സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം![]() ആവശ്യമായ വൈദഗ്ധ്യം ഇല്ലാത്ത ആളുകൾ അല്ലെങ്കിൽ മെഡിക്കൽ നിലവാരം ഇല്ലാത്ത ഒരു പരിതസ്ഥിതിയിൽ അല്ലെങ്കിൽ രണ്ടും കൂടിയ സാഹചര്യത്തിൽ ഗർഭം അലസിപ്പിക്കുന്നതാണ് സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം എന്നതുകൊണ്ട് അർഥമാക്കുന്നത്.[1] സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രം ജീവന് ഭീഷണിയായ ഒരു പ്രക്രിയയാണ്. സ്വയം പ്രേരിതമായ ഗർഭച്ഛിദ്രങ്ങൾ, വൃത്തിഹീനമായ സാഹചര്യങ്ങളിലുള്ള ഗർഭച്ഛിദ്രം, ഗർഭച്ഛിദ്രത്തിന് ശേഷമുള്ള പരിചരണത്തിൽ ഉചിതമായ ശ്രദ്ധ നൽകാത്ത ഒരു മെഡിക്കൽ പ്രാക്ടീഷണർ നടത്തുന്ന ഗർഭച്ഛിദ്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.[2] ഒരു വർഷം ഏകദേശം 25 ദശലക്ഷം സുരക്ഷിതമല്ലാത്ത ഗർഭഛിദ്രങ്ങൾ നടക്കുന്നു. അതിൽ ഭൂരിഭാഗവും വികസ്വര രാജ്യങ്ങളിൽ ആണ് നടക്കുന്നത്.[3] സുരക്ഷിതമല്ലാത്ത ഗർഭഛിദ്രങ്ങൾ പ്രതിവർഷം 7 ദശലക്ഷം സ്ത്രീകൾക്ക് സങ്കീർണതകൾ ഉണ്ടാക്കുന്നു.[3] ഗർഭാവസ്ഥയിലും പ്രസവസമയത്തും ഉണ്ടാകുന്ന മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് സുരക്ഷിതമല്ലാത്ത ഗർഭഛിദ്രങ്ങൾ (ഈ കാലഘട്ടത്തിലെ മരണങ്ങളിൽ ഏകദേശം 5-13%).[3] മിക്ക സുരക്ഷിതമല്ലാത്ത ഗർഭഛിദ്രങ്ങളും സംഭവിക്കുന്നത് ആധുനിക ജനന നിയന്ത്രണ സൗകര്യങ്ങൾ ലഭ്യമല്ലാത്തിടത്ത്,[4] അല്ലെങ്കിൽ മികച്ച പരിശീലനം ലഭിച്ച മെഡിക്കൽ പ്രാക്ടീഷണർമാർ എളുപ്പത്തിൽ ലഭ്യമല്ലാത്തിടത്ത്,[5][6] അല്ലെങ്കിൽ ഗർഭച്ഛിദ്രം നിയമവിരുദ്ധമായയിടത്താണ് സംഭവിക്കുന്നത്.[7] നിയമം മൂലം ഗർഭച്ഛിദ്രം നിയന്ത്രിതമായ സ്ഥലങ്ങളിൽ മരണനിരക്കും മറ്റ് സങ്കീർണതകളും വർദ്ധിക്കുന്നു.[8] അവലോകനംലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് 2010-14 കാലയളവിൽ ലോകമെമ്പാടും ഓരോ വർഷവും 55.7 ദശലക്ഷം ഗർഭഛിദ്രങ്ങൾ നടന്നിട്ടുണ്ട്. ഈ ഗർഭഛിദ്രങ്ങളിൽ ഏകദേശം 54% സുരക്ഷിതവും 31% കുറച്ചെങ്കിലും സുരക്ഷിതമല്ലാത്തതും 14% തീരെ സുരക്ഷിതമല്ലാത്തതുമാണ്. അതായത് 2010 നും 2014 നും ഇടയിൽ ഓരോ വർഷവും 25 ദശലക്ഷം (45%) ഗർഭഛിദ്രങ്ങൾ സുരക്ഷിതമല്ലായിരുന്നു, ഇതിൽ 24 ദശലക്ഷം (97%) വികസ്വര രാജ്യങ്ങളിലാണ് നടന്നിട്ടുള്ളത്.[9] 2003-ൽ ഏകദേശം 42 ദശലക്ഷം ഗർഭധാരണങ്ങൾ സ്വമേധയാ ഇല്ലാതാക്കപ്പെട്ടു. അതിൽ 20 ദശലക്ഷം സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രങ്ങൾ ആയിരുന്നു.[10] ലോകാരോഗ്യ സംഘടനയുടെയും ഗട്ട്‌മാക്കർ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും അഭിപ്രായത്തിൽ, സുരക്ഷിതമല്ലാത്ത ഗർഭഛിദ്രത്തിന്റെ സങ്കീർണതകൾ മൂലം പ്രതിവർഷം 22,800[11] സ്ത്രീകളെങ്കിലും മരിക്കുന്നു. ഓരോ വർഷവും രണ്ട് ദശലക്ഷത്തിനും ഏഴ് ദശലക്ഷത്തിനും ഇടയിൽ സ്ത്രീകൾ സുരക്ഷിതമല്ലാത്ത ഗർഭഛിദ്രത്തെ അതിജീവിക്കുന്നുവെങ്കിലും അവർക്ക് അതുമൂലമുള്ള ദീർഘകാല ക്ളേശതകളോ രോഗമോ (അപൂർണ്ണമായ ഗർഭച്ഛിദ്രം, അണുബാധ, സെപ്സിസ്, രക്തസ്രാവം, ഗർഭപാത്രം തുളയ്ക്കുകയോ കീറുകയോ പോലുള്ള ആന്തരിക അവയവങ്ങളുടെ മുറിവ്) സംഭവിക്കുന്നു. നിയമവിധേയമായ രാജ്യങ്ങളിൽ ഗർഭച്ഛിദ്രം സുരക്ഷിതമാണെന്നും എന്നാൽ അത് നിയമവിരുദ്ധവും രഹസ്യമായി നടത്തുന്നതുമായ രാജ്യങ്ങളിൽ അപകടകരമാണെന്നും അവർ നിഗമനം ചെയ്തു. വികസിത പ്രദേശങ്ങളിൽ, മിക്കവാറും എല്ലാ ഗർഭഛിദ്രങ്ങളും (92%) സുരക്ഷിതമാണെന്നും വികസ്വര രാജ്യങ്ങളിൽ പകുതിയിലധികവും (55%) സുരക്ഷിതമല്ലെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. ലോകാരോഗ്യ സംഘടന സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രത്തിനുള്ള അപകട നിരക്ക് 1/270 ആണ്; മറ്റ് സ്രോതസ്സുകൾ പ്രകാരം, സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രമാണ് കുറഞ്ഞത് 8% മാതൃമരണങ്ങൾക്ക് കാരണമാകുന്നത്.[12][11] ലോകമെമ്പാടും, പ്രേരിത ഗർഭഛിദ്രങ്ങളിൽ 48% സുരക്ഷിതമല്ല. സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം മൂലം പ്രതിവർഷം 70,000 സ്ത്രീകൾ മരിക്കുന്നതായി 2003-ൽ ബ്രിട്ടീഷ് മെഡിക്കൽ ബുള്ളറ്റിൻ റിപ്പോർട്ട് ചെയ്തു.[13] ഗർഭച്ഛിദ്രം, "പ്രചോദിതമായ ഗർഭം അലസൽ", "ആർത്തവ നിയന്ത്രണം", "ചെറിയ ഗർഭച്ഛിദ്രം", "കാലതാമസം നേരിടുന്ന/തടസ്സപ്പെട്ട ആർത്തവത്തെ നിയന്ത്രിക്കൽ" എന്നിങ്ങനെ പലവിധത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ അത്തരം ഗർഭഛിദ്രങ്ങൾ അളക്കാൻ പ്രയാസമാണ്.[14][15] ലോകാരോഗ്യ സംഘടന മുൻകൂട്ടി അച്ചടിച്ച ഒരു ലേഖനത്തിൽ സുരക്ഷിതവും നിയമപരവുമായ ഗർഭഛിദ്രം "അവർ എവിടെ താമസിക്കുന്നുവെന്നത് പരിഗണിക്കാതെ സ്ത്രീകളുടെ മൗലികാവകാശമാണ് എന്നും സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം "നിശബ്ദമായ മഹാമാരിയാണ്" എന്നും വിശേഷിപ്പിച്ചു.[14] "സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രം എന്ന നിശ്ശബ്ദമായ മഹാമാരി അവസാനിപ്പിക്കുന്നത് പൊതു-ആരോഗ്യ-മനുഷ്യാവകാശങ്ങളുടെ അടിയന്തര അനിവാര്യതയാണ്" എന്ന് ലേഖനം പറയുന്നു. കൂടാതെ സുരക്ഷിത ഗർഭഛിദ്രത്തിലേക്കുള്ള പ്രവേശനം സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു എന്നും അഭ്യർത്ഥന പ്രകാരം ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നത് സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടിയാണ് എന്നും അവർ പ്രസ്താവിക്കുന്നു. പതിറ്റാണ്ടുകളായി ഗർഭച്ഛിദ്രം നിയമവിധേയമായിരിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ, മറ്റ് തടസ്സങ്ങൾ കാരണം യോഗ്യതയുള്ള പരിചരണത്തിനുള്ള പ്രവേശനം പരിമിതമായി തുടരുന്നു. 2004 മെയ് മാസത്തിൽ വേൾഡ് ഹെൽത്ത് അസംബ്ലി അംഗീകരിച്ച പ്രത്യുൽപാദന ആരോഗ്യത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ആഗോള സ്ട്രാറ്റജി അഭിപ്രായപ്പെട്ടു: "മാതൃമരണത്തിനും രോഗാവസ്ഥയ്ക്കും തടയാവുന്ന ഒരു കാരണം എന്ന നിലയിൽ സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രം മാതൃ ആരോഗ്യവും മറ്റ് അന്താരാഷ്ട്ര വികസന ലക്ഷ്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള MDG യുടെ ഭാഗമായി കൈകാര്യം ചെയ്യണം. "[16] ഡബ്ല്യുഎച്ച്ഒയുടെ ഡവലപ്മെൻ്റ് ആൻഡ് റിസർച്ച് ട്രെയിനിങ്ങ് ഇൻ ഹ്യൂമൻ റീപ്രൊഡക്ഷൻ (HRP) സുരക്ഷിതമല്ലാത്ത ഗർഭഛിദ്രത്തെ ചെറുക്കുന്നതിനുള്ള മൊത്തത്തിലുള്ള ഒരു തന്ത്രം ആവിഷ്കരിച്ചിട്ടുണ്ട് അതിൽ പരസ്പരബന്ധിതമായ നാല് പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു:[17][16]
1995-ൽ 45.6 ദശലക്ഷത്തിൽ നിന്ന് 2003-ൽ 41.6 ദശലക്ഷമായി ആഗോള ഗർഭഛിദ്രം കുറഞ്ഞെങ്കിലും, 2003-ൽ നടന്ന ഗർഭഛിദ്രങ്ങളിൽ 48% ഇപ്പോഴും സുരക്ഷിതമല്ലാത്ത നടപടിക്രമങ്ങളാണെന്ന് 2007-ൽ ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ഗർഭച്ഛിദ്രം സംഭവിക്കുന്നത് ഏകദേശം തുല്യമാണ്. സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം വികസിത രാജ്യങ്ങളിൽ കൂടുതലായി സംഭവിക്കുന്നു.[18] 2010 മുതൽ 2014 വരെയുള്ള ഡാറ്റയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ദ ലാൻസെറ്റിലെ ഒരു പുതിയ പഠനമനുസരിച്ച്, ഏകദേശം 55 ദശലക്ഷത്തോളം ഗർഭധാരണങ്ങൾ നേരത്തെ അവസാനിപ്പിക്കുകയും 55 ദശലക്ഷത്തിൽ പകുതി 25.5 ദശലക്ഷം സുരക്ഷിതമല്ലാത്തതായി കണക്കാക്കുകയും ചെയ്യുന്നു. [19] എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായ ഗർഭഛിദ്രം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സുരക്ഷിതമല്ലാത്ത രീതികൾ മാറ്റിസ്ഥാപിക്കണമെന്നും ലോകാരോഗ്യ സംഘടനയും ഗട്ട്‌മാക്കർ ഇൻസ്റ്റിറ്റ്യൂട്ടും ഊന്നിപ്പറയുന്നു. സുരക്ഷിതമല്ലാത്ത ഗർഭഛിദ്രങ്ങളുടെ 97 ശതമാനവും ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണ്. ഈ പ്രദേശങ്ങൾ പലപ്പോഴും ദരിദ്രവും അവികസിതവുമാണ്. കൂടാതെ സുരക്ഷിതമായ ഗർഭഛിദ്ര രീതികളിവിടെയില്ല. ഈ പ്രദേശങ്ങളിലെ ഗർഭഛിദ്രങ്ങളിൽ 25% മാത്രമേ സുരക്ഷിതമായി കണക്കാക്കുന്നുള്ളൂ. വികസിത രാജ്യങ്ങളിൽ ഈ കണക്കുകൾ ഗണ്യമായി മെച്ചപ്പെടുന്നു. വടക്കേ അമേരിക്കയിലെ മിക്കവാറും എല്ലാ ഗർഭഛിദ്രങ്ങളും (99%) സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. വികസിത രാജ്യങ്ങളിൽ മൊത്തത്തിൽ ഏതാണ്ട് 88% ഗർഭഛിദ്രങ്ങളും യഥാർത്ഥത്തിൽ സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. യൂറോപ്പിൽ സുരക്ഷിതമായ ഗർഭഛിദ്രങ്ങളുടെ എണ്ണം അൽപ്പം കുറവാണ്. അവലംബം
External links![]() വിക്കിചൊല്ലുകളിലെ സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്: |
Portal di Ensiklopedia Dunia