ഉത്പൽ ദത്ത്
ബംഗാളി നാടകസംവിധായകനും ചലച്ചിത്രനടനും ആണ് ഉത്പൽ ദത്ത്[1][2][3][4]. ജീവിതരേഖ1929 മാർച്ച് 29-ന് അസമിലെ ഷില്ലോങ്ങിൽ ജനിച്ചു. സെന്റ് സേവിയേഴ്സ് കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ പഠനം നടത്തി. വിദ്യാഭ്യാസത്തിനുശേഷം ബംഗാളി നാടകവേദിയിൽ പ്രവേശിച്ചു. 1940-കളുടെ തുടക്കത്തിൽ ജെഫ്രികെൻഡലിന്റെ ഷെയ്ക്സ്പിയർ നാടകങ്ങളിലൂടെ നാടകരംഗത്ത് എത്തി. പിന്നീട് ലിറ്റിൽ തിയെറ്റർ ഗ്രൂപ്പിനുവേണ്ടി ഷെയ്ക്സ്പിയർ നാടകങ്ങൾ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. 1949-ൽ സ്വന്തം നാടകസമിതി തുടങ്ങിയ ഇദ്ദേഹം അടുത്തവർഷം മുതൽ 'ഇപ്റ്റ' (IPTA-ഇന്ത്യൻ പീപ്പിൾസ് തിയെറ്റർ അസോസിയേഷൻ)യുടെ ബംഗാളി ഘടകവുമായി ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. അതു മുതൽ ഇദ്ദേഹം ഇന്ത്യയിലെ ഇടതുപക്ഷ-പുരോഗമന നാടക പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമായിത്തീരുകയായിരുന്നു. തെരുവു നാടകങ്ങളായിരുന്നു അക്കാലത്ത് പ്രധാനമായി ഇദ്ദേഹം അവതരിപ്പിച്ചിരുന്നത്. അധികാര കേന്ദ്രങ്ങൾക്കെതിരെ അതിശക്തമായ കടന്നാക്രമണങ്ങൾ അഴിച്ചുവിട്ട ചാർജ് ഷീറ്റ് (1950) തുടങ്ങിയ നാടകങ്ങളിലൂടെ ദത്ത് നാടകത്തെ അക്ഷരാർഥത്തിൽ ഒരു സമരായുധമാക്കി മാറ്റുകയാണു ചെയ്തത്. ഈ നാടകത്തിന്റെ ആദ്യാവതരണംതന്നെ നിരോധിക്കപ്പെട്ടു. പക്ഷേ, അടുത്തദിവസം നാടകം ഹസ്രാപാർക്കിൽ അവതരിപ്പിക്കുകയുണ്ടായി. 1961-ൽ ഇദ്ദേഹം സംവിധാനം ചെയ്ത ഉത്തർപ്പരയും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 1975-ൽ അടിയന്തരാവസ്ഥയ്ക്കെതിരെ ദുസ്വപ്നേർ നഗരി എന്ന നാടകവുമായി ഉത്പൽ ദത്ത് വീണ്ടും രംഗത്തുവന്നു. ഇതിനിടെ ഇന്ത്യൻ നാടകചരിത്രത്തിൽ ശ്രദ്ധേയമായ ഒട്ടനവധി രംഗനാടകങ്ങൾ ഇദ്ദേഹം തയ്യാറാക്കിക്കഴിഞ്ഞിരുന്നു. അവയിൽ പ്രധാനപ്പെട്ടവയാണ് ആങ്ഗർ (1959), കല്ലോൽ (1965), ദിൻ ബാദലർ പല (1967), തിനേർ തൽവാർ (1970), ബാരിക്കേഡ് (1972) തുടങ്ങിയവ. നാടോടി പുരാവൃത്തങ്ങളിൽനിന്ന് അതിശക്തമായ പുരോഗമന പുരാവൃത്തങ്ങളിലേക്ക് നാടകത്തിലൂടെ എത്തിച്ചേരുക എന്ന പിസ്കേറ്ററുടെ നാടകസമീപനം ഇന്ത്യയിൽ ഇദംപ്രഥമമായി പരീക്ഷിച്ചു വിജയിപ്പിച്ച നാടകകൃത്താണ് ഉത്പൽ ദത്ത്. 1969-ൽ ഇദ്ദേഹം ബംഗാളിലെ 'ജാത്ര'യെ അവലംബിച്ചുകൊണ്ടു നടത്തിയ നാടകപരീക്ഷണങ്ങൾ പില്ക്കാലത്ത് ഒരു നവീന നാടകസരണിയായി മാറി. ഇതിന്റെ മികച്ച ഉദാഹരണമാണ് റൈഫിൾ എന്ന നാടകം. നാടകത്തിൽ 'ജാത്ര'യെ സ്വാംശീകരിച്ചുകൊണ്ട് ഇദ്ദേഹവും ശംഭുമിത്രയും ചേർന്ന് പിന്നീട് പ്രവർത്തിച്ചു. 19-ാം നൂറ്റാണ്ടിലെ ബംഗാളി നാടകാചാര്യനായിരുന്ന മൈക്കേൽ മധുസൂദനെക്കുറിച്ചു നിർമിച്ച മൈക്കേൽ മധുസൂദൻ എന്ന ബംഗാളി ചിത്രത്തിലൂടെ ഇദ്ദേഹം ചലച്ചിത്രരംഗത്തെത്തി. തുടർന്ന് മൃണാൾ സെന്നിന്റെ ഭുവൻഷോമിൽ അഭിനയിച്ചു. പിന്നീട് ഹിന്ദിയിലെ കച്ചവടസിനിമകളിൽ പലതിലും ഇദ്ദേഹം അഭിനയിക്കുകയുണ്ടായി. സത്യജിത് റേയുടെ ആഗന്തുക്, ഹിരാക് രജർ ദേശ് തുടങ്ങിയ ചിത്രങ്ങളിലും ഇദ്ദേഹം വേഷമണിഞ്ഞു. ഗുഡ്ഡി, ഗോൽമാൽ, നരം ഗരം, ഷൗകീൻ എന്നിവ ദത്തിന്റെ ഹാസ്യചിത്രങ്ങളിൽ ചിലവയാണ്. ബംഗാളിലെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്)യുടെ സാംസ്കാരിക വേദികളിൽ ജീവിതാന്ത്യംവരെ ഇദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. 1982-ൽ ആത്മകഥ പ്രകാശിപ്പിക്കപ്പെട്ടു. 1993 ആഗസ്റ്റ്19-ന് ഇദ്ദേഹം കൊൽക്കത്തയിൽ അന്തരിച്ചു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia