കാട്ടുപൂച്ച (നക്ഷത്രരാശി)
വടക്കൻ അർദ്ധ ഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് കാട്ടുപൂച്ച. പതിനേഴാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ജൊഹാന്നസ് ഹെവേലിയസ് ആണ് ഈ മങ്ങിയ നക്ഷത്രരാശിയെ ചിത്രീകരിക്കുന്നത്. അതിൻ്റെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങൾ ഒരു സിഗ്സാഗ് രേഖ ഉണ്ടാക്കുന്നു. ഓറഞ്ച് ഭീമൻ ആയ ആൽഫ ലിൻസിസ് നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ്. ആറ് നക്ഷത്ര സംവിധാനങ്ങളിൽ ഗ്രഹങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് ചരിത്രംപോളിഷ് ജ്യോതിശാസ്ത്രജ്ഞനായ ജോഹന്നാസ് ഹെവെലിയസ് 1687-ൽ സപ്തർഷിമണ്ഡലം, പ്രാജിത എന്നീ നക്ഷത്രരാശികൾക്കിടയിലുള്ള 19 മങ്ങിയ നക്ഷത്രങ്ങളെ ഉൾപ്പെടുത്തി Lynx (കാട്ടുപൂച്ച) എന്ന നക്ഷത്രരാശി രൂപീകരിച്ചു. വളരെ മങ്ങിയ നക്ഷത്രങ്ങളാണ് ഇതിലുള്ളത് എന്നതിനാൽ ഈ നക്ഷത്രരാശിയെ തിരിച്ചറിയാൻ അദ്ദേഹം മറ്റു നക്ഷത്രനിരീക്ഷകരെ വെല്ലുവിളിച്ചു. നല്ല കാഴ്ചയുള്ളവർക്കു മാത്രമേ ഇതിനെ തിരിച്ചറിയാൻ കഴിയൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഹെവെലിയസ് തന്റെ കാറ്റലോഗിൽ ടൈഗ്രിസ് (കടുവ) എന്ന പേരും ഉപയോഗിച്ചിരുന്നുവെങ്കിലും Lynx എന്ന പേര് തന്നെയാണ് അറ്റ്ലസിൽ രേഖപ്പെടുത്തിയത്. ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ ജോൺ ഫ്ലാംസ്റ്റീഡ് 1712-ൽ പ്രസിദ്ധീകരിച്ച തന്റെ കാറ്റലോഗിൽ ഈ നക്ഷത്രരാശിയേയും ഉൾപ്പെടുത്തി.[1] പത്തൊൻപതാം നൂറ്റാണ്ടിലെ അമച്വർ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് ഹിങ്ക്‌ലി അലൻ ഇങ്ങനെ പറയുന്നു : "നമ്മുടെ ഉർസ മേജറിന്റെ (സപ്തർഷിമണ്ഡലം) നിർമ്മാതാവ് ആരായാലും കാലുകളുടെ ചിത്രീകരണം പൂർത്തിയാക്കാൻ ഈ രാശിയിലെ പ്രധാന നക്ഷത്രങ്ങളെ നന്നായി ഉപയോഗിച്ചിരിക്കാം."[2] സ്ഥാനനിർണ്ണയംകാട്ടുപൂച്ചയുടെ വടക്ക് കരഭം, പടിഞ്ഞാറ് പ്രാജിത. തെക്കുപടിഞ്ഞാറ് മിഥുനം, തെക്ക് കർക്കടകം, കിഴക്ക് ചിങ്ങം, വടക്കുകിഴക്ക് സപ്തർഷിമണ്ഡലം എന്നീ നക്ഷത്രരാശികളാണ് ഉള്ളത്. ആകാശത്തിൽ 545.4 ചതുരശ്ര ഡിഗ്രിയിൽ ഇത് സ്ഥിതി ചെയ്യുന്നു. 88 ആധുനിക നക്ഷത്രരാശികളിൽ വലിപ്പം കൊണ്ട് 28-ാം സ്ഥാനമാണ് ഇതിനുള്ളത്.[3] 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന Lyn എന്ന ചുരുക്കെഴുത്തു രൂപം അംഗീകരിച്ചു.[4] 1930 യൂജീൻ ജോസഫ് ഡെൽപോർട്ട് ഇതിന് ഔദ്യോഗികമായ അതിരുകൾ നിർവചിച്ചു. 20 വശങ്ങളുള്ള ഒരു ബഹുഭുജരൂപമാണ് ഇതിനുള്ളത്. ഖഗോളരേഖാംശം 06h 16m 13.76sനും 09h 42m 50.22sനും ഇടയിലും അവനമനം +32.97 °ക്കും +61.96 °ക്കും ഇടയിലുമാണ് ഇതിന്റെ സ്ഥാനം..[5] ഇരുണ്ട രാത്രികളിൽ ഈ രാശിയിലെ തിളക്കമുള്ള നക്ഷത്രങ്ങളെ പ്രാജിതക്കും ചിങ്ങത്തിനും ഇടയിൽ വളഞ്ഞുപുളഞ്ഞു പോകുന്ന രേഖ പോലെ കാണാൻ കഴിയും.[6] നക്ഷത്രങ്ങൾ![]() കാന്തിമാനം 6.5നു മുകളിൽ തിളക്കമുള്ള 97 നക്ഷത്രങ്ങൾ കാട്ടുപൂച്ച നക്ഷത്രരാശിയിലുണ്ട്.[7][3] ഈ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം ആൽഫ ലിൻസിസാണ്. ഇതിന്റെ കാന്തിമാനം 3.14 ആണ്.[8] ഇത് ഒരു ഓറഞ്ച് ഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്ന് 203 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.[9] ഏകദേശം സൂര്യന്റെ ഇരട്ടി പിണ്ഡം ഉണ്ട് ഇതിന്.[10] ഇതിലെ ഹൈഡ്രജൻ തീർന്നുകൊണ്ടിരിക്കുന്നതിനാൽ ഇത് മുഖ്യധാരാ നക്ഷത്രം അല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ നക്ഷത്രത്തിന് ഏകദേശം സൂര്യന്റെ 55 മടങ്ങ് വ്യാസം ഉണ്ടാവും. ഏകദേശം സൂര്യന്റെ 673 മടങ്ങ് തിളക്കവും ഇതിനുണ്ട്. എന്നാൽ ഇതിന്റെ ഉപരിതല താപനില 3,880 കെൽവിൻ മാത്രമേ ഉള്ളു.[11] അൽസിയാക്കത്ത് എന്ന 31 ലിൻസിസ് ഭൂമിയിൽ നിന്ന് 380 പ്രകാശവർഷം അകലെയാണ്.[9] സൂര്യന്റെ ഇരട്ടി പിണ്ഡമുള്ള ഒരു ഭീമൻ നക്ഷത്രമാണിത്. സൂര്യന്റെ 59 മുതൽ 75 മടങ്ങ് വലിപ്പവും 740 മടങ്ങ് തിളക്കവുമുണ്ട് ഇതിന്.[10] 30 ദിവസത്തിനുള്ളിൽ 4.25നും 0.05നും ഇടയിൽ കാന്തിമാനം മാറിക്കൊണ്ടിരിക്കുന്ന ഒരു ചരനക്ഷത്രം കൂടിയാണിത്.[12] കാട്ടുപൂച്ച ഇരട്ട നക്ഷത്രങ്ങളാൽ സമ്പന്നമാണ്.[2] ഈ നക്ഷത്രസമൂഹത്തിലെ രണ്ടാമത്തെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ 38 ലിൻസിസിന്റെ കാന്തിമാനം 3.8 ആണ്. ഇതിനെ ഒരു ഇടത്തരം ദൂരദർശിനിയിലൂടെ നോക്കിയാൽ രണ്ട് നക്ഷത്രങ്ങളായി വേർതിരിച്ച് കാണാൻ കഴിയും..[13] ദൂരദർശിനിയിലൂടെ നോക്കുമ്പോൾ കാണപ്പെടുന്ന മറ്റൊരു ഇരട്ട നക്ഷത്രമാണ് 15 ലിൻസിസ്. കാന്തിമാനം 4.7ഉം 5.8ഉം ഉള്ള രണ്ട് മഞ്ഞ നക്ഷത്രങ്ങളാണ് ഇവ. ഇവയ്ക്ക് 0.9 ആർക്ക് സെക്കൻഡ് അകലമുണ്ട്.[13] ഇതിലൊന്ന് സ്പെക്ട്രൽ തരം G8IIIയിൽപ്പെട്ട ഒരു മഞ്ഞ ഭീമനാണ്. ഇതിന് സൂര്യന്റെ 4.01 മടങ്ങ് പിണ്ഡമുണ്ട്. സൂര്യന്റെ 3.73 മടങ്ങ് പിണ്ഡമുള്ള രണ്ടാമത്തെ നക്ഷത്രം ഒരു മുഖ്യധാരാനക്ഷത്രമാണ്. 262 വർഷം കൊണ്ടാണ് ഇവ പരസ്പരമുള്ള ഒരു ഭ്രമണം പൂർത്തിയാക്കുന്നത്.[14] ഇത് ഭൂമിയിൽ നിന്ന് 178 പ്രകാശവർഷം അകലെയാണ്.[9] 12 ലിൻസിസിന്റെ കാന്തിമാനം 4.87 ആണ്. ഒരു ദൂരദർശിനിയിലൂടെ നോക്കിയാൽ അതിനെ മൂന്ന് നക്ഷത്രങ്ങളായി കാണാം.[13][15] ഇതിലെ തിളക്കം കൂടിയ രണ്ട് നക്ഷത്രങ്ങളുടെ പരിക്രമണ കാലം ഏകദേശം 700 മുതൽ 900 വർഷം വരെ ആയിരിക്കാമെന്ന് കണക്കാക്കുന്നു.[14] 12 ലിൻസിസ് നക്ഷത്രവ്യവസ്ഥ ഭൂമിയിൽ നിന്ന് 210 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.[9] ![]() കാട്ടുപൂച്ചയിലെ ഏറ്റവും തിളക്കമുള്ള മൂന്നാമത്തെ നക്ഷത്രമാണ് 10 ഉർസ മെജോറിസ്. ആദ്യം അയൽ നക്ഷത്രരാശിയായ സപ്തർഷിമണ്ഡലത്തിൽ ആയിരുന്ന ഈ നക്ഷത്രം അതിർത്തികൾ ഔദ്യോഗികമായി പുനർനിർണയിച്ചതോടെ കാട്ടുപൂച്ചയുടെ ഭാഗമായി.[16] 4.11 കാന്തിമാനമുള്ള ഒരു മുഖ്യധാരാ നക്ഷത്രവും 6.18 കാന്തിമാനമുള്ള ഒരു സൂര്യസമാന നക്ഷത്രവും ചേർന്ന ഒരു ഇരട്ട നക്ഷത്രമാണിത്. ഈ രണ്ടു നക്ഷത്രങ്ങളും തമ്മിൽ 10.6 ജ്യോതിർമാത്ര അകലമുണ്ട്. ഇവ തമ്മിലുള്ള ഒരു പരിക്രമണം പൂർത്തിയാക്കാൻ 21.78 വർഷം വേണം.[17] ഭൂമിയിൽ നിന്ന് ഏകദേശം 52.4 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്[9]. അതുപോലെ 16 ലിൻസിസ് ആദ്യം Psi10 എന്നാണ് അറിയപ്പെട്ടിരുന്നത്. ലിൻസിസ് 37, 39, 41, 44 എന്നിവ പിന്നീട് സപ്തർഷിമണ്ഡലത്തിന്റെ ഭാഗമായി.[18] വൈ ലിൻസിസ് അമച്വർ ജ്യോതിശാസ്ത്രജ്ഞർക്ക് ഇഷ്ടപ്പെട്ട ഒരു നക്ഷത്രമാണ്. കാരണം ഇത് കാന്തിമാനം 6.2 മുതൽ 8.9 വരെ മാറിക്കൊണ്ടിരിക്കുന്ന ഒരു അർദ്ധ-ചരനക്ഷത്രമാണ്. [19] മാത്രമല്ല തിളക്കത്തിലുണ്ടാവുന്ന ഈ മാറ്റം സങ്കീർണ്ണവുമാണ്. നക്ഷത്രത്തിന്റെ സ്പന്ദനങ്ങൾ കാരണം 110 ദിവസം വരെയുള്ള കുറഞ്ഞ കാലയളവും, നക്ഷത്രത്തിന്റെ ഭ്രമണമോ സംവഹനത്തിലെ പതിവ് ചക്രങ്ങളോ കാരണം 1400 ദിവസം വരെയുള്ള കൂടിയ കാലയളവും ഉണ്ടാകാം.[20] ഈ ചുവപ്പ് അതിഭീമൻ നക്ഷത്രത്തിന് സൂര്യന്റെ 580 മടങ്ങ് വ്യാസവും ഏകദേശം 1.5 മുതൽ 2 മടങ്ങ് വരെ പിണ്ഡവും സൂര്യന്റെ 25,000 മടങ്ങ് പ്രകാശവുമുണ്ട്.[19] 1 ലിൻസിസ്, UX ലിൻസിസ് എന്നിവയും ചുവപ്പ് ഭീമന്മാരാണ്. അവയും കാന്തിമാനത്തിൽ സങ്കീർണ്ണമായ ഏറ്റക്കുറച്ചിലുകളുള്ള അർദ്ധ-ചരനക്ഷത്രങ്ങളാണ്.[20] സൗരയൂഥേതരഗ്രഹങ്ങൾആറ് നക്ഷത്രങ്ങൾക്ക് സൗരയൂഥേതരഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ രണ്ടെണ്ണത്തിനെ ഡോപ്ലർ രീതി ഉപയോഗിച്ചും നാലെണ്ണത്തിനെ ട്രാൻസിറ്റ് രീതി ഉപയോഗിച്ചുമാണ് കണ്ടെത്തിയത്. എ-ടൈപ്പ് അല്ലെങ്കിൽ എഫ്-ടൈപ്പ് മുഖ്യധാരാ നക്ഷത്രമായി ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച 6 ലിൻസിസ് എന്ന ഓറഞ്ച് നക്ഷത്രത്തിന് വ്യാഴത്തിന്റെ 2.4 മടങ്ങ് പിണ്ഡമുള്ളതും 899 ദിവസത്തെ പരിക്രമണ കാലയളവുള്ളതുമായ ഒരു ഗ്രഹം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.[21] HD 75898 ഏകദേശം 3.8 ബില്യൺ വർഷം പഴക്കമുള്ള ഒരു മഞ്ഞ നക്ഷത്രമാണ്. വ്യാഴത്തിന്റെ 2.51 മടങ്ങ് പിണ്ഡമുള്ള ഒരു ഗ്രഹം ഇതിനുണ്ട്. ഏകദേശം 418 ദിവസമാണ് ഇതിന്റെ പരിക്രമണ കാലം. ഇതിന്റെ പിണ്ഡകേന്ദ്രത്തിന് സംഭവിക്കുന്ന ത്വരണം കണക്കാക്കിയാൽ വ്യാഴത്തിന്റെ വലിപ്പമെങ്കിലും ഉള്ള മൂന്നാമതൊരു ഗ്രഹം കൂടുതൽ അകലെയുണ്ടാകാനുള്ള സാദ്ധ്യതയാണുള്ളത്.[22] ഹവായിയിലെ എക്സ്ഒ ടെലിസ്കോപ്പ് മൂന്നു നക്ഷത്രങ്ങൾക്കു കൂടി ഗ്രഹങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. ഇവയിൽ രണ്ടു നക്ഷത്രങ്ങൾ സൂര്യനേക്കാൾ അൽപം പിണ്ഡവും താപനിലയും കുറഞ്ഞവയാണ്. XO-2S ന് 0.13 au അകലെ ഏകദേശം 18 ദിവസത്തെ പരിക്രമണകാലവും ശനിയുടെ പിണ്ഡവുമുള്ള ഒരു ഗ്രഹവും 0.48 au അകലെ ഏകദേശം 120 ദിവസത്തെ പരിക്രമണ കാലവും വ്യാഴത്തേക്കാൾ അല്പം കൂടുതൽ പിണ്ഡവുമുള്ള മറ്റൊരു ഗ്രഹവും ഉണ്ട്.[23] XO-2Nന് വ്യാഴത്തിന്റെ പകുതിയോളം പിണ്ഡമുള്ള ഒരു ഗ്രഹമുണ്ട്. ഇതിന് 2.6 ദിവസത്തെ പരിക്രമണകാലമാണുള്ളത്.[24] XO-4 എന്നത് ഒരു F-ടൈപ്പ് മുഖ്യധാരാ നക്ഷത്രമാണ്. സൂര്യനെക്കാൾ അല്പം ചൂടും പിണ്ഡവും കൂടുതലാണ്. ഏകദേശം 4.1 ദിവസം കൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കുന്ന ഒരു ഗ്രഹം ഇതിനുണ്ട്.[25] XO-5 സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രമാണ്. അതിന്റെ ഗ്രഹത്തിന് വ്യാഴത്തിന്റെ അത്രയും പിണ്ഡമുണ്ട്. ഒരു പരിക്രമണം പൂർത്തിയാക്കാൻ ഏകദേശം 4.2 ദിവസം എടുക്കും.[26] സൂര്യനെപ്പോലെയുള്ള നക്ഷത്രമായ WASP-13ന് 2009ൽ ഒരു ഗ്രഹത്തെ കണ്ടെത്തി. വ്യാഴത്തിന്റെ പകുതിയോളം പിണ്ഡമുള്ള ഈ ഗ്രഹത്തിന് ഒരു പരിക്രമണം പൂർത്തിയാക്കാൻ 4.35 ദിവസം എടുക്കും.[27] വിദൂരാകാശ പദാർത്ഥങ്ങൾ![]() കാട്ടുപൂച്ചയിലെ ഏറ്റവും ശ്രദ്ധേയമായ വിദൂരാകാശ വസ്തു NGC 2419 ആണ്. ഇത് ക്ഷീരപഥത്തിന് പുറത്താണെന്ന് അനുമാനിക്കപ്പെട്ടിരുന്നതിനാൽ "ഇന്റർഗാലക്റ്റിക് വാണ്ടറർ" എന്നും അറിയപ്പെടുന്നു. ഭൂമിയിൽ നിന്ന് 2,75,000 മുതൽ 3,00,000 പ്രകാശവർഷം വരെ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.[28] നമ്മുടെ ഗാലക്സിയിലെ ഏറ്റവും അകലെയുള്ള അറിയപ്പെടുന്ന ഗോളീയ താരവ്യൂഹങ്ങളിൽ ഒന്നാണിത്. NGC 2419 ക്ഷീരപഥത്തിന് ചുറ്റും വളരെ വലിയ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലായിരിക്കും സഞ്ചരിക്കുന്നത് എന്നാണ് കരുതുന്നത്.[29] NGC 2419 ആദ്യം ഒരു നക്ഷത്രമാണെന്നാണ് കരുതിയിരുന്നത്. അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ കാൾ ലാമ്പ്‌ലാൻഡ് ആണ് ഇത് ഒരു ഗോളീയ ക്ലസ്റ്ററാണെന്ന് തിരിച്ചറിഞ്ഞത്.[30] NGC 2537, 31 ലിങ്കിസിന് ഏകദേശം 3 ഡിഗ്രി വടക്ക്-വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.[31] ഇത് കരടിയുടെ കാലടി എന്നും അറിിയപ്പെടുന്നു. ഭൂമിയിൽ നിന്ന് 17 മുതൽ 30 ദശലക്ഷം പ്രകാശവർഷം വരെ അകലെ സ്ഥിതി ചെയ്യുന്ന ഒരു നീല കോംപാക്റ്റ് കുള്ളൻ ഗാലക്സിയാണിത്. ഭൂമിയിൽ നിന്ന് 26 മുതൽ 40 ദശലക്ഷം പ്രകാശവർഷം വരെ അകലെ സ്ഥിതി ചെയ്യുന്ന വളരെ പരന്നതും നേർത്തതുമായ ഒരു സർപ്പിള ഗാലക്സിയായ ഐസി 2233 ആണ് ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു. നക്ഷത്രരൂപീകരണ നിരക്ക് കുറവുള്ള (ഓരോ ഇരുപത് വർഷത്തിലും ഒരു സൗരപിണ്ഡത്തിൽ താഴെ) താരതമ്യേന ശാന്തമായ ഒരു ഗാലക്സിയാണ് ഇത്. NGC 2537 എന്ന ഗാലക്സിയുമായി ഇത് പ്രതിപ്രവർത്തിക്കുന്നുണ്ടെന്ന് കരുതിയിരുന്നു. വെരി ലാർജ് അറേ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളിൽ രണ്ട് ഗാലക്സികളും വ്യത്യസ്ത അകലങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കണ്ടതിനാൽ ഇപ്പോൾ ഇത് വളരെ അസംഭവ്യമായി കണക്കാക്കപ്പെടുന്നു.[32] കാട്ടുപൂച്ചയിലും അയൽക്കാരനായ സപ്തർഷി മണ്ഡലത്തിലും സ്ഥിതി ചെയ്യുന്ന ഗാലക്സി കൂട്ടത്തിൽ ഉൾപ്പെടുന്നതാണ് NGC 2841 ഗ്രൂപ്പ്. കാട്ടുപൂച്ചയിൽ ഉൾപ്പെടുന്ന NGC 2541, NGC 2500, NGC 2552 എന്നിവയെ ലൂസ് ട്രിപ്പിൾ എന്നറിയപ്പെടുന്നു. NGC 2541ലെ സെഫീഡുകൾ ഉപയോഗിച്ച് ആ ഗാലക്സിയിലേക്കും (ഗ്രൂപ്പിലേക്കും) ഉള്ള ദൂരം ഏകദേശം 40 ദശലക്ഷം പ്രകാശവർഷമായി കണക്കാക്കപ്പെട്ടിരിക്കുന്നു.[33] NGC 2841 സപ്തർഷിമണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്.[34] അവലംബങ്ങൾ
88 ആധുനിക നക്ഷത്രരാശികൾ
|
Portal di Ensiklopedia Dunia