ഹാൻസ് ക്യൂങ്ഹാൻസ് ക്യൂങ് (ജനനം: 1928 മാർച്ച് 19) സിറ്റ്സർലണ്ടിലെ ലുസേൺ പ്രവിശ്യയിലെ സർസീയിൽ ജനിച്ച ഒരു റോമൻ കത്തോലിക്കാ പുരോഹിതനും, വിവാദപുരുഷനായ ദൈവശാസ്ത്രജ്ഞനും, എഴുത്തുകാരനുമാണ്. 1995 മുതൽ "സാർവലൗകിക സന്മാർഗശാസ്ത്രത്തിനുവേണ്ടിയുള്ള ഫൗണ്ടേഷൻ"(Foundation for a Global Ethic) എന്ന സംഘടനയുടെ അദ്ധ്യക്ഷനാണ് അദ്ദേഹം. പരക്കെ ബഹുമാനിക്കപ്പെടുന്ന ഒരു കത്തോലിക്കാ പുരോഹിതനായി തുടരുന്നെങ്കിലും[ക], മാർപ്പാപ്പാമാരുടെ തെറ്റാവരത്തെ(Papal Infallibility) നിഷേധിച്ചതിന്റെ പേരിൽ കത്തോലിക്കാ ദൈവശാസ്ത്രം പഠിപ്പിക്കുന്നതിൽ നിന്ന് വത്തിക്കാൻ അദ്ദേഹത്തെ വിലക്കിയിരിക്കുന്നു. ടൂബിങ്ങൻ സർവകലാശാലയിലെ കത്തോലിക്കാ ഫാക്കൾട്ടി വിട്ടുപോകേണ്ടി വന്നെങ്കിലും അവിടെ സഭൈക്യ ദൈവശാസ്ത്രത്തിന്റെ(Ecumenical theology) അദ്ധ്യാപകനും, 1996 മുതൽ എമറിറ്റസ് പ്രൊഫസറും ആയി അദ്ദേഹം തുടരുന്നു. ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ സഹപ്രവർത്തകനായിരുന്നു ക്യൂങ്. യുവദൈവശാസ്ത്രജ്ഞന്മാരായിരിക്കെ അവരിരുവരും, കത്തോലിക്കാസഭയുടെ രണ്ടാം വത്തിക്കാൻ സൂനഹദോസിൽ (1962-65) ഉപദേഷ്ടാക്കളെന്ന നിലയിൽ പങ്കെടുത്തിരുന്നു. പിന്നീട് കുറേക്കാലം ടൂബിങ്ങൻ സർവകലാശാലയിൽ അവർ ഒരുമിച്ച് അദ്ധ്യാപകരുമായിരുന്നു. ജീവിതംജനനം, വിദ്യാഭ്യാസംസ്വിറ്റ്സർലണ്ടിൽ ലൂസേൺ പ്രവിശ്യയിലെ സർസീയിൽ ജനിച്ച ക്യൂങിന്റെ സ്കൂൾ വിദ്യാഭ്യാസം ലൂസേണിലെ ജിംനേഷിയത്തിലായിരുന്നു. പിന്നീട് റോമിലെ പൊന്തിഫിക്കൾ ഗ്രിഗോറിയൻ സർവകലാശാലയിൽ ദൈവശാസ്ത്രവും തത്ത്വശാസ്ത്രവും പഠിച്ച കങ്ങ്, 1954-ൽ പൗരോഹിത്യത്തിലേയ്ക്ക് പ്രവേശിച്ചു. തുടർന്ന് പാരിസിലെ സോർബോൺ അടക്കം യൂറോപ്പിലെ വിവിധ കലാശാലകളിൽ അദ്ദേഹം വിദ്യാഭ്യാസം തുടർന്നു. സോർബോണിൽ ക്യൂങിന്റെ ഗവേഷണവിഷയം പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞൻ കാൾ ബാർട്ടിന്റെ നീതീകരണസിദ്ധാന്തത്തിന്(Doctrine of justification) പരമ്പരാഗതമായ കത്തോലിയ്ക്കാ ബോധ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു. ദൈവദൃഷ്ടിയിൽ മനുഷ്യൻ എങ്ങനെ നീതിമാനാകുന്നു എന്നതിനെ സംബന്ധിച്ച പ്രൊട്ടസ്റ്റന്റ്-കത്തോലിക്കാ നിലപാടുകൾ തമ്മിലുള്ള സമാനതകളിലേയ്ക്ക് വെളിച്ചം വീശുകയാണ് ഈ പ്രബന്ധത്തിൽ അദ്ദേഹം ചെയ്തത്. വിഭജിച്ചു നിൽക്കുന്ന ക്രിസ്തീയവിഭാഗങ്ങൾക്കിടയിൽ രമ്യതയ്ക്കുള്ള മേഖലകൾ കണ്ടെത്തുന്നതിൽ ക്യൂങിനുണ്ടായിരുന്ന താത്പര്യത്തിന് ഉദാഹരണമാണ് ഈ ഗവേഷണപ്രബന്ധം. സൂനഹദോസിൽ1960-ൽ ജർമ്മനിയിൽ ടൂബിങ്ങനിലെ എബർഹാർഡ് കാൾസ് സർവകലാശാലയിൽ ദൈവശാസ്ത്രത്തിന്റെ പ്രൊഫസറായി അദ്ദേഹം നിയമിതനായി. അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ, പിന്നീട് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ആയിത്തീർന്ന ജോസഫ് റാറ്റ്സിഞ്ഞറെപ്പോലെ അദ്ദേഹത്തെയും, യോഹന്നാൻ ഇരുപതിമൂന്നാമൻ മാർപ്പാപ്പ രണ്ടാം വത്തിക്കാൻ സൂനഹദോസിൽ ദൈവശാസ്ത്രവിഷയങ്ങളിലെ വിദഗ്‌ധ ഉപദേശകനായി നിയമിച്ചു. 1965-ൽ സൂനഹദോസിന്റെ സമാപനം വരെ അവർ ആ സ്ഥാനത്തു തുടർന്നു. പിന്നീട് ക്യൂങ്ങിന്റെ ശുപാർശ അനുസരിച്ച് ടൂബിങ്ങൻ സർവകലാശാലയിലെ കത്തോലിയ്ക്കാ ഫാക്കൾട്ടി റാറ്റ്സിഞ്ഞറെ സൈദ്ധാന്തിക പ്രൊഫസറായി നിയമിച്ചു. എന്നാൽ 1968-ലെ ജർമ്മൻ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് റാറ്റ്സിഞ്ഞർ ടൂബിങ്ങനിൽ നിന്ന് റീഗൻസ്‌ബർഗ് സർവകലാശാലയിലേയ്ക്കു മാറിയതോടെ അവരുടെ സഹകരണം അവസാനിച്ചു. വിവാദം, വിലക്ക്1963 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അമേരിക്കയിൽ ആറാഴ്ചക്കാലത്തെ പര്യടനത്തിനിടെ ക്യൂങ് "സഭയും സ്വാതന്ത്ര്യവും" എന്ന വിഷയത്തെക്കുറിച്ച് പ്രസംഗിച്ചു. ആ പ്രസംഗത്തിന്റെ പേരിൽ അമേരിക്കയിലെ കത്തോലിക്കാ സർവകലാശാല അദ്ദേഹത്തിന് വിലക്കുകല്പിക്കുകയും സെയിന്റെ ലൂയീസ് സർവകലാശാല ഡോക്ടർ ബിരുദം നൽകി ബഹുമാനിക്കുകയും ചെയ്തു. രാഷ്ട്രപതി ജോൺ കെന്നഡിയുടെ ക്ഷണം സ്വീകരിച്ച് ക്യൂങ് വൈറ്റ് ഹൗസ് സന്ദർശിച്ചു.[1] 1960-കളുടെ അവസാനത്തിൽ കങ്ങ്, മാർപ്പാപ്പാമാർക്ക് തെറ്റാവരം ഉണ്ടെന്ന കത്തോലിക്കാസഭയുടെ സിദ്ധാന്തത്തെ ചോദ്യം ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിൽ ജർമ്മനിയിലെ "പഴയ കത്തോലിക്കാ സഭ" എന്ന വിഭാഗം "തെറ്റാവരത്തെക്കുറിച്ചുള്ള" തർക്കത്തിന്റെ പേരിൽ മാതൃസഭയിൽ നിന്ന് വേർപെട്ടുപോയതിനു ശേഷം ആ സിദ്ധാന്തത്തെ നിഷേധിച്ച ആദ്യത്തെ പ്രധാന ദൈവശാസ്ത്രജ്ഞൻ ആയിരുന്നു ക്യൂങ്. 1971-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച "തെറ്റാവരം? ഒരന്വേഷണം" എന്ന കൃതി വിവാദമുണർത്തി. തുടർന്ന്, 1979 ഡിസംബർ 18-ന്, കത്തോലിയ്ക്കാ ദൈവശാസ്ത്രജ്ഞനെന്ന നിലയിൽ പഠിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ലൈസൻസ് പിൻവലിക്കപ്പെട്ടു. എന്നാൽ ടൂബിങ്ങനിൽ സഭൈക്യദൈവശാസ്ത്രത്തിന്റെ സ്വതന്ത്ര പ്രൊഫസറായി അദ്ദേഹം തുടർന്നു. 1996-ൽ ആ സ്ഥാനത്തു നിന്ന് വിരമിച്ച ശേഷവും അദ്ദേഹം എമിറീറ്റ്സ് പ്രൊഫസറായി തുടരുന്നു. ഇക്കാലം വരെ, മാർപ്പാപ്പയുടെ "തെറ്റാവരത്തിന്റെ" വിമർശകനായി തുടരുന്ന ക്യൂങ്, ആ സിദ്ധാന്തത്തെ ദൈവപ്രചോദിതമല്ലാതെ മനുഷ്യമാത്രസൃഷ്ടമായ ഒരാശയമെന്ന് വിശേഷിപ്പിക്കുന്നു. ഏതായാലും ഇപ്പോഴും സഭാഭ്രഷ്ടനാക്കപ്പെടാതെ, കത്തോലിക്കാ പുരോഹിതനായി തന്നെ ക്യൂങ് തുടരുന്നു. 1981-ൽ മൂന്നു മാസക്കാലത്തേയ്ക്ക് ക്യൂങ് ചിക്കാഗോ സർവകലാശാലയിൽ അതിഥി-അദ്ധ്യാപകനായിരുന്നു. ആ സന്ദർശനത്തിൽ അമേരിക്കയിലെ കത്തോലിയ്ക്കാ സ്ഥാപനങ്ങളിൽ നോത്ര് ഡാം സർവകലാശാല മാത്രമാണ് അദ്ദേഹത്തെ ക്ഷണിക്കാൻ തയ്യാറായത്. ഫിൽ ഡൊണാഹ്യൂ ഷോ എന്ന ടെലിവിഷൻ പരിപാടിയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.[2] 1986-ൽ അദ്ദേഹം ഇൻഡിയാന സംസ്ഥാനത്തെ പശ്ചിമ ലഫായെറ്റെയിലുള്ള പർദ്യൂ സർവകലാശാലയിൽ നടന്ന മൂന്നാം ബുദ്ധ-ക്രിസ്തീയ ദൈവശാസ്ത്ര മുഖാമുഖത്തിലും പങ്കെടുത്തു.[3] മാർപ്പാപ്പാമാരും ക്യൂങുംയോഹന്നാൻ പൗലോസ്2005-ൽ ക്യൂങ്, "യോഹന്നാൻ-പൗലോസ് രണ്ടാമൻ മാർപ്പാപ്പയുടെ പരാജയങ്ങൾ" എന്ന പേരിൽ ഒരു ലേഖനം ഇറ്റലിയിലും ജർമ്മനിയിലും പ്രസിദ്ധീകരിച്ചു. എല്ലാവരും പ്രതീക്ഷിച്ചിരുന്ന പരിവർത്തനത്തിന്റേയും നവീകരണത്തിന്റേയും പരസ്പരസംവാദത്തിന്റേയും ഒരു കാലഘട്ടം കൊണ്ടുവരുന്നതിനു പകരം, പരിഷ്കരണങ്ങളേയും സഭകൾ തമ്മിലുള്ള ചർച്ചയേയും തടയുകയും വത്തിക്കാന്റെ പ്രാഥമികത എടുത്തുപറയുകയും ചെയ്തുകൊണ്ട് രണ്ടാം വത്തിക്കാൻ സൂനഹദോസിനു മുൻപുണ്ടായിരുന്ന അവസ്ഥ പുനസ്ഥാപിക്കുകയാണ് യോഹന്നാൻ പൗലോസ് രണ്ടാമൻ ചെയ്തതെന്ന് അദ്ദേഹം വാദിച്ചു.
ബെനഡിക്ട്2005 ഒക്ടോബർ 26-ആം തിയതി, വത്തിക്കാനിലെ ഒരു രാത്രി ഭക്ഷണത്തിൽ ക്യൂങ്, പഴയ സഹപ്രവർത്തകൻ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ അതിഥിയായത് നിരീക്ഷകരിൽ ചിലരെ അത്ഭുതപ്പെടുത്തി. കത്തോലിയ്ക്കാ ദൈവശാസ്ത്രത്തെ സംബന്ധിച്ച് അവർക്കിടയിൽ ഒരു സുഹൃദ്‌സംവാദത്തിന് അത് അവസരമൊരുക്കി.[4] 2009-ൽ പാരിസിലെ ലെ-മൊൻഡെ പത്രവുമായുള്ള ഒരഭിമുഖത്തിൽ, "പത്താം പീയൂസിന്റെ സഭ" എന്ന യാഥാസ്ഥിതികസമൂഹത്തിന്റെ വിലക്കു നീക്കിയ വത്തിക്കാന്റെ നടപടിയെ ക്യൂങ് നിശിതമായി വിമർശിച്ചു. ക്രി.വ. 325-ലെ നിഖ്യാ സൂനഹദോസിൽ നിന്ന് ഒട്ടും മുന്നോട്ടുപോകാത്ത ദൈവശാസ്ത്രമാണ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പിന്തുടരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കത്തോലിക്കാ കർദ്ദിനാൽ സംഘത്തിന്റെ തലവനും വത്തിക്കാൻ വിദേശമന്ത്രിയുമായ എഞ്ചലോ സൊഡാനോ ഈ അഭിമുഖത്തെ വിമർശിച്ചു.[5] ആഗ്ലിക്കൻ സഭയിലെ പരിവർത്തനവിരോധികൾക്ക് കത്തോലിക്കാ സഭയിൽ ചേർന്നത് എളുപ്പമാക്കാനുള്ള വത്തിക്കാന്റെ തീരുമാനത്തേയും ക്യൂങ് വിമർശിച്ചു. സഭകൾ തമ്മിലുള്ള ഐക്യത്തിന്റെ ചൈതന്യത്തിന് നിരക്കാത്ത ഇത്തരം നടപടികൾ കത്തോലിക്കാ സഭയെ എല്ലാ ക്രിസ്തീയവിഭാഗങ്ങളിലേയും പരിവർത്തനവിരോധികളുടെ താവളമാക്കി മാറ്റുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.[6] കുറിപ്പുകൾക. ^ "1979-ൽ മറ്റൊരു മാർപ്പാപ്പയുടെ കീഴിൽ മതദ്രോഹവിചാരണയുടെ വ്യക്തിപരമായ അനുഭവം എനിക്കുണ്ടായി. പഠിപ്പിക്കാനുള്ള എന്റെ അധികാരം കത്തോലിക്കാ സഭ പിൻവലിച്ചു. എന്നാൽ കത്തോലിക്കാ ഫാക്കൾട്ടിയിൽ നിന്ന് വേർപെട്ട എന്റെ ഇൻസ്റ്റിട്യൂട്ടിന്റെ അദ്ധ്യക്ഷനായി ഞാൻ തുടർന്നു. രണ്ടു ദശകങ്ങൾ കൂടി ഞാൻ, എന്റെ സഭയോട് വിമർശനാത്മകമെങ്കിലും അചഞ്ചലമായ വിശ്വസ്തതയിൽ തുടർന്നു. ഇന്നേവരെ ഞാൻ സഭൈക്യ ദൈവശാസ്ത്രത്തിന്റെ പ്രൊഫസറും അംഗീകരിക്കപ്പെടുന്ന കത്തോലിക്കാ പുരോഹിതനുമായി തുടരുന്നു. കത്തോലിക്കാ സഭയിലെ മാർപ്പാപ്പാ സ്ഥാനത്തെ ഞാൻ പിന്തുണക്കുന്നു. അതേസമയം, സുവിശേഷങ്ങളുടെ മാനദണ്ഡങ്ങൾക്കനുസരിച്ച അടിസ്ഥാനപരമായ നവീകരണത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു."[7] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia