മൈക്കോളജി![]() ഫംഗസ് അഥവാ പൂപ്പലുകളെക്കുറിച്ചുള്ള പഠനങ്ങളുമായി ബന്ധപ്പെട്ട ജീവശാസ്ത്ര ശാഖയാണ് മൈക്കോളജി. ഫംഗസുകളുടെ ജനിതക രാസ പ്രത്യേകതകൾ, ടാക്സോണമി, മനുഷ്യർക്ക് അവയുടെ ഉപയോഗം (പരമ്പരാഗത വൈദ്യശാസ്ത്രം, ഭക്ഷണം മുതലായല) അതുപോലെ അവ മൂലമുണ്ടാകുന്ന അപകടങ്ങൾ (വിഷം അല്ലെങ്കിൽ അണുബാധ) എന്നിവ മൈക്കോളജിയുടെ ഭാഗമാണ്. മൈക്കോളജിയിൽ സ്പെഷ്യലൈസ് ചെയ്ത ഒരു ബയോളജിസ്റ്റിനെ മൈക്കോളജിസ്റ്റ് എന്ന് വിളിക്കുന്നു. സസ്യ രോഗകാരികളിൽ ഭൂരിഭാഗവും ഫംഗസുകളാണ് എന്നതിനാൽ, മൈക്കോളജി, സസ്യരോഗങ്ങളെക്കുറിച്ചുള്ള പഠനമായ ഫൈറ്റോപാത്തോളജിയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. അവലോകനംചരിത്രപരമായി, മൈക്കോളജി സസ്യശാസ്ത്രത്തിന്റെ ഒരു ശാഖയായിരുന്നു, ഇതിന് കാരണം, പരിണാമപരമായി ഫംഗസുകൾക്ക് സസ്യങ്ങളേക്കാൾ മൃഗങ്ങളുമായി ആണ് അടുത്ത ബന്ധമുള്ളത് എങ്കിലും, ഏതാനും ദശാബ്ദങ്ങൾക്ക് മുമ്പ് വരെ ഇത് തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ്. [1] പരിണാമപരമായ ഈ ബന്ധം തിരിച്ചറിയുന്നത് 1969 ൽ ആണ്.[2] പ്രഗൽഭ മൈക്കോളജിസ്റ്റുകളിൽ ഏലിയാസ് മാഗ്നസ് ഫ്രൈസ്, ക്രിസ്റ്റ്യൻ ഹെൻഡ്രിക് പെർസൂൺ, ആന്റൺ ഡി ബാരി, എലിസബത്ത് ഈറ്റൺ മോഴ്സ്, ലൂയിസ് ഡേവിഡ് വോൺ ഷ്വെയ്നിറ്റ്സ് എന്നിവരും ഉൾപ്പെടുന്നു. പിയർ ആൻഡ്രിയ സക്കാർഡോ അപൂർണ്ണമായ ഫംഗസുകളെ ബീജത്തിന്റെ നിറവും രൂപവും അനുസരിച്ച് തരംതിരിക്കുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിച്ചെടുത്തു, ഇത് ഡിഎൻഎ വിശകലനത്തിലൂടെയുള്ള വർഗ്ഗീകരണത്തിന് മുമ്പ് ഉപയോഗിച്ച പ്രാഥമിക സംവിധാനമായിരുന്നു. കൂണുകൾക്കായി ഉപയോഗിച്ചിരുന്ന എല്ലാ പേരുകളുടെയും സമഗ്രമായ ലിസ്റ്റ് ആയ സില്ലോജിന്റെ പേരിൽ അദ്ദേഹം ഏറ്റവും പ്രശസ്തനാണ്. ബൊട്ടാണിക്കൽ കിംഗ്ഡം ആയ ഫംഗസിന്റെ സമഗ്രവും ന്യായമായും ആധുനികവുമായ ഇത്തരത്തിലുള്ള ഒരേയൊരു കൃതിയാണ് സില്ലോജ്. പല ഫംഗസുകളും വിഷപദാർത്ഥങ്ങൾ, [3] ആൻറിബയോട്ടിക്കുകൾ, [4] മറ്റ് ദ്വിതീയ ഉപാപചയങ്ങൾ എന്നിവ ഉത്പാദിപ്പിക്കുന്നു. ഉദാഹരണത്തിന്, കോസ്‌മോപൊളിറ്റൻ (ലോകമെമ്പാടുമുള്ള) ജനുസ്സായ ഫ്യൂസാറിയവും അവയുടെ വിഷവസ്തുക്കളും മനുഷ്യരിൽ ഉണ്ടാക്കുന്ന അലിമെന്ററി ടോക്സിക് അലൂക്കിയയുടെ മാരകമായ രോഗപ്പകർച്ചയുമായി ബന്ധപ്പെട്ട് എബ്രഹാം ജോഫ് വിപുലമായി പഠിച്ചു. [5] സഹജീവികളുടെ വേഷങ്ങളിൽ, ഉദാ: മൈകോറൈസ, പ്രാണികളുടെ സഹജീവികൾ, ലൈക്കണുകൾ എന്നിവയുടെ രൂപത്തിൽ, ഫംഗസ് ഭൂമിയിലെ ജീവന് അടിസ്ഥാനമാണ്. ലിഗ്നിൻ പോലെയുള്ള സങ്കീർണ്ണമായ ജൈവ തന്മാത്രകൾ, സെനോബയോട്ടിക്സ്, പെട്രോളിയം, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ തുടങ്ങിയ പല മലിനീകരണ വസ്തുക്കളും ഇല്ലാതാക്കാൻ പല ഫംഗസുകളും പ്രാപ്തമാണ്. ഈ തന്മാത്രകളെ വിഘടിപ്പിക്കുന്നതിലൂടെ, ആഗോള കാർബൺ ചക്രത്തിൽ ഫംഗസ് നിർണായക പങ്ക് വഹിക്കുന്നു. ഫംഗസുകളും പരമ്പരാഗതമായി ഫംഗസായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഓമൈസെറ്റുകളും മൈക്സോമൈസെറ്റുകളും (സ്ലിം പൂപ്പൽ) പോലുള്ള മറ്റ് ജീവജാലങ്ങളും പലപ്പോഴും സാമ്പത്തികമായും സാമൂഹികമായും പ്രധാനമാണ്, കാരണം ഇവ ചില മൃഗങ്ങൾക്കും (മനുഷ്യർ ഉൾപ്പെടെ) സസ്യങ്ങൾക്കും രോഗങ്ങൾക്ക് കാരണമാകുന്നു.[6] രോഗകാരികളായ ഫംഗസുകൾ കൂടാതെ, വിവിധ രോഗകാരികൾ മൂലമുണ്ടാകുന്ന സസ്യ രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ പല കുമിൾ ഇനങ്ങളും വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, ട്രൈക്കോഡെർമ എന്ന ഫിലമെന്റസ് ഫംഗൽ ജനുസ്സിലെ ഇനങ്ങളെ ഫലപ്രദമായ വിള രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള രാസ-അധിഷ്ഠിത ഉൽപ്പന്നങ്ങൾക്ക് പകരമായി ഏറ്റവും പ്രധാനപ്പെട്ട ജൈവ നിയന്ത്രണ ഏജന്റുകളിലൊന്നായി കണക്കാക്കപ്പെടുന്നു. 1868-ൽ വൂൾഹോപ്പ് നാച്ചുറലിസ്റ്റ് ഫീൽഡ് ക്ലബ് സംഘടിപ്പിച്ച ആദ്യത്തെ മീറ്റിംഗിന് ശേഷം രസകരമായ ഇനം ഫംഗസുകളെ കണ്ടെത്താനുള്ള ഫീൽഡ് മീറ്റിംഗുകൾ 'ഫോറേകൾ' എന്ന് അറിയപ്പെടുന്നു.[7] ചില ഫംഗസുകൾ മനുഷ്യരിലും മറ്റ് മൃഗങ്ങളിലും രോഗമുണ്ടാക്കാം. മൃഗങ്ങളെ ബാധിക്കുന്ന രോഗകാരികളായ ഫംഗസുകളെക്കുറിച്ചുള്ള പഠനത്തെ മെഡിക്കൽ മൈക്കോളജി എന്ന് വിളിക്കുന്നു. [8] ചരിത്രംചരിത്രാതീത കാലത്ത് മനുഷ്യർ ഭക്ഷണമായി കൂൺ ശേഖരിക്കാൻ തുടങ്ങിയതായി വിശ്വസിക്കപ്പെടുന്നു. യൂറിപ്പിഡിസിന്റെ (ബിസി 480-406) കൃതികളിലാണ് കൂണുകളെക്കുറിച്ച് ആദ്യമായി എഴുതിയിട്ടുള്ളത്. ഗ്രീക്ക് തത്ത്വചിന്തകനായ തിയോഫ്രാസ്റ്റോസ് ഓഫ് എറെസോസ് (ബി.സി. 371-288) ഒരുപക്ഷേ സസ്യങ്ങളെ വ്യവസ്ഥാപിതമായി വർഗ്ഗീകരിക്കാൻ ശ്രമിച്ച ആദ്യ വ്യക്തിയാണ്. അദ്ദേഹം ചില അവയവങ്ങൾ നഷ്ടപ്പെട്ട സസ്യങ്ങളായി കൂണുകളെ കണക്കാക്കപ്പെട്ടിരുന്നു. പിന്നീട് പ്ലിനി ദി എൽഡർ (എ.ഡി. 23-79 ) ആണ് തന്റെ എൻസൈക്ലോപീഡിയയായ നാച്ചുറലിസ് ഹിസ്റ്റോറിയയിൽ – ട്രഫിൾസിനെക്കുറിച്ച് കുറിച്ച് എഴുതിയത്. [9] മൈക്കോളജി എന്ന വാക്ക് പുരാതന ഗ്രീക്കിൽ നിന്നാണ് വന്നത്. "ഫംഗസ്" എന്നർഥം വരുന്ന μύκης (മ്യൂക്കസ്), "പഠനം" എന്നർഥം വരുന്ന പ്രത്യയം -λογία (-ലോഗിയ) എന്നിവ ചേർന്നതാണ് മൈക്കോളജി എന്ന പദം.[10] പിയർ അന്റോണിയോ മിഷേലിയുടെ നോവ പ്ലാന്റാരം ജനറയുടെ 1737-ലെ പ്രസിദ്ധീകരണത്തോടെയാണ് മൈക്കോളജിയുടെ ആധുനിക യുഗത്തിന്റെ തുടക്കം. [11] ഫ്ലോറൻസിൽ പ്രസിദ്ധീകരിച്ച ഈ കൃതി പുല്ലുകൾ, പായൽ, ഫംഗസ് എന്നിവയുടെ വ്യവസ്ഥാപിത വർഗ്ഗീകരണത്തിന് അടിത്തറയിട്ടു. ഇപ്പോഴും നിലവിലുള്ള ജനുസ് നാമങ്ങളായ പോളിപോറസ്, ട്യൂബർ എന്നിവ 1729-ൽ അദ്ദേഹം എഴുതിയതാണ്. ഒരു ജനുസ്സിന്റെ ശാസ്ത്രീയ നാമം പരാമർശിക്കുമ്പോൾ, രചയിതാവിന്റെ ചുരുക്കെഴുത്ത് ഓപ്ഷണലായി അവസാനം ചേർക്കാമെന്നത് ശ്രദ്ധിക്കുക. മൈക്കോളജി എന്ന പദവും മൈക്കോളജിസ്റ്റ് എന്ന കോംപ്ലിമെന്ററി പദവും ആദ്യമായി ഉപയോഗിച്ചത് 1836-ൽ എംജെ ബെർക്ക്‌ലിയാണ് . [12] മൈക്കോളജിയും മരുന്ന് കണ്ടെത്തലുംനൂറ്റാണ്ടുകളായി, ചില കൂൺ വർഗ്ഗങ്ങൾ ചൈന, ജപ്പാൻ, റഷ്യ എന്നിവിടങ്ങളിൽ നാടോടി ഔഷധമായി ഉപയോഗിക്കുന്നുണ്ട്. നാടോടി വൈദ്യത്തിൽ കൂണിന്റെ ഉപയോഗം പ്രധാനമായും ഏഷ്യൻ ഭൂഖണ്ഡത്തെ കേന്ദ്രീകരിച്ചാണെങ്കിലും, മിഡിൽ ഈസ്റ്റ്, പോളണ്ട്, ബെലാറസ് തുടങ്ങിയ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ആളുകൾ ഔഷധ ആവശ്യങ്ങൾക്കായി കൂൺ ഉപയോഗിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അൾട്രാവയലറ്റ് (UV) ലൈറ്റിന് വിധേയമാകുമ്പോൾ കൂൺ വലിയ അളവിൽ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു. [13] പെൻസിലിൻ, സൈക്ലോസ്പോരിൻ, ഗ്രിസോഫുൾവിൻ, സെഫാലോസ്പോരിൻ, സൈലോസിബിൻ എന്നിവ പൂപ്പൽ അല്ലെങ്കിൽ മറ്റ് ഫംഗസുകളിൽ നിന്ന് വേർതിരിച്ചെടുത്ത മരുന്നുകളുടെ ഉദാഹരണങ്ങളാണ്. [14] [15] ഇതും കാണുക
അവലംബങ്ങൾ
ഉദ്ധരിക്കപ്പെട്ട സാഹിത്യം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia