ഹാരി പോട്ടറിലെ മന്ത്രങ്ങൾജെ.കെ. റൗളിങ് രചിച്ച ഹാരി പോട്ടർ പരമ്പരയിലെ മാന്ത്രികലോകത്ത് ഉപയോഗിക്കുന്ന മന്ത്രങ്ങൾ. അഅവാഡ കഡാവ്രപച്ചനിറമുള്ള ഒരു പ്രകാശമായി മന്ത്രവടിയിൽ നിന്ന് ഉതിരുകയും എതിരാളിയെ നിന്നനില്പിൽ കൊല്ലുകയും ചെയ്യുന്ന മാരക മന്ത്രം. മാന്ത്രിക ലോകത്തെ അക്ഷന്തവ്യമായ മൂന്ന് ശാപങ്ങളിലൊന്നാണ് ഇത്. അതുകൊണ്ടുതന്നെ ഇതിനെ മന്ത്രം (spell) എന്നും ശാപം (curse) എന്നും നോവലിൽ പരാമർശിക്കുന്നുണ്ട്. മറ്റൊരു അവാഡ കഡാവ്ര മന്ത്രം കൊണ്ടല്ലാതെ ഇതിനെ തടുക്കാനോ നിർവീര്യമാക്കാനോ സാധ്യമല്ല. അതേസമയം മറ്റേതെങ്കിലും വസ്തുവിനു പിന്നിൽ ഒളിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്ത് ഈ മന്ത്രം ഉണ്ടാക്കുന്ന പ്രകാശരശ്മികൾ ശരീരത്തിൽ കൊള്ളാതെ നോക്കാനാവും; ശാപവചനമായി ഈ മന്ത്രം പ്രയോഗിക്കുന്ന മന്ത്രവാദിയെ മറ്റ് മന്ത്രങ്ങൾ കൊണ്ടോ കായികമായോ തടയാനും ശ്രദ്ധതിരിക്കാനും പറ്റും. ശക്തമായ മന്ത്രസിദ്ധിയാർജ്ജിക്കാത്തവർ ഈ മന്ത്രം ഉപയോഗിച്ചാൽ ഫലിക്കില്ല. മറ്റൊരു മനുഷ്യജീവിയിൽ ഈ മന്ത്രം പ്രയോഗിക്കുന്നവർ മാന്ത്രികരുടെ തടവറയായ അസ്കബാനിൽ ജീവപര്യന്തം അടയ്ക്കപ്പെടാം എന്ന് കഥയിൽ പറയുന്നു. ദുർമന്ത്രവാദിയായ വോൾഡെർമോർട്ട് പ്രഭു ഇതുപയോഗിച്ചാണ് ലില്ലി പോട്ടർ, ജെയിംസ് പോട്ടർ എന്നിവരെ വധിക്കുന്നത്. ഇതേ മന്ത്രം മൂലമാണ് സിറിയസ് ബ്ലാക്ക്, ഡംബ്ൽഡോർ, സെഡ്രിക് ഡിഗ്ഗറി എന്നീ പ്രമുഖർ നോവലിൽ കൊല്ലപ്പെടുന്നത്. ഹാരി പോട്ടർ നോവലുകളിൽ ഈ തീക്ഷ്ണ ശാപം വീണിട്ടും ജീവൻ നഷ്ടപ്പെടാത്ത രണ്ടേരണ്ടു പേർ ഹാരി പോട്ടറും വോൾഡമോർട്ട് പ്രഭുവും ആണ്. ഇതിൽ ഹാരി പോട്ടർക്ക് രണ്ട് തവണ അവാഡ കഡാവ്ര ഏൽക്കുന്നുണ്ട്. ആദ്യതവണ ഹാരി രക്ഷപ്പെടുന്നത് അവന്റെ അമ്മയുടെ ജീവത്യാഗത്തിന്റെ ഫലമായുണ്ടായ “സ്നേഹത്തിന്റെ കവചം” നൽകിയ സംരക്ഷണത്തിലാണ്. ആ കവചത്തിന്റെ ശക്തിയാൽ അവനിൽ തട്ടിയ തിരികെ പോകുന്ന മന്ത്രം വോൾഡമോർട്ട് പ്രഭുവിനെ നശിപ്പിക്കുന്നു. ഹോർക്രക്സുകളുടെ സഹായത്തോടെ മൃത്യുവിനെ ജയിക്കാൻ വോൾഡമോർട്ട് പ്രഭു നടത്തുന്ന പദ്ധതി സഫലമാകുന്നതു കൊണ്ട് മരണമന്ത്രമേറ്റിട്ടും വോൾഡമോർട്ടിന്റെ ആത്മാവ് നശിക്കാതെ നിൽക്കുന്നു. കഥാന്ത്യത്തിൽ ഹാരിപോട്ടറിനു നേരെ രണ്ടാമതും വോൾഡമോർട്ട് പ്രഭു അവാഡ കഡാവ്ര പ്രയോഗിക്കുന്നുണ്ടെങ്കിലും അത്തവണയും ഹാരി മരിക്കുന്നില്ല, പകരം ഹാരിയിൽ കുടികൊണ്ടിരുന്ന വോൾഡമോർട്ടിന്റെ ആത്മാവിന്റെ ഒരു കഷ്ണമാണ് നശിക്കുന്നത്. മരണത്തിൽ നിന്ന് തിരികെയെത്തുന്ന ഹാരിക്കെതിരേ മൂന്നാം തവണ മരണമന്ത്രം പ്രയോഗിക്കുന്ന വോൾഡമോർട്ടിനു തന്നെ ആ ശാപം തിരിച്ചടിക്കുകയും അയാളുടെ ആത്മാവിന്റെ അവസാന കഷ്ണവും നശിച്ച് എന്നെന്നേക്കുമായി വോൾഡമോർട്ട് എന്ന ദുർമന്ത്രവാദി ഇല്ലാതാവുകയും ചെയ്യുന്നു. ഫീനിക്സ് പക്ഷികൾ ഈ മന്ത്രമേറ്റാൽ സ്വയം അഗ്നിനാളങ്ങളായി ദഹിച്ചില്ലാതാവുമെന്നും ആ ചാരത്തിൽ നിന്ന് പുനർജനിക്കുമെന്നും നോവൽ പറയുന്നു. പ്രാചീന അരമായിക് ഭാഷയിൽ നിന്നുള്ള “അബ്രാകദാബ്ര” എന്ന മന്ത്രത്തിൽ നിന്നാണ് ജെ.കെ റൌളിംഗ് അവാഡ കഡാവ്ര ഉരുത്തിരിച്ചത്. “ഇതു നശിക്കട്ടെ” എന്ന അർത്ഥത്തിലാണ് അബ്രാകദാബ്ര ഉപയോഗിക്കപ്പെട്ടിരുന്നത്; “ഇത്” എന്നതു കൊണ്ടുദ്ദേശിച്ചത് “രോഗം” എന്നാണെന്നും “രോഗചികിത്സ” ഉദ്ദേശിച്ചാണ് അബ്രാകദാബ്ര ഉപയോഗിക്കപ്പെട്ടിരുന്നതെന്നും അത് തന്റേതായ രീതിയിൽ രൂപാന്തരണം ചെയ്താണ് മരണമന്ത്രമാക്കിയതെന്ന് ജെ.കെ റൌളിംഗ് പറയുന്നു[1]. ശവശരീരത്തിനു ലത്തീനിൽ പറയുന്ന വാക്കായ “കഡാവർ” എന്ന പദവും അവാഡ കഡാവ്രയിൽ റൌളിംഗ് വിളക്കിച്ചേർത്തിട്ടുണ്ടാവാം. അവലംബം
|
Portal di Ensiklopedia Dunia