സെന്റ് മേരീസ് ഫൊറോനാ പള്ളി, അതിരമ്പുഴ

അതിരമ്പുഴ പള്ളി

അതിരമ്പുഴ പള്ളി

9°40′02″N 76°32′17″E / 9.66722°N 76.53806°E / 9.66722; 76.53806
സ്ഥാനംഅതിരമ്പുഴ, കോട്ടയം
രാജ്യംഇന്ത്യ
ചരിത്രം
സ്ഥാപിതംഎ.ഡി. 835
ഭരണസമിതി
അതിരൂപതചങ്ങനാശേരി
ജില്ലകോട്ടയം

കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി. എ.ഡി 337-ൽ സ്ഥാപിതമായ കുറവിലങ്ങാട് പള്ളിയുടെ കുരിശുപള്ളിയായാണു അതിരമ്പുഴ പള്ളി സ്ഥാപിതമാകുന്നത്. യാതൊരുവിധ യാത്രാ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത് അതിരമ്പുഴ-മാടപ്പാട് ഭാഗക്കാർക്ക് ആദ്ധ്യാത്മികാവിശ്യങ്ങൾക്ക് പതിനഞ്ച് കിലോമീറ്ററോളം യാത്രചെയ്ത് കുറവിലങ്ങാട് പള്ളിയിൽ എത്തണമായിരുന്നു. ഈ സാഹചര്യത്തിലാണു എ.ഡി 835-ൽ പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിൽ അതിരമ്പുഴയിൽ പള്ളി സ്ഥാപിതമാകുന്നത്.

ചരിത്രം

പള്ളി സ്ഥാപനത്തെപറ്റിയുള്ള പ്രചുര പ്രചാരം നേടിയ ഒരു ഐതിഹ്യം [1] ഉണ്ട്. പ്രസിദ്ധമായ എട്ടൊന്നുശേരി ഇല്ലത്തെ മൂത്ത നമ്പൂതിരിക്ക് വേളി കഴിഞ്ഞ് ഏറെക്കാലമായിട്ടും സന്താനഭാഗ്യമുണ്ടായില്ല. ഹൈന്ദവ ആചാര പ്രകാരമുള്ള പൂജകളും നേർച്ചകളുമൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. ഇല്ലത്തെ ആശ്രിതനായ പേരൂർത്താഴെ മാപ്പിളയുടെ നിർദ്ദേശപ്രകാരം ഇല്ലക്കാർ പരിശുദ്ധ കന്യാമറിയത്തോട് പ്രാർത്ഥിച്ചു. കൂട്ടായ പ്രാർത്ഥന ഫലിച്ചു. അന്തർജനം ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. പേരൂത്താഴെ മാപ്പിളക്ക് നൽകിയ വാഗ്ദാനമനുസരിച്ച് ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനു നന്ദി സൂചകമായി ഇല്ലത്തുനിന്നും ദാനം ചെയ്ത പുരയിടത്തിലാണത്രെ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിൽ ആദ്യത്തെ പള്ളി ഉണ്ടായത്. ഇന്ന് ചെറിയ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലമാണു ഈ പുരയിടം. കാലക്രമത്തിൽ പരിശുദ്ധ അമ്മയുടെ പേരിലുള്ള ഈ പള്ളി കാഞ്ഞിരത്തിനാൽ പുരയിടത്തിലേക്ക് (ഇന്നു വലിയ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം) മാറ്റി സ്ഥാപിച്ചു.

വലിയ പള്ളി

1175 വർഷത്തിന്റെ പാരമ്പര്യം പേറുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള പള്ളി അമേരിക്കൻ ശില്പകലാ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. ദേവാലയത്തിന് 180 അടി നീളവും 55 അടി വീതിയുമുണ്ട് [2]. മുഖവാരത്തിന് 101 അടിയും മണിഗോപുരത്തിന് 85 അടി ഉയരവുമുണ്ട്. ഈ മണി ഗോപുരത്തിൽ സ്ഥാപിച്ചിട്ടുള്ള വലിയ മൂന്ന് മണികൾ 1905-ൽ ജർമ്മനിയിൽ നിന്നും കൊണ്ടുവന്നിട്ടുള്ളവയാണ്. ഈ മണികളിൽ ഏറ്റവും വലുതിൽ ആർക്ക്-എയ്ഞ്ചൽ-സെന്റ് മിഖായേൽ എന്നും രണ്ടാമത്തേതിൽ സാൻ സെബാസ്റ്റ്യൻ- സെന്റ് സെബാസ്റ്റ്യൻ എന്നും ഏറ്റവും ചെറുതിൽ സാന്റ് മരിയ-സെന്റ് മേരി എന്നും ആലേഖനം ചെയ്തിട്ടുണ്ട്. കർത്താവിന്റെ കുരിശ് മരണത്തെ അനുസ്മരിച്ച് ധ്യാനിക്കുന്നതിന് വേണ്ടി എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മണി അടിക്കുന്ന പതിവും ഇവിടുണ്ട്. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാൻ മാർ ജയിംസ് കാളാശ്ശേരിയുടെ 1928 ഡിസംബർ 29-അം തീയതിയിലെ 13-അം നമ്പർ കല്പനപ്രകാരം1929 ജനുവരി 1-അം തീയതി അതിരമ്പുഴ സെന്റ് മേരീസ് പള്ളി ഫൊറോനാ പള്ളിയായി ഉയർത്തപ്പെട്ടു.

അൾത്താര

അൾത്താര

മാതാവിന്റെ കിരീടധാരണം കൊത്തിയെടുത്ത് തങ്കത്താളുകൊണ്ട് നിറം പകർന്നിട്ടുള്ള വിശൃതമായ അൾത്താര അതിരമ്പുഴ പള്ളിയുടെ ഏറ്റവും വലിയ ആകർഷണമാണ്. ശില്പകലാ വൈദഗ്ദ്ധ്യവും കലാമേന്മയും തികഞ്ഞ ഈ അൾത്താര നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും പള്ളി പലപ്രാവശ്യം പുതുക്കി പണിതിട്ടും ഇന്നും മാറ്റമില്ലാതെ വർണ്ണപ്പൊലിമയോടെ നിലകൊള്ളുന്നു.

കരിങ്കൽ കുരിശ്

കരിങ്കൽ കുരിശ്

പതിനെട്ടാം ശതാബ്ദത്തിന്റെ ആരംഭത്തിൽ പള്ളിയുടെ പുരോഭാഗത്ത് എട്ട് പട്ടമായി ഒരു കോൽ പൊക്കത്തിൽ തറ കെട്ടി അത്രയും വീതിയിൽ പടികളും നിർത്തി മദ്ധ്യേ തൂണുകളും അതിൽ കരിങ്കൽ വിളക്കുകളും സ്ഥാപിച്ച് പന്ത്രണ്ട് കോൽ പൊക്കത്തിൽ പണികഴിപ്പിച്ചിട്ടുള്ള ഈ കരിങ്കൽ കുരിശ് ഒറ്റക്കല്ലിൽ തീർത്തിട്ടുള്ളതാണ്.വെള്ളിയാഴ്ച ദിനങ്ങളിൽ ഈ കരിങ്കൽ കുരിശിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന ചുറ്റുവിളക്കിൽ എണ്ണ ഒഴിക്കുന്നത് ഇവിടുത്തെ ഒരു വലിയ നേർച്ചയാണ്.

ചെറിയപള്ളി

അതിരമ്പുഴയിലും പരിസര പ്രദേശങ്ങളിലും മസൂരി രോഗം പടർന്നുപിടിച്ച് അനേകമാളുകൾ മരണമടഞ്ഞപ്പോൾ പകർച്ചവ്യാധിയെ തടഞ്ഞു നിർത്തുന്നതിനും രോഗബാധിതർക്ക് സൗഖ്യം ലഭിക്കുന്നതിനുമായി വികാരിയച്ചന്റെ നിർദ്ദേശപ്രകാരം ദേശമൊന്നടങ്കം വി.സെബാസ്ത്യാനോസിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചുവെന്നും അത്ഭുതകരമായി ദേശം ആ മാരകരോഗത്തിൽ നിന്നും വിമുക്തിനേടിയെന്നുമാണ് ഐതിഹ്യം.നന്ദി സൂചകമായി വി.സെബാസ്ത്യാനോസിന്റെ നാമധേയത്തിൽ ഒരു പള്ളി സ്ഥാപിക്കപ്പെട്ടു.19-അം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള പള്ളി ആദ്യം സ്ഥാപിക്കപ്പെട്ടതും പ്രസ്തുത പള്ളി കാഞ്ഞിരത്തിനാൽ പുരയിടത്തിലേക്ക് മാറ്റി സ്താപിക്കപ്പെട്ടതുമായ സ്ഥലത്താണ് ഗോഥിക് മാതൃകയിലുള്ള ഈ ദേവാലയം നിർമ്മിക്കപ്പെട്ടത്. ക്നാനായ സമുദായാംഗമായിരുന്ന പൂതത്തിൽ വല്യമ്മയാണ് പള്ളിനിർമ്മാണത്തിനുള്ള തുക പ്രധാനമായും നൽകിയത്. 1919 ജനുവരി 22 ന് ചങ്ങനാശ്ശേരി രൂപതയുടെ മെത്രാൻ മാർ തോമസ്സ് കുര്യാളശ്ശേരി പുതിയപള്ളി കൂദാശ ചെയ്തു. മുൻപള്ളി എന്നറിയപ്പെട്ടിരുന്നത് ഇപ്പോൾ ചെറിയ പള്ളി എന്നറിയപ്പെടുന്നു. ഇന്നും ജാതി മത ഭേതമില്ലാതെ ഈ നാടിന്റെ കാവൽക്കാരനായി വി.സെബാസ്ത്യാനോസിനെ ദേശമൊന്നടങ്കം വണങ്ങുന്നു.

അതിരമ്പുഴ തിരുനാൾ

അതിരമ്പുഴ തിരുനാൾ

അതിരമ്പുഴ പള്ളി പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ളതാണെങ്കിലും ഇവിടുത്തെ പ്രധാന തിരുനാൾ ജനുവരിയിൽ ആഘോഷിക്കുന്ന വി. സെബസ്ത്യാനോസിന്റേതാണ്. ജാനുവരി 19-ന് കൊടിയേറി ഫെബ്രുവരി 1-ന് എട്ടാമിടത്തോടെ സമാപിക്കുന്നു. ഇരുപതാം തീയതി രാവിലെ 7-ന് വലിയ പള്ളിയിൽ നിന്നും പ്രദക്ഷിണമായി വി. സെബസ്ത്യാനോസിന്റെ തിരു.സ്വരൂപം ചെറിയ പള്ളിയിലേക്ക് ആഘോഷമായി കോണ്ടുപോകുന്നു. ജനുവരി 19 മുതൽ 24 വരെയുള്ള ദേശകഴുന്ന് അതിരമ്പുഴയുടെ പ്രത്യേകതയാണ്. 24 ന് വൈകിട്ട് 5 മണി വരെ തിരുസ്വരൂപം ചെറിയ പള്ളിയിലായിരിക്കും പ്രതിഷ്ഠിച്ചിരിക്കുക. 24 ന് വൈകുന്നേരം 5.15 ന് വലിയ പള്ളിയിൽ നിന്നും പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് വിഖ്യാതമായ നഗരപ്രദക്ഷിണം നടക്കും. പ്രദക്ഷിണ മധ്യേ ചെറിയപള്ളിയിൽ നിന്നും വി. സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ പ്രദക്ഷിണവും കൂടിചേർന്ന് ഒന്നായി വലിയ പള്ളിയിലെത്തും. ഇരുപതോളം തിരുസ്വരൂപങ്ങൾ ഈ പ്രദക്ഷിണത്തിൽ സംവഹിക്കപ്പെടുന്നു. തീവെട്ടി, ആലവട്ടം, വെഞ്ചാമരം, ചുരുട്ടി മുതലായ അനവധി അനവധി അകമ്പടി കൂട്ടങ്ങളുമായാണ് നഗരപ്രദക്ഷിണം നടക്കുക. ഇവയെല്ലാം പഴയ മാർത്തോമാ നസ്രാണികൾ അനിഭവിച്ചിരുന്ന 71 പദവികളിൽ പെടുന്നവയാണ്. ഇതും തിരുനാളിന്റെ പൗരാണികത വിളിച്ചോതുന്നു. ഇരുപത്തിനാലാം തീയതിയിലെ രാത്രി തിരുനാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് വളരെ പ്രസിദ്ധമാണ്. ഇരുപത്തിഅഞ്ചാം തീയതി രാവിലെ 10-ന് വലിയ പള്ളിയിൽ സീറോ മലബാർ സഭയുടെ ഏറ്റവും ആഘോഷപൂർവമായ കുർബാന അർപ്പണം (പരിശുദ്ധ റാസ) നടക്കും.

അവലംബം

  1. "Parish History". Archived from the original on 2013-02-09. Retrieved 2013-01-31.
  2. "http://www.athirampuzhachurch.org/valiapally.php". Archived from the original on 2013-02-09. Retrieved 2013-01-31. {{cite web}}: External link in |title= (help)
  • ഇടവക ഡയറക്ടറി 2005-2006 സെന്റ് മേരീസ് ഫൊറോനാ പള്ളി, അതിരമ്പുഴ

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya