സ്വാതി സംഗീതോത്സവം നടന്നുവരുന്ന കുതിരമാളികയുടെ പൂമുഖം, ഒരു സംഗീതസദസ്സ് ആരംഭിക്കുന്നതിനു തൊട്ടു മുൻപ്
പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ രാജാവും അതേസമയം സംഗീതസമ്രാട്ടുമായിരുന്ന മഹാരാജാ സ്വാതിതിരുനാളിന്റെ സ്മരണയിൽ, 2001 മുതൽ, എല്ലാ വർഷവും ജനുവരിമാസത്തിൽ, തിരുവനന്തപുരത്ത് നടക്കുന്ന സംഗീതമേളയാണ് സ്വാതി സംഗീതോത്സവം. കവടിയാർ കൊട്ടാരമാണ് ഇതിന്റെ സംഘാടകർ. സ്വാതിതിരുനാളിന്റെ കാലത്ത് നിർമ്മിക്കപ്പെട്ട പ്രസിദ്ധമായ കുതിരമാളികയുടെ(പുത്തൻ മാളിക) പൂമുഖമാണ് ഇതിന്ന് വേദിയാകുന്നത്. കൊട്ടാരമുറ്റത്തിന്റെ വിശാലമായ അങ്കണം ശ്രോതാക്കൾക്ക് അപൂർവ്വവും അനുപമവുമായ ഒരു അസ്വാദനസുഖം നൽകുന്നു.
മഹാരാജാ സ്വാതിതിരുനാളിന്റെ കൃതികൾക്ക് മാത്രമായി നീക്കിവച്ചിട്ടുള്ള ഈ കച്ചേരികളിലേക്ക് പ്രവേശനം സൗജന്യമാണ്
തുടക്കം
സംഗീതോത്സവവേദിയായ കുതിരമാളിക- ശ്രോതാക്കൾക്കായുള്ള താത്കാലിക പന്തലും കാണാം
നേരത്തേ കേരള സർക്കാർ ഇതേ വേദിയിൽ ഈ പരിപാടി നടത്തിയിരുന്നതിന്റെ വേദി പിൽക്കാലത്ത് കേരളത്തിന്റെ വിവിധ പട്ടണങ്ങളിലേക്ക് മാറ്റിയിരുന്നു. അതേത്തുടർന്ന് സ്വാതിതിരുനാളിന്റെ ഓർമ്മക്ക് ഒരു സ്ഥിരം സംഗീതോത്സാവം തിരുവനന്തപുരത്തുതന്നെ നടത്താനായി രാജകുടുംബാംഗവും പ്രസിദ്ധ കർണ്ണാടകസംഗീതജ്ഞനുമായ പ്രിൻസ് രാമവർമ്മയുടെ ശ്രമത്തിൽ രൂപംകൊണ്ട തിരുവിതാംകൂർ ട്രസ്റ്റ് ആണ് ഇതിന്ന് നേതൃത്വം നൽകുന്നത്.
ഭാരതത്തിലെ പ്രഗൽഭരായ സംഗീതവിദ്വാന്മാരെല്ലാം ഈ സംഗീതോത്സവത്തിൽ പാടാനെത്തുന്നുണ്ട്. അവരെ പങ്കെടുപ്പിക്കുന്നതോടൊപ്പം തന്നെ ഉയർന്നുവരുന്ന യുവഗായകനിരയെ പ്രോത്സാഹിപ്പിക്കാനും ഈ സംഗീതോത്സവം പരമാവധി ശ്രദ്ധിക്കുന്നു. ആരംഭിച്ച് പതിനഞ്ചു വർഷം പൂർത്തിയായ 2014 മുതൽ സാധാരണയുണ്ടായിരുന്ന ഏഴു ദിവസത്തിൽ നിന്ന് പത്ത് ദിവസമായി ഈ സംഗീതോത്സവം വിപുലീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ വർഷവും ജനുവരി നാലാം തിയ്യതി മുതലാണ് ഇതാരംഭിക്കുന്നത്.