അർബുദ പ്രതിവിധികൾ

ബ്രസ്റ്റ് കാൻസറിന് കിമോതെറാപ്പി ചെയ്യുന്ന വനിത

അർബുദം ഏറ്റവും ഭയാനകമായ രോഗമായിട്ടാണ് ഇന്നും ജനങ്ങൾ കരുതുന്നത്. എന്നാൽ ഇത് എപ്പോഴും അപായസാധ്യതയുള്ള ഒന്നായി കണക്കാക്കേണ്ടതില്ല. പ്രാരംഭദശയിൽത്തന്നെ കണ്ടുപിടിച്ച് സത്വരനടപടികളെടുത്താൽ നിയന്ത്രണവിധേയമാകുമെന്നു തെളിഞ്ഞിട്ടുണ്ട്.

ആരോഗ്യകരമായ ജീവിതശൈലി

പഴങ്ങളും പച്ചക്കറികളും ഇലക്കറികളും പരിപ്പുവർഗങ്ങളും മത്സ്യവും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, ലഹരി വിമോചനം, മാനസിക സമ്മർദം ഒഴിവാക്കുക തുടങ്ങിയവ കാൻസർ പ്രതിരോധത്തിന് ഉത്തമമാണെന്ന് പഠനങ്ങൾ പറയുന്നു.

ഒരു ദിവസം 450-500 ഗ്രാം പഴങ്ങളും പച്ചക്കറികളും/ ഇലക്കറികളും എങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ, നിരോക്സീകാരികൾ, നാരുകൾ എന്നിവ മികച്ച രോഗപ്രതിരോധശേഷി നൽകുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പയർ, പരിപ്പുവർഗങ്ങളും കഴിക്കാം.

അമിതമായി എണ്ണ, ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവ അടങ്ങിയതും വറുത്തതും പൊരിച്ചതും മൊരിഞ്ഞതും കരിഞ്ഞതുമായ ആഹാരം, ചുവന്ന മാംസം എന്നിവ കാൻസർ സാധ്യത കൂട്ടുമെന്നതിനാൽ ഇവ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

എണ്ണ പലതവണ തിളപ്പിച്ച്‌ ഉപയോഗിക്കുന്നത് അപകടകരമായ ഫ്രീറാഡിക്കലുകൾ രൂപം കൊള്ളാൻ ഇടയാക്കുന്നു. ഇത് കാൻസർ ഉണ്ടാകാൻ ഇടയാക്കാം.

അമിതവണ്ണം കാൻസർ സാധ്യത കൂട്ടുന്നു. അതിനാൽ അമിതവണ്ണം ഉള്ളവർ അത് കുറക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

മാത്രമല്ല, പതിവായ വ്യായാമത്തിന്റെ അഭാവത്തിൽ കാൻസർ സാധ്യത വളരെയധികം കൂടുന്നു. മുതിർന്നവർ ദിവസേന കുറഞ്ഞത് മുപ്പത് മിനുട്ട് നേരവും കുട്ടികൾ ഒരു മണിക്കൂറും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

പതിവായി വ്യായാമം ചെയ്യുന്നത് രോഗപ്രതിരോധവ്യവസ്ഥയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്താനും, കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, പൊണ്ണത്തടി, വിഷാദരോഗം, ഉദ്ധാരണശേഷിക്കുറവ്, വന്ധ്യത തുടങ്ങിയ ജീവിതശൈലി രോഗങ്ങളിൽ നിന്നു പോലും രക്ഷനേടുന്നതിന് സഹായിക്കുന്നു.

സൈക്ലിങ്ങ്, നീന്തൽ, വേഗത്തിലുള്ള നടപ്പ്, ഓട്ടം, പടി കയറൽ, സ്കിപ്പിംഗ്, ടെന്നീസ്, ഫുട്ബോൾ, ബാഡ്മിന്റൺ കളിക്കൽ, നൃത്തം, അയോധന കലകൾ, ജിം പരിശീലനം തുടങ്ങിയ ഏതെങ്കിലും വ്യായാമ മുറകൾ ചിട്ടയായി ചെയ്യുന്നത് നല്ലതാണ്.

