ജമാഅത്തെ ഇസ്‌ലാമിയുടെ[2] മലയാള മുഖപത്രമാണ് പ്രബോധനം വാരിക[3][4][5][6]. ജമാഅത്തിന്റെ ഔദ്യോഗിക നയങ്ങളും കാഴ്ചപ്പാടുകളും പ്രത്യക്ഷപ്പെടാറുള്ളത് പ്രബോധനത്തിലൂടെയാണ്. അതേ സമയം ഭിന്ന വീക്ഷണക്കാർക്കും പ്രബോധനം അതിന്റെ പേജുകൾ അനുവദിക്കാറുണ്ട്. സംഘടനയുടെ ആദർശവും ലക്ഷ്യവും, വിശകലനങ്ങളും പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രബോധനം ആരംഭിച്ചത്. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഇസ്‌ലാമിക വാരികയാണ് പ്രബോധനം[അവലംബം ആവശ്യമാണ്]. കോഴിക്കോട്വെള്ളിമാട്കുന്ന് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക് സർവീസ് ട്രസ്റ്റിനാണ് പ്രബോധനത്തിന്റെ ഉടമസ്ഥാവകാശം. 1959 മുതൽ കെ.എം. അബ്ദുൽ അഹദ് തങ്ങൾ[2] ആയിരുന്നു പ്രിന്ററും പബ്ലിഷറുമായി പ്രവർത്തിച്ചിരുന്നത്. എം.കെ മുഹമ്മദാലി ഇപ്പോഴത്തെ പബ്ലിഷർ.ടി.കെ. ഉബൈദ് ആണ് നിലവിലെ പത്രാധിപർ.
ചരിത്രം
1948 ഓഗസ്റ്റ് 21-ന് കോഴിക്കോട്ടു ചേർന്ന ജമാഅത്ത് സംസ്ഥാന സമ്മേളനത്തിലെ തീരുമാനത്തിനനുസരിച്ച്[7] 1949 ആഗസ്റ്റിൽ[8] പ്രസിദ്ധീകരണമാരംഭിച്ചു. അടിയന്തരാവസ്ഥക്കാലത്തും 1992 ൽ ബാബരി മസ്ജിദ് തകർത്തതിനെത്തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിലും ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ച അവസരങ്ങളിൽ മാത്രമാണ് പ്രബോധനം പ്രസിദ്ധീകരണം നിർത്തിവെച്ചിട്ടുള്ളത്[9].
നാൾവഴി
1949 ആഗസ്റിൽ പ്രബോധനം തുടങ്ങിയത് കവർ ഉൾപ്പെടെ 24 പേജുകളോടെയാണ്. പിന്നീട് 4 പേജുകൾ വർധിപ്പിച്ച് കവർ ഉൾപ്പെടെ 28 പേജുകളാക്കി. 1964-ൽ പ്രതിപക്ഷപത്രം നിർത്തുന്നതുവരെ പത്രത്തിന്റെ കെട്ടും മട്ടും മാറ്റിയിട്ടില്ല.
1959 അവസാനത്തോടെ പ്രബോധനത്തിന്റെ ഓഫീസും പ്രസ്സും ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ഓഫീസും കോഴിക്കോട്ടെ വെള്ളിമാടുകുന്നിലേക്ക് മാറ്റി.
1964 പ്രബോധനം പ്രതിപക്ഷപത്രം വാരികയും മാസികയുമായി സമാന്തരമായി പുറത്തിറങ്ങാനാരംഭിച്ചു.
1964-ൽ മാസിക തുടങ്ങുമ്പോൾ ഡമ്മി 1/8 സൈസിൽ കവർ ഉൾപ്പെടെ 68 പേജുള്ള പുസ്തകരൂപത്തിലായിരുന്നു. 1973-ൽ 60 ആക്കി കുറച്ചു. ഇടക്കാലത്ത് 64 ആക്കി വർധിപ്പിച്ചെങ്കിലും വീണ്ടും 56-ലേക്ക് കുറച്ചു.
1964-ൽ ടാബ്ളോയിഡ് സൈസിലുള്ള വാരിക തുടക്കത്തിൽ 12 പേജുകളായിരുന്നു. 1973-ൽ പേജുകളുടെ എണ്ണം 8 ആക്കി കുറച്ചു. 1978-ൽ വാരിക 5 കോളങ്ങളുള്ള 12 പേജുകളായി വർധിപ്പിച്ചു.
1987-ൽ വാരികയും മാസികയും സംയോജിപ്പിച്ച് പുസ്തകരൂപത്തിലാക്കിയപ്പോൾ കവർ ഉൾപ്പെടെ 36 പേജായിരുന്നു.
1987 മുതൽ മാസിക നിർത്തി വാരിക മാത്രമാണ് പ്രസിദ്ധീകരിച്ചുവരുന്നത്. 1987-ൽ പ്രബോധനം ഇന്നുള്ള രീതിയിൽ പുസ്തകരൂപത്തിലാക്കിയപ്പോൾ ഡമ്മി 1/4 സൈസിൽ കവർ അടക്കം 36 പേജായിരുന്നു. ഇപ്പോൾ പേജ് 60 ആക്കി വർധിപ്പിച്ചു.
2007 ജനുവരി മുതൽ ഓൺലൈൻ എഡിഷൻ ആരംഭിച്ചു.
2010-ൽ പ്രബോധനം ഇന്റർനാഷണൽ എഡിഷൻ ആരംഭിച്ചു.
വൈജ്ഞാനിക സംഭാവനകൾ
പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ജമാഅത്ത് കൃതികളിലധികവും മുൻകാലങ്ങളിൽ പ്രബോധനത്തിലൂടെ ലേഖനങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.
ആധുനിക കാലത്തെ പ്രശസ്ത ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ അബുൽ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുൽ ഖുർആൻ 45 വർഷത്തോളം പ്രബോധനം ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുകയും പിന്നീട് 6 വാല്യങ്ങളായി പുറത്തിറങ്ങുകയും ചെയതു.[10]
തഫ്ഹീമുൽ ഖുർആന് ശേഷം പ്രസിദ്ധീകരിച്ചു വരുന്ന എ.വൈ.ആറിന്റെ ഖുർആൻ ബോധനം ശ്രദ്ധേയമായ ഖുർആൻ വ്യാഖ്യാന പരമ്പരയാണ്. 4 വാല്യങ്ങൾ ഇതിനകം പുസ്തക രൂപത്തിലിറങ്ങി.
1956 ഒക്ടോബർ മുതൽ 1996 ഫെബ്രുവരി വരെ പ്രസിദ്ധീകരിച്ച ആധുനിക കർമ്മശാസ്ത്ര പണ്ഢിതനായ സയ്യിദ് സാബിഖ് രചിച്ച ഫിഖ്ഹുസ്സുന്നയുടെ മലയാള പരിഭാഷ.
വർഷം തോറും വിശേഷാൽ പ്രതികൾ ഇറക്കുന്നതിന് പകരം അനിവാര്യമെന്ന് തോന്നുന്ന വിഷയങ്ങളിൽ അതത് സമയം ഗഹനമായ പഠനങ്ങളുൾക്കൊള്ളിച്ച് പതിപ്പുകളിറക്കുകയാണ് ചെയ്യുന്നത്. പ്രബോധനം ഇതുവരെ ഇറക്കിയ വിശേഷപ്പതിപ്പുകൾ:
2007 ജനുവരി മുതൽ ആരംഭിച്ച പ്രബോധനം ഇന്റർനെറ്റ് എഡിഷന്റെ വെബ് സൈറ്റിൽ നിന്നും ഓരോ ലക്കവും സൗജന്യമായി വായിക്കാനും ഡൌൺലോഡ് ചെയ്യുവാനുമാവും. കൂടാതെ പഴയ ലക്കങ്ങളും ഇപ്രകാരം Archives ൽ നിന്നും എടുക്കാവുന്നതാണ്. പ്രബോധനത്തിന്റെ 65 വർഷത്തെ ചരിത്രത്തിനിടക്ക് വന്ന ശ്രദ്ധേയമായ ലക്കങ്ങളും മാറ്റങ്ങളും വ്യതിരിക്തതകളും വിഷയ വൈവിധ്യങ്ങളുമെല്ലാം കോർത്തിണക്കിയ എക്സിബിഷൻ ഫോട്ടോ ഗാലറിയും സൈറ്റിലുണ്ട്. വ്യത്യസ്ത സന്ദർങ്ങളിൽ പുറത്തിറങ്ങിയ സ്പെഷ്യൽ പതിപ്പുകളുടെ ഇ-പതിപ്പും സൈറ്റിൽ കാണാം.