സെബാസ്റ്റ്യൻ പോൾ
കമ്യൂണിസ്റ്റ് സഹയാത്രികനും മാധ്യമവിമർശകനും എറണാകുളത്തു നിന്നുള്ള മുൻ ലോക്സഭാംഗവും നിയമസഭാംഗവുമായിരുന്നു സെബാസ്റ്റ്യൻ പോൾ (ജനനം: മേയ് 1 1947) . അഭിഭാഷകനായ സെബാസ്റ്റ്യൻ പോൾ നിയമപണ്ഡിതൻ, മാധ്യമവിദഗ്ദ്ധൻ എന്നീ നിലകളിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട് .കൈരളി ടിവിയിൽ "മാധ്യമ വിചാരം" എന്ന പരിപാടി എട്ടുവർഷത്തോളം അവതരിപ്പിച്ചു. പന്ത്രണ്ട് വർഷത്തോളം പാർലമെന്റംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1997-ൽ നടന്ന എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ആന്റണി ഐസക്കിനെ പരാജയപ്പെടുത്തിയാണ്[1] ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോൾ ആദ്യമായി ലോക്സഭയിലെത്തിയത്. പിന്നീട് 2003-ൽ പതിമൂന്നാം ലോക്സഭയിലേക്കും ഉപതിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ നടന്ന പതിനാലാം ലോക്സഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹം എറണാകുളത്തുനിന്ന് വിജയിച്ചു.[2] 1998-2001 കാലയളവിൽ കേരള നിയമസഭാംഗമായിരുന്നു. പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചു. സെന്റ് ആൽബർട്ട്സ് കോളേജ്, മഹാരാജാസ് കോളേജ്, കൊച്ചിൻ സർവ്വകലാശാല, ഗവ. ലോ കോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്യുന്നു.[3] കല്ലേറുകൾക്കിടയിലെ മാധ്യമ ധർമ്മം എന്ന വിഷയത്തെക്കുറിച്ച് മാതൃഭൂമി ദിനപത്രത്തിൽ നടത്തിയ സംവാദപരമ്പരയിൽ സത്യാന്വേഷണം തുടരട്ടെ എന്ന ശീർഷകത്തിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തെത്തുടർന്ന് സെബാസ്റ്റ്യൻ പോൾ സി.പി.ഐ.എമ്മുമായി അകന്നിരുന്നു. എങ്കിലും 2011-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ എറണാകുളത്തെ ഇടതുസ്ഥാനാർത്ഥിയായി ഇദ്ദേഹത്തെത്തന്നെയാണ് സി.പി.ഐ.എം. മുന്നോട്ടുവെച്ചത്.[3] 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം നിയമസഭാമണ്ഡലത്തിൽ നിന്ന് ഹൈബി ഈഡനോട് പരാജയപ്പെട്ടു. തിരഞ്ഞെടുപ്പുകൾ
അവലംബം
Sebastian Paul എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia