സ്റ്റെർലൈറ്റ് കോപ്പർ
ലോഹങ്ങളുടെ ഖനനം നടത്തുന്ന വേദാന്ത റിസോഴ്സസ് എന്ന കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് സ്റ്റെർലൈറ്റ് കോപ്പർ അഥവാ സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസ്. ഇന്ത്യയിലെ മുംബൈയിലാണ് ഈ കമ്പനിയുടെ ആസ്ഥാനം.[2] 1975-ലാണ് ഈ കമ്പനി സ്ഥാപിതമായത്.[3] പ്രവർത്തനങ്ങൾതമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നും ചെമ്പ് ഖനനം ചെയ്യുകയും തുടർന്ന് ചെമ്പുകൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മിക്കുകയുമായിരുന്നു ഇവർ ആദ്യം ചെയ്തിരുന്നത്. ഈ പ്ലാന്റിൽ ഒരു റിഫൈനറിയും ഫോസ്ഫോറിക് ആസിഡ് പ്ലാന്റും സൾഫ്യൂരിക് ആസിഡ് പ്ലാന്റും ഉൾപ്പെട്ടിരുന്നു.[4] ഇതു കൂടാതെ ബോക്സൈറ്റ്, സിങ്ക് അയിരുകളുടെ ഖനനവും അലൂമിനിയം ഉൽപ്പന്നങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട മേഖലയിലും സ്റ്റെർലൈറ്റ് കോപ്പർ പ്രവർത്തിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്] ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് (സിങ്കിന്റെ ഉപയോഗത്തിന്), ടാസ്മാനിയ പ്രൈവറ്റ് ലിമിറ്റഡ് (ചെമ്പിന്റെ ഉപയോഗത്തിന്), ഭാരത് അലൂമിനിയം കമ്പനി (അലൂമിനിയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്) എന്നിവയാണ് സ്റ്റെർലൈറ്റ് കോപ്പറിന്റെ ഓപ്പറേറ്റിങ്ങ് അനുബന്ധ കമ്പനികൾ. ഓസ്ട്രേലിയയിൽ ഒരു ഇരുമ്പു ഖനിയും സ്റ്റെർലൈറ്റിന്റെ കീഴിലുണ്ട്. [5] 2001 ഫെബ്രുവരി 23-ന് ഭാരത് അലൂമിനിയം കോർപ്പറേഷന്റെ 51%, $118.5 മില്യണിന് സ്റ്റെർലൈറ്റ‌് വാങ്ങുകയുണ്ടായി.[6]2013 സെപ്റ്റംബറിൽ പുതിയതായി സീസ സ്റ്റെർലൈറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുന്നതിനായി സീസ ഗോവ, സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസ്, വേദാന്ത അലൂമിനിയം എന്നീ കമ്പനികൾ ലയിച്ചു.[7] വിവാദങ്ങൾതമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റിന്റെ കോപ്പർ സ്മെൽറ്റിങ് പ്ലാന്റ് ആരംഭിച്ചപ്പോൾ അത് പ്രദേശത്തെ പരിസ്ഥിതിയെ മലിനപ്പെടുത്തുമെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ആരോപിച്ചുകൊണ്ട് പ്രദേശവാസികൾ എതിർത്തിരുന്നു.[4] നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് പ്ലാന്റ് സ്ഥാപിച്ചതെന്നും അവർ ആരോപിച്ചിരുന്നു.[8] തുടർന്ന് നാഷണൽ എൻവിറോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEERI), തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർ നടത്തിയ പഠനത്തിൽ തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റിന്റെ പ്രവർത്തനം മൂലം അവിടുത്തെ ഭൂഗർഭജലവും വായുവും മണ്ണും മലിനപ്പെട്ടുവെന്ന് കണ്ടെത്തുകയുണ്ടായി. പ്ലാന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമവും സ്റ്റെർലൈറ്റ് ലംഘിച്ചുവെന്ന് ഈ പഠനത്തിൽ കണ്ടെത്തി.[4] 2010-ൽ, പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ പ്ലാന്റിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.[9] എന്നാൽ 2010 ഒക്ടോബറിൽ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഇതിനെത്തുടർന്ന് ദേശീയ ഹരിത ട്രിബ്യൂണലിൽ നിന്ന് അനുകൂലമായ ഉത്തരവ് ലഭിച്ചതോടെ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ചു.[4] 2013-ൽ തൂത്തുക്കുടി നഗരത്തിൽ വലിയ വാതകച്ചോർച്ച കാരണം പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതോടെ പ്ലാന്റ് അടച്ചിടാൻ മദ്രാസ് ഹൈക്കോടതി വീണ്ടും ഉത്തരവിട്ടു.[9][10][11] എന്നാൽ ഏപ്രിലിൽ സുപ്രീം കോടതി, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് മരവിപ്പിക്കുകയും പകരം പരിസ്ഥിതി മലിനീകരണത്തിന് സ്റ്റെർലൈറ്റിൽ നിന്ന് 100 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു. [8] 2018 ഏപിൽ, മേയ് മാസങ്ങളിൽ നിയമങ്ങൾ ലംഘിച്ചുകൊണ്ട് സ്റ്റെർലൈറ്റ് പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനം നടത്താൻ തീരുമാനിച്ചതോടെ തൂത്തുക്കുടിയിൽ ജനങ്ങൾ സമരം ചെയ്യാൻ ആരംഭിച്ചു.[12][3] 2018 മേയ് 22-ന് സംഘർഷം ഉണ്ടായതിനെത്തുടർന്ന് പോലീസ് വെടിവെയ്ക്കുകയും 11 പേർ കൊല്ലപ്പെടുകയും ചെയ്തു.സെക്ഷൻ 144 ആണ് പ്രശ്നത്തെ നിയന്ത്രിക്കാനായി തൂത്തുക്കുടിയിൽ പ്രയോഗിച്ചത്.[13] അവലംബം
|
Portal di Ensiklopedia Dunia