ഹാരിയറ്റ് ടബ്മൻ
അമേരിക്കയില്‍, അടിമകളുടെ മോചനത്തിനുവേണ്ടി പ്രവർത്തിച്ച വനിതയായിരുന്നു ടബ്മൻ, ഹാരിയറ്റ്. തോട്ടങ്ങളിലെ അടിമത്തൊഴിലാളികളുടെ മോസസ് എന്നറിയപ്പെട്ടിരുന്ന ടബ്മൻ മേരിലാൻഡിലെ ഡോർചെസ്റ്റർ കൗണ്ടിയിലുള്ള ഒരടിമകുടുംബത്തിലാണ് ജനിച്ചത്. 1820-ലാണു് അവർ ജനിച്ചതെന്നു് പൊതുവേ അനുമാനിക്കുന്നുണ്ടെങ്കിലും കൃത്യമായ തെളിവുകൾ ഇന്നും ലഭിച്ചിട്ടില്ല. വിവിധരേഖകൾ അനുസരിച്ച് 1820നും 1825നും ഇടയിലാണു് ജനനം. എഴുത്തും വായനയും അഭ്യസിച്ചിട്ടില്ലാത്ത ഇവർ അടിമപ്പണിയിൽ നിന്നു സ്വയം വിമുക്തയാവുകയും തോട്ടങ്ങളിൽ പണിയെടുത്തിരുന്ന നൂറുകണക്കിന് അടിമകളെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുവാൻ പ്രയത്നിക്കുകയും ചെയ്തു. ചരിത്രംഅരമിന്റാ എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീട് ഹാരിയറ്റ് എന്ന പേര് സ്വയം സ്വീകരിച്ചു. 1844-ൽ ഹാരിയറ്റിനെ ജോൺ ടബ്മൻ എന്ന അടിമയെക്കൊണ്ട് യജമാനൻ നിർബന്ധപൂർവം വിവാഹം കഴിപ്പിച്ചു. 5 വർഷത്തിനുശേഷം ഭർത്താവിനെ ഉപേക്ഷിച്ച് ഫിലഡെൽഫിയയിലേക്ക് ഒളിച്ചോടിയ ഇവർ, കുടുംബത്തെ മോചിപ്പിക്കാനായി ഭൂഗർഭ റെയിൽപ്പാതവഴി വീണ്ടും മെരിലാൻഡിൽ എത്തിച്ചേർന്നു. അടിമകളുടെ മോചനത്തിനുവേണ്ടി ഇവർ തിരഞ്ഞെടുത്ത മാർഗ്ഗം അതീവ സാഹസികമായിരുന്നു. 300- ലധികം അടിമകളെ ഭൂഗർഭ റെയിൽപ്പാതയിലൂടെ രക്ഷപ്പെടാൻ ഇവർ സഹായിച്ചു. അടിമത്തത്തിനെതിരായ പ്രവർത്തനങ്ങളിൽ തന്നോടൊപ്പം നിന്നവരോട് ടബ്മൻ കടുത്ത പട്ടാളച്ചിട്ടയിലാണ് പെരുമാറിയിരുന്നത്. അതിനാൽ ജനറൽ ടബ്മൻ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്നു. ഭൂഗർഭ റെയിൽപ്പാത വഴിയുള്ള സാഹസികമായ മോചനയാത്രകളിൽ അടിമകൾക്കുവേണ്ടി ഭക്ഷണമുണ്ടാക്കിക്കൊടുത്തിരുന്നത് ഇവർ തന്നെയായിരുന്നു. അടിമകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന പ്രസിദ്ധീകരണങ്ങൾക്കാവശ്യമായ വസ്തുതകൾ ശേഖരിച്ചു നൽകിയ ടബ്മൻ, ബോസ്റ്റണിലെ അടിമത്തവിരുദ്ധ സമ്മേളനങ്ങളിൽ പ്രസംഗിക്കുവാനും സന്നദ്ധയായി. ടബ്മനെ പിടിച്ചുകൊടുക്കുന്നവർക്ക് 40,000 ഡോളർ പ്രതിഫലം നൽകുമെന്നുള്ള ഗവൺമെന്റിന്റെ പ്രഖ്യാപനം, ഇവരുടെ അടിമത്തവിരുദ്ധ പ്രവർത്തനങ്ങളുടെ ശക്തിയാണ് വെളിപ്പെടുത്തുന്നത്. 1857-ൽ ടബ്മൻ തന്റെ മാതാപിതാക്കളെ രക്ഷിച്ച് ന്യൂയോർക്കിലെ അബേണിലെത്തിച്ചു. ആഭ്യന്തരയുദ്ധകാലത്ത് പാചകക്കാരി, നഴ്സ്, ചാരപ്രവർത്തക എന്നീ നിലകളിലെല്ലാം സൈനികസേവനം നടത്തിയ ടബ്മൻ യുദ്ധാനന്തരം അബേണിൽ സ്ഥിരതാമസമാക്കി. തുടർന്നും ഇവർ അടിമത്ത വിരുദ്ധപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. അടിമത്തത്തിൽ നിന്നും മോചിതരാവുന്ന കറുത്ത വംശജരുടെ പുനരധിവാസത്തിനായുള്ള പ്രവർത്തനങ്ങളും ടബ്മൻ ഏറ്റെടുത്തിരുന്നു. സാറാ ബ്രാഡ്ഫോർഡ് രചിച്ച ഹാരി ടബ്മൻ: ദ് മോസസ് ഒഫ് ഹെർ പീപ്പിൾ എന്ന ജീവചരിത്രകൃതി 1886-ൽ പ്രസിദ്ധീകരിച്ചതോടെയാണ് ടബ്മൻ ലോകപ്രശസ്തയായത്. അടിമത്തവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ടബ്മന് സ്ഥിര പ്രതിഷ്ഠ നേടിക്കൊടുത്തതും ഈ കൃതിതന്നെ. 1913-ൽ അന്തരിച്ച ടബ്മന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. പുറംകണ്ണികൾ
|
Portal di Ensiklopedia Dunia