ചമ്മന്തി

ചമ്മന്തി
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: ചട്‌ണി
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ദക്ഷിണഏഷ്യ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: തേങ്ങ, ഉപ്പ്, മുളക്, പുളി, മല്ലി ഇല, ചുവന്നുള്ളി, കറിവേപ്പില
ചമ്മന്തി
ദോശയും ചമ്മന്തിയും

പച്ചക്കറികളോ പഴങ്ങളോ പലവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് അരച്ചെടുത്ത് തയ്യാറാക്കുന്ന വിഭവത്തെ ചമ്മന്തി ( സംബന്ധി )എന്ന് പറയുന്നു. ചട്ണി,[1] അരപ്പ് എന്നീ പേരുകളിലും ഈ വിഭവം അറിയപ്പെടുന്നു. കഞ്ഞി, ദോശ, ഇഡ്ഡലി, ബിരിയാണി ഇവയ്ക്ക് ഉപദംശമായി ചമ്മന്തി ഉപയോഗിക്കുന്നു. വെള്ളം ചേർത്ത് അരച്ച് കുഴമ്പ്‌ പരുവത്തിലാക്കിയതും പൊടിരൂപത്തിലുള്ളതുമായ രണ്ടുതരം ചമ്മന്തികൾ കേരളത്തിൽ നിലവിലുണ്ട്. ചേർക്കേണ്ട വിഭവങ്ങളെല്ലാം പൊടിച്ചു വച്ച്, ആവശ്യാനുസരണം വെള്ളമോ എണ്ണയോ ചേർത്ത് ഉപയോഗിക്കുന്ന രീതി മലബാറിൽ നിലവിലുണ്ട്.

ചരിത്രം

ചമ്മന്തിയുടെ ഉൽഭവം ഇന്ത്യയിലാണെന്ന് പൊതുവേ കരുതപ്പെടുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ മാംസം ചേർത്ത ചമ്മന്തികൾ ഇതിലും വളരെ മുൻപ് പ്രചാരത്തിലുണ്ടായിരുന്നു എന്നും പറയപ്പെടുന്നു [അവലംബം ആവശ്യമാണ്].ഇതിനായി ഉപയോഗിക്കുന്ന ചേരുവകൾ എല്ലാം അമ്മിയിൽ അരച്ചും മിക്സി ഉപയോഗിച്ച് അരച്ചും ചമ്മന്തി തയ്യാറാക്കുന്നു. വെള്ളം വളരെ കുറച്ച് ഉപയോഗിച്ച് കുറുകിയ രൂപത്തിൽ ആണ് ചമ്മന്തി തയ്യാറാക്കാറ്. ചമ്മന്തിയിൽ വെള്ളം ചേർത്ത് നേർപ്പിച്ച് കടുകു വറുത്തിട്ട രൂപത്തെ ചട്ണി എന്നു പറയുന്നു. തെക്കൻ കേരളത്തിൽ നേർപ്പിച്ച ചട്ണിക്കും ചമ്മന്തി എന്നു പറയാറുണ്ട്.

പേരിനു പിന്നിൽ

സംസ്കൃതത്തിലെ 'സംബന്ധി' എന്ന വാക്കിൽ നിന്നാണ് മലയാളത്തിലെ 'സമ്മന്തി' അഥവാ 'ചമ്മന്തി' ഉണ്ടായത് എന്നു പറയപ്പെടുന്നു. സംബന്ധി എന്നാൽ ബന്ധപ്പെട്ടത്, പരസ്പരം ചേർന്നത് എന്നർത്ഥം. ചേർത്തരയ്ക്കുന്നതിനാലോ ചേർത്തുപൊടിക്കുന്നതിനാലോ ആകാം സംബന്ധി എന്ന പേര് വന്നത്.

പലതരം ചമ്മന്തികൾ


തേങ്ങ ചമ്മന്തി

ചുരണ്ടിയ അഥവ ചിരകിയ തേങ്ങ പച്ചമുളകും ഉപ്പും കറിവേപ്പിലയും ചെറിയുള്ളിയും വേണമെങ്കിൽ ചെറിയ കഷ്ണം നെല്ലിക്ക കൂടി ചേർക്കാം. ഇവയെല്ലാം അല്പം വെള്ളം കൂട്ടി യോജിപ്പിച്ചാണ് തേങ്ങ ചമ്മന്തി ഉണ്ടാക്കുന്നത്‌. പച്ചമുളകിന് പകരം വറ്റൽ മുളകും ഉപയോഗിക്കാം.

തേങ്ങ പുളിച്ചമ്മന്തി

തേങ്ങ ചമ്മന്തിയിൽ ഒരു നെല്ലിക്കയോളം വലിപ്പത്തിൽ വാളൻപുളി കൂടി ചേർത്ത് അരയ്ക്കുന്ന ചമ്മന്തിയെ തെങ്ങ പുളിച്ചമ്മന്തി എന്ന് വിളിക്കുന്നു.

ഇഞ്ചി ചമ്മന്തി

തേങ്ങ ചമ്മന്തി അരയ്ക്കുമ്പോൾ ഒരു കഷണം ഇഞ്ചി കൂടി ചേർത്താൽ ഇഞ്ചി ചമ്മന്തി തയ്യാറാക്കാം.

പരിപ്പ് ചമ്മന്തി

ചെറുപയർ പരിപ്പും തേങ്ങ ചിരവിയതും കൂടി അരച്ച്, അതിനോട് വറ്റൽ മുളകും ഉപ്പും കൂടി അരച്ച മിശ്രിതം ചേർത്ത് വീണ്ടും ഉള്ളിയും കറിവേപ്പിലയും ചേർത്തരച്ചാണ് പരിപ്പ് ചമ്മന്തി തയ്യാറാക്കുന്നത്.

കടലപ്പരിപ്പ് ചമ്മന്തി

കുതിർത്ത കടലപ്പരിപ്പും, വറ്റൽമുളകും, ഉപ്പും കായവും കൂടി ഒതുക്കിയ തേങ്ങയുടെ കൂടെ ചേർത്തരച്ച ശേഷം ഈ മിശ്രിതം കറിവേപ്പിലയും കടുകും ചേർത്ത് എണ്ണയിൽ വറുത്താണ് കടലപ്പരിപ്പ് ചമ്മന്തി തയ്യാറാക്കുന്നത്.

മുതിര ചമ്മന്തി

പരിപ്പ് ചമ്മന്തിയിൽ ചെറുപയർ പരിപ്പിന് പകരം വേവിച്ച മുതിര ചേർത്താണ് മുതിര ചമ്മന്തി തയ്യാറാക്കുന്നത്.

ലൂബിക്ക ചമ്മന്തി

മൂപ്പെത്തിയ ലൂബിക്ക ഉപ്പും പച്ചമുളകും ചേർത്ത് ചതച്ച് വെളിച്ചെണ്ണ ഒഴിച്ച് ലൂബിക്ക ചമ്മന്തി ഉണ്ടാക്കാറുണ്ട്. ഉപ്പിലിട്ട ലൂബിക്കയും പച്ചമുളകും കൂട്ടിയരച്ച് ചമ്മന്തിയാക്കാനും പറ്റിയതാണ്.

നിലക്കടല ചമ്മന്തി

പരിപ്പ് ചമ്മന്തിയിൽ കടലപ്പരിപ്പിനു പകരം നിലക്കടല ചേർത്താണ് നിലക്കടല ചമ്മന്തി തയ്യാറാക്കുന്നത്.

ഉപ്പുമാങ്ങ ചമ്മന്തി

വെള്ളം ചേർക്കാതെ അരച്ച ഉപ്പുമാങ്ങയോടുകൂടി ഉപ്പും പച്ചമുളകും ചേർത്തരയ്ക്കുക.ഇതിൽ ഉള്ളിയും കറിവേപ്പിലയും ചതച്ചു ചേർത്താൽ ഉപ്പുമാങ്ങ ചമ്മന്തി തയ്യാറാക്കാം.പച്ചമുളകിന് പകരം വറ്റൽ മുളകും ഉപയോഗിച്ച് കാണുന്നു.

നെല്ലിക്കാ ചമ്മന്തി

ഉപ്പും മുളകും കൂടി നന്നായി അരച്ച ശേഷം കുരുകളഞ്ഞ നെല്ലിക്കയും തേങ്ങയും കൂട്ടിവച്ച് നന്നായി അരച്ചെടുത്ത് ഉണ്ടാക്കുന്ന വിഭവത്തെ നെല്ലിക്ക ചമ്മന്തി എന്ന് പറയുന്നു.നെല്ലിക്ക ചമ്മന്തി കുറുക്കി കടുക് വറുത്ത് കൂട്ടാനായും ഉപയോഗിക്കാറുണ്ട്.

അടച്ചൂറ്റിചമ്മന്തി

അടപ്പുപലകയിലുണ്ടാക്കുന്ന ചമ്മന്തി അടച്ചൂറ്റിചമ്മന്തി എന്നറിയപ്പെടുന്നു. ചുവന്നുള്ളി, കാന്താരിമുളക്, വാളൻപുളി, ഉപ്പ് എന്നിവ പലകയിൽ വച്ച് കൈ കൊണ്ട് നന്നായി ഞെരുടി വെള്ളവും ശേഷം പച്ച വെളിച്ചെണ്ണയും ചേർത്താണ് അടച്ചൂറ്റി ചമ്മന്തി ഉണ്ടാക്കുന്നത്. പുഴുക്ക് ഭക്ഷണം (ചേമ്പ്, കപ്പ, ചേന) സാധാരണമായിരുന്ന പഴയ പഞ്ഞ കാലങ്ങളിൽ കർ‍ഷകരുടെ പ്രിയ വിഭവമായിരുന്നു അടച്ചൂറ്റിയിൽ പെട്ടെന്നുണ്ടാക്കുന്ന അടച്ചൂറ്റിച്ചമ്മന്തി.

പുളിയിലച്ചമ്മന്തി

പുളിമരത്തിന്റെ ഇല ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തിയാണ് പുളിയിലച്ചമ്മന്തി. പുളിയില, കാന്താരി, തേങ്ങ, ഉള്ളി, ഉപ്പ്, എന്നിവ ചേർത്ത് അരച്ച് വാഴയിലയിൽ പൊതിഞ്ഞ് ചുട്ടെടുത്താണ് ഇത് തയ്യാറാക്കുന്നത്.

മാങ്ങയിഞ്ചി ചമ്മന്തി

പ്രധാന ലേഖനം: മാങ്ങയിഞ്ചി

ചുരണ്ടിയ തേങ്ങയും പച്ചമുളകും ഉപ്പും ചുവന്നുള്ളിയും മാങ്ങയിഞ്ചിയും ചേർത്ത് അരച്ച് മാങ്ങയിഞ്ചി ചമ്മന്തി തയ്യാറാക്കാം.

വേപ്പിലക്കട്ടി

പ്രധാന ലേഖനം: വേപ്പിലക്കട്ടി

വടുകപ്പുളി നാരകത്തിന്റെ ഇല (വലിയ നാരു കളഞ്ഞത്) കുറച്ച് കറി വേപ്പിലയും മല്ലിയിലയും ഉപ്പും ചേർത്ത് ഉരലിലിട്ട് ഇടിക്കുക. പൊടിഞ്ഞ് തുടങ്ങുമ്പോൾ വറ്റൽ‌ മുളകും കായവും ചേർത്ത് വീണ്ടും ഇടിക്കുക. വേണമെങ്കിൽ അൽപ്പം നാരങ്ങാ നീരോ പുളിയോചേർക്കാം.

പപ്പട ചമ്മന്തി

ചുവന്നുള്ളിയും കുത്തിപ്പൊടിച്ച വറ്റൽ‌ മുളകു പൊടിയും (തീരെ പൊടിയാകരുത്) ഉപ്പും അല്പം വാളൻ പുളിയും (വേണെമെങ്കിൽ) ചുട്ട പപ്പടവും ചേർത്ത് ചതച്ചെടുത്ത് കുറച്ച് പച്ച വെളിച്ചെണ്ണയും ചേർത്ത് തിരുമ്മിയാൽ പപ്പട ചമ്മന്തി തയ്യാർ.

ഉള്ളി ചമ്മന്തി

ഉള്ളി പ്രധാന ചേരുവയായി ചേർത്ത് ഉണ്ടാക്കി പച്ചയായി കഴിയ്ക്കുന്ന ഒരു ചമ്മന്തിയാണിത്.

ചേരുവകൾ
തയ്യാറാക്കുന്ന വിധം

ഉള്ളിയും,വറ്റൽമുളകും ഒരു ടീ സ്പൂൺ വെളിച്ചെണ്ണയിൽ വറുത്തെടുക്കണം. പിന്നീട് ഉപ്പും ,പുളിയും ചേർത്ത് അരച്ചെടുത്ത് ഒരു ടീ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഉപയോഗിയ്ക്കാം.[2]

മല്ലിയില ചമ്മന്തി

മല്ലിയില പ്രധാന ചേരുവയായി ചേർത്ത് ഉണ്ടാക്കി അരച്ചെടുത്ത് കഴിയ്ക്കുന്ന ഒരു ചമ്മന്തിയാണിത്.

ചേരുവകൾ
തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും കൂടി നന്നായി ചേർത്ത് അരച്ചെടുത്ത് ഉപയോഗിയ്ക്കാം. [3]

പെട്ടൊന്നൊന്നു കൂടി

തേങ്ങ നല്ലതുപോലെ പൊടിയായി തിരുമ്മുക. അതിലേക്ക് മൂന്ന് നാലോ ചെറിയ ഉളളി പൊടിയായി അരിഞ്ഞിടുക. കുറച്ച് മുളകുപൊടിയും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി കൈ കൊണ്ട് തിരുമ്മി എടുക്കുക. ചോറിൽ കൂടെ കഴിക്കാൻ നല്ല ചമ്മന്തി തയ്യാർ.

മിക്സിയോ അമ്മികല്ലിലോ അരക്കാതെ തന്നെ ചമ്മന്തി വേഗത്തിൽ തയ്യാറാക്കാം

ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ

ചിത്രശാല

അവലംബം

  1. Dictionary Meaning: Chutney; TheFreeDictionary; Free Online Dictionary, Thesaurus, and Encyclopedia
  2. അറിയേണ്ടതും ഓർക്കേണ്ടതും .ഡി സി ബുക്സ് 2013 പേജ്.339
  3. അറിയേണ്ടതും ഓർക്കേണ്ടതും .ഡി സി ബുക്സ് 2013 പേജ്.341

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya