2015-ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ അഞ്ചാമത്തേതാണ് അഞ്ചാം സുസ്ഥിര വികസന ലക്ഷ്യം (എസ്.ഡി.ജി. 5 അല്ലെങ്കിൽ 5-ാം ഗ്ലോബൽ ഗോൾ). 2030-ഓടെ ലിംഗസമത്വം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുക എന്നതാണ് ഉദ്ദേശിക്കുന്നത്. ആകെയുള്ള പതിനേഴ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ വഴി വിവിധ മേഖലകളിൽ കൈവരിക്കുന്ന വികസനത്തിലൂടെ ആഗോളതലത്തിൽ സമസ്ത മേഖലകളിലും സന്തുലിതമായ ഒരു ക്രമം രൂപപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്[1].
അഞ്ചാം സുസ്ഥിര വികസന ലക്ഷ്യത്തിൽ ഒമ്പത് ലക്ഷ്യങ്ങളും 14 സൂചകങ്ങളുമുണ്ട്. ഒമ്പത് ലക്ഷ്യങ്ങളിൽ ആറെണ്ണം ലക്ഷ്യഫലങ്ങളാണ്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കുക;
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അക്രമവും ചൂഷണവും അവസാനിപ്പിക്കുക;
നേരത്തെയുള്ളതും നിർബന്ധിതവുമായ ശൈശവ വിവാഹം, സ്ത്രീ ജനനേന്ദ്രിയ ഛേദിക്കൽ തുടങ്ങിയ ഹാനികരമായ ആചാരങ്ങൾ ഇല്ലാതാക്കുക;
ശമ്പളമില്ലാത്ത ഗാർഹിക പരിചരണത്തിന്റെ മൂല്യം വർധിപ്പിക്കുകയും ഗാർഹിക ഉത്തരവാദിത്തങ്ങൾ പങ്കിടുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക,
നേതൃത്വത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും സ്ത്രീകളുടെ പൂർണപങ്കാളിത്തം ഉറപ്പാക്കൽ;
കൂടാതെ സാർവത്രിക പ്രത്യുൽപാദന അവകാശങ്ങളും ആരോഗ്യഅവകാശങ്ങളും ഉറപ്പാക്കുക.
ഈ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള മൂന്ന് മാർഗ്ഗങ്ങൾ[2] ഇവയാണ്:
സ്ത്രീകൾക്ക് സ്വത്തവകാശം, സാമ്പത്തിക സേവനങ്ങൾ, സാമ്പത്തിക സ്രോതസ്സുകൾ, എന്നിവയിൽ തുല്യ അവകാശങ്ങൾ വളർത്തുക;
സാങ്കേതികവിദ്യയിലൂടെ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുക;
ലിംഗസമത്വത്തിനായുള്ള നയങ്ങൾ സ്വീകരിക്കുകയും ശക്തിപ്പെടുത്തുകയും നിയമനിർമ്മാണം നടപ്പിലാക്കുകയും ചെയ്യുക.[3]
"ആരെയും പിന്നിലാക്കരുത്" എന്ന പ്രതിജ്ഞയിലൂടെ, ഏറ്റവും പിന്നിലുള്ളവർക്കായി അതിവേഗം പുരോഗതി കൈവരിക്കാൻ ലക്ഷ്യങ്ങൾ അംഗീകരിച്ച രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണ്.[4]:54 സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യ അവകാശങ്ങളും ജോലിസ്ഥലം ഉൾപ്പെടെയുള്ള ഇടങ്ങളിൽ വിവേചനമില്ലാതെ സ്വതന്ത്രമായി ജീവിക്കാനുള്ള അവസരങ്ങളും നൽകാനാണ് അഞ്ചാം സുസ്ഥിര വികസന ലക്ഷ്യം ലക്ഷ്യമിടുന്നത്. ഇത് ലിംഗസമത്വം കൈവരിക്കുന്നതിനും എല്ലാ സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നതിനും വേണ്ടി വിഭാവനം ചെയ്തതാണ്.
കോവിഡ് -19 മഹാമാരി ദുർബലവിഭാഗമെന്ന നിലയിൽ സ്ത്രീകളെ സാരമായി ബാധിക്കുകയും ചികിത്സാ ലഭ്യതക്കുറവുണ്ടാക്കുകയും ചെയ്തു.[5] മഹാമാരിയുടെ സമയത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചതായി തെളിവുകൾ കാണിക്കുന്നു.[6]