സ്ട്രേഞ്ചർ ഇൻ എ സ്ട്രേഞ്ച് ലാൻഡ്
റോബർട്ട് ഹൈൻലൈൻ 1961-ൽ രചിച്ച ശാസ്ത്ര ഫിക്ഷൻ നോവലാണ് സ്ട്രേഞ്ചർ ഇൻ എ സ്ട്രേഞ്ച് ലാൻഡ്. ചൊവ്വയിൽ ജനിച്ച് ചൊവ്വ നിവാസികളാൽ വളർത്തപ്പെടുകയും ചെയ്തശേഷം ഭൂമിയിലേയ്ക്ക് കൗമാരപ്രായത്തിൽ തിരികെയെത്തുന്ന വാലന്റൈൻ മൈക്കൽ സ്മിത്ത് എന്നയാളുടെ കഥയാണിത്. ഭൂമിയിലെ സംസ്കാരവുമായി ഇയാൾ ഇടപഴകുന്നതും അതിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതുമാണ് നോവലിൽ പ്രതിപാദിക്കുന്നത്. പുറപ്പാട് 2:22.[1] പുസ്തകത്തിലെ ഒരു വാക്യമാണ് തലക്കെട്ടിന് പ്രചോദനമായിരിക്കുന്നത്. ദ ഹെററ്റിക് എന്നായിരുന്നു നോവലിന് പേരിടാൻ ഉദ്ദേശിച്ചിരുന്നതെന്ന് ഹൈൻലൈൻ വ്യക്തമാക്കിയിട്ടുണ്ട്. പല പിൽക്കാല പതിപ്പുകളിലും ഈ പുസ്തകത്തെ "എഴുതപ്പെട്ടതിൽ ഏറ്റവും പ്രശസ്തമായ ശാസ്ത്ര ഫിക്ഷൻ നോവൽ" എന്ന് പരിചയപ്പെടുത്തുന്നുണ്ട്.[2] 1948-ൽ ഹൈൻലൈനും പത്നിയും ഒരു നോവലിനുള്ള ആശയത്തിനായി ചർച്ച ചെയ്യുന്നതിനിടെ പത്നി കിപ്ലിംഗിന്റെ ദ ജംഗിൾ ബുക്ക് അടിസ്ഥാനമാക്കി ഒരു ശാസ്ത്ര ഫിക്ഷൻ കൃതി എന്ന ആശയം മുന്നോട്ടുവച്ചു. ഈ കൃതി രചിക്കാൻ ഒരു പതിറ്റാണ്ടിലധികം സമയമാണ് ഹൈൻലൈൻ എടുത്തത്. [3] സ്ട്രേഞ്ചർ ഇൻ എ സ്ട്രേഞ്ച് ലാൻഡ് രചിച്ചശേഷം പ്രസാധകർ ഇതിന്റെ നീളം 220,000 വാക്കുകളിൽ നിന്ന് 160,067 ആയി കുറയ്ക്കുവാൻ ആവശ്യപ്പെട്ടു. 1962-ൽ ഈ പതിപ്പിന് ഹ്യൂഗോ പുരസ്കാരം ലഭിക്കുകയുണ്ടായി.[4] 1988-ൽ ഹൈൻലൈന്റെ മരണത്തിനുശേഷം ഭാര്യ വിർജീനിയ ആദ്യ കൈയെഴുത്തുപ്രതി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ഇത് 1991-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഏത് പതിപ്പാണ് മികച്ചത് എന്നതുസംബന്ധിച്ച് വിമർശകർക്കിടയിൽ വ്യത്യസ്താഭിപ്രായമാണുള്ളത്.[5] ഹൈൻലൈന് വെട്ടിച്ചുരുക്കാത്ത പതിപ്പായിരുന്നു കൂടുതൽ ഇഷ്ടം. ഹൈൻലൈന്റെ പോഡ്കൈൻ ഓഫ് മാർസ് എന്ന കൃതിക്കും ഇപ്രകാരം രണ്ട് പതിപ്പുകളുണ്ട്. 2012-ൽ അമേരിക്കയിലെ ലൈബ്രറി ഓഫ് കോൺഗ്രസ്സ് "അമേരിക്കയെ രൂപപ്പെടുത്തിയ 88 പുസ്തകങ്ങളിൽ ഒന്നായി" ഈ കൃതി തിരഞ്ഞെടുത്തു. [6] കഥാസംഗ്രഹംപ്രധാന കഥാപാത്രമായ വാലന്റൈൻ മൈക്കൽ സ്മിത്ത് ചൊവ്വയിലേയ്ക്കുപോയ ആദ്യ പര്യവേഷണ സംഘത്തിലെ അംഗങ്ങളുട മകനാണ്. ചൊവ്വയിലാണ് മൈക്കൽ ജനിച്ചത്. സംഘാംഗങ്ങളെല്ലാം മരിച്ചപ്പോൾ അനാഥനായ മൈക്കലിനെ ചൊവ്വ വാസികൾ എടുത്തുവളർത്തുകയായിരുന്നു. തങ്ങളുടെ ശരീരത്തിനും മനസ്സിനും മേൽ ചൊവ്വ നിവാസികൾക്കുള്ള നിയന്ത്രണശക്തി മൈക്കലും പഠിക്കുന്നു. ഇരുപതു വർഷങ്ങളോളം കഴിഞ്ഞ് ഒരു രണ്ടാം പര്യവേഷണ സംഘം ചൊവ്വയിലെത്തുമ്പോൾ മൈക്കലിനെ കണ്ടെത്തുന്നു. ആദ്യ സംഘാംഗങ്ങളുടെയെല്ലാം സ്വത്തിന് അവരുടെ ഔസ്യത്ത് പ്രകാരം മൈക്കലാണ് അവകാശി. മൈക്കലിന്റെ അമ്മ ഗോളാന്തര യാത്രയ്ക്ക് ഉപയുക്തമായ ലൈൽ ഡ്രൈവ് എന്ന സംവിധാനം കണ്ടുപിടിച്ചിരുന്നു. ഇതിൽ നിന്നുള്ള വരുമാനവും നിയമപരമായി മൈക്കലിന് സ്വന്തമാണ്. ഭരണകൂടത്തിലെ വിവിധ കക്ഷികൾ തമ്മിലുള്ള വടം വലിയിൽ മൈക്കൽ ഒരു കരുവായി ഉപയോഗിക്കപ്പെടുന്നു. ഭൂമിയിലെ ചില നിയമങ്ങളുടെ വ്യാഖ്യാനമനുസരിച്ച് മൈക്കൽ ചൊവ്വ ഗ്രഹത്തിന്റെയും (അവിടെ ബുദ്ധിയുള്ള ജീവികളുണ്ടെങ്കിലും) അവകാശിയാണ്. സ്ത്രീകളെ കണ്ടിട്ടില്ലാത്തതിനാൽ മൈക്കലിനെ ഒരു ആശുപത്രിയിൽ സ്ത്രീകളിൽ നിന്ന് മറച്ചാണ് ആദ്യം താമസിപ്പിക്കുന്നത്. ഗില്ലിയൻ ബോർഡ്മാൻ എന്ന നഴ്സ് അബദ്ധത്തിൽ മൈക്കലുമായി വെള്ളം പങ്കിടുകയും അതിലൂടെ മൈക്കലിന്റെ "വാട്ടർ ബ്രദർ" ആവുകയും ചെയ്യുന്നു. ഇത് ചൊവ്വാ ഗ്രഹത്തിൽ ഒരു പരിശുദ്ധ ബന്ധമായാണ് കണക്കാക്കപ്പെടുന്നത്. പത്രപ്രവർത്തകനായ ബിൽ കാക്സ്റ്റൺ ഭരണകൂടം മൈക്കലിനെപ്പറ്റി പറയുന്ന കള്ളങ്ങൾ തുറന്നുകാട്ടാൻ ശ്രമിക്കുന്നതിനെത്തുടർന്ന് അപ്രത്യക്ഷനാകുന്നു. ഇതെത്തുടർന്ന് ഗില്ലിയൻ മൈക്കലിനെ ആശുപത്രിയിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്നു. ഇവരെ ഗവണ്മെന്റ് ഏജന്റുമാർ ആക്രമിക്കുമ്പോൾ മൈക്കൽ അവരെ മറ്റൊരു ഡയമൻഷണൽ സ്പേസിലേയ്ക്ക് അയയ്ക്കുന്നു. ഗില്ലിയൻ ജുബൽ ഹാർഷാ എന്ന എഴുത്തുകാരനും വക്കീലും ഡോക്ടറുമായ വ്യക്തിയുടെ സഹായം അഭ്യർത്ഥിക്കുന്നു. മതം എന്നാൽ എന്തെന്ന് ഹാർഷാ മൈക്കലിനോട് വിവരിക്കുവാൻ ശ്രമിക്കുന്നുവെങ്കിലും ദൈവം എന്നാൽ "ഗ്രോക്ക് ചെയ്യുന്ന ഒന്ന്" എന്നാണ് മൈക്കൽ മനസ്സിലാക്കുന്നത്. ഈ നിർവ്വചനമനുസരിച്ച് എല്ലാ ജീവജാലങ്ങളും ദൈവമാണ്. "നിങ്ങൾ ദൈവമാണ്" എന്ന പ്രയോഗം ചൊവ്വയിലെ ഭാഷയിലെ ആശയത്തിന്റെ തർജ്ജമയായി മൈക്കൽ ഉപയോഗിക്കുന്നു.. യുദ്ധം, വസ്ത്രങ്ങൾ, അസൂയ എന്നീ ആശയങ്ങളൊക്കെ മൈക്കലിന് അപരിചിതമാണ്. മരണാനന്തരജീവിതം ഒരു വസ്തുതയായാണ് മൈക്കൽ കണക്കാക്കുന്നത്. ചൊവ്വയിലെ സംസ്കാരത്തിൽ മരിച്ചവരുടെ ശവശരീരങ്ങൾ ഭക്ഷിക്കുന്നത് സാധാരണമാണ്. ഒടുവിൽ ഹാർഷാ മൈക്കലിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഉടമ്പടിയിൽ എത്തിച്ചേരുന്നു. ഇതോടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്ന മൈക്കലിനെ ഫോസ്റ്ററൈറ്റ് ചർച്ച് എന്ന മതവിഭാഗം ആകർഷിക്കാൻ ശ്രമിക്കുന്നു. ഈ മതവിഭാഗം ലൈംഗികത, ചൂതാട്ടം, മദ്യപാനം മുതലായ പ്രവൃത്തികൾ തിന്മയായി കണക്കാക്കുന്നില്ല. ഒടുവിൽ മൈക്കൽ മാർഷ്യൻ അറിവുകൾ അടിസ്ഥാനമാക്കി "ചർച്ച് ഓഫ് ഓൾ വേൾഡ്സ്" എന്ന മതം സ്ഥാപിക്കുന്നു. ഫോസ്റ്ററൈറ്റ് വിഭാഗത്തിന്റെ ആചാരങ്ങളും മൈക്കൽ ഈ മതത്തിൽ ഉൾപ്പെടുത്തി. ഈ മതത്തിലെ അംഗങ്ങൾ മാർഷ്യൻ ഭാഷ പഠിക്കുകയും അതിലൂടെ വസ്തുക്കൾ സ്പർശിക്കാതെ തന്നെ ചലിപ്പിക്കുവാനും മറ്റുമുള്ള കഴിവുകൾ നേടിയെടുക്കുകയും ചെയ്യുന്നു. ഫോസ്റ്ററൈറ്റുകൾ ഈ മതവിഭാഗത്തെ ആക്രമിക്കുകയും പ്രധാന സ്ഥാപനം നശിപ്പിക്കുകയും ചെയ്യുന്നു. മൈക്കലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നുവെങ്കിലും ഇയാൾ ജയിലിൽ നിന്ന് അനായാസം പുറത്തുകടക്കുന്നു. തന്റെ സ്വത്തുക്കൾ മുഴുവൻ ഈ മതത്തിന് നൽകുന്നുവെന്ന് മൈക്കൽ ജുബൽ ഹാർഷായെ അറിയിക്കുന്നു. മൈക്കലിന്റെ മാർഗ്ഗം പഠിക്കാത്തവർ കാലക്രമേണ ഉന്മൂലനാശം വരുകയും ഹോമോ സുപ്പീരിയർ എന്ന വിഭാഗം ശേഷിക്കുകയും ചെയ്യുമെന്ന് ഇവർ കരുതുന്നു. ചൊവ്വ നിവാസികൾ ഭൂമിയെ നശിപ്പിക്കുന്നതിൽ നിന്ന് ഇത് ഒരുപക്ഷേ രക്ഷയായേക്കാൻ സാദ്ധ്യതയുണ്ട്. ചൊവ്വ നിവാസികളാണ് വ്യാഴത്തിനും ചൊവ്വയ്ക്കുമിടയിലുണ്ടായിരുന്ന അഞ്ചാം ഗ്രഹത്തെ നശിപ്പിച്ചതെന്ന് നോവലിൽ പ്രസ്താവിക്കുന്നുണ്ട്. ഫോസ്റ്ററൈറ്റുകളുടെ ഒരു സംഘത്തിന്റെ ആക്രമണത്തിൽ മൈക്കൽ കൊല്ലപ്പെടുന്നുവെങ്കിലും മരണശേഷം ജുബലുമായി ചെറിയ സംവാദത്തിലേർപ്പെടുന്നു. ജുബലും മതാംഗങ്ങളും മൈക്കലിന്റെ ശരീരം ഭക്ഷിക്കുന്നു. സ്വീകരണംന്യൂ യോർക്ക് ടൈംസിനുവേണ്ടി, ഓർവിൽ പ്രെസ്കോട്ട് നടത്തിയ നിരൂപണത്തിൽ ഈ കൃതിയെ വളരെ മോശമായാണ് ചിത്രീകരിച്ചത്. "ശാസ്ത്ര ഫിക്ഷന്റെയും, കൊള്ളാത്ത തമാശകളുടെയും, വെറുപ്പുളവാക്കുന്ന സാമൂഹ്യ വിമർശനത്തിന്റെയും, വിലകുറഞ്ഞ ലൈംഗികതയുടെയും വിനാശകരമായ സംയോഗം" എന്നാണ് അദ്ദേഹം ഇതെപ്പറ്റി പ്രസ്താവിച്ചത്.[7] ഗാലക്സിയിൽ ഫ്ലോയ്ഡ് സി. ഗേൽ നടത്തിയ നിരൂപണത്തിൽ ഈ കൃതിയെപ്പറ്റി സമ്മിശ്രാഭിപ്രായമാണ് പ്രകടിപ്പിച്ചത്.[8] മതപരിവർത്തിതർ1968-ൽ ടിം സെൽ, (ഇപ്പോൾ ഒബറോൺ സെൽ റാവൺഹാർട്ട്) മറ്റു ചിലരോടൊപ്പം ചർച്ച് ഓഫ് ഓൾ വേൾഡ്സ് എന്ന മതവിഭാഗം സ്ഥാപിക്കുകയുണ്ടായി. ഈ കൃതിയിലെ കഥാപാത്രങ്ങൾ സ്ഥാപിക്കുന്ന മതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടായിരുന്നു ഈ പുതിയ മതം സ്ഥാപിച്ചത്.[9] സെല്ലുമായി കത്തിടപാടുകൾ നടത്തിയിട്ടുണ്ട് എന്നതും (സെല്ലിന് ഒരു ഫാൻ എന്ന നിലയിൽ അയച്ച ഒരു നീണ്ട കത്ത് ഗ്രംബിൾസ് ഫ്രം ദ ഗ്രേവ് എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്) മതത്തിന്റെ മാഗസിനായ ഗ്രീൻ എഗ് 1970-കളിൽ വിലകൊടുത്ത് വാങ്ങിയിരുന്നു എന്നതുമല്ലാതെ (പണം നൽകാതെ ഈ മാസിക വാങ്ങാൻ ഹൈൻലൈൻ തയ്യാറായില്ല) ഹൈൻലൈന് ഈ മതവുമായി ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല.[10] സാഹിത്യകൃതി എന്ന നിലയ്ക്കുള്ള പ്രാധാന്യംമറ്റു പല പ്രധാന സാഹിത്യകൃതികളെയും പോലെ ഈ കൃതിയും ഇംഗ്ലീഷ് ഭാഷയ്ക്ക് ഒരു സംഭാവനയെങ്കിലും നൽകുകയുണ്ടായി. "ഗ്രോക്ക്" എന്ന വാക്ക് ഇംഗ്ലീഷിൽ എത്തിയത് ഈ കൃതിയിൽ നിന്നാണ്. "ഗ്രോക്ക്" എന്ന വാക്കിന് "കുടിക്കുക" എന്നാണ് ചൊവ്വയിലെ ഭാഷയിലെ അർത്ഥമെന്നും ഈ വാക്കിനു തന്നെ "മനസ്സിലാക്കുക", "സ്നേഹിക്കുക", "ഒന്നുചേരുക" എന്നീ അർത്ഥങ്ങളുമുണ്ടെന്ന് ഹൈൻലൈൻ വിശദീകരിക്കുന്നു. ഓക്സ്ഫോഡ് ഇംഗ്ലീഷ് നിഘണ്ടുവിൽ ഈ വാക്ക് ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. വാട്ടർ ബെഡ് 1968-ൽ കണ്ടുപിടിക്കും മുൻപുതന്നെ അത്തരമൊരു സംവിധാനത്തെപ്പറ്റി ഈ കൃതിയിൽ പ്രസ്താവിക്കുന്നുണ്ട്. ചാൾസ് ഹാൾ എന്ന വ്യക്തി ഈ കണ്ടുപിടിത്തത്തിന് അമേരിക്കയിൽ പേറ്റന്റ് നേടാൻ ശ്രമിച്ചുവെങ്കിലും ഈ കൃതിയിലും ഡബിൾ സ്റ്റാർ എന്ന മറ്റൊരു കൃതിയിലും ഇതെപ്പറ്റി വ്യക്തമായ പ്രസ്താവനയുള്ളതിനാൽ പേറ്റന്റ് നിഷേധിക്കപ്പെട്ടു.[11] പതിപ്പുകൾഈ കൃതിക്ക് രണ്ട് പ്രധാന പതിപ്പുകളാണുള്ളത്:
അവലംബം
ഗ്രന്ഥസൂചിക
പുറത്തേയ്ക്കുള്ള കണ്ണികൾ![]() വിക്കിചൊല്ലുകളിലെ സ്ട്രേഞ്ചർ ഇൻ എ സ്ട്രേഞ്ച് ലാൻഡ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
|
Portal di Ensiklopedia Dunia