സിംടോഖ സോങ്ങിലെ രണ്ടാമത്തെ യുദ്ധം
1634-ൽ ഷബ്ദ്രുങ്ങിനെ പിന്തുണച്ചിരുന്നവരും ഗവാങ് നംഗ്യാലും ഒരു വശത്തും ടിബറ്റൻ സാങ്പ രാജവംശവും പല ഭൂട്ടാനി ലാമമാരും മറുവശത്തുമായും നടന്ന യുദ്ധമാണ് സിംടോഖ സോങ്ങിലെ രണ്ടാമത്തെ യുദ്ധം,[4] ഭൂട്ടാനിലെ രണ്ടാം ടിബറ്റൻ അധിനിവേശം[11] എന്നീ പേരുകളിൽ അറിയപ്പെടുന്നത്. ഷബ്ദ്രുങ്ങിന്റെ ഭരണകേന്ദ്രമായ സിംടോഖ സോങ് മറുപക്ഷത്തിന്റെ കയ്യിലെത്തിയെങ്കിലും യുദ്ധത്തിനിടെ കോട്ടയിലെ വെടിക്കോപ്പുകൾക്ക് തീപിടിക്കുകയും ഇതിൽ ടിബറ്റൻ സൈന്യവും സോങ്ങും പൂർണ്ണമായി നശിക്കുകയും ചെയ്തു. ഈ അവസരം മുതലെടുത്ത് ഷബ്ദ്രുങ്ങിനെ പിന്തുണയ്ക്കുന്നവർ ടിബറ്റൻ സൈന്യത്തെ ഈ പ്രദേശത്തുനിന്ന് തുരത്തിയോടിച്ചു. ഗവാങ് നാംഗ്യാലിന്റെ തന്ത്രപരമായ വിജയമായിരുന്നു ഇത്. ഇതോടെ ഭൂട്ടാനിൽ ഇദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ രാഷ്ട്രീയ ഐക്യം നിലവിൽ വന്നു. പശ്ചാത്തലം![]() റാലുഗ് സന്യാസാശ്രമത്തിന്റെ 18-ആം നേതാവിന്റെ സ്ഥാനം അവകാശപ്പെട്ട് ഗവാങ് നാംഗ്യാൽ, ഗ്യാൽവാങ് പാാഗ്സെം വാങ്പോ എന്നിങ്ങനെ രണ്ടുപേർ രംഗത്തുണ്ടായിരുന്നു. ദ്രൂക്പ വിഭാഗത്തിൽ ഇവർക്ക് രണ്ടുപേർക്കും പിന്തുണക്കാരുണ്ടായിരുന്നു. വാങ്പോയ്ക്ക് ഇവിടം ഭരിച്ചിരുന്ന സാങ്പ രാജവംശത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. ഗവാങ് നാംഗ്യാലിന് 1616/17 കാലത്ത് നാടുവിടേണ്ടിവന്നു. ഗാസയിലെ ലാമയുടെ ക്ഷണത്തെത്തുടർന്ന് ഇദ്ദേഹവും സഹായികളും ഇവിടെ താമസമായി. ഈ പ്രദേശം പിന്നീട് പടിഞ്ഞാറൻ ഭൂട്ടാനിലുൾപ്പെട്ടു.[12][13] ഗവാങ് നാംഗ്യാൽ നാട്ടുകാരുടെ പിന്തുണ ശേഖരിക്കുന്നതിനൊപ്പം ടിബറ്റൻ ശക്തികേന്ദ്രങ്ങൾക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ടിരുന്നു.[14] ഇദ്ദേഹത്തിന്റെ പിന്തുണ വർദ്ധിച്ചതോടെ ഷബ്ദ്രുങ് റിമ്പോച്ചെ (ഏത് രത്നത്തിന്റെ കാൽക്കലാണോ വണങ്ങുന്നത്, അത്) എന്ന പേരിൽ ഇദ്ദേഹം അറിയപ്പെടാൻ ആരംഭിച്ചു.[13] ഇദ്ദേഹത്തിന്റെ വളർന്നുവരുന്ന പിന്തുണ ടിബറ്റൻ ശക്തികളെയും പ്രദേശത്തെ ചില ലാമമാരെയും ക്ഷുഭിതരാക്കി. സാങ്പ പ്രദേശത്തെ ലാമമാരുടെ പിന്തുണയോടെ ഗവാങ് നാംഗ്യാലിനെ പുറത്താക്കുക എന്ന ഉദ്ദേശത്തോടുകൂടി 1619-ൽ പ്രദേശം ആക്രമിച്ചു. പ്രദേശത്തെ ഗോത്രനേതാക്കന്മാരുടെ പിന്തുണയോടെ ഷബ്ദ്രുങ് ആദ്യ ആക്രമണം പരാജയപ്പെടുത്തി. സാങ്പയും അദ്ദേഹവുമായുള്ള മത്സരം പക്ഷേ തുടർന്നു. ഒരു ടിബറ്റൻ രാജവംശത്തിൽ പെട്ട കർമ ഫുൻട്സോക് നാംഗ്യാൽ എന്നയാളും മറ്റു ചിലരും വസൂരി ബാധിച്ച് മരിച്ചത് ഷബ്ദ്രുങ്ങിന്റെ മന്ത്രവാദത്താലാണെന്ന വിശ്വാസം ഇദ്ദേഹത്തോടുള്ള വിദ്വേഷം വർദ്ധിപ്പിച്ചു.[15] ഷബ്ദ്രുങ് ഭൂട്ടാന്റെ ആത്മീയനേതാവും ഭരണകർത്താവുമാകാനുള്ള താല്പര്യം പ്രകടിപ്പിച്ചു. ഡ്രൂക്പ കാഗ്യു, സാക്യ, ന്യിങ്മ വിഭാഗങ്ങളും പല പ്രഭുക്കന്മാരും ഇത് അംഗീകരിച്ചുവെങ്കിലും മറ്റുപല ലാമമാരും ഇതിനോട് എതിർപ്പുള്ളവരായിരുന്നു.[16][17] പടിഞ്ഞാറൻ താഴ്വരകളിൽ ഇദ്ദേഹം അധികാരമുറപ്പിക്കുന്നതോടൊപ്പം 1629-ഓടെ ഇദ്ദേഹം ഒരു സോങ് നിർമ്മിക്കുവാനും ആരംഭിച്ചു.[18] നിർമ്മാണം നടക്കുന്നതിനിടെ അഞ്ച് ലാമമാരെ പിന്തുണയ്ക്കുന്നവർ [a] കോട്ട ആക്രമിച്ചു. ഇതെത്തുടർന്നുണ്ടായ യുദ്ധത്തിൽ ഗവാങ് നംഗ്യാലിന്റെ സൈന്യത്തിന് നിർണ്ണായക വിജയം ലഭിച്ചു. 1631-ൽ സോങ്ങിന്റെ നിർമ്മാണം പൂർത്തിയായി. ഷബ്ദ്രുങ്ങിനെ പുറത്താക്കാനുള്ള തങ്ങളുടെ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ലാമമാർ സാങ്പ ഭരണാധികാരിയായിരുന്ന കർമ തെങ്ക്യോങിന്റെ സഹായം അഭ്യർത്ഥിച്ചു.[19][20] ഗവാങ് നംഗ്യാലുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് 1634-ൽ ടിബറ്റ് രണ്ടാമത് ആക്രമണം നടത്തി. ടിബറ്റൻ നേതൃത്ത്വത്തിന് സമാധാനശ്രമങ്ങളിൽ താല്പര്യമില്ലായിരുന്നു എന്ന വാദം ഇതോടെ ഭൂട്ടാൻ മുന്നോട്ടുവച്ചു.[21] ഭൂട്ടാനിലുണ്ടായിരുന്ന വിശുദ്ധവസ്തുക്കൾ പിടിച്ചെടുക്കുക എന്നതായിരുന്നു ആക്രമണത്തിന്റെ ഒരു ലക്ഷ്യം എന്ന് കരുതപ്പെടുന്നു.[4] 1619-ലെ ആക്രമണത്തേക്കാൾ വളരെ വിപുലമായിരുന്നു ഇത്.[21] യുദ്ധം![]() ഭൂട്ടാനിലെ ലാമമാരുടെ സൈന്യങ്ങളുടെ പിന്തുണയോടെ കർമ ടെങ്ക്യോങ് അഞ്ച് ഡിവിഷൻ ടിബറ്റൻ സൈന്യത്തെ ഭൂട്ടാനിലേയ്ക്കയച്ചു. നാല് ഡിവിഷനുകൾ പാറൊ താഴ്‌വര, ഗാസ താഴ്വര എന്നിവിടങ്ങളിലൂടെയാണ് മുന്നേറിയത്. സിംടോഖ സോങ് ആയിരുന്നു ഇവരുടെ ലക്ഷ്യം. അഞ്ചാമത്തെ ഡിവിഷൻ ബുംതാങ് താഴ്വര പിടിച്ചെടുത്തു. നിഷ്പക്ഷത പാലിച്ചിരുന്ന ബുംതാങ് രാജ്യത്തിന്റെ ഭാഗമായിരുന്നു ആ സമയത്ത് ബുംതാങ് താഴ്വര. നാംഗ്യാലിന് ഈ പ്രദേശത്ത് പിന്തുണയുണ്ടായിരുന്നതോ പിന്തുണയുണ്ട് എന്ന ധാരണ ടിബറ്റൻ നേതൃത്വത്തിനുണ്ടായിരുന്നതോ ആണ് ഇതിന് കാരണം.[10][21] ടെൻസിൻ ഡ്രൂക്ഗ്യാലിനെ ചുമതലയേൽപ്പിച്ച് ഗവാങ് നാംഗ്യാൽ ഖോതഗ്ഘയിലെ ജറോഗാങിലേയ്ക്ക് പിൻവാങ്ങി. തോൽക്കുന്ന പക്ഷം ഇന്ത്യയിലേയ്ക്ക് രക്ഷപെടാനായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ടിബറ്റൻ സൈന്യം സിംടോഖ സോങ് ആക്രമിക്കുകയും[10] മെച്ചപ്പെട്ട ആയുധങ്ങളുടെ സഹായത്തോടെ കോട്ട പിടിച്ചെടുക്കുകയും ചെയ്തു.[23] ടിബറ്റൻ സൈന്യം കോട്ട കൊള്ളയടിക്കുന്നതിനിടെ വെടിമരുന്ന് ശേഖരത്തിന് തീ പിടിച്ചു. സിംടോഖ സോങ് പൊട്ടിത്തെറിക്കുകയും അവിടെയുണ്ടായിരുന്ന മിക്ക ടിബറ്റൻ സൈനികരും മരിക്കുകയും ചെയ്തു.[6] ഈ അവസരം മുതലെടുത്ത് ഷബ്ദ്രുങ്ങിന്റെ സൈന്യം ബാക്കിയുണ്ടായിരുന്ന ടിബറ്റൻ സേനയെ തുരത്തി.[4] 1639 വരെ ടിബറ്റൻ സൈന്യവും ലാമമാരുടെ സൈന്യവും ഷബ്ദ്രുങ്ങുമായി ചെറിയ ഏറ്റുമുട്ടലുകളിൽ ഏർപ്പെട്ടിരിക്കാം എന്ന വാദമുണ്ട്.[5] ഗാസ താഴ്‌വരയിൽ നിന്ന് ബാരവ സന്യാസിമാരെ ഗവാങ് നാംഗ്യാൽ തുരത്തി.[7] അനന്തരഫലങ്ങൾതന്റെ ഭരണ കേന്ദ്രമായി ഗവാങ് നാംഗ്യാൽ നിർമിച്ച കോട്ട തകരുകയും ടിബറ്റിൽ നിന്നും ലാമമാരിൽ നിന്നും ഇദ്ദേഹത്തിന്റെ ഭരണത്തിനുള്ള ഭീഷണി തുടരുകയും ചെയ്യുന്ന സാഹചര്യമായിരുന്നു യുദ്ധാനന്തരം ഉണ്ടായത്.[5] പുനഖ സോങ്ങിന്റെ നിർമ്മാണം 1637-ൽ ആരംഭിച്ചു.[24] നിർമ്മാണം പൂർത്തിയായതിനെത്തുടർന്ന് 1955 വരെ ഇത് ഭൂട്ടാന്റെ ഭരണകേന്ദ്രമായി തുടർന്നു.[25] Sസിംടോഖ സോങ് 1671-ൽ മാത്രമാണ് പുനർനിർമിച്ചത്.[4] ഭൂട്ടാന്റെ ഏകീകരണം നടക്കുന്നതിനിടെ 1639-ൽ ടിബറ്റ് ഒന്നുകൂടി ഭൂട്ടാൻ ആക്രമിക്കുകയുണ്ടായി. പക്ഷേ പെട്ടെന്നുതന്നെ യുദ്ധം തീരുമാനമാകാത്ത നിലയിലെത്തി. കർമ ടെൻക്യോങ് യുദ്ധം അവസാനിപ്പിക്കുവാനുള്ള ചർച്ചകൾ ആരംഭിച്ചു. ടിബറ്റ് ഷബ്ദ്രുങ് റിമ്പോച്ചെ ഗവാങ് നാംഗ്യാലിനെ പടിഞ്ഞാറൻ ഭൂട്ടാൻ ഭരണാധികാരിയായി അംഗീകരിച്ചു. തന്റെ മരണം വരെയുള്ള ഭരണകാലം ഷബ്ദ്രുങ് തന്നോട് യുദ്ധം ചെയ്ത ലാമമാരുടെ വിഭാഗങ്ങളെ അമർച്ച ചെയ്യുവാനും കിഴക്കൻ ഭൂട്ടാൻ പിടിച്ചെടുത്ത് രാജ്യത്തോട് ചേർക്കുവാനുമാണ് വിനിയോഗിച്ചത്.[26] കുറിപ്പുകൾ
അവലംബം
ഗ്രന്ഥസൂചിക
|
Portal di Ensiklopedia Dunia