സാംസങ് ഗാലക്സി സ്റ്റാർ
2013-ൽ സാംസങ് ഇലക്ട്രോണിക്സ് പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോണാണ് സാംസങ് ഗാലക്സി സ്റ്റാർ (ഇംഗ്ലീഷ്: Samsung Galaxy Star). ആൻഡ്രോയ്ഡ് 4.1.2 ജെല്ലിബീൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിന് ആൻഡ്രോയ്ഡ് 4.4, 5.1, 6.0.1, 7.1 എന്നീ റോമുകളിൽ പ്രവർത്തിക്കുന്ന അനൗദ്യോഗിക പതിപ്പുകളുമുണ്ട്. 2013 ഏപ്രിലിൽ സാംസങ് പ്രഖ്യാപിച്ച ഈ ഫോൺ അതേവർഷം മേയിലാണ് പുറത്തിറക്കിയത്.[2][6] സാംസങ് ഗാലക്സി ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട് ഫോണാണ് സാംസങ് ഗാലക്സി സ്റ്റാർ.[7] ഗാലക്സി സീരീസിലെ മറ്റു ഫോണുകളെപ്പോലെ ഈ ഫോണും ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.[1] ഒരു സിം കാർഡ് ഇടാവുന്ന GT-S5280, രണ്ടു സിം കാർഡുകൾ ഇടാവുന്ന GT-S5282 എന്നീ രണ്ടു പതിപ്പുകളിലാണ് ഫോൺ പുറത്തിറക്കിയത്.[2] നോക്കിയ ആഷ ശ്രേണിയിലുള്ള സ്മാർട്ട് ഫോണുകളോടും, ഇന്ത്യൻ കമ്പനികളായ മൈക്രോമാക്സ്, കാർബൺ, സപൈസ് ഡിജിറ്റൽ, സെൽകോൺ എന്നിവയുടെ വിലകുറഞ്ഞ സ്മാർട്ട് ഫോണുകളോടും മത്സരിച്ചാണ് ഗാലക്സി സ്റ്റാർ വിപണിയിലെത്തിയത്.[2] വിലകുറഞ്ഞ സ്മാർട്ട് ഫോണുകൾക്കു ജനപ്രീതിയുള്ള ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമാർ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നീ ഏഷ്യൻ രാജ്യങ്ങളിലും മൊറോക്കോ, അൾജീരിയ, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, ഫ്രാൻസ്, ജർമ്മനി, റഷ്യ, ഉക്രെയിൻ എന്നീ രാജ്യങ്ങളിലും ഗാലക്സി സ്റ്റാർ വിൽപ്പനയ്ക്കെത്തിയിരുന്നു. പ്രത്യേകതകൾഹാർഡ്വെയർഒരു ഗിഗാഹെർട്സ് സിംഗിൾ കോർ എ.ആർ.എം. കോർടെക്സ് - എ5 പ്രോസസറും മാലി-300 ഗ്രാഫിക്സ് പ്രോസസറുമുള്ള സാംസങ് ഗാലക്സി സ്റ്റാറിന് 512 എം.ബി. റാം ആണുള്ളത്. 4 ജി.ബി. ഇന്റേണൽ മെമ്മറിയുണ്ടെങ്കിലും 2 ജി.ബി. മാത്രമാണ് ഉപയോക്താവിനു ലഭിക്കുക. മൈക്രോ എസ് ഡി കാർഡുപയോഗിച്ച് ഇന്റേണൽ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കുവാൻ കഴിയുന്നു.[1][3][4] പ്രത്യേക ആംഗ്യങ്ങൾ (gestures) തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന ആക്സലറോമീറ്റർ സംവിധാനം ഈ ഫോണിന്റെ ഒരു പ്രധാന സവിശേഷതയാണ്. ഈ സംവിധാനം പ്രവർത്തനസജ്ജമാക്കിയാൽ ചില ആംഗ്യങ്ങളുപയോഗിച്ച് ഫോണിനെ നിയന്ത്രിക്കാം. ഫോണിലേക്കു കോൾ വരുമ്പോൾ ഫോൺ കമഴ്ത്തിവച്ചാൽ റിംഗിംഗ് നിലയ്ക്കുന്നതും ഫോണിനെ വശങ്ങളിലേക്കു തിരിക്കുമ്പോൾ ബ്ലൂടൂത്ത്, വൈ-ഫൈ സംവിധാനങ്ങൾ പ്രവർത്തനസജ്ജമാകുന്നതും ഇതിനുദാഹരണങ്ങളാണ്.[8] പക്ഷെ ഈ ആക്സലറോമീറ്റർ സംവിധാനത്തിനു പ്രതീക്ഷിച്ചത്ര സ്വീകരണം ലഭിച്ചില്ല. ആംഗ്യങ്ങൾ തിരിച്ചറിയുന്നതിൽ പരാജയം സംഭവിക്കുമ്പോൾ ഫോൺ അനിയന്ത്രിതമായി പെരുമാറുന്നതായി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ആംഗ്യങ്ങൾ തിരിച്ചറിഞ്ഞു പ്രതികരിക്കുന്ന സംവിധാനം ഇതിനുമുമ്പ് HTC Desire Z എന്ന കമ്പനി 2010-ൽ അവതരിപ്പിച്ചിരുന്നു.[9] 3 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്ക്രീൻ ഡിസ്പ്ലേയാണ് ഗാലക്സി സ്റ്റാറിനുള്ളത്. ഡിസ്പ്ലേയുടെ 133 പാർട്സ് പെർ ഇഞ്ച് (ppi) ഭാഗത്ത് 240×320 പിക്സൽ റെസൊല്യൂഷനാണുള്ളത്.[3] ഫോണിലെ 2 മെഗാപിക്സൽ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ, വീഡിയോ എന്നിവ റെക്കോർഡ് ചെയ്യാൻ സാധിക്കുന്നു. ഫോണിനു മുൻപിൽ ക്യാമറയില്ല.[3] മൈക്രോ സിം കാർഡ് മാത്രമാണ് ഗ്യാലക്സി സ്റ്റാറിൽ ഉപയോഗിക്കുവാൻ കഴിയുന്നത്.[3] 1200 mAh ബാറ്ററിയിലുള്ള പ്രവർത്തനമായതിനാൽ ബാറ്ററിയുടെ ചാർജ് പെട്ടെന്നു നഷ്ടമാകുന്നു. എന്നാൽ ഒറ്റ സിം മാത്രമുപയോഗിക്കുമ്പോൾ 2 ദിവസം വരെ ബാറ്ററിയുടെ ചാർജ് നിലനിൽക്കുന്നു.[10] ക്യാൻഡിബാർ ഫോംഫാക്ടർ പിന്തുടരുന്ന സാംസങ് ഗാലക്സി സ്റ്റാറിന് പ്ലാസ്റ്റിക് ആവരണമുള്ള പുറംചട്ടയാണുള്ളത്.[10] ഗ്യാലക്സി സ്റ്റാർ GT-S5282ഗാലക്സി സ്റ്റാർ GT-S5280 ഉം ഗാലക്സി സ്റ്റാർ GT-S5282 ഉം തമ്മിൽ ഒരു വ്യത്യാസം മാത്രമാണുള്ളത്. ആദ്യത്തേതിൽ ഒരു സിം മാത്രമാണ് ഉപയോഗിക്കുവാൻ കഴിയുന്നത്. GT-S5282-ൽ ഒരേസമയം രണ്ടു സിമ്മുകൾ ഉപയോഗിക്കുവാനാകും. കണക്ടിവിറ്റിമറ്റ് സ്മാർട്ട് ഫോണുകളിൽ നിന്നു വ്യത്യസ്തമായി ഈ ഫോണിൽ എഡ്ജ് നെറ്റ്‌വർക്ക് കണക്ടിവിറ്റിയാണ് ലഭിക്കുന്നത്. അതിനാൽ 3ജി സൗകര്യം ലഭ്യമല്ല.[3] ബ്ലൂടൂത്ത്, വൈ-ഫൈ സംവിധാനങ്ങളുണ്ടെങ്കിലും ജി.പി.എസ്. സംവിധാനം ലഭ്യമല്ല.[5] സോഫ്റ്റ്വെയർമറ്റു സാംസങ് ഗാലക്സി സ്മാർട്ട് ഫോണുകളെപ്പോലെ ഗാലക്സി സ്റ്റാറും ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. ആൻഡ്രോയ്ഡ് 4.1.2 ജെല്ലിബീൻ പതിപ്പാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.[8] ഇത് സി.പി.യു. ഉപയോഗം കുറച്ചുകൊണ്ട് ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കുമെന്ന് സാംസങ് പ്രസ്താവിച്ചിരുന്നു.[8] മറ്റ് ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിലേതു പോലെ ഇതിൽ ഗൂഗിൾ ക്രോം, ജിമെയിൽ, ഗൂഗിൾ പ്ലസ്, ഗൂഗിൾ പ്ലേസ്റ്റോർ, ഗൂഗിൾ ഹാങ്ങൗട്ട്സ് എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകൾ ലഭ്യമാണ്.[7] സ്വീകരണംമിശ്ര പ്രതികരണമാണ് സാംസങ് ഗ്യാലക്സി സ്റ്റാറിനു ലഭിച്ചത്. കുറഞ്ഞ വില, മികച്ച ബാറ്ററി ആയുസ്സ് എന്നിവ പ്രശംസ നേടിയെങ്കിലും ചെറിയ സ്ക്രീൻ വലിപ്പം, കുറഞ്ഞ റെസല്യൂഷൻ, മികച്ച രീതിയിലല്ലാത്ത പ്രകടനം, മറ്റു പരിമിത സൗകര്യങ്ങൾ എന്നിവയെല്ലാം ഗ്യാലക്സി സ്റ്റാറിന്റെ പോരായ്മകളായി പറയപ്പെടുന്നു.[7][11][10] അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia