ശൈഖ് അബ്ദുർറഹ്മാൻ അബ്ദുൽ ഖാലിഖ്
കുവൈത്തിലെ സലഫി പ്രസ്ഥാനത്തിന്റെ നെടുംതൂണുകളിൽ ഒരാളായിരുന്നു ശൈഖ് അബ്ദുർറഹ്മാൻ അബ്ദുൽ ഖാലിഖ് (5 November 1939 – 29 September 2020). ആധുനിക കാലഘട്ടത്തിലെ പ്രമുഖ സലഫി പണ്ഡിതന്മാരുടെ ഗണത്തിൽ ഉൾപ്പെട്ട ശൈഖ് അബ്ദുർറഹ്മാൻ അബ്ദുൽ ഖാലിഖിന് ലോകത്തുടനീളം അനുയായികളും ശിഷ്യന്മാരുമുണ്ട്. ഇസ്ലാമും സലഫിസവുമായി ബന്ധപ്പെട്ട 60-ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[1] 1939 നവംബർ 5 ന് ഈജിപ്തിലെ മനൂഫിയയിലാണ് അബ്ദുൽ ഖാലിക്കിൻ്റെ ജനനം. മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലാണ് ഉപരിപഠനം പൂർത്തിയാക്കിയത്. 1965-ൽ കുവൈത്തിൽ താമസമുറപ്പിച്ച അദ്ദേഹം 1990 വരെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചു. കുവൈത്തിലെ സലഫി സംഘടനയായ ജംഇയ്യത്തു ഇഹ്‌യാഇത്തുറാസിൽ ഇസ്‌ലാമിയിൽ ഗവേഷണ വിഭാഗ തലവനായി പ്രവർത്തിച്ച അദ്ദേഹം സലഫി വീക്ഷണത്തിൽ രചിക്കപ്പെട്ട അറുപതോളം കൃതികളുടെ കർത്താവാണ്. 2011ൽ അദ്ദേഹത്തിന് കുവൈത്ത് പൗരത്വം ലഭിച്ചു.[2] വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അബ്ദുൽ ഖാലിഖിൻ്റെ കൃതികൾക്ക് പല ദിക്കുകളിൽനിന്നും കടുത്ത വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ശൈഖ് ഇബ്‌നുബാസ്, നാസ്വിറുദ്ദീൻ അൽബാനി, ശൈഖ് മുഖ്ബിലുൽ വാദിഇ തുടങ്ങിയ പണ്ഡിതപ്രമുഖരുമായുള്ള സഹവാസം സൂക്ഷ്മവും അഗാധവുമായ ജ്ഞാനമണ്ഡലത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. പരമ്പരാഗത സലഫിധാരയിൽനിന്ന് വേറിട്ടു ചിന്തിക്കുകയും ആനുകാലിക ചലനങ്ങളെ രചനാത്മകമായി അഭിമുഖീകരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിൻ്റെ വിചാരധാരകൾ കാലങ്ങളായി അനുവർത്തിച്ചുപോന്ന സാമ്പ്രദായിക രീതിയിൽനിന്നും വ്യത്യസ്ഥമായിരുന്നു.[3] ഹൃദയാഘാതം മൂലം അബ്ദുൽ ഖാലിഖ് 2020 സെപ്റ്റംബർ 29 ന് കുവൈറ്റ് സിറ്റിയിൽ വച്ച് മരിച്ചു.[4] അവലംബം
|
Portal di Ensiklopedia Dunia