ശ്രദ്ധ ശ്രീനാഥ്
പ്രധാനമായും കന്നട, തമിഴ് ചലച്ചിത്ര മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ശ്രദ്ധ ശ്രീനാഥ്. 2016–ൽ പുറത്തിറങ്ങിയ യു ടേൺ എന്ന സൈക്കോളജിക്കൽ ത്രില്ലർ ചലച്ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയത്തിന് 2016 – മികച്ച കന്നട നടിയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.[1] കൂടാതെ ഉർവി, വിക്രം വേദാ, ഓപ്പറേഷൻ അലമേലമ്മ എന്നീ ചലച്ചിത്രങ്ങളിലെ ശ്രദ്ധയുടെ അഭിനയവും പ്രശംസിക്കപ്പെട്ടിരുന്നു. ആദ്യകാല ജീവിതംജമ്മു കാശ്മീരിലെ ഉധംപൂർ നഗരത്തിലുള്ള ഒരു കന്നടിഗ കുടുംബത്തിലാണ് ശ്രദ്ധ ശ്രീനാഥ് ജനിച്ചത്.[2] പിതാവ് ഇന്ത്യൻ കരസേനയിലെ കുമൗൺ റെജിമെന്റിലെ ഉദ്യോഗസ്ഥനും മാതാവ് സ്കൂൾ അധ്യാപികയുമായിരുന്നു. സൂരത്ഗർ (രാജസ്ഥാൻ), ഭോപ്പാൽ (മധ്യപ്രദേശ്), ധർചുള (ഉത്തരാഖണ്ഡ്), ബെൽഗാം (കർണാടക), സിൽചാർ (ആസാം), സെക്കന്ദരാബാദ് (തെലങ്കാന) എന്നിവിടങ്ങളിലായാണ് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സെക്കന്ദരാബാദിലെ ആർ.കെ. പുരത്തിലെ ആർമി സ്കൂളിൽ നിന്നും ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ നിയമപഠനം നടത്തുന്നതിനുവേണ്ടി ബാംഗ്ലൂരിലേക്ക് പോയി. അഭിനയ ജീവിതംബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നും നിയമത്തിൽ ബിരുദം നേടിയതിനു ശേഷം ആദ്യം ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുടെ അഭിഭാഷകയായും തുടർന്ന് ഒരു ഫ്രഞ്ച് റീടെയിൽ കമ്പനിയുടെ റിയൽ എസ്റ്റേറ്റ് ലീഗൽ അഡ്വൈസർ ആയും പ്രവർത്തിക്കുകയുണ്ടായി. എന്നിരുന്നാലും, കോർപ്പറേറ്റ് ജോലിയോടൊപ്പം തന്നെ ഇടയ്ക്കിടെ ചെറിയ പരസ്യചിത്രങ്ങളിലും ശ്രദ്ധ ശ്രീനാഥ് അഭിനയിക്കുകയുണ്ടായി. കന്നട ചലച്ചിത്രരംഗത്തെ ആദ്യകാലം (2016) 2015 ജനുവരിയിൽ ഒരു കന്നട ചലച്ചിത്രത്തിന്റെ നായികയെ തിരഞ്ഞെടുക്കാൻ വേണ്ടി നടത്തിയ ഓഡിഷനിൽ പങ്കെടുക്കുകയും യാദൃച്ഛികമായി ആ ചിത്രത്തിന്റെ നായികയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ പല കാരണങ്ങളാൽ ആ ചിത്രം പിന്നീട് പുറത്തിറങ്ങുകയുണ്ടായില്ല. ഇതിനെത്തുടർന്ന് ശ്രദ്ധയുടെ ചില പരസ്യ ചിത്രങ്ങൾ കണ്ടതിനു ശേഷം മലയാള ചലച്ചിത്ര സംവിധായകൻ വിനയ് ഗോവിന്ദ്, തന്റെ പുതിയ ചിത്രമായ കൊഹിനൂറിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്ഷണിക്കുകയുണ്ടായി. തുടർന്ന് 2015 സെപ്റ്റംബറിൽ പുറത്തിറങ്ങിയ കൊഹിനൂർ ആയിരുന്നു ശ്രദ്ധ ശ്രീനാഥിന്റെ പുറത്തിറങ്ങിയ ആദ്യത്തെ ചലച്ചിത്രം. 2016 മേയ് മാസത്തിൽ പവൻ കുമാർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ യു ടേൺ ആയിരുന്നു ശ്രദ്ധ അഭിനയിച്ച ആദ്യത്തെ കന്നട ചലച്ചിത്രം. ഈ ചലച്ചിത്രം പിന്നീട് ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്രോത്സവത്തിലടക്കം പ്രദർശിപ്പിക്കപ്പെടുകയും ലോകവ്യാപകമായി അനുകൂലമായ അഭിപ്രായങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.[3] തമിഴ് ചലച്ചിത്രങ്ങൾ (2017) ബി.എസ്. പ്രദീപ് കുമാർ സംവിധാനം ചെയ്ത ഉർവി, സിംപിൾ സുനി സംവിധാനം ചെയ്ത ഓപ്പറേഷൻ അലമേലമ്മ എന്നിവയായിരുന്ന ശ്രദ്ധ ശ്രീനാഥ് അഭിനയിച്ച് 2017–ൽ പുറത്തിറങ്ങിയ കന്നട ചലച്ചിത്രങ്ങൾ.[4] മണിരത്നം സംവിധാനം ചെയ്ത കാറ്റു വെളിയിടൈ എന്ന തമിഴ് ചലച്ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചുകൊണ്ടാണ് തമിഴ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് ആർ. കണ്ണൻ സംവിധാനം ചെയ്ത ഇവൻ തന്തിരൻ എന്ന ചലച്ചിത്രത്തിൽ ഗൗതം കാർത്തിക്ക്, ആർ.ജെ. ബാലാജി എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. ഇതിനു ശേഷം പുഷ്കർ - ഗായത്രി സംവിധാനം ചെയ്ത വിക്രം വേദാ എന്ന ചലച്ചിത്രത്തിൽ ആർ. മാധവൻ, വിജയ് സേതുപതി എന്നിവരോടൊപ്പവും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നു.[5] വിക്രം വേദായിലെ ശ്രദ്ധയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഇതിനെത്തുടർന്ന് ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത റിച്ചീ എന്ന ചലച്ചിത്രത്തിൽ മലയാള ചലച്ചിത്രനടൻ നിവിൻ പോളിയുടെ നായികയായും അഭിനയിച്ചു.[6] ബോളിവുഡിലെ അരങ്ങേറ്റം ( 2018–ഇതുവരെ) യു ടേൺ, ഓപ്പറേഷൻ അലമേലമ്മ, റിച്ചി, വിക്രം വേദാ എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചതോടം ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിൽ ശ്രദ്ധ ശ്രീനാഥിന് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ തുടങ്ങുകയും കുറഞ്ഞ കാലം കൊണ്ട് പ്രധാന അഭിനേത്രികളിൽ ഒരാളായി മാറുകയും ചെയ്തു. നിലവിൽ കന്നടയിൽ നിനസം സതീഷ് സംവിധാനം ചെയ്യുന്ന ഗോധ്ര എന്ന ചലച്ചിത്രത്തിലും ശിവ രാജ്കുമാറിനോടൊപ്പം രുസ്തം എന്ന ചലച്ചിത്രത്തിലുമാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതു കൂടാതെ ആലി ഫൈസലിനോടൊപ്പം മിലൻ ടാക്കീസ് എന്ന പുറത്തിറങ്ങാനിരിക്കുന്ന ഹിന്ദി ചലച്ചിത്രത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.[7] തിഗ്മാൻഷു ധുലിയയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിൽ ആർ. മാധവനോടൊപ്പം വിക്രം വേദയ്ക്കു ശേഷം ഒരിക്കൽക്കൂടി മാരാ എന്ന ചലച്ചിത്രത്തിലും ഇപ്പോൾ അഭിനയിക്കുന്നു. ഒപ്പം തന്നെ തമിഴ് നടൻ അജിത് കുമാർ കേന്ദ്ര കഥാപാത്രമാകുന്ന നേർകൊണ്ട പാർവൈ എന്ന ചലച്ചിത്രത്തിലും കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. അമിതാഭ് ബച്ചൻ അഭിനയിച്ച് ഹിന്ദിയിൽ പുറത്തിറങ്ങിയ പിങ്ക് എന്ന ചലച്ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ഇത്. തെലുഗു നടൻ നാനിയോടൊപ്പം ജഴ്സി എന്ന ചലച്ചിത്രത്തിലൂടെ തെലുഗു ചലച്ചിത്രത്തിലും അഭിനയിക്കാൻ ആരംഭിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia