ശ്രീലങ്കയുടെ ദേശീയപതാക
വാളേന്തി നിൽക്കുന്ന ഒരു സിംഹത്തിന്റെ ചിത്രം സ്വർണ്ണവർണ്ണത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ഒരു പതാകയാണ് ശ്രീലങ്കയുടെ ദേശീയപതാക. സിംഹ പതാക എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. കസ്തനെ എന്ന് അറിയപ്പെടുന്ന ഒരു തരം വാൾ ആണ് സിംഹത്തിന്റെ വലത്തെ പാദത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രം മെറൂൺ വർണ്ണത്തിലുള്ള ഒരു ചതുര പശ്ചാത്തലത്തിലും, ആ ചതുരത്തിന്റെ നാല് കോണുകളിലുമായി സ്വർണ്ണനിറത്തിൽ ആലിലകളും ചിത്രീകരിച്ചിരിക്കുന്നു. മെറൂൺ ചതുരത്തിന്റെ നാലുവശങ്ങളിലുമായി സ്വർണ്ണവർണ്ണത്തിൽ ഒരു വരമ്പും, ദ്വജസ്തംഭഭാഗത്ത് സ്വർണ്ണവർണ്ണ വരമ്പിനുള്ളിൽ ഒരേവലിപ്പത്തിൽ ലംബമായി പച്ചനിറം, കുംകുമനിറം എന്നിവ ചേരുന്നതാണ് ശ്രീലങ്കൻ പതാകയുടെ രൂപം. സിംഹളരുടെ ധൈര്യത്തെയാണ് സിംഹം പ്രതിനിധീകരിക്കുന്നത്. നാല് ആലിലകൾ, ബുദ്ധമതത്തിലെ നാല് പ്രധാന ആശയങ്ങളായ മേധ, കരുണ, മുദിത, ഉപേഖ എന്നിവയെയും സൂചിപ്പിക്കുന്നു. പച്ച, കുംകുമനിറം എന്നിവ ലങ്കയിലെ മറ്റ് രണ്ട് ന്യൂനപക്ഷങ്ങളെയാണ് കുറിക്കുന്നത്. ഇതിൽ പച്ച ശ്രീലങ്കൻ മുസ്ലീമുകളേയും , കുംകുമനിറം ശ്രീലങ്കൻ തമിഴരെയും പ്രതിനിധികരിക്കുന്നു. പതാകയിലെ മെറൂൺ നിറം, ഭൂരിപക്ഷമായ സിംഹള ജനതയെയാണ് സൂചിപ്പിക്കുന്നത്. പതാകയുടെ നാല്ഭാഗത്തുമായി, സ്വർണ്ണവർണ്ണത്തിലുള്ള അതിര് ശ്രീലങ്കൻ ജനതയുടെ ഐക്യത്തിന്റെ പ്രതീകമാണ്. അവലംബം
പുറത്തേക്കുള്ള കണ്ണികൾFlags of Sri Lanka എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia