ഹുവാൻ പോൺസ് എൻറീലെ
ഫിലിപ്പീൻസിലെ ഒരു രാഷ്ട്രീയനേതാവാണ് ഹുവാൻ പോൺസ് ഏൻറീലെ (Juan Ponce Enrile) (ജനനം: 14 ഫെബ്രുവരി 1924). ഫിലിപ്പീൻസിലെ രക്ഷാമന്ത്രിയുടെ പദവി ഉൾപ്പെടെ ഉൾപ്പെടെ പല അധികാരസ്ഥാനങ്ങളും വഹിച്ചിട്ടുള്ള എൻറീലെ ഇപ്പോൾ(2012) രാജ്യത്തെ നിയമനിർമ്മാണസഭയുടെ ഉപരിമണ്ഡലമായ സെനറ്റിന്റെ അദ്ധ്യക്ഷനാണ്.[1] ഉത്തരഫിലിപ്പീൻസിലെ കഗായാൻ പ്രവിശ്യയിൽ പ്രശസ്ത വക്കീലും പ്രാദേശികനേതാവും ആയിരുന്ന അൽഫോൻസോ പോൺസ് എൻറീലേയുടേയും പാവപ്പെട്ട ഒരു മീൻപിടുത്തക്കാരന്റെ മകൾ പെട്രാ ഫുരാഗാനാന്റേയും മകനായാണ് എൻറീലെ ജനിച്ചത്. "ഹുവാനിറ്റോ ഫുറാഗാനാൻ" എന്നായിരുന്നു ആദ്യനാമം. മുന്നേ വിവാഹിതനായിരുന്ന പിതാവിന് വിവാഹേതര ബന്ധത്തിൽ ജനിച്ച എൻറീലെ യൗവനാരംഭത്തിൽ അച്ഛനെ കണ്ടെത്തിയതോടെ പുതിയ പുതിയ പേരു സ്വീകരിച്ച് അദ്ദേഹത്തിന്റെ സംരക്ഷണയിൽ വളർന്ന് വിദ്യാഭ്യാസം നേടി.[2] അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിൽ നിന്നു നിയമബിരുദം സമ്പാദിച്ച എൻറീലെ, അഭിഭാഷകനെന്ന നിലയിൽ പേരെടുത്തു. ![]() പിന്നീട് അദ്ദേഹം രാഷ്ട്രീയരംഗത്തു പ്രവേശിക്കുകയും ഫെർഡിനാന്റ് മാർക്കോസിന്റെ ഭരണത്തിൻ കീഴിൽ ആദ്യം നിയമവകുപ്പിന്റെ കാര്യദർശിയും, തുടർന്ന് രാജ്യരക്ഷാമന്ത്രിയും ആയിത്തീരുകയും ചെയ്തു. മാർക്കോസ് ഭരണത്തിന്റെ നെടുംതൂണുകളിൽ ഒരാളായി എൻറീലെ കരുതപ്പെടുന്നു. രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിച്ച മാർക്കോസ് അതിനെ ന്യായികരിക്കാൻ എടുത്തുകാട്ടിയ കാരണങ്ങളിലൊന്ന് എൻറീലേക്കെതിരെ നടന്നതായി അവകാശപ്പെട്ട വധശ്രമമാണ്. അത് ഭരണകൂടം അരങ്ങേറ്റിയ നാടകമായിരുന്നെന്ന് പിൽക്കാലത്ത് എൻറീലെ തന്നെ സമ്മതിച്ചിട്ടുണ്ട്. ക്രമേണ മാർക്കോസുമായി അകന്ന അദ്ദേഹം പ്രതിപക്ഷത്തോടു ചേർന്ന് മാർക്കോസ് ഏകാധിപത്യത്തിന് അറുതിവരുത്തിയ ജനമുന്നേറ്റത്തിന്റെ നേതൃനിരയിലെത്തി. ഫിലിപ്പീൻ രാഷ്ട്രീയത്തിൽ തുടർന്നും നിർണ്ണായകസ്ഥാനം നിലനിർത്തിയ അദ്ദേഹം നിയമനിർമ്മാണസഭയുടെ ഉപരിമണ്ഡലമായ സെനറ്റിലെ അംഗവും 2008 നവംബർ മുതൽ ആ സഭയുടെ അദ്ധ്യക്ഷനുമാണ്. സെനറ്റ് അദ്ധ്യക്ഷൻ എന്ന നിലയിൽ, 2012-ൽ സുപ്രീം കോടതിയിലെ മുഖ്യന്യായാധിപൻ റെനാറ്റോ കൊറോണയെ പദവിയിൽ നിന്നു നീക്കിയ കുറ്റവിചാരണയിൽ (ഇമ്പീച്ച്മെന്റ്) അദ്ധ്യക്ഷം വഹിച്ചതും എൻറീലെ ആയിരുന്നു. വിവാദപരവും സങ്കീർണ്ണവുമായ ആ നടപടിയിൽ 88 വയസ്സുള്ള എൻറീലെയുടെ പങ്കും നേതൃത്വവും പരക്കെ പ്രശംസിക്കപ്പെട്ടു. വിചാരണയിൽ സെനറ്റിനു മുൻപിൽ സാക്ഷിയായെത്തിയ കൊറോണ ദീർഘമായൊരു പ്രസ്താവനയ്ക്കു ശേഷം ചോദ്യം ചെയ്യലിനു നിൽക്കാതെ ഇറങ്ങിപ്പോകാൻ ഒരുങ്ങിയപ്പോൾ, സെനറ്റിന്റെ വാതിലുകൾ അടയ്ക്കാൻ എൻറീലെ ഉത്തരവിട്ടു. കുറ്റവിചാരണയുടെ സമാപ്തിയിൽ മുഖ്യന്യായാധിപനെ കുറ്റക്കാരനായി വിധിച്ച ഭൂരിപക്ഷത്തിനൊപ്പം നിന്ന എൻറീലെ, തന്നെപ്പോലുള്ള അപൂർണ്ണരായ മർത്ത്യജീവികളുടെ വിധി നേരിടേണ്ടി വരുന്നവർക്ക് പിന്നീട് ചരിത്രത്തിന്റേയും, അന്തിമമായി ദൈവത്തിന്റെ തന്നെയും വിധിയിൽ ആശ്വാസം അന്വേഷിക്കാമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.[3] അവലംബം
|
Portal di Ensiklopedia Dunia