കരിംകൊക്ക്
ബകങ്ങളുടെ (Stork) വർഗ്ഗത്തില്പെട്ട സിക്കോണിയ എന്ന ജാതിയിൽ(Genus) വലിയ പക്ഷികളാന് കരിംകൊക്ക് അഥവാ കരുവാരക്കുരു (Woolly- necked Stork- Ciconia episcopes). വലിയ ജലാശയങ്ങളുടെ സമീപത്തും പാടങ്ങളിലും എന്നുവേണ്ട സാമാന്യം ജലസാമീപ്യമുള്ള ഏതു സ്ഥലവും കരിംകൊക്കുകളുടെ ആവാസകേന്ദ്രങ്ങളാണെങ്കിലും അണക്കെട്ടുകളോട് ഇവക്ക് പ്രത്യേക പ്രതിപത്തിയുണ്ട്. സിക്കോണിയ എന്ന ജാതിയിൽ (Genus) കേരളത്തിൽ കാണുന്ന ആറു പക്ഷികളിലൊന്നാണ് കരിംകൊക്ക്. എണ്ണത്തിലും ഇവ വളരെ കുറവായിരിക്കും. കന്യാസ്ത്രീ കൊക്ക് എന്നും ഇവ അറിയപ്പെടുന്നു. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സസിൻ്റെ റെഡ് ലിസ്റ്റിൽ വംശനാശ സാധ്യതയുള്ള ജീവികളുടെ പട്ടികയിലുള്ള പക്ഷിയാണ് കരിംകൊക്ക്.[2] പേരിനു പിന്നിൽകറുത്ത നിറം ഉള്ളതിനാൽ കരിങ്കൊക്ക് എന്ന പേർ. ബകം എന്നും പേരുണ്ട്. മഞ്ഞുപോലുള്ള ആവരണം കഴുത്തിനു ചുറ്റമുള്ളതിനാലാണ് സംസ്കൃതത്തിൽ ശിതികണ്ഠ എന്ന പേരു് വന്നത്. ആവാസവ്യവസ്ഥകൾകണ്ടുവരുന്ന സ്ഥലങ്ങൾ: ആഫ്രിക്ക, ഏഷ്യ, ഇന്തോനേഷ്യ, തുടങ്ങി എല്ലാ തീര പ്രദേശങ്ങളിലും കണ്ടുവരുന്നു. ഭാരതത്തിൽ വരണ്ട പ്രദേശങ്ങൾ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇവയെ കാണാം. 700 മീറ്റർ ഉയരത്തിൽ വരെ ഇവയെ കണ്ടുവരുന്നു. ശാരീരിക പ്രത്യേകതകൾശരീര വലിപ്പം: 900 മി.മീ ഓളം വരും. ലിംഗഭേദം വേർതിരിക്കാനാവില്ല. കഴുകനോളം വലിപ്പമുള്ള കരിംകൊക്കുകളെ പെട്ടെന്നു തന്നെ തിരിച്ചറിയാം. കഴുത്തും ഉദരവും പിൻഭാഗവും തൂവെള്ളയായിരിക്കും. കഴുത്തിനു താഴെ കാലുവരെയുള്ള ഭാഗവും, പുറവും, വാലും ചിറകും നെറ്റിയും കാലിന്റെ മുകൾ ഭാഗവും ഏതാണ്ട് കറുപ്പാണ്. വാലിൽ V ആകൃതിയിൽ ഒരു വെട്ടുകാണാം. ഏറ്റവും പിൻഭാഗത്തെ തൂവലുകൾ അൽപ്പം നീണ്ടു നിൽക്കുന്നു. ശരീരത്തിലെ കറുത്ത തൂവലുകൾ അല്പം തിളക്കമുള്ളവയും പ്രകാശപതന കോണിനനുസരിച്ച് നിറം മാറാൻ കഴിവുള്ളവയുമാണ്. പറക്കുമ്പോൾ ചുവന്ന കാലുകൾ പിന്നോട്ട് ശരീരത്തിനേക്കാൾ നീണ്ടിരിക്കുന്നു. കൊക്ക്(ചുണ്ട്) തടിച്ചു നീണ്ട് അഗ്രം കൂർത്തവയാണ്, അതിന്റെ താഴത്തെ പാളി അഗ്രഭാഗത്ത് അല്പം മുകളിലേക്ക് വളഞ്ഞിരിക്കും. പാദം ചെറുതും വീതിയുള്ള വിരലുകളുള്ളവയുമായതിനാൽ നഖങ്ങളും അപ്രകാരമായിരിക്കും. നീണ്ട കണങ്കാലാണ് മറ്റൊരു പ്രത്യേകത. ഓന്തിനെ പോലെയോ മറ്റോ കരിംകൊക്കിനും പ്രകൃതിയിൽ ഒളിക്കാൻ(Camouflage) കഴിവുണ്ട്. അവയുടെ നിറത്തിന്റെ പ്രത്യേകതമൂലം പാറപ്പുറത്തിരിക്കുമ്പോൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ദൂരെനിന്നു നോക്കുമ്പോൾ പാറപ്പുറത്ത് അല്പം വെള്ളച്ചായം വീണതുപോലാണനുഭവപ്പെടുക. ശബ്ദം പുറപ്പെടുവിക്കാനുള്ള പേശികളില്ലാത്തതിനാൽ മിക്കവാറും നിശ്ശബ്ദരാണിവ. എങ്കിലും ഒരുതരം മുക്കുറയും, സീൽക്കാര ശബ്ദവും ഇവ ഉണ്ടാക്കും. ചുണ്ടിന്റെ പാളികൾ കൂട്ടിയിടിച്ചും ഒച്ചയുണ്ടാക്കാറുണ്ട്. ഇരതേടൽവലിയജലാശയങ്ങളെ ഇഷ്ടപ്പെടുന്നുവെങ്കിലും ഇരതേടുന്നത് അധികം ഉയരത്തിൽ ജലം കെട്ടിക്കിടക്കാത്ത സ്ഥലങ്ങളിൽ നിന്നുമാവും. പാടങ്ങളിൽ നിന്നോ ജലം കെട്ടിക്കിടക്കുന്ന തരിശുഭൂമികളിലോ ഇവ ഇരതേടുന്നതു കാണാം. റബ്ബർ മരങ്ങൾക്കിടയിൽ കാണുന്ന ജലം ശേഖരിക്കാനുള്ള വെട്ടിത്താപ്പുകൾക്കു സമീപവും ഇവയെ കാണാവുന്നതാണ്. ഇരതേടുമ്പോൾ ഒരു സ്ഥലത്തു തന്നെ നിൽക്കാൻ ഇവ താത്പര്യപ്പെടുന്നു. നടക്കേണ്ടിവന്നാൽ ഓരോ കാലായി മടിച്ചുമടിച്ചു മുന്നോട്ടുവച്ച് നീങ്ങുന്നു. അപൂർവ്വമായേ പുഴകളിലും മറ്റും ഇറങ്ങിനിന്ന് ഇരപിടിക്കുന്നതും മത്സ്യത്തിനെ പിടിക്കുന്നതും കാണാൻ കഴിയൂ. തവള, ഞണ്ട്, ഇഴജന്തുക്കൾ മുതലായവയാണ് പ്രധാന ഭക്ഷണം. തികച്ചും അലസരാണിവ എന്ന് ഇവയെ കാണുമ്പോൾ തോന്നാം. പ്രത്യുത്പാദനംകരിംകൊക്കിന് സ്ഥിരമായൊരു പ്രത്യുത്പാദന കാലമില്ല. ഉത്തരേന്ത്യയിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയും തെന്നിന്ത്യയിൽ ഡിസംബർ മുതൽ മാർച്ചുവരെയുമാണ് സമയം എന്നാൽ ഇതിനു വിരുദ്ധമായ കൂടുകളും കാണാൻ കഴിയും. ഉയരമുള്ള മരങ്ങളിൽ കൂട് കൂട്ടാൻ താൽപ്പര്യം കാണിക്കുന്ന പക്ഷിയാണ് ഇത്.[2] കാക്കക്കൂടിനേക്കാൾ അല്പം വലിപ്പമുള്ളവമുതൽ ഒരുമീറ്റർ വ്യാസമുള്ള കൂടുകൾ വരെ കണ്ടുവരുന്നു. ചുള്ളിക്കമ്പുകൾ കൊണ്ടുള്ള കൂട്ടിൽ വൈക്കോൽ വിരിച്ചിരിക്കും. മൂന്നോ നാലോ വെള്ള മുട്ടകളാവും ഉണ്ടാവുക. കരിംകൊക്കുകളുടെ അലസപ്രകൃതി മനസ്സിലാക്കി കാക്കകളും മറ്റും കൂട്ടിന്റെ സമീപം കാണും. ഇത്ര വലിയ പക്ഷിയാണെങ്കിലും കരിംകൊക്കുകൾ കാക്കകളേയും മറ്റും കൊത്തിയോടിക്കാൻ മെനക്കെടാറില്ല. കുഞ്ഞുങ്ങൾ സാധാരണ കടും തവിട്ടുനിറത്തിലാണ് കാണുന്നത്. ചിലപ്പോൾ മുതിർന്നവയുടെ അതേ നിറത്തിലും കാണാം. അച്ഛനമ്മമാർ കഴിച്ചഭക്ഷണം ഉച്ഛിച്ചാണ് കുഞ്ഞുങ്ങൾക്കു നൽകുക. ചിറകുകളും തൂവലുകളും വളർന്ന കുഞ്ഞുങ്ങൾ പറക്കാൻ പഠിക്കുന്നതിന്റെ ആദ്യപടിയായി തറയിൽ വീണ റബർ പന്ത് പോലെ നിലത്തുനിന്ന് ഉയരുന്നതും താഴെ വീഴുന്നതും കാണാം. വംശനാശഭീഷണിപൊതുവേ മന്ദഗാമിനികളായ ഇവയെ വേട്ടക്കാർ അനായാസം പിടിച്ചുകൊണ്ടു പോകാറുണ്ട്. ബലക്കുറവുള്ള കൂടുകൾ എളുപ്പം കാറ്റത്തും മഴയത്തും നശിക്കുന്നതുമൂലവും പ്രത്യുത്പാദനം തടസ്സപ്പെടാറുണ്ട്. കീടങ്ങളേയും തവളകളേയും ഭക്ഷിക്കുന്നതുകൊണ്ട് കീടനാശിനികളുടെ ഉപയോഗം കരിംകൊക്കുകളെ ദോഷകരമായി ബാധിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രജനനകാലത്തിന്റെ ദൈർഘ്യം കുഞ്ഞുങ്ങളുടെ നാശത്തിനും കാരണമാവുന്നു. പ്രായപൂർത്തിയാവുന്നതിനു മുൻപേ മനുഷ്യനടക്കമുള്ള ശത്രുക്കൾ ഇവയെ കണ്ടെത്തി നശിപ്പിക്കാറുണ്ട്. പറക്കാൻ പഠിക്കുന്ന കാലത്ത് കുഞ്ഞുങ്ങൾ പ്രകടിപ്പിക്കുന്ന ഭയരാഹിത്യവും മരണത്തിനു കാരണമാകുന്നു. ചിത്രശാല
അവലംബം
• Birds of Kerala- Salim Ali, The kerala forests and wildlife department • കേരളത്തിലെ പക്ഷികൾ= ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
Ciconia episcopus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia