സഫവി സാമ്രാജ്യം
1501-ആമാണ്ടുമുതൽ 1736 വരെ ഇറാനിൽ ഭരണത്തിലിരുന്ന ഏറ്റവും പ്രധാനപ്പെട്ട സാമ്രാജ്യങ്ങളിലൊന്നാണ് സഫവി സാമ്രാജ്യം ( പേർഷ്യൻ: صفویان; Azerbaijani: صفویلر,Səfəvi; Georgian: სეფიანთა დინასტია). വടക്കുപടിഞ്ഞാറൻ ഇറാനിൽ നിന്നുള്ള ഒരു തുർക്ക്മെൻ നേതാവായിരുന്ന ഇസ്മ ഈൽ ഷായും അദ്ദേഹത്തിന്റെ ഖ്വിസിൽബാഷ് അനുയായികളുമാണ് സഫവി സാമ്രാജ്യം സ്ഥാപിച്ചത്[12]. ഇത് ഒരു ഷിയാ മുസ്ലിം സാമ്രാജ്യമായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിൽ സഫവികൾ, സോഫികൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. രണ്ടു നൂറ്റാണ്ടിലധികമുള്ള ഭരണകാലത്ത് ഈ സാമ്രാജ്യം ഇറാനെ സംസ്കാരസമ്പന്നമായ ദേശമായി മാറ്റി. സാമ്രാജ്യത്തിന്റെ അന്ത്യകാലത്ത് 1720-ൽ പഷ്തൂൺ വംശജരായ ഹോതകി ഘിൽജികൾ അധികാരം പിടിച്ചെടുത്തെങ്കിലും ഷാ താഹ്മാസ്പ് രണ്ടാമൻ ഇവരിൽ നിന്നും അധികാരം തിരിച്ചുപിടിച്ചു. തുടർന്ന് താഹ്മാസ്പിന്റെ സേനാനായകനായിരുന്ന നാദിർ ഖാൻ, അധികാരം പിടിച്ചെടുത്ത് 1736-ൽ നാദിർ ഷാ എന്ന പേരിൽ ഭരണത്തിലെത്തിയതോടെ സഫവി സാമ്രാജ്യത്തിന് അന്ത്യമായി. വികാസം1502-ൽ വടക്കുപടിഞ്ഞാറൻ ഇറാനിൽ അധികാരമുറപ്പിച്ച ഷാ ഇസ്മാ ഈൽ, 1510-ഓടെ ഇന്നത്തെ ഇറാൻ പൂർണ്ണമായും നിയന്ത്രണത്തിലാക്കി സാമ്രാജ്യത്തിന് അടിത്തറ പാകി. 1510-ൽത്തന്നെ ട്രാൻസോക്ഷ്യാനയിൽ നിന്നുമെത്തിയ ഉസ്‌ബെക് നേതാവായ ഷായ്‌ബാനി ഖാന്റെ ഇറാനിലേക്കുള്ള പ്രവേശനത്തിന് തടയിടാനായതോടെ ഇറാനിലെ സഫാവികളുടെ ആധിപത്യം ശക്തമായി. 1510-ലെ മാർവ് യുദ്ധത്തിൽ ഷാ ഇസ്മയിൽ, മുഹമ്മദ് ഷൈബാനി ഖാനെ വധിക്കുകയും ഉസ്ബെക്കുകളെ പരാജയപ്പെടുത്തി, ഹെറാത്ത് അടക്കമുള്ള പടിഞ്ഞാറൻ അഫ്ഗാനിസ്താൻ കൈപ്പിടിയിലാക്കി. മുഗളരുടെ കൈയിലായിരുന്ന കന്ദഹാർ, 1558-ൽ ഷാ താഹ്മാസ്പ് ഒന്നാമന്റെ കീഴിൽ സഫവികൾ കരസ്ഥമാക്കിയതോടെ തെക്കൻ അഫ്ഗാനിസ്താനിലും സഫവി സാമ്രാജ്യത്തിന് ആധിപത്യം പുലർത്താനായി[12]. 1588-ൽ ഉസ്ബെക് നേതാവായ അബ്ദ് അള്ളാ ബിൻ ഇസ്കന്ദറും, 1595-ൽ മുഗൾ ചക്രവർത്തി അക്ബറും യഥാക്രമം ഹെറാത്തും കന്ദഹാറും സഫവികളിൽ നിന്നും തിരിച്ചുപിടിച്ചിരുന്നു. എന്നാൽ 1598-ൽ ഉസ്ബെക്കുകളുടെ നേതാവായിരുന്ന അബ്ദ് അള്ളായുടെ മരണത്തോടെ ഉടൻ പ്രതികരിച്ച സഫവി ഷാ അബ്ബാസ് ഒന്നാമൻ, നിഷാപൂർ, മശ്‌ഹദ്, ഹെറാത്ത് എന്നീ പ്രദേശങ്ങൾ പിടിച്ചെടുത്ത് ഖുറാസാന്റെ നിയന്ത്രണം ഭദ്രമാക്കി. 1627-ൽ ഷാ അബ്ബാസ്, കന്ദഹാറും മുഗളരിൽ നിന്നും തിരിച്ചുപിടിച്ചു. 1637-ൽ മുഗളർ, കന്ദഹാറും ഹിൽമന്ദിന്റെ തീരത്തുള്ള ഗിരിഷ്കും സമീൻ ദ്വാർ പ്രദേശവും പിടിച്ചെടുത്തെങ്കിലും 1649 ഫെബ്രുവരിയിൽ സഫാവിദ് ഷാ അബ്ബാസ് രണ്ടാമൻ കന്ദഹാർ വീണ്ടൂം പിടിച്ചടക്കി[12]. സഫവി സാമ്രാജ്യത്തിലെ ചക്രവർത്തിമാർ
പഷ്തൂൺ ആക്രമണംതങ്ങളുടെ ഭരണകാലത്ത്, സഫവി രാജാക്കന്മാർ, ഭരണനേട്ടത്തിന് അഫ്ഗാനിസ്താനിലെ പഷ്തൂണുകളെ വിദഗ്ദ്ധമായി ഉപയോഗിച്ചിരുന്നു. 1627-ൽ ഷാ അബ്ബാസ് മുഗളരിൽ നിന്നും കന്ദഹാർ പിടിച്ചടക്കിയതിനെത്തുടർന്ന്, കന്ദഹാറിലെ പഷ്തൂണുകളിലെ പ്രബല വിഭാഗമായിരുന്ന അബ്ദാലി പഷ്തൂണുകളെ ഹെറാത്തിലേക്ക് മാറിത്താമസിക്കുന്നതിന് പ്രേരിപ്പിക്കുകയും, ഇതനുസരിച്ച് നിരവധി അബ്ദാലികൾ കന്ദഹാറിൽ നിന്ന് ഹെറാത്തിലേക്ക് കൂട്ടത്തോടെ മാറുകയും ചെയ്തു. ഹെറാത്തിൽ അക്കാലത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന തുർക്കോ-മംഗോളിയൻ, ഉസ്ബെക് വിഭാഗങ്ങളുടെ ശക്തി ക്ഷയിപ്പിക്കുന്നതിനായിരുന്നു ഈ നടപടി. ഇതോടെ കന്ദഹാറിൽ ശേഷിച്ച ഘൽജി വിഭാഗം അവിടത്തെ ശക്തമായ വിഭാഗമായി മാറുകയും സഫവികളിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച് ഹോതകി സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. ഹെറാത്തിലാകട്ടെ അബ്ദാലി പഷ്തൂണുകളിലെ സാദോസായ് വിഭാഗക്കാർ ശക്തി പ്രാപിക്കുകയും സഫവികളിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഹെറാത്തിലേയും കന്ദഹാറിലേയും പഷ്തൂണുകളെ നിയന്ത്രിക്കാൻ സഫവികൾ പലവട്ടം ശ്രമങ്ങൾ നടത്തിയെങ്കിലും ഇവ വിജയം കണ്ടില്ല എന്നു മാത്രമല്ല 1720-ഓടെ രണ്ടു കൂട്ടരും സഫവി സാമ്രാജ്യത്തിനെതിരെ ആക്രമണങ്ങൾ ആരംഭിക്കുകയും ചെയ്തു. 1720-ൽ ഹോതകി ഘൽജികളുടെ നേതാവായിരുന്ന മിർ മഹ്മൂദ് ഇറാനിലേക്ക് ആദ്യ ആക്രമണം നടത്തി. ഇവർ കിർമാന നഗരം പിടിച്ചെടുത്തെങ്കിലും പെട്ടെന്നു തന്നെ പിന്മാറി. ഇതേ സമയം ഹെറാത്തിൽ നിന്നുള്ള അബ്ദാലികൾ മുഹമ്മദ് സമാൻ ഖാൻ സാദോസായുടെ നേതൃത്വത്തിൽ ഹെറാത്തിന് പടിഞ്ഞാറുള്ള ഇസ്ലാം ഖാല കൈയടക്കുകയും ചെയ്തു. 1721-ൽ മീർ മഹ്മൂദ് വീണ്ടും ഇറാനിലേക്ക് ആക്രമണമഴിച്ചുവിട്ടു. കിർമാൻ, യസ്ദ് എന്നീ നഗരങ്ങളിൽ നിന്ന് ശക്തമായ പ്രതിരോധം നേരിട്ടതിനെത്തുടർന്ന് മിർ മഹ്മൂദ് സഫവികളുടെ തലസ്ഥാനമായ ഇസ്ഫാഹാനിലേക്ക് പടനയിക്കുകയും 1722 മാർച്ച് 8-ന് ഏതാണ്ട് 20000-ത്തോളം വരുന്ന ഘൽജികളുടെ സൈന്യം, അംഗബലത്തിൽ അവരുടെ ഇരട്ടിയോളം വരുന്ന സഫവി സൈന്യത്തെ ഇസ്ഫാഹാനിന് ഏതാണ്ട് 20 കിലോമീറ്റർ അകലെയുള്ള ഗുൽനാബാദിൽ വച്ച് പരാജയപ്പെടുത്തി ഇസ്ഫഹാൻ പട്ടണം കീഴടക്കി. തുടർന്ന് ഘൽജികൾ ആയിരക്കണക്കിന് ഇസ്ഫഹാനി നഗരവാസികളെ കൊന്നൊടുക്കി. തുടർന്ന് ഷാ ഹുസൈന്റെ പുത്രിയെ മിർ മഹ്മൂദ് വിവാഹം ചെയ്യുകയും ഇറാന്റെ ഷാ ആയി 1722 ഒക്ടോബർ 25-ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ഷാ ഹുസൈന്റെ മക്കളെയടക്കം ഇസ്ഫാഹാനിലെ നിരവധി പേർഷ്യൻ പ്രമാണിമാരെ മിർ മഹ്മൂദ് കൊന്നൊടുക്കി. ഷാ ഹുസൈന്റെ ഒരു മകൻ മാത്രമേ ഘൽജികളുടെ കയിൽ നിന്നും രക്ഷപ്പെട്ടുളൂ. താഹ്മാസ്പ് രണ്ടാമൻ എന്ന ഇദ്ദേഹം, 1722 നവംബർ 10-ന് ഖാസ്വിൻ നഗരത്തിൽ വച്ച് പുതിയ ഷാ ആയി സ്വയം പ്രഖ്യാപിച്ചു. 1725-ൽ സ്വന്തം കൂട്ടാളികൾ തന്നെ മഹ്മൂദിനെ വധിച്ചു. തൊട്ടടുത്ത ദിവസം തന്നെ മഹ്മൂദിന്റെ മുൻഗാമിയായിരുന്ന അബ്ദ് അൽ അസീസ് ഹോതകിയുടെ പുത്രൻ അഷ്രഫ് ഇസ്ഫാഹാനിൽ ഷാ ആയി അധികാരമേറ്റു[12]. താഹ്മാസ്പ് രണ്ടാമന്റെ നേതൃത്വത്തിലുള്ള പുനരാധിപത്യംസഫവികൾക്ക് അധികാരം നഷ്ടപ്പെട്ടെങ്കിലും ഷാ ഹുസൈന്റെ പുത്രൻ താഹ്മാസ്പ് രണ്ടാമൻ അധികാരം തിരിച്ചുപിടീക്കാൻ കഠിനശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. മൂന്ന് തദ്ദേശിയനേതാക്കളാണ് ഇക്കാലത്ത് താഹ്മാസ്പിനെ പിന്തുണച്ചിരുന്നത്. ഖാജർ തുർക്കികളുടെ നേതാവും കാസ്പിയന്റെ തെക്കുകിഴക്കുള്ള ആധുനിക ഗുർഗാൻ നഗരത്തിനടുത്തുള്ള അസ്തറാബാദിലെ ഭരണാധികാരിയുമായിരുന്ന ഫത് അലിഖാൻ ഖാജർ, വടക്കുകിഴക്കൻ ഇറാനിലെ അഫ്ഷാർ തുർക്കികളുടെ ഒരു നേതാവായിരുന്ന നാദിർ ഖിലി ബെഗ് ഖാൻ, മശ്‌ഹദിലെ ഭരണാധികാരിയായിരുന്ന മാലിക് മഹ്മൂദ് എന്നിവരായിരുന്നു ഇവർ. എന്നാൽ താഹ്മാസ്പിനോടുള്ള വിധേയത്വമായിരുന്നില്ല, മറിച്ച് സ്വന്തം വംശത്തിന്റെ താല്പര്യങ്ങൾക്കു വേണ്ടിയായിരുന്നു ഇവർ താഹ്മാസ്പിന്റെ കൂടാരത്തിലെത്തിയത്. എന്നാൽ ഈ നേതാക്കൾ തമ്മിലുള്ള പരസ്പരമത്സരം നിരവധി രക്തച്ചൊരിച്ചിലുകളിലും അത് താഹ്മാസ്പിന്റെ സ്ഥാനത്തെ ചോദ്യം ചെയ്യുന്ന നിലയിൽ വന്നെത്തുകയും ചെയ്തു. ഇതിന്റെത്തുടർന്ന് താഹ്മാസ്പിന്റെ കല്പനപ്രകാരം, ഫത് അലി ഖാൻ ഖാജറിന്റെ[ക] തലവെട്ടി. ഇതിനെത്തുടർന്ന് നാദിർ ഖിലി ഖാൻ, താഹ്മാസ്പിന്റെ സർവസൈന്യാധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 1726- നവംബറിൽ മശ്‌ഹദിലെ മാലിക് മഹ്മൂദിനെയും നാദിർ ഖാൻ തോൽപ്പിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം, മശ്‌ഹദിൽ നിന്ന് നാദിർ ഖാൻ കിഴക്കുവശത്ത് ഇന്നത്തെ അഫ്ഗാനിസ്താന്റെ പടിഞ്ഞാറുഭാഗം നിയന്ത്രൈച്ചിരുന്ന അബ്ദാലികളെ നേരിടാൻ തീരുമാനിച്ചു. രണ്ടു ചിരന്തരവൈരികളാണ് അബ്ദാലികളെ ഇക്കാലത്ത് നയിച്ചിരുന്നത്. മുഹമ്മദ് ഖാൻ അഫ്ഗാന്റെ സഹോദരനായിരുന്ന അള്ളാ യാർ ഖാൻ, മുഹമ്മദ് സമാൻ ഖാന്റെ പുത്രനായിരുന്ന സുൾഫിക്കർ ഖാൻ എന്നിവരായിരുന്നു ഈ നേതാക്കൾ. ഇവർ യഥാക്രമം ഹെറാത്തിലും ഫറായിലും ഭരണത്തിലിരുന്നു. 1729-ൽ നാദിർ ഖാൻ അബ്ദാലികളെ പരാജയപ്പെടുത്തി. എന്നാൽ ഘൽജികളെ തോപ്പിക്കുന്നത് മുഖ്യലക്ഷ്യമാക്കിയിരുന്ന നാദിർ ഖാൻ ഇതിന് അബ്ദാലികളുടെ സഹായം ലഭ്യമാക്കുന്നതിനായി അള്ളാ യാർ ഖാനെ ഹെറാത്തിലെ സഫവി മേൽക്കോയ്മയിലുള്ള ഭരണകർത്താവായി വീണ്ടും നിയമിച്ചു. ഇതിനു ശേഷം അഷ്രഫിന്റെ നേതൃത്വത്തിലുള്ള ഘൽജികളുമായി നിരവധി യുദ്ധങ്ങൾ അദ്ദേഹം നടത്തി. അവസാനം ഇസ്ഫാഹാന്റെ വടക്കുള്ള മൂർചാഖൂറിൽ വച്ച് അഷ്രഫ് അന്തിമമായി പരാജയപ്പെട്ടു. അഷ്രഫ് തന്റെ സേനയുമായി ആദ്യം ഷിറാസിലേക്കും അവിടെ നിന്ന് കന്ദഹാറിലേക്കും നീങ്ങി. ഇതോടെ ഇറാനിലെ പഷ്തൂൺ സാമ്രാജ്യത്തിന് അവസാനമായി. ഘൽജികളുടെ പരാജയത്തിനു ശേഷം താഹ്മാസ്പ് രണ്ടാമൻ ഇസ്ഫാഹാനിൽ അധികാരമേറ്റെടുത്തു[12]. അബ്ബാസ് മൂന്നാമൻ - നാദിർ ഖാന്റെ ഭരണം - സാമ്രാജ്യത്തിന്റെ അന്ത്യംതാഹ്മാസ്പ് രണ്ടാമന് മൂന്നു വർഷം മാത്രമേ ഭരണം നടത്താനായുള്ളൂ. മൂന്നു വർഷങ്ങൾക്കക താഹ്മാസ്പിന്റെ ഭരണം അവസാനിച്ചു. പകരം അയാളുടെ ശിശുവായ പുത്രൻ ഷാ അബ്ബാസ് മൂന്നാമന്റെ പേരിൽ 1731 മുതൽ 1736 വരെ നാദിർ ഖാൻ ഭരണം നടത്തി. ഇക്കാലഘട്ടത്തിൽ ഘൽജികളും അബ്ദാലികളിലെ ഒരു വിഭാഗം ഉൾപ്പെട്ട സുൾഫിക്കർ ഖാന്റെ നേതൃത്വത്തിലുള്ള സഖ്യം ഹെറാത്തും വടക്കുകിഴക്കൻ ഇറാനിലെ മശ്‌ഹദും പിടിച്ചടക്കിയെങ്കിലും ഇവരെയെല്ലാം നാദിർ ഖാൻ 1732-ഓടെ പരാജയപ്പെടുത്തി മശ്‌ഹദും ഹെറാത്തും നിയന്ത്രണത്തിലാക്കി. 1736-ൽ അബ്ബാസ് മൂന്നാമനെ സ്ഥാനഭ്രഷ്ടനാക്കി നാദിർ ഖാൻ, നാദിർ ഷാ എന്ന പേരിൽ സ്വയം സാമ്രാജ്യത്തിന്റെ ഷാ ആയി പ്രഖ്യാപിച്ചതോടെ സഫവി സാമ്രാജ്യത്തിന് ഔപചാരിക അന്ത്യമായി. 1736 മുതൽ 1747 വരെ നാദിർ ഷാ ഭരണം നടത്തി. ഇദ്ദേഹത്തിന്റെ സാമ്രാജ്യം സഫവി സാമ്രാജ്യത്തിന്റെ കൂട്ടത്തിൽത്തന്നെ കണക്കാക്കുന്നുണ്ടെങ്കിലും ഇത് അഫ്‌ഷറി സാമ്രാജ്യം എന്നും അറിയപ്പെടുന്നു[12]. കുറിപ്പുകൾക.^ 1779-1925 വരെ ഇറാനിൽ അധികാരത്തിലിരുന്ന ഖാജർ സാമ്രാജ്യത്തിന്റെ പൂർവ്വികനാണ് ഫത് അലി ഖാൻ ഖാജർ[12]. ഇദ്ദേഹത്തിന്റെ വധത്തിന് കൂട്ടുനിൽക്കുകയും മുൻകൈ എടുക്കുകയും ചെയ്തതിന്റെ പേരിൽ നാദിർ ഖാന്റെ (നാദിർ ഷാ) പിൻതലമുറയിൽപ്പെട്ടവർ ഖാജറുകളിൽ നിന്നും നിരവധി പീഠനങ്ങൾക്ക് ഇരയായി. അവലംബം
പുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Category:Safavid Empire.
|
Portal di Ensiklopedia Dunia