അഷ്ടമുടിക്കായൽ
![]() കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള രണ്ടാമത്തെ കായലാണ് അഷ്ടമുടിക്കായൽ. ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുള്ള കായലുമാണ് കൊല്ലം ജില്ലയിലുള്ള ഈ കായൽ. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിന്റെ തൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു. അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ് (അഷ്ട=എട്ട്;മുടി=ശാഖ,കൈവഴി). ഈ പേര് കായൽ പരന്നുകിടക്കുന്ന സ്ഥലത്തിൻറെ ഒരു ദൃശ്യരൂപം വരച്ചുകാട്ടുന്നു. എട്ടു പ്രധാന ശാഖാകാലാണ് കായലിനുള്ളത്. കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു.[1][2][3] നീർത്തടങ്ങളുടെ സംരക്ഷത്തെയും അവയുടെ സന്തുലിത ഉപയോഗത്തെക്കുറിച്ചുമുള്ള റാംസർ ഉടമ്പടി പ്രകാരം അന്തർദേശീയ പ്രാധാന്യമുള്ള നീർത്തടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ് അഷ്ടമുടി നീർത്തടം.[4] ![]() ![]() കായലിന്റെ തെക്കുഭാഗത്ത് ചരിത്രപ്രാധാന്യമുള്ള തുറമുഖ നഗരമായ കൊല്ലം സ്ഥിതിചെയ്യുന്നു. കൊല്ലം ബോട്ട് ക്ലബ്ബിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബോട്ടു സവാരി ഈ കായൽ പാതയിലൂടെ കൊല്ലത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്നു. മറ്റു നിരവധി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഈ ബോട്ട് സവാരി പ്രവേശനമൊരുക്കുന്നു. കൂടാതെ ആഡംബര ഹൗസ് ബോട്ടുകളും സേവനങ്ങൾ നത്തുന്നു. ഈ ജലസംഭരണിയിലൂടെയുള്ള ബോട്ട് സവാരി 8 മണിക്കൂർ സമയം വരുന്നതാണ്. തടാകങ്ങൾ,കനാലുകൾ,വെള്ളക്കെട്ടുകളുള്ള ഗ്രാമങ്ങൾ എന്നിവയിലൂടെയുള്ള ഈ സവാരി അഷ്ടമുടിക്കായലിന്റെ സമഗ്ര സൗന്ദര്യം നുകരാൻ അവസരമൊരുക്കുന്നു. മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന ചീനവല ഈ കായലിലെ ഒരു സാധാരണ കാഴ്ചയാണ്.[1][5][6] കായലും അതിന്റെ തീരത്തുള്ള കൊല്ലം നഗരവും നീണ്ടകര തുറമുഖവും സംസ്ഥാനത്തിന്റെ കശുവണ്ടി സംസ്കരണ-വ്യാപാരത്തിനും സമുദ്രോല്പന്ന വ്യവസായങ്ങൾക്കും ആവശ്യമായ ഗതാഗത മാർഗ്ഗമായി വർത്തിക്കുന്നു.[6] കായലരികത്തായി താമസിക്കുന്ന ജനവിഭാഗങ്ങൾ മത്സ്യബന്ധനം,കയർ നിർമ്മാണത്തിലേക്കാവശ്യമായ ചകിരി വേർതിരിക്കുന്നതിനുള്ള ചകിരിപൂഴ്ത്തൽ,ഉൾനാടൻ ജലഗതാഗത സേവനം എന്നീ തൊഴിലുകളിലൂടെ ജീവിതോപാധി കണ്ടെത്തുന്നു. ![]() കായൽപ്പരപ്പിനെ തഴുകിയെത്തുന്ന കാറ്റും കായലോളങ്ങളും കായൽക്കരയിലെ ജീവിതത്തുടിപ്പും നിരവധി കലാസാഹിത്യ പ്രതിഭകൾക്ക് പ്രചോദനമായിട്ടുണ്ട്. ജയപാലപ്പണിക്കർ, പാരീസ് വിശ്വനാഥൻ, കുരീപ്പുഴ ശ്രീകുമാർ, വി.സാംബശിവൻ,അഴകത്ത് പത്മനാഭക്കുറുപ്പ്, ഷാജി എൻ. കരുൺ, ഡി. വിനയചന്ദ്രൻ,പഴവിള രമേശൻ, എന്നിവരുൾപ്പെടുന്ന പ്രതിഭകൾ ഈ തീരത്ത് ജനിച്ചവരാണ്. തിരുനല്ലൂർ കരുണാകരന്റെ പല കവിതകളുടേയും പശ്ചാത്തലമായി അഷ്ടമുടിക്കായൽ കാണാം. അതിൽ പ്രധാനം റാണി എന്ന ഖണ്ഡകാവ്യമാണ്. ഒ.എൻ.വി.കുറുപ്പിൻ്റെ പല കവിതകളിലും ഈ കായൽ ഇടം പിടിച്ചിട്ടുണ്ട്. കുരീപ്പുഴ ശ്രീകുമാറിൻ്റെ ഇഷ്ടമുടിിക്കായൽ എന്ന കവിത കായലിനെ ജൈവികമായും സാംംസ്കാരികമായും അടയാളപ്പെടുത്തുന്നതാണ്. കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടമായ പെരുമൺ ദുരന്തം നടന്നത് അഷ്ടമുടിക്കായലിലാണ്. 1988 ജൂലൈ 8-ന് നടന്ന ഈ ദുരന്തത്തിൽ 107 പേരാണ് മരിച്ചത്. ചരിത്രം![]() ഫിനീഷ്യരുടേയും റോമക്കാരുടേയും കാലത്തു തന്നെ കൊല്ലവും അഷ്ടമുടിക്കായലും പ്രാധാന്യമുള്ളവയായിരുന്നു. 14-ആം നൂറ്റാണ്ടിൽ ഇബ്‌നു ബത്തൂത്ത തന്റെ 24 വർഷം നീണ്ടുനിന്ന സഞ്ചാരയാത്രയുടെ വിവരണത്തിൽ ചൈനക്കാരുടെ അഞ്ചു വ്യാപാര തുറമുഖങ്ങളിൽ ഒന്നായി കൊല്ലം തുറമുഖത്തെ എണ്ണിയിട്ടുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പി പ്രക്ഷോഭം സംഘടിപ്പിച്ചത് ഇവിടെ നിന്നായിരുന്നു.[7] എട്ടു മുടികൾ
കല്ലടയാർ അഷ്ടമുടിയിൽ വന്നു പതിക്കുന്ന ഭാഗം. മൺറോ തുരുത്ത്, പട്ടംതുരുത്ത്, നീട്ടുംതുരുത്ത് എന്നിവ ഇതിലാണു്.
പെരുമണ്ണിനും പള്ളിയാംതുരുത്തിനും ഇടയിലുള്ള ഭാഗം. പെരുമൺ ദുരന്തം നടന്നത് ഇതിലാണ്.
കായലിന്റെ ഏറ്റവും ആഴമുള്ള ഭാഗം. കുണ്ടറയ്ക്ക് പടിഞ്ഞാറുള്ള ഭാഗം. അവലംബം
|
Portal di Ensiklopedia Dunia