ശ്രീലങ്കയിലെ വംശീയകലാപം
ശ്രീലങ്കയിലെ ഭൂരിപക്ഷ ജനവിഭാഗമായ സിംഹളരും ന്യൂനപക്ഷമായ തമിഴരും തമ്മിൽ വർഷങ്ങളായി നടക്കുന്ന ആഭ്യന്തര സംഘർഷമാണ് ശ്രീലങ്കയിലെ വംശീയ കലാപം. തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യം വേണമെന്നു വാദിക്കുന്ന തമിഴ് ഈഴം വിമോചന പുലികളും(തമിഴ് പുലികൾ, LTTE) ശ്രീലങ്കൻ സർക്കാരും തമ്മിലുള്ള ആഭ്യന്തരയുദ്ധമാണ് ഈ വംശവിദ്വേഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 1983 മുതൽ തുടരുന്ന വംശീയ കലാപം കുറഞ്ഞത് അറുപത്തയ്യായിരം പേരുടെയെങ്കിലും ജീവനെടുത്തിട്ടുണ്ട്. ശ്രീലങ്കയുടെ ആഭ്യന്തര സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും വിലങ്ങുതടിയായി നിൽക്കുന്നതും ഈ വംശവിദ്വേഷം തന്നെ. നോർവേ പോലുള്ള വിദേശ രാജ്യങ്ങളുടെ ശ്രമഫലമായി 2002ൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും 2005 അവസാനത്തോടെ വീണ്ടും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു തുടങ്ങി. പശ്ചാത്തലംബ്രിട്ടീഷ് കോളോണിയൽ ഭരണത്തിൽ നിന്നും ശ്രീലങ്ക മോചിതമായ 1948 മുതൽ ഈ ചെറുദ്വീപ് രാജ്യത്തിൽ വംശീയ സംഘർഷങ്ങൾ തലപൊക്കി. ബുദ്ധമത വിശ്വാസികളായ സിംഹളരും ഹിന്ദുമത വിശ്വാസികളായ തമിഴരും തമ്മിലുള്ള കലഹങ്ങളായിരുന്നു തുടക്കത്തിൽ. സ്വാതന്ത്ര്യത്തിനുശേഷം ഭൂരിപക്ഷ ജനതയായ സിംഹളർക്ക് കൂടുതൽ പരിഗണനകൾ ലഭിക്കുന്നതായി പരാതിയുയർന്നു. തുടക്കത്തിൽ ഇത്തരം പരാതികൾ പരിഹരിക്കുവാൻ ശ്രമം നടത്തിയിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ പിന്നീട് സുപ്രധാന സർക്കാർ തസ്തികകൾ പലതും സിംഹള ഭൂരിപക്ഷം സർക്കാരിന്റെ മൗനാനുവാദത്തോടെ കയ്യടക്കി. തൊഴിലവസരങ്ങളും ഉപരിപഠനാവസരങ്ങളും നഷ്ടപ്പെട്ട തമിഴ് ജനതയുടെ ഹൃദയം ഇതോടെ വൃണപ്പെട്ടുവെന്നുവേണം കരുതുവാൻ. എന്നാൽ ഭൂരിപക്ഷ പരിഗണന എന്ന ആരോപണത്തെ സിംഹളർ ന്യായീകരിച്ചു. ബ്രിട്ടീഷ് കോളോണിയൽ ഭരണകാലത്ത് സജീവമായിരുന്ന വിദേശ മിഷണറിമാരുടെ സ്ഥാപനങ്ങളധികവും തമിഴർക്കു ഭൂരിപക്ഷമുള്ള വടക്കു കിഴക്കൻ മേഖലയിലായിരുന്നു എന്നും ഇതുമൂലം സിംഹളരേക്കാൾ ഉന്നത വിദ്യാഭ്യാസ സാധ്യതകൾ തമിഴർക്കു ലഭിച്ചിരുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. സിവിൽ സർവീസ്, നിയമനിർമ്മാണ മേഖലകളിൽ ഉന്നത വിദ്യാഭ്യാസം ലഭിച്ച തമിഴരായിരുന്നു ആധിപത്യം പുലർത്തിയതെന്നും സിംഹള ജനതയുടെ വക്താക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ പ്രത്യേക പരിഗണനകളൊന്നും ലഭിക്കാതെ കഠിനാധ്വാനത്തിലൂടെയാണ് തങ്ങൾ ഉന്നതങ്ങളിലെത്തിയതെന്നു തമിഴരും വാദിച്ചു. സിംഹള നിയമവും പ്രത്യാഘാതങ്ങളും1956ൽ പാസാക്കിയ സിംഹള നിയമമാണ്(Sinhala Only Act) തമിഴ്-സിംഹള സംഘർഷങ്ങളുടെ തീവ്രതയേറ്റിയതെന്നു കാണാം. സിംഹള ഭാഷയെ ശ്രീലങ്കയുടെ ഏക ഔദ്യോഗിക ഭാഷയാക്കുക, സിംഹള ഭാഷക്കാർക്ക് സർക്കാർ ജോലികൾ സംവരണം ചെയ്യുക, സർവ്വകലാശാലകളിലെ പ്രവേശന മാനദണ്ഡങ്ങളിൽ സിംഹള ജ്ഞാനം കർശനമാക്കുക എന്നിവയായിരുന്നു ഈ നിയമത്തിന്റെ പ്രധാന സവിശേഷതകൾ. തങ്ങളുടെ തൊഴിലവസരങ്ങളും വിദ്യാഭ്യാസ അവസരങ്ങളും തകർക്കുന്ന നിയമത്തിനെതിരെ തമിഴരുടെ എതിർപ്പ് ശക്തമായി. പ്രത്യേക തമിഴ് സംസ്ഥാന വാദംതമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യമെന്ന വാദം ആദ്യമായി അവതരിപ്പിച്ചത് തമിഴ് ഐക്യ വിമോചന മുന്നണി അഥവാ ടുൾഫ്(TULF) ആണ്. 1976ലായിരുന്നു ഇത്. വിവിധ തമിഴ് പാർട്ടികളുടെ മുന്നണിയായിരുന്നു ടുൾഫ്. 1977ലെ പൊതുതിരഞ്ഞെടുപ്പിൽ ഇവർ മത്സരിക്കുകയും ശ്രീലങ്കൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ പാർലമെന്റിനുള്ളിൽ വിഘടനവാദം ഉയർത്തുവാൻ ഇവരെ അനുവദിച്ചില്ല. എന്തിനേറെ തമിഴ് രാജ്യവാദികളെ അയോഗ്യരാക്കുകയും ചെയ്തു. കറുത്ത ജൂലൈസിംഹള ഭൂരിപക്ഷ രാഷ്ട്രീയത്തിൽ മനംമടുത്ത തമിഴ് യുവാക്കൾ ക്രമേണ തീവ്രവാദത്തിലേക്കു നീങ്ങി. പുതുതായി രൂപവത്കരിച്ച തമിഴ് ഈഴം വിമോചന പുലികൾ (എൽ ടി ടി ഇ) എന്ന തീവ്രവാദ സംഘടനയിലേക്ക് കൂടുതൽ യുവാക്കൾ ആകർഷിക്കപ്പെട്ടു. 1983-ൽ ജാഫ്നയിലുള്ള ശ്രീലങ്കൻ സൈനിക ക്യാമ്പ് ആക്രമിച്ച തമിഴ് പുലികൾ പതിമൂന്ന് സൈനികരെ വധിച്ചു. ഈ സംഭവത്തിൽ രോഷാകുലരായ സിംഹളർ തമിഴ് വംശജർക്കെതിരേ കലാപം അഴിച്ചുവിട്ടു. ആഴ്ചകൾ നീണ്ട അതിക്രമങ്ങളിൽ രണ്ടായിരത്തിലേറെ തമിഴർ കൊല്ലപ്പെട്ടു. സിംഹള ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് തമിഴ് വംശജർ കൂട്ടത്തോടെ പലായനം ചെയ്തു. കറുത്ത ജൂലൈ എന്നറിയപ്പെടുന്ന ഈ കലാപമാണ് ശ്രീലങ്കയിലെ വംശീയ കലഹം ആളിക്കത്തിച്ചത്. അവലംബം
|
Portal di Ensiklopedia Dunia