ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര, ജസ്റ്റിസ് ആർ.എഫ്. നരിമാൻ, ജസ്റ്റിസ് എ.എം. ഖൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരായിരുന്നു ബെഞ്ചിൽ ഉണ്ടായിരുന്നത്. ജസ്റ്റിസ് ഇന്ദു മൽഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിച്ചു. ഭരണഘടനയുടെ അനുച്ഛേദം 2 പ്രകാരം സമത്വത്തിനും തുല്യതയ്ക്കുമുള്ള അവകാശത്തിനെതിരാണ് നിലവിൽ ഉണ്ടായിരുന്ന വിലക്കെന്ന് സുപ്രീംകോടതി കണ്ടെത്തി. ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം ഏതൊരു മതവിശ്വാസവും പാലിക്കാനുള്ള അവകാശത്തിനും എതിരായിരുന്നു വിലക്കെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
എന്നാൽ യുക്തിചിന്തക്കതീതമായി ആചാരങ്ങൾ അനുഷ്ഠിക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര വിധിയിൽ വിയോജിച്ചു[57][58].
പ്രതികരണങ്ങൾ
വിധി പുറത്ത് വന്ന ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ്. സർക്കാരും വിധിയെ സ്വാഗതം ചെയ്തു. കാലതാമസവും വീഴ്ചയും ഇല്ലാതെ വിധി നടപ്പാക്കണമെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു[59]. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിധി അംഗീകരിക്കാൻ ബാദ്ധ്യസ്ഥരാണ് എന്നാണ് പ്രതികരിച്ചത്[60]. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും സ്ത്രീകളെ കണ്ടാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടും എന്ന് പറയുന്നത് അയ്യപ്പനെ അപകീർത്തിപ്പെടുത്തലാണെന്നും എം. ലീലാവതി അഭിപ്രായപ്പെട്ടിരുന്നു[61].
തന്ത്രികുടുംബത്തെ പ്രതിനിധീകരിച്ച് കണ്ഠരര് രാജീവരര്, വിധി നിരാശാജനകമെങ്കിലും അംഗീകരിക്കുന്നു എന്നാണ് അഭിപ്രായപ്പെട്ടത്[62][63].
കേരള പുലയർ മഹാസഭയുടെ അദ്ധ്യക്ഷൻ പുന്നല ശ്രീകുമാർആലുവയിൽ നടത്തിയ പ്രസംഗത്തിൽ വിധിയെ സർവ്വാത്മനാ സ്വാഗതം ചെയ്യുകയും, കേരളത്തിന്റെ നവോത്ഥാന ചരിത്രത്തോട് ചേർത്ത് കാണേണ്ട വിധിയാണ് സുപ്രീംകോടതി നടത്തിയത് എന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. എൻ.എസ്.എസ്. ആദ്യം മുതൽക്കേ തന്നെ വിധിയേയും വിധി പാലിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിനേയും വിമർശിച്ചു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു[64]. കോൺഗ്രസ് എം.എൽ.എ. ആയ വി.ടി. ബൽറാം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയും, ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്രസിന്റെ നിലപാടിനെ 'രാഹുൽ ഈശ്വറല്ല, രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്റെ നേതാവ്' എന്ന് പരിഹസിക്കുകയും ചെയ്തിരുന്നു[65]. ഐക്യമലയരയ മഹാസഭ സംസ്ഥാന സെക്രട്ടറി പി.കെ. സജീവ് കോടതി വിധിയെ സ്വാഗതം ചെയ്യുകയും, വിധി അയ്യപ്പന്റെ നിർദ്ദേശമായാണ് കാണുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു[66]. വിധിയെ സംബന്ധിച്ച ടെലിവിഷൻ ചാനൽ ചർച്ചയിൽ താഴമൺ മഠം, മലയരയരുടെ കൈയിൽ നിന്ന് പിടിച്ചെടുത്തതാണ് ക്ഷേത്രം എന്ന് സജീവ് ആരോപിച്ചിരുന്നു[67].
സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജി നൽകിയവരിൽ ഒരാളായ പ്രേരണാ കുമാരി വിധിയെ തള്ളിക്കളയുകയും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ് ഹർജി നൽകിയതെന്ന് ആർ.എസ്.എസ്. മുഖപത്രമായ ഓർഗനൈസറിലെ ലേഖനത്തിലൂടെ അവകാശപ്പെടുകയും ചെയ്തു[68]. ബി.ജെ.പി. ജനറൽ സെക്രട്ടറി ആയ കെ. സുരേന്ദ്രൻ സുപ്രീം കോടതി വിധി വന്നപ്പോൾ വിധിയെ സ്വാഗതം ചെയ്ത് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. അയ്യപ്പൻ നൈഷ്ഠികബ്രഹ്മചാരി ആണെന്നാൽ സ്ത്രീവിരോധി ആണെന്ന് അർത്ഥമില്ല എന്നായിരുന്നു സുരേന്ദ്രൻ സമർത്ഥിച്ചത്, എന്നാൽ പിന്നീട് അദ്ദേഹം അത് നീക്കം ചെയ്ത് വിധിയെ പിന്തുണയ്ക്കുന്ന സി.പി.ഐ.(എം) ചാമ്പലാകും എന്ന് പോസ്റ്റിട്ടത് വിമർശനത്തിനും വിവിധ ട്രോളുകൾക്കും കാരണമായിരുന്നു[69][70]. കേരളത്തിൽ സ്ത്രീ പ്രവേശന വിരുദ്ധ പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെ ബി.ജെ.പി. എം.പി. സുബ്രഹ്മണ്യൻ സ്വാമി പട്ടാളത്തെ ഇറക്കിയാണെങ്കിലും സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണം എന്നഭിപ്രായപ്പെട്ടിരുന്നു[71]. എന്നാൽ ഇതേ സമയം ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാടിൽ നിന്ന സർക്കാരിനെതിരെ ഉള്ള പ്രക്ഷോഭമായി ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയിടുകയോ രസീതെടുത്ത് വഴിപാട് ചെയ്യുകയോ ചെയ്യരുതെന്ന് കെ.പി. ശശികല ആഹ്വാനം ചെയ്തിരുന്നു[72].
യുവതീപ്രവേശം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രതികരണത്തിൽ, ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിയിലെ നിരീക്ഷണങ്ങൾ സൂക്ഷ്മമായി പരിശോധിക്കണമെന്നും അന്ന് അഭിപ്രായപ്പെട്ടിരുന്നു[73]. തിരുവനന്തപുരത്ത് 2019 ജനുവരിയിൽ നടന്ന ശബരിമല കർമ്മസമിതിയുടെ സമ്മേളനത്തിൽ ശബരിമലയിൽ ആചാരലംഘനം നടത്തരുത് എന്ന് അമൃതാനന്ദമയി മുൻനിലപാട് തിരുത്തുകയുണ്ടായി[28][29].
വിധിയെ തുടർന്ന് തനിക്ക് ഭീഷണികൾ വന്നിരുന്നതായി, വിധി പ്രഖ്യാപിച്ച സുപ്രീം കോടതി ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിയുടെ ഒന്നാംവാർഷികത്തോടനുബന്ധിച്ച് പറഞ്ഞിരുന്നു[74][75][76].
സുപ്രീം കോടതി വിധിക്കെതിരെയുള്ള ഹർജികൾ
സുപ്രീം കോടതിയുടെ വിധിയെ നിയമപ്രകാരം നേരിടുന്നതിനായി നിരവധി പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും വിവിധ സംഘടനകളും വ്യക്തികളും സമർപ്പിക്കുകയുണ്ടായി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച്[77] പുനഃപരിശോധനാ ഹർജികൾ ചേംബറിൽ, 2018 നവംബർ 13-ന് പരിശോധിക്കുകയും 2019 ജനുവരി 22-ന് തുറന്ന കോടതിയിൽ വാദം കേൾക്കാനായി മാറ്റി വെക്കുകയും ചെയ്തു[78]. റിട്ട് ഹർജികൾ അക്കൂടെ പരിഗണിക്കുന്നതാണ്. അതുവരെ നിലവിലുള്ള ഉത്തരവ് നിലനിൽക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ആകെ മൂന്ന് റിട്ട് ഹർജികളും[79]എൻ.എസ്.എസ്, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം നിർവാഹക സംഘം, പ്രയാർ ഗോപാലകൃഷ്ണൻ, അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ഓൾ കേരള ബ്രാഹ്മണ ഫെഡറേഷൻ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നൽകിയിട്ടുള്ള 49 പുനഃപരിശോധനാ ഹർജികളുമാണുള്ളത്[80].
നാലുമാസത്തിനുശേഷം 2019 ഫെബ്രുവരി 5-ന് 65 ഹർജികളിലും 4 പുതിയ റിട്ട് ഹർജികളിലും വാദങ്ങൾ കേട്ട ചീഫ് ജസ്റ്റിസ്രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗഭരണഘടനാബെഞ്ച് കേസ് വിധിപറയാനായി മാറ്റിവച്ചു. ഇതിനിടെ തങ്ങളുടെ നേരത്തെയുള്ള നിലപാടിൽ നിന്നും മാറി ദേവസ്വം ബോർഡ് ശബരിമലയിൽ എല്ലാപ്രായത്തിലുമുള്ള സ്ത്രീപ്രവേശത്തെ തങ്ങൾ അനുകൂലിക്കുന്നതായി സുപ്രീം കോടതിയെ അറിയിക്കുകയും എല്ലാപ്രായത്തിലുമുള്ള സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള പരമോന്നതകോടതിയുടെ നേരത്തെയുള്ള വിധി പുനഃപരിശോധിക്കുന്നതിനെ എതിർക്കുകയും ചെയ്തു.[81][82] 2019 നവംബർ 13 -ന് പുനഃപരിശോധനാഹർജികളിലെ വിധി നവംബർ 14 -ന് രാവിലെ 10.30 ന് പറയുമെന്ന് കോടതി വൃത്തങ്ങൾ അറിയിച്ചു.[83] ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശപ്രശ്നവുമായി സമാനതാല്പര്യമുള്ള മറ്റു ഹർജികളും ഒരുമിച്ച് പുനഃപരിശോധനനടത്തേണ്ടതുണ്ടോ എന്നു പരിഗണിക്കാൻ ഏഴംഗഭരണഘടനാബെഞ്ചിന് വിടുകയാണുണ്ടായത്,[84] 2018 -ലെ വിധിക്ക് പ്രത്യക്ഷത്തിൽ സ്റ്റേ ഇല്ല എങ്കിലും പ്രായോഗികമായി സ്റ്റേ ഉണ്ട് [85] നവംബർ 16 -ന് ദർശനത്തിനെത്തിയ 50 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകളെ പോലീസ് തടയുകയുണ്ടായി.[86]
യുവതീ പ്രവേശത്തിനുള്ള ശ്രമങ്ങൾ
പൊതുവേ സ്ത്രീപക്ഷ പ്രസ്ഥാനങ്ങളും പുരോഗമനപ്രസ്ഥാനങ്ങളും വിധിയെ സ്വാഗതം ചെയ്യുകയും യുവതീപ്രവേശനത്തിന് പിന്തുണപ്രഖ്യാപിക്കുകയും ചെയ്തെങ്കിലും; സംഘപരിവാർ, എൻ.എസ്.എസ്. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ യാഥാസ്ഥിതികപക്ഷം വിധിയെ നിരാകരിക്കുകയും അവരുടെ നേതൃത്വത്തിൽ സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കുന്നത് തടയുന്നതിനായി പ്രവർത്തിക്കുകയും ചെയ്തു. ശബരിമലയിലെ തന്ത്രികളായ താഴമൺ കുടുംബം, ശബരിമല അയ്യപ്പന്റെ പൈതൃകം അവകാശപ്പെടുന്ന പന്തളം ക്ഷത്രിയ കുടുംബം തുടങ്ങിയവർ യാഥാസ്ഥിതിക പക്ഷത്തായിരുന്നു. എൻ.എസ്.എസ്., താലൂക്ക് യൂണിയനുകൾ വഴിയുള്ള സമുദായാംഗങ്ങൾക്കുള്ള വിരുദ്ധാശയ പ്രചരണമാണ് നടത്തിയത്[87]. സംഘപരിവാർ സംഘടനകളും ബി.ജെ.പി.യും പമ്പയിലും ശബരിമലയിലും വിധിക്കെതിരെ പ്രത്യക്ഷസമരത്തിലും, ക്ഷേത്രത്തിൽ പ്രവേശിക്കുന്നവരെ നേരിട്ട് പരിശോധിക്കുന്ന തലത്തിലും എത്തിയിരുന്നു. ആദ്യഘട്ടത്തിൽ നിലയ്ക്കൽ-പമ്പ പ്രദേശത്തുണ്ടായ സമരത്തെ കായികമായി നേരിട്ട പോലീസ് മൂവായിരത്തിലധികം പ്രതിഷേധക്കാരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിരുന്നു[88][89].
വിധിയെ തുടർന്ന് നിരവധി യുവതികൾ പമ്പയിലെത്തുകയും അതിൽ കുറേപ്പേർ മലചവിട്ടുകയും ചെയ്തെങ്കിലും, പമ്പയിലും പമ്പയിൽ നിന്ന് ശബരിമലയിലേക്കുള്ള വഴിയിലും ഉണ്ടായ എതിർപ്പുകൾ മൂലം 2018-ൽ ആർക്കും സന്നിധാനത്തെത്തി അയ്യപ്പദർശനം സാദ്ധ്യമായിരുന്നില്ല.
തുലാമാസപ്പൂജ (2018)
കൊല്ലവർഷം 1194-ലെ തുലാമാസപൂജയ്ക്കായി ഒക്ടോബർ 17-ന് ആണ് ശബരിമല നട തുറന്നത്[90]. സ്ത്രീപ്രവേശനമനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷമുണ്ടായ ആദ്യ നടതുറക്കലായിരുന്നു ഇത്[91]. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടറായ സുഹാസിനി രാജ് ഒക്ടോബർ 18-ന് റിപ്പോർട്ടിങിനായി മലകയറാൻ ശ്രമിച്ചെങ്കിലും പമ്പയിൽ നിന്ന് അധികം ചെല്ലും മുമ്പ് തന്നെ തടയപ്പെട്ടിരുന്നു.[92] മലയാളി ആക്ടിവിസ്റ്റ് ആയ രഹന ഫാത്തിമയും തെലങ്കാനയിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തക കവിത ജക്കാലയും 2018 ഒക്ടോബർ 19-ന് സന്നിധാനത്തെ നടപ്പന്തൽ വരെ എത്തിയെങ്കിലും അവിടെയുണ്ടായ പ്രതിഷേധം മൂലം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. കവിത റിപ്പോർട്ടിങിന് ആയാണ് ക്ഷേത്രത്തിൽ പോകാൻ ശ്രമിച്ചത്. ഇവരുടെ സുരക്ഷയ്ക്കായി പോലീസ് ഹെൽമറ്റും ജാക്കറ്റും നൽകിയത് വിവാദമാവുകയുമുണ്ടായി. ക്ഷേത്രം അടച്ചിടും എന്ന തന്ത്രി പറഞ്ഞതും, സുരക്ഷാപ്രശ്നങ്ങളെക്കുറിച്ച് പോലീസ് ബോദ്ധ്യപ്പെടുത്തിയതുകൊണ്ടും ആയിരുന്നു ഇരുവരും ക്ഷേത്രത്തിൽ പ്രവേശിക്കാതെ തിരിച്ചു വന്നത്[93]. അന്നു തന്നെ മേരി സ്വീറ്റി എന്നൊരു യുവതി ക്ഷേത്രദർശനത്തിനായി പമ്പയിൽ വരെ എത്തിയെങ്കിലും പോലീസുമായുള്ള ചർച്ചയ്ക്ക് ശേഷം മടങ്ങുകയുണ്ടായി. ക്ഷേത്രദർശനത്തിനായി എത്തിയ ലിബിയ എന്ന യുവതിയെ പ്രതിഷേധക്കാർ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ തടഞ്ഞ് വെക്കുകയും പിന്നീടവർ യാത്ര ഉപേക്ഷിക്കുകയും ഉണ്ടായി[94]. പിന്നീട് ഒക്ടോബർ 21-ന് തെലങ്കാനയിൽ നിന്നുള്ള യുവതികൾ എത്തിയിരുന്നെങ്കിലും പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. തുലാമാസ പൂജയ്ക്കിടെ ബിന്ദു തങ്കം കല്യാണി, കേരളാ ദളിത് മഹിളാ ഫെഡെറേഷൻ നേതാവ് എസ്.പി. മഞ്ജു എന്നീ രണ്ട് യുവതികളും ക്ഷേത്രദർശനത്തിനായി പമ്പയിൽ എത്തിയിരുന്നെങ്കിലും അവർക്കും മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല[95][96].
മണ്ഡലകാലം (2018)
കൊല്ലവർഷം 1194-ലെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല നട തുറന്നത് നവംബർ 16-ന് ആയിരുന്നു. മണ്ഡലകാല ദർശനത്തിന് വിർച്വൽ ക്യൂ സംവിധാനത്തിൽ 550 യുവതികൾ രജിസ്റ്റർ ചെയ്തിരുന്നു[97]. നട തുറന്ന അന്നു തന്നെ തൃപ്തി ദേശായിയും സംഘവും ശബരിമല ദർശനത്തിനായി മുംബൈയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് പുറത്തിറങ്ങാനാകാതെ തിരിച്ചുപോവുകയാണുണ്ടായത്[98]. ശബരിമല ദർശനത്തിനായി ഒരു സംഘം ട്രാൻസ്‌ജെൻഡറുകൾ മണ്ഡലകാലത്ത് എത്തിയിരുന്നു, അവരെയും ആദ്യം തടഞ്ഞിരുന്നെങ്കിലും തന്ത്രിയുടെയും മറ്റും അനുമതി ലഭിച്ചതോടെ അവർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിച്ചിരുന്നു[99]. തമിഴ്‌നാട്ടിൽ നിന്നുള്ള മനിതി സംഘടനയുടെ വളരെയധികം അംഗങ്ങൾ വ്യത്യസ്ത സംഘങ്ങളായി മണ്ഡലകാലത്ത് ശബരിമലയിൽ എത്താൻ ശ്രമിച്ചിരുന്നു. ഒരു സംഘത്തെ തമിഴ്‌നാട് അതിർത്തിയിൽ നിന്നും പോലീസ് അകമ്പടിയോടെ പമ്പവരെ എത്തിച്ചിരുന്നു. എതിർപ്പിനെ തുടർന്ന് അവർക്ക് ശബരിമല സന്ദർശിക്കാനായില്ല. ഒരു ഘട്ടത്തിൽ പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള വഴിയിൽ പ്രതിഷേധക്കാരുടെ പിടിയിൽ നിന്നും അവർക്ക് ഓടി രക്ഷപെടേണ്ട അവസ്ഥയുണ്ടായി[100]. മനിതിയുടെ മറ്റ് സംഘങ്ങളും സുരക്ഷാകാരണങ്ങളാൽ മല ചവിട്ടിയില്ല. ആദിവാസി അവകാശ പ്രവർത്തക കെ. അമ്മിണിയും ശബരിമല പ്രവേശത്തിനു ശ്രമിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ തന്നെ എരുമേലിയിൽ നിന്ന് പമ്പയ്ക്കുള്ള മാർഗ്ഗമദ്ധ്യേ ശ്രമം ഉപേക്ഷിക്കുകയുണ്ടായി[101]. പിന്നീട് ശബരിമലയിൽ പ്രവേശിച്ച ബിന്ദുവും കനകദുർഗ്ഗയും ഡിസംബർ 24-നും ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ചന്ദ്രാനന്ദൻ റോഡിലെ പ്രതിഷേധത്തെ മറികടക്കാനാകാതെ വന്നതോടെ തിരിച്ചിറങ്ങുകയാണുണ്ടായത്[102].
പത്തിലധികം യുവതികൾ പ്രവേശിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും മണ്ഡലകാലത്തും യുവതികളാർക്കും ശബരിമല ക്ഷേത്രത്തിൽ എത്തിച്ചേരാനായില്ലെന്നാണ് പോലീസ് റിപ്പോർട്ട്[103].
മകരവിളക്ക് ഉത്സവം (2018 - 2019)
കൊല്ലവർഷം 1194-ലെ മകരവിളക്ക് ഉത്സവത്തിനായി 2018 ഡിസംബർ 30-ന് തുറന്നിരുന്നു. കോഴിക്കോട്കൊയിലാണ്ടി സ്വദേശിയായ ബിന്ദു അമ്മിണി, മലപ്പുറംഅങ്ങാടിപ്പുറം സ്വദേശി കനക ദുർഗ്ഗ എന്നിവർ 2019 ജനുവരി 2-ന് പുലർച്ചെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കുകയും ദർശനം നടത്തുകയും ചെയ്തു[104]. മണ്ഡലകാലത്തും ഇവർ ശബരിമല പ്രവേശത്തിന് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. മുമ്പത്തെ തവണ വൻപോലീസ് സന്നാഹത്തോടെയാണ് ദർശനത്തിന് ശ്രമിച്ചതെങ്കിൽ, വിജയിച്ച പ്രാവശ്യം യുവതികൾക്ക് ശബരിമലയിലേക്കുള്ള പാതയിൽ സുരക്ഷാപ്രശ്നങ്ങളുണ്ടായാൽ ഇടപെടാനായി മഫ്തിയിലുള്ള പോലീസുകാരുടെ അകമ്പടി മാത്രമായിരുന്നു ഉണ്ടായിരുന്നത്[105]. ജനുവരി ഒന്നാം തീയതി ഇടതുപക്ഷം നടത്തിയ വനിതാമതിലിൽ കേരളത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതും ശബരിമല പ്രവേശം തടസ്സമില്ലാതെയാക്കാൻ കാരണമായി എന്ന് കരുതപ്പെടുന്നു. നവോത്ഥാനകേരളം ശബരിമലയിലേക്ക് എന്നൊരു ഫേസ്‌ബുക്ക് കൂട്ടായ്മയിൽ അംഗമായിരുന്നു ഇരുവരും[106][107]. ക്ഷേത്രപ്രവേശനത്തെ തുടർന്ന് തന്ത്രിയുടെ നിർദ്ദേശത്താൽ മേൽശാന്തി നടയടച്ച് ശുദ്ധി കർമ്മങ്ങൾ ചെയ്തിരുന്നു[108].
ഒരു ശ്രീലങ്കൻ തമിഴ് വംശജയായ യുവതി ജനുവരി 3-ന് ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തി എന്ന് വാദമുണ്ടെങ്കിലും, ഇക്കാര്യത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്[109][110]. ശബരിമലയിൽ 39 വയസ്സുള്ള മഞ്ജു 2019 ജനുവരി 9-ന് ദർശനം നടത്തുകയുണ്ടായി.[111] ക്ഷേത്രത്തിൽ പ്രവേശിച്ച ബിന്ദുവും കനകദുർഗ്ഗയും തങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ വാദത്തിനിടെ മകരവിളക്കിന് ശബരിമല നടതുറന്ന ശേഷം 51 യുവതികൾ ശബരിമലയിൽ ദർശനം നടത്തുകയുണ്ടായി എന്ന് സർക്കാർ പ്രസ്താവന നൽകുകയുണ്ടായി[112][113]. എന്നാൽ ഈ പട്ടികയിൽ നിരവധി പിഴവുകളുണ്ടായിരുന്നതിനാൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതതല സമിതി പട്ടിക പുനഃപരിശോധിച്ച് 17 യുവതികളാണ് മകരവിളക്ക് കാലത്ത് ശബരിമലയിൽ പ്രവേശിച്ചതെന്ന പുതുക്കിയ റിപ്പോർട്ടിന് ശുപാർശ ചെയ്യുകയുണ്ടായി[114][115].
ബന്ധപ്പെട്ട സംഭവങ്ങൾ
തുലാമാസപ്പൂജയ്ക്ക് (2018) നടതുറന്നപ്പോൾ പമ്പയിൽ പ്രതിഷേധക്കാർ തമ്പടിച്ചിരുന്നു. ആദ്യഘട്ടത്തിൽ രാഹുൽ ഈശ്വർ സമരരംഗത്ത് സജീവമായി ഉണ്ടായിരുന്നു. യുവതികളെ ശബരിമലയിലേക്കുള്ള വഴിയിൽ തടഞ്ഞതിനെ തുടർന്ന് രാഹുൽ ഈശ്വർ അറസ്റ്റിലായിരുന്നു. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയുണ്ടായി. ശബരിമല സന്നിധാനത്തും പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. നിരോധനാജ്ഞ ഭക്തർക്ക് ബാധകമായിരുന്നില്ല. കെ. സുരേന്ദ്രൻ തുലാമാസപ്പൂജക്കിടെ ഇരുമുടി കെട്ടി മല ചവിട്ടിയത് മാതാവ് മരിച്ചതിന്റെ പുല കഴിയുന്നതിന് മുമ്പായിരുന്നുവെന്നും അതുകൊണ്ട് ആചാരലംഘനം ആയിരുന്നു എന്നാരോപണമുണ്ടായിരുന്നു[116]. പത്തനംതിട്ടയിൽ നിന്ന് ശബരിമലക്ക് പോയ ഭക്തനെ കാണാതെ പോവുകയും പിന്നീട് പോലീസ് നടപടി ഉണ്ടായ നിലയ്ക്കലിൽ നിന്ന് 16 കിലോമീറ്റർ അകലെ ളാഹയ്ക്ക് സമീപം മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. അദ്ദേഹം നിലയ്ക്കലിൽ നടന്ന പോലീസ് നടപടിയിൽ കൊല്ലപ്പെട്ടതാണെന്ന് ബി.ജെ.പി. ആരോപിക്കുകയും പത്തനംതിട്ടയിൽ ഹർത്താൽ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് നടപടി നടന്ന ശേഷവും അദ്ദേഹം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ബന്ധുക്കൾ അറിയിച്ചതായി പോലീസ് വെളിപ്പെടുത്തുകയുണ്ടായി[117]. യുവതികൾ ക്ഷേത്രസന്നിധിയിൽ എത്തിയാൽ ‘പ്ലാൻ ബി പ്രകാരം കൈമുറിച്ച് രക്തം വീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കി നട അടപ്പിക്കാൻ ആളെ നിർത്തിയിട്ടുണ്ടായിരുന്നു‘ എന്ന് രാഹുൽ ഈശ്വർ പറഞ്ഞത്[118][119] വൻവിവാദമായി. തുടർന്ന് ശബരിമല തന്ത്രി ആയ കണ്ഠരര് മോഹനരര് രാഹുലിനെ തള്ളിപ്പറയുകയും തന്ത്രികുടുംബവുമായി രാഹുലിന് ബന്ധമില്ലെന്ന് വ്യക്തമാക്കുകയും ഉണ്ടായി[120][121]. പ്രക്ഷോഭത്തിന് തയ്യാറെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാക്കി-ടോക്കികളുമായി നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പ്രസിദ്ധീകരിച്ചും[122] രാഹുൽ വിവാദത്തിലായിരുന്നു.
പമ്പയിലേയും മറ്റും പോലീസ് നടപടികളെക്കുറിച്ചുള്ള ഒരുകൂട്ടം ഹർജികൾ പരിഗണിക്കെ, ശബരിമലയിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിനായി മൂന്നംഗ നിരീക്ഷണ സമിതിയെ നിയമിച്ചിരുന്നു[123]. ദേവസ്വം ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി.ആർ. രാമൻ, ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ്. സിരിജഗൻ, ഫയർഫോഴ്സ് ഡി.ജി.പി. എ. ഹേമചന്ദ്രൻ എന്നിവരാണ് നിരീക്ഷണ സമിതി അംഗങ്ങൾ[124].
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും എസ്.പി. യതീഷ് ചന്ദ്രയുമായി നിലയ്ക്കലിൽ തർക്കമുണ്ടാവുകയും പിന്നീട് പൊൻരാധാകൃഷ്ണൻ പാർലമെന്റിൽ യതീഷ് ചന്ദ്രയ്ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്[125]. മുമ്പ് സ്ത്രീപ്രവേശം സംബന്ധിച്ച സമരത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയിരുന്നെങ്കിലും, സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥ പാലിച്ചില്ലെന്ന കാരണത്താൽ, രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാവുകയും വീണ്ടും അറസ്റ്റിലാവുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശബരിമല പ്രതിഷേധങ്ങൾക്കിടെ ജാതി അധിക്ഷേപങ്ങളും നടന്നിരുന്നു. പത്തനംതിട്ട സ്വദേശിയായ വീട്ടമ്മ പിണറായിയുടെ ജാതിയും അസഭ്യവാക്കും ചേർത്ത് അധിക്ഷേപിക്കുന്ന വീഡിയോ സാമൂഹികമാദ്ധ്യമങ്ങളിലും മറ്റും വ്യാപകമായിരുന്നു[126]. ഇവർക്കെതിരെ കേസ് എടുത്തിരുന്നു[127]. തെങ്ങ് കയറ്റണ്ടവനെ പിടിച്ച് തലയിൽ കയറ്റുമ്പോൾ ഓർക്കണം എന്ന് പ്രക്ഷോഭങ്ങൾക്കിടെ ജന്മഭൂമി ദിനപത്രം കാർട്ടൂൺ വരച്ചിരുന്നു[128][129]. സെക്രട്ടറിയേറ്റ് പടിക്കലെ സമരപ്പന്തലിൽ നിരാഹാരമനുഷ്ഠിക്കുന്നതിനിടെ പിണറായി വിജയൻ തെങ്ങുകയറാൻ പോകുന്നതാണ് ഭേദം എന്ന് ബി.ജെ.പി.യുടെ സംസ്ഥാന ഉപാധ്യക്ഷൻ എൻ. ശിവരാജൻ പറഞ്ഞിരുന്നു[130]. പിതാവും സഹോദരങ്ങളും ചെത്തുതൊഴിലാളികൾ ആയിരുന്നെന്നു കരുതി താനും ആ പണി തന്നെ ചെയ്യണമെന്ന് പറയരുതെന്നും കാലം മാറിയെന്നും അധിക്ഷേപങ്ങൾക്ക് പിണറായി മറുപടി പറഞ്ഞിരുന്നു[131].
സംഘപരിവാർ ഇടപെടലുകൾ
സുപ്രീം കോടതി വിധിക്ക് മുമ്പ് പൊതുവേ ആർ.എസ്.എസും മറ്റും സ്ത്രീപ്രവേശനത്തിനനുകൂലമായ നിലപാടാണ് എടുത്തിരുന്നതെങ്കിലും[25][26][31], വിധിക്ക് ശേഷം സംഘപരിവാർ സ്ത്രീപ്രവേശനത്തിനെതിരായുള്ള നിലപാടുകളെ പിന്തുണയ്ക്കുകയാണുണ്ടായത്. സ്ത്രീപ്രവേശനത്തിനെതിരായ സമരത്തിൽ ബി.ജെ.പി. മുഖ്യ പങ്ക് വഹിച്ചു. വിവിധ ഘടകങ്ങളോട് പമ്പയിലെയും ശബരിമലയിലേയും പ്രതിഷേധത്തിന് ആളെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബി.ജെ.പി.യുടെ സർക്കുലർ ചോരുകയും പത്രങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു[132][133]. പമ്പയിലേയും സന്നിധാനത്തെയും പ്രതിഷേധം ഭക്തരുടേതാണെന്നും ബി.ജെ.പി. അവരെ പിന്തുണയ്ക്കുക മാത്രമേ ചെയ്യുന്നുള്ളു എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. പ്രതിഷേധം അക്രമാസക്തമായപ്പോൾ നിലയ്ക്കലുംപമ്പയിലും പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയിരുന്നു[134]. പിന്നീട് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, ബി.ജെ.പി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായ കെ. സുരേന്ദ്രൻ തുടങ്ങിയവർ പമ്പയിലെ സമരത്തിന്റെ മുൻനിരക്കാരായി. ശബരിമല രാഷ്ട്രീയപരമായി ഒരു സുവർണ്ണാവസരമാണെന്നും ശബരിമലയിലെ സമരത്തിൽ നടപ്പിലാക്കിയത് ബി.ജെ.പി.യുടെ അജെൻഡ ആണെന്നും ബി.ജെ.പി. സംസ്ഥാന സെക്രട്ടറി പി.എസ്. ശ്രീധരൻ പിള്ള യുവമോർച്ച സമ്മേളനത്തിൽ പറഞ്ഞതിന്റെ വീഡിയോ വാർത്തയായിരുന്നു[135][136]. ശബരിമല സന്നിധാനത്ത് പ്രതിഷേധക്കാരെ ശാന്തരാക്കുവാൻ ക്രിമിനൽ കേസുകളിൽ പ്രതിയായ ആർ.എസ്.എസ്. നേതാവായ വൽസൻ തില്ലങ്കേരിയെ, പോലീസ് സമീപിച്ചതും പോലീസിന്റെ മെഗാഫോണിലൂടെ സംസാരിക്കാൻ അനുവദിച്ചതും വിവാദമായിരുന്നു[137]. വൽസൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാരലംഘനമാണെന്നും ആരോപണമുയർന്നായിരുന്നു[138]. സന്നിധാനത്തെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രായം പരിശോധിച്ചിരുന്നു എന്ന് പിന്നീട് വൽസൻ തില്ലങ്കേരി അവകാശപ്പെട്ടിരുന്നു[139].
സുപ്രീംകോടതി വിധി ഹൈന്ദവ വികാരങ്ങളെ വേദനിപ്പിച്ചു എന്ന് ആർ.എസ്.എസ്. മേധാവി മോഹൻ ഭഗവത് ആരോപിച്ചിരുന്നു[140][141].
ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ആർ.എസ്.എസ്. മുൻകൈയെടുത്ത് രൂപീകരിച്ച സമരസംഘടനയാണ് ശബരിമല കർമ്മ സമിതി[142][143]. ശബരിമലയിൽ സമരം ചെയ്തത് ആർ.എസ്.എസ്. തന്നെയാണെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണൻ സ്ഥിരീകരിച്ചിരുന്നു[144]. മണ്ഡലപൂജ (2018) തുടങ്ങിയപ്പോൾ പമ്പയിൽ പ്രതിഷേധസംഘത്തോടൊപ്പം ചേർന്ന കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തി. പോലീസിന്റെ നിയന്ത്രണങ്ങൾ മറികടന്ന് രാത്രി മല കയറാൻ ശ്രമിച്ച കെ. സുരേന്ദ്രനും മണ്ഡലകാലത്തിന്റെ തുടക്കത്തിൽ അറസ്റ്റിലായിരുന്നു. പോലീസ് ക്രൂരമായി പെരുമാറി, ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തുടങ്ങിയ ആരോപണങ്ങൾ അറസ്റ്റിലായ കെ. സുരേന്ദ്രൻ ഉന്നയിക്കുകയുണ്ടായി. മറുപടിയായി കെ. സുരേന്ദ്രൻ സ്വയം ഇരുമുടിക്കെട്ട് നിലത്തിടുന്ന, ചിറ്റാർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സി.സി.ടി.വി. ദൃശ്യം കടകംപള്ളി സുരേന്ദ്രൻ പുറത്തുവിടുകയുണ്ടായി[145][146]. വിവിധ കേസുകളിൽ പ്രതിയായിരുന്നത് മൂലം 23 ദിവസങ്ങൾക്ക് ശേഷമായിരുന്നു സുരേന്ദ്രന് ജാമ്യം ലഭിച്ചത്[147]. ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയടക്കമുള്ള കർശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം[148]. കെ. സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത് സർക്കാർ മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് ബി.ജെ.പി. പമ്പയിൽ നിന്ന് സമരത്തിന്റെ കേന്ദ്രം സെക്രട്ടറിയേറ്റ് പടിക്കലോട്ട് മാറ്റിയിരുന്നു[149].
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ശബരിമല കർമ്മ സമിതി, ബി.ജെ.പി., എൻ.എസ്.എസ്. എന്നിവരുടെ നേതൃത്വത്തിൽ അയ്യപ്പജ്യോതി എന്ന പ്രതിഷേധ പരിപാടി 2018 ഡിസംബർ 26-ന് നടത്തിയിരുന്നു[150]. ആചാരസംരക്ഷണത്തിനായി അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരെ ശബരിമലയിൽ എത്തിക്കാൻ ചലോ ശബരിമല എന്ന ആഹ്വാനത്തോടെ ആർ.എസ്.എസ്. പ്രചരണം നടത്തിയിരുന്നു[151].
സംഘപരിവാർ ഇടപെടൽ സംബന്ധിച്ച തർക്കം
സ്ത്രീപ്രവേശന വിഷയത്തിൽ 2019 മെയ് മാസത്തിൽ സംഘപരിവാർ പ്രവർത്തകർ തമ്മിൽ തർക്കം ഉണ്ടായി[152]. ശബരിമല കർമ്മ സമിതിയിലെ നേതാക്കൾ, റെഡി റ്റു വെയ്റ്റ് കാമ്പൈൻ നേതാക്കൾ തുടങ്ങിയവർ ഒരു ഭാഗത്തും, ആർ.എസ്.എസിൽ, ആർ. ഹരിയെ പിന്തുണയ്ക്കുന്ന പക്ഷം മറുഭാഗത്തുമായി സാമൂഹ്യമാദ്ധ്യമങ്ങളിൽ ചേരിപ്പോരുണ്ടായി[153][154]. ആർ.എസ്.എസിന്, ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച എതിർപ്പ് ലോൿസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അടവുനയം മാത്രം ആയിരുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉള്ള ആയുധം മാത്രമായിരുന്നുവെന്നും റെഡി റ്റു വെയിറ്റ് ആരോപിച്ചിരുന്നു[155]. ആർ.എസ്.എസ്. നിലപാടിൽ നിന്ന് വീണ്ടും മാറി സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നത്, ശബരിമലയെ വിനോദകേന്ദ്രമാക്കി മാറ്റുന്നത് വഴി ആർ. ഹരിക്ക് വ്യക്തിപരമായ താത്പര്യമുള്ള ബിലീവേഴ്സ് ചർച്ച് ഉടമ കെ.പി. യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റിൽ നിർദ്ദേശിച്ചിരിക്കുന്ന വിമാനത്താവളത്തിന്റെ വിജയത്തിനാണെന്നും ആരോപണം ഉയർന്നു[156][157]. ആർ. ഹരി ഗൗഡസാരസ്വത ബ്രാഹ്മണൻ ആയതിനാൽ, കേരളീയ താന്ത്രികവിദ്യയിൽ വിശ്വാസം ഇല്ലാത്തയാളാണെന്നും ആരോപണമുണ്ടായി[158]. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കെ.പി. ശശികല റെഡി റ്റു വെയിറ്റിനെ തള്ളിപ്പറയുകയും, അവർ സംഘപരിവാറിനൊപ്പം സമരം ചെയ്തവരല്ലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു[159]. എന്നാൽ പിന്നീട് ശശികലയ്ക്ക് റെഡി റ്റു വെയിറ്റുമായി ബന്ധമുണ്ടെന്ന് വിവരങ്ങൾ പുറത്ത് വന്നിരുന്നു[160]. റെഡി റ്റു വെയിറ്റ് മുഖ്യസംഘാടക പദ്മ പിള്ള, ശശികലയെ വെല്ലുവിളിക്കുകയും എതിർവാദങ്ങൾ മുന്നോട്ട് വെയ്ക്കുകയും ചെയ്തിരുന്നു[161][162]. തർക്കങ്ങൾ നിയന്ത്രിക്കാൻ ആർ.എസ്.എസ്. ശ്രമം നടത്തിയിരുന്നു[163]. കെ.പി. ശശികല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന ആർ.എസ്.എസ്. നേതാക്കളുടേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞിരുന്നു[164]. റെഡി റ്റു വെയിറ്റ് കാമ്പൈൻ സംഘാടക പത്മ പിള്ള "വിശ്വാസികളെ വഞ്ചിച്ചാൽ ആർ.എസ്.എസിനെതിരെയും തെരുവിലിറങ്ങി നാമജപസമരം നടത്തും" എന്ന് അവകാശപ്പെട്ടിരുന്നു[165][166]. റെഡി റ്റു വെയിറ്റും സംഘപരിവാറും തമ്മിൽ ശബരിമല വിഷയത്തിലെ തർക്കം സംബന്ധിച്ച് മദ്ധ്യസ്ഥചർച്ച നടന്നിരുന്നു[167][168].
നേരത്തെ സമാനവിധത്തിൽ ഉണ്ടായ മറ്റൊരു തർക്കവും പരസ്യചർച്ചക്കുള്ള വെല്ലുവിളിയും ആർ.എസ്.എസ്. ഇടപെട്ട് ഒഴിവാക്കിയിരുന്നു[169]. ശബരിമലയിലെ സ്ത്രീ പ്രവേശ വിവാദം സൃഷ്ടിച്ചത് തീവ്രഹിന്ദു, തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളാണെന്ന് രാഹുൽ ഈശ്വർ ആരോപിച്ചിരുന്നു[170].
സെക്രട്ടറിയേറ്റിനു മുന്നിലെ സമരങ്ങൾ
ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ 2018 ഡിസംബർ 3 മുതൽ ബി.ജെ.പി.യുടെ നേതൃത്വത്തിൽ ഉപവാസസമരം ആരംഭിച്ചിരുന്നു. ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എം.പി. ആയിരുന്നു സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ആയിരുന്നു നിരാഹാരസത്യാഗ്രഹം തുടങ്ങി വെച്ചത്. സംസ്ഥാന അദ്ധ്യക്ഷൻ സി.കെ. പത്മനാഭൻ, ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ. ശിവരാജൻ, പി.എം. വേലായുധൻ, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ വി.ടി. രമ, ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ സമരത്തിൽ നിരാഹാരമനുഷ്ഠിച്ചു[171][172]. സമരം തുടങ്ങി 49-ാം ദിനം ബി.ജെ.പി. സമരം അവസാനിപ്പിച്ചു[172][173]. സമരത്തിനിടെ ബി.ജെ.പി.യിൽ ഭിന്നത ഉണ്ടായതിനെ തുടർന്ന് വി. മുരളീധരനും കെ. സുരേന്ദ്രനും സമരത്തിന്റെ സമാപനത്തിൽ നിന്ന് വിട്ടുനിന്നിരുന്നു[174][175]. സമരം വിജയമായിരുന്നില്ലെന്ന് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞിരുന്നു[173][176][177]. നിരാഹാരസത്യാഗ്രഹം അനുഷ്ഠിക്കുന്നതിനിടെ, ശോഭാ സുരേന്ദ്രൻ ഗ്ലാസിൽ നിന്ന് എന്തോ കുടിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു[178][179].
ശബരിമലയിലെ സർക്കാർ നടപടികൾക്കെതിരെ യു.ഡി.എഫ്. എം.എൽ.എ.മാരായ വി.എസ്. ശിവകുമാർ, പാറയ്ക്കൽ അബ്ദുല്ല, എൻ. ജയരാജ് എന്നിവർ സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹസമരം നടത്തിയിരുന്നു[180]. ഈ സമരം 2018 ഡിസംബർ മൂന്നിന് തുടങ്ങി, പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം ഡിസംബർ 14-ന് നിയമസഭക്ക് മുന്നിലെ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി അവസാനിപ്പിച്ചിരുന്നു[181].
യുവതീപ്രവേശത്തെ തുടർന്നുണ്ടായ സംഭവങ്ങൾ
ശബരിമലയിൽ യുവതിപ്രവേശം നടന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ, ശബരിമല കർമ്മസമിതിയും ബി.ജെ.പി.യും 2019 ജനുവരി 3-ന് കേരളം മുഴുവൻ ഹർത്താലാണെന്ന് പ്രഖ്യാപിച്ചു. നിരന്തരമായുള്ള ഹർത്താലുകളെ തുടർന്ന് ഇനി ഹർത്താലുകൾക്കും കടകളും മറ്റും തുറന്ന് പ്രവർത്തിക്കും എന്ന് വ്യാപാരി വ്യവസായി സമിതി തീരുമാനിച്ചതിന് ശേഷമുണ്ടായ ആദ്യ ഹർത്താലായിരുന്നു ഇത്. പന്തളത്ത് ശബരിമല കർമ്മസമിതി നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ സി.പി.ഐ.(എം) ഓഫീസിൽ നിന്നുണ്ടായ കല്ലേറിൽ ബി.ജെ.പി. പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു[182][183].
ഹർത്താൽ ദിനത്തിൽ കോഴിക്കോട് മിഠായിത്തെരുവ്, എറണാകുളം എം.ജി. റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഹർത്താലനുകൂലികളും വ്യാപാരി വ്യവസായി സംഘടനയുടെ അംഗങ്ങളും നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ഹർത്താലനുകൂലികൾ പലയിടത്തും സി.പി.ഐ.(എം) പ്രവർത്തകരുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്നു. എടപ്പാളിൽ ഹർത്താൽ അനുകൂലികളെ ജനങ്ങൾ തല്ലി ഓടിക്കുകയുണ്ടായി[184][185]. തെരുവ് യുദ്ധം എന്നായിരുന്നു മാദ്ധ്യമങ്ങൾ അവസ്ഥയെ വിശേഷിപ്പിച്ചത്[186][187][188][189][190].
യുവതീപ്രവേശത്തെ തുടർന്ന് നട അടച്ച് ശുദ്ധികർമ്മങ്ങൾ ചെയ്ത തന്ത്രിയെ മന്ത്രി ജി. സുധാകരൻ ബ്രാഹ്മണരാക്ഷസൻ എന്ന് വിശേഷിപ്പിച്ചിരുന്നു[197]. യുവതീപ്രവേശത്തെ തുടർന്ന് 2019 ജനുവരി 3 യു.ഡി.എഫ്. കരിദിനമായി ആചരിച്ചു[198][199]. കരിദിനത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച് പാർലമെന്റിൽ പ്രവേശിക്കാൻ തുടങ്ങിയ കോൺഗ്രസ് എം.പി.മാരെ സോണിയ ഗാന്ധി വിലക്കുകയും 'ലിംഗസമത്വത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും ഒപ്പമാണ് കോൺഗ്രസ്' എന്ന് പറയുകയും ചെയ്തിരുന്നു[200][201]. എന്നാൽ കോൺഗ്രസ് എം.പി.മാർ വീണ്ടും പ്രതിഷേധ സൂചകമായി കറുപ്പ് ബാഡ്ജണിഞ്ഞ് പാർലമെന്റിലെത്തുകയും, പിന്നീട് സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തിൽ ലോകസഭയിൽഎ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ശബരിമല വിഷയത്തിൽ പ്രത്യേക നിയമനിർമ്മാണം നടത്താൻ ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.[202] പിന്നീട് നടന്ന പത്രസമ്മേളനത്തിൽ നിലപാട് ആവർത്തിച്ച കോൺഗ്രസ്സിന്റെ മാധ്യമവിഭാഗം തലവൻ രൺദീപ് സുർജേവാല സംസ്ഥാനത്തെ ക്രമസമാധാനനില നിലനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും ബി.ജെ.പി. സംസ്ഥാനത്ത് ശബരിമലയുടെ പേരിൽ അക്രമം നടത്തുകയാണെന്നും ആരോപിച്ചു.[203][204] ശബരിമലയിൽ പ്രവേശിച്ച യുവതികൾക്കുനേരെ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ അവർക്ക് മുഴുവൻ സമയവും പോലീസ് സുരക്ഷയൊരുക്കാൻ സുപ്രീം കോടതി ഉത്തരവിടുകയുണ്ടായി.[205]
ഹർത്താലുകൾ
ഹർത്താലിനോടനുബന്ധിച്ച് ബി.ജെ.പി. പ്രവർത്തകർ ദേശീയ പാത ഉപരോധിച്ച് നടത്തിയ പ്രതിഷേധ മാർച്ച്
ശബരിമല യുവതീപ്രവേശന വിഷയത്തിൽ 97 ദിവസത്തിനുള്ളിൽ ഏഴ് ഹർത്താലാണ് ബി.ജെ.പി., യുവമോർച്ച, ശബരിമല കർമ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടെ ആഹ്വാനത്താൽ നടത്തപ്പെട്ടത്(൨). ഈ ഹർത്താലുകളിൽ മൂന്നെണ്ണം സംസ്ഥാന വ്യാപകമായിരുന്നു. ബാക്കി രണ്ടെണ്ണം പത്തനംതിട്ടയിലും, ഒന്ന് തിരുവനന്തപുരത്തുമാണ് നടത്തിയത്. ഇതിൽ നാല് ഹർത്താലും 2018-ലെ ശബരിമല തീർത്ഥാടനകാലത്ത് തന്നെയായിരുന്നു. [206]
ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിനെതിരെ, കോൺഗ്രസും ബി.ജെ.പി.യും നടത്തിയ സമരം രാഷ്ട്രീയപ്രേരിതമാണെന്ന് ആദ്യമേ ആരോപണമുണ്ടായിരുന്നു[208][209][210]. ലോൿസഭാ തെരഞ്ഞെടുപ്പ് 23 ഏപ്രിൽ 2019-ന് നടക്കുമെന്ന് പ്രഖ്യാപിച്ച ശേഷം, ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശവിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ മുന്നറിയിപ്പ് നൽകിയിരുന്നു[211][212]. ഇതിനെതിരെ ബി.ജെ.പി. രംഗത്ത് വന്നിരുന്നു[213][214]. തുടർന്ന് മീണയെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി പോവുകയുണ്ടായി[215]. ഒളിഞ്ഞും തെളിഞ്ഞും ശബരിമല തിരഞ്ഞെടുപ്പിൽ ചർച്ചയായി[216][217]. ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലമെന്ന നിലയിൽ പത്തനംതിട്ടയിലും ഹൈന്ദവ വോട്ടുകൾ ഏറെക്കൂടുതലുള്ള മണ്ഡലമെന്ന നിലയിൽ തിരുവനന്തപുരത്തും ശബരിമലക്ഷേത്രത്തിലെ സ്ത്രീ പ്രവേശ വിഷയം ബി.ജെ.പി.ക്ക് തിരഞ്ഞെടുപ്പ് വിജയം നൽകാൻ ശേഷിയുള്ളതാണെന്ന് വിലയിരുത്തലുകളുണ്ടായി[218]. വിജയസാദ്ധ്യതയുള്ള മണ്ഡലമെന്ന നിലയിൽ സ്ഥാനാർത്ഥി നിർണ്ണയ തർക്കങ്ങളെത്തുടർന്ന് പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാർത്ഥിയെ ഏറെ വൈകിയാണ് പ്രഖ്യാപിച്ചത്[219]. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രൻ, വൃതനിഷ്ഠയിൽ ശബരിമല ദർശിക്കുന്ന ഭക്തരുടെ രൂപത്തിനു സമാനമായ വിധത്തിൽ കറുപ്പുടുത്ത്, താടി വളർത്തിയായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പങ്കെടുത്തത്[220][221]. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചരണയോഗങ്ങൾ ശരണം വിളിയോടെ തുടങ്ങാനും തീരുമാനമുണ്ടായിരുന്നു[222][223].
ശബരിമല കർമ്മ സമിതി "മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്" എന്ന മുദ്രാവാക്യത്തോടെ സംസ്ഥാനത്ത് പ്രചരണം നടത്തിയിരുന്നു[224][225]. ഇതിനെതിരെ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി[225][226]. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്ന ഫ്ലെക്സുകൾ, പെരുമാറ്റചട്ടം പ്രകാരം നീക്കാനുള്ള അധികാരം ജില്ലാ കലക്ടർമാർക്ക് നൽകിയിരുന്നു[227]. കർമ്മ സമിതി രാഷ്ട്രീയകക്ഷി അല്ലാത്തതിനാൽ തിരഞ്ഞെടുപ്പിൽ വോട്ട് ലക്ഷ്യമിട്ടുള്ള മതധ്രുവീകരണത്തെ തടയുന്ന തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം തങ്ങൾക്ക് ബാധകമല്ലെന്ന് വാദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചിരുന്നു[228]. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ശബരിമലയിൽ അയോദ്ധ്യാ മാതൃകയിലുള്ള പ്രക്ഷോഭം വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി[229]. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ. സുധാകരൻ, ബിന്ദു അമ്മിണി പഠിപ്പിക്കുന്ന നിയമബിരുദ ക്ലാസിൽ വോട്ടഭ്യർത്ഥിച്ച് ചെല്ലുകയും ശബരിമല ക്ഷേത്രപ്രവേശവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണിയുമായി തർക്കമുണ്ടാവുകയും ചെയ്തു[230][231]. തൃശ്ശൂർ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥിയായ സുരേഷ് ഗോപി, അയ്യപ്പനാമത്തിൽ വോട്ടഭ്യർത്ഥിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷൻ അതിനു വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.[232]
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ 19 എണ്ണത്തിലും യു.ഡി.എഫ്. വിജയിച്ചു, എൽ.ഡി.എഫിന് വൻപരാജയം സംഭവിച്ചത് ശബരിമല സ്ത്രീപ്രവേശത്തെ അനുകൂലിച്ചത് കൊണ്ടാണെന്ന് വിലയിരുത്തലുകളുണ്ടായി[233][234][235][236]. ശബരിമല വിവാദത്തിൽ പ്രത്യക്ഷസമരത്തിനിറങ്ങിയിട്ടും ബി.ജെ.പി.ക്ക് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടായില്ല[237][238][239]. ശബരിമല ക്ഷേത്രത്തിൽ പ്രവേശിച്ച ബിന്ദുവും കനകദുർഗ്ഗയും ഉൾപ്പെടുന്ന, യുവതികളുടെ ശബരിമല പ്രവേശത്തിനായി പ്രവർത്തിച്ച ഫേസ്‌ബുക്ക് കൂട്ടായ്മ യു.ഡി.എഫിനായി വോട്ട് തേടിയിരുന്നു എന്ന് സ്വയം വെളിപ്പെടുത്തിയിരുന്നു[240][241].
ലോകസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താനായുണ്ടായ ഇടതുപക്ഷ യോഗത്തിൽ ശബരിമല വിഷയത്തിൽ വീഴ്ചപറ്റിയെന്ന് ആത്മവിമർശനമുണ്ടായി[242][243]. വിശ്വാസികളുടെ വോട്ട് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിച്ചില്ലെന്ന് സി.പി.ഐ.(എം) കേന്ദ്രകമ്മറ്റിയിൽ നിരീക്ഷണമുണ്ടായി[244]. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമലയിലെ നിലപാട് വ്യക്തമാക്കി വോട്ട് തേടാതിരുന്നത് തിരിച്ചടിയായതായി സി.പി.ഐ.(എം) സംസ്ഥാനസമിതി നിരീക്ഷിച്ചിരുന്നു[245][246]. വിശ്വാസികളുടെ പ്രതികരണം മുൻകൂട്ടി കാണാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു[247][248].
യുവതീ പ്രവേശത്തിനെതിരെയുള്ള നിയമനിർമ്മാണ ശ്രമങ്ങൾ
പാർലമെന്റിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് വിലക്കാനുള്ള നിയമനിർമ്മാണത്തിനായി കൊല്ലം ലോക്‌സഭാമണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമായ എൻ.കെ. പ്രേമചന്ദ്രൻ ബിൽ അവതരിപ്പിച്ചിരുന്നു[249]. പതിനേഴാം ലോക്‌സഭയിലെ ആദ്യ സ്വകാര്യബിൽ ആയിരുന്നു ഇത്[250]. എന്നാൽ ഈ ബിൽ ചർച്ചക്ക് എടുക്കപ്പെട്ടില്ല[251]. പത്തനംതിട്ടയിൽ നിന്നുള്ള ലോക്‌സഭാംഗം ആന്റോ ആന്റണി, തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭാംഗം ശശി തരൂർ എന്നിവർ ചോദിച്ച, കേന്ദ്രസർക്കാർ സ്ത്രീ പ്രവേശം തടയാൻ നിയമനിർമ്മാണത്തിന് മുതിരുമോ എന്ന ലോക്‌സഭാ ചോദ്യത്തിന് "വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്" എന്ന മറുപടിയാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് നൽകിയത്[252][253]. സുപ്രീം കോടതി വിധിയെ മറികടന്ന് ഓർഡിനൻസ് കൊണ്ടുവരാനാവില്ലെന്ന് ബി.ജെ.പി. ദേശീയ സെക്രട്ടറി പറഞ്ഞിരുന്നു[254][255]. തുടർന്ന് ശബരിമലയിലെ സാഹചര്യം മാറിയെന്ന് ബി.ജെ.പി. കേരളസംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള അവകാശപ്പെട്ടിരുന്നു[256].
ശബരിമല സ്ത്രീപ്രവേശന വിധിയിൽ പുനഃപരിശോധനാ ഹർജി നൽകാത്ത ദേവസ്വം ബോർഡ് നിലപാടിലും, യുവമോർച്ച സംഘടിപ്പിച്ച സമരത്തിൽ പ്രവർത്തകർക്ക് പൊലീസ് മർദ്ദനമേറ്റതിലും പ്രതിഷേധിച്ച് പത്തനംതിട്ടയിൽ ഹർത്താൽ നടത്തി.[257]
2
18 ഒക്ടോബർ 2018
കേരളം
ബി.ജെ.പി.
യുവതികൾ ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ പ്രതിഷേധിച്ച്.[258]
3
2 നവംബർ 2018
പത്തനംതിട്ട ജില്ല
ബി.ജെ.പി.
ശിവദാസൻ എന്ന ശബരിമല തീർത്ഥാടനത്തിന് പോയ ലോട്ടറി വിൽപ്പനക്കാരൻ ളാഹയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടതിന് പത്തനംതിട്ടയിൽ ഹർത്താൽ നടത്തി.[259][260][261][262]
4
17 നവംബർ 2018
കേരളം
ഹിന്ദു ഐക്യവേദി, ബി.ജെ.പി., ശബരിമല കർമ്മസമിതി
ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക ഹർത്താൽ.[263][264][265][266][267]
ശബരിമല പ്രശ്നത്തിൽ സമരം ചെയ്തവരെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് ബി.ജെ.പി. തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ നടത്തി.[268][269][270][271]
6
14 ഡിസംബർ 2018
കേരളം
ബി.ജെ.പി.
സെക്രട്ടറിയേറ്റിന് മുന്നിൽ ബി.ജെ.പി. നേതാവ് സി.കെ. പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിൽ മുട്ടട സ്വദേശി വേണുഗോപാലൻ നായർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഹർത്താൽ.[272][273][274][275]
7
3 ജനുവരി 2019
കേരളം
ശബരിമല കർമ്മസമിതി, ബി.ജെ.പി.
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹർത്താൽ ശബരിമല കർമസമിതി ആഹ്വാനം ചെയ്തു.[276][277][278][279]
അവലംബങ്ങൾ
↑"Ayyappan: Hindu deity". Encyclopedia Britannica (in ഇംഗ്ലീഷ്). Britannica. Retrieved 20 October 2018.