ശൈഖ് അബൂ മുഹമ്മദ് അൽ മഖ്ദീസി
ജിഹാദി എഴുത്തുകാരൻ, ജോർദ്ദാനിയൻ ജിഹാദി നേതാവായിരുന്ന അബു മുസ് അബ് സർഖാവിയുടെ ചിന്താരൂപീകരണത്തിനു പിന്നിലെ ആത്മീയാചാര്യൻ എന്നീ നിലകളിൽ സുപ്രസിദ്ധനായ ഇസ്ലാമികപണ്ഡിതനാണ് അബൂ മുഹമ്മദ് അൽ മഖ്‌ദീസി. യഥാർഥ നാമം ഇസാം മുഹമദ് ത്വാഹിർ അൽ ബർഖാവി. ജീവിച്ചിരിക്കുന്ന ഏറ്റവും സ്വാധീനമുള്ള ജിഹാദി താത്വികാചാര്യന്മാരിലൊരാൾ എന്ന് യു.എസ്. മിലിറ്ററി അക്കാഡമി വിശേഷിപ്പിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ രചനകൾക്ക് വ്യാപകപ്രചരണവും സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. അൽ ഖെയ്ദയുടെ മുഖ്യ ഓൺ ലൈൻ ലൈബ്രറിയായി വിശേഷിപ്പിക്കപ്പെടുന്ന തൗഹീദ് എന്ന തീവ്രവാദപരമായ വെബ്സൈറ്റ് നിർമ്മിച്ച കുറ്റത്തിന് മഖ്ദീസി ഇപ്പോൾ ജോർദ്ദാനിൽ തടവിലാണ്.[1] 1959-ൽ പലസ്തീനിലെ നബുലുസിലാണ് ജനനം. ചെറുപ്പത്തിലേ കുവൈത്തിലേക്ക് പലായനം ചെയ്തു. ഇറാഖിലെ മുസൂൾ സർവകലാശാലയിൽ പഠനം. കുവൈത്തിലേയും സൗദി അറേബ്യയിലേയും നിരവധി പണ്ഡിതന്മാരുടെ ശിഷ്യനായി. ഇബ്നു തൈമിയയടേയും ഇബ്നുൽ ഖയ്യിമിന്റെയും ഇബ്നു വഹാബിന്റെയും രചനകളാൽ കൂടുതൽ സ്വാധീനിക്കപ്പെട്ടു. റഷ്യക്കെതിരെയുള്ള അഫ്ഗാൻ ജിഹാദിൽ പങ്കെടുക്കാനായി മഖ്ദീസി പാകിസ്താനും അഫ്ഗാനിസ്താനും സന്ദർശിച്ചു. 1992-ൽ ജോർദ്ദാനിലേക്ക് വന്നു. മനുഷ്യനിർമിത തത്ത്വശാസ്ത്രങ്ങളെ നിഷ്കാസനം ചെയ്ത് ഇസ്ലാമികഭരണം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം സർക്കാരിന്റെ ദൃഷ്ടിയിൽപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 1995-ൽ ജയിലിൽ വെച്ച് സർഖാവിയെ പരിചയപ്പെട്ടു. മഖ്ദീസിയുടെ തത്ത്വശാസ്ത്രത്തിൽ ആകൃഷ്ടനായ സർഖാവി, ജയിൽ മോചിതരായ ഉടനെ അഫ്ഗാനിസ്താനിലേക്ക് കടന്നു. ജോർദാനിൽ തന്നെ നിന്ന മഖ്ദീസി ജോർദ്ദാനിലെ അമേരിക്കൻ സ്ഥാപനങ്ങൾ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പേരിൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 2005 ൽ വീണ്ടും ജയിൽ മോചിതനായ അദ്ദേഹം അൽ ജസീറക്ക് നൽകിയ അഭിമുഖത്തിന്റെ പേരിൽ വീണ്ടും ജയിലിലടക്കപ്പെട്ടു. അവലംബം
|
Portal di Ensiklopedia Dunia