പുകവലി, മദ്യപാനം തുടങ്ങിയവ കാൻസർ സാധ്യത ഏറെ വർധിപ്പിക്കുന്നു. പുകയില ഉപയോഗം നിയന്ത്രിക്കുന്നത് അർബുദരോഗം വരാനുള്ള സാധ്യത കുറയ്ക്കും. വായ, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിൽ അർബുദം ഉണ്ടാകാനുള്ള പ്രധാന കാരണം പുകയില ഉത്പന്നങ്ങളാണ്.

സ്ത്രീകളിൽ സ്തനങ്ങളിൽ ഉണ്ടാകുന്ന മുഴകൾ, പാടുകൾ, നിറം മാറ്റങ്ങൾ എന്നിവ ഉടനടി പരിശോധനയ്ക്ക് വിധേയമാക്കണം. സ്ത്രീകൾക്ക് സ്വയം സ്തനം പരിശോധിച്ച് ഇവ കണ്ടെത്താവുന്നതാണ്. കൂടുതൽ കാലം മുലയൂട്ടുന്ന സ്ത്രീകളിൽ സ്തന കാൻസർ സാധ്യത കുറവാണ്.

സ്ത്രീകളിൽ പല കാരണങ്ങൾ കൊണ്ട് ഗർഭാശയ കാൻസർ ഉണ്ടാകാം. പുകവലി, ദുർബലമായ രോഗപ്രതിരോധ ശേഷി, ഗർഭനിരോധന ഗുളികകൾ, ചെറുപ്പത്തിൽ തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവയും ഇതിൻറെ കാരണങ്ങളിൽ ഉൾപ്പെടുന്നു.

എച്ച്പിവി രോഗാണുമൂലമുണ്ടാകുന്ന ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസർ തടയുവാൻ HPV പ്രതിരോധ കുത്തിവെപ്പ് ഏറ്റവും ഫലപ്രദമാണ്. അതിനാൽ പല രാജ്യങ്ങളിലും ഇവ സൗജന്യമായി സ്ത്രീകൾക്കും പെൺകുട്ടികൾക്കും ലഭ്യമാക്കാറുണ്ട്. രോഗാണുവാഹകരുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന എച്ച്പിവി അണുബാധ നല്ലൊരു ശതമാനം വരെ കോണ്ടം ഉപയോഗിക്കുന്നത് വഴി തടയുവാൻ സാധിക്കും. എന്നാൽ ഗുഹ്യ ചർമത്തിന്റെ ഉരസൽ വഴി ഇത് പകരാം എന്നതിനാൽ പൂർണമായും ഒഴിവാക്കാൻ സാധിക്കില്ല. ഗുഹ്യരോമങ്ങൾ ഷേവ് ചെയ്യുന്നത് കൊണ്ടോ മറ്റോ ഗുഹ്യഭാഗത്തെ തൊലിപ്പുറത്ത് ഉണ്ടാകുന്ന സൂക്ഷ്മമായ മുറിവുകളിലൂടെ രോഗാണുബാധ അതിവേഗം പകരാറുണ്ട്. അതിനാൽ ഗുഹ്യരോമം മൂടോടെ ഷേവ് ചെയ്യുന്നത് ഒഴിവാക്കുകയും പകരം ആവശ്യമെങ്കിൽ മാത്രം കത്രികയോ ട്രിമ്മറോ ഉപയോഗിച്ച് രോമങ്ങളുടെ നീളം കുറച്ചു നിർത്തുന്നതാവും ഗുണകരം.

പാപ്സ്മിയർ ടെസ്റ്റിലൂടെ ഈ ഗർഭാശയഗള അർബുദത്തെ നേരത്തെ കണ്ടുപിടിക്കാനും നിയന്ത്രിക്കാനും സാധിക്കുന്നു. അതിനാൽ സ്ത്രീകൾ കൃത്യമായ ഇടവേളകളിൽ പാപ്സ്മിയർ ടെസ്റ്റ്‌ ചെയ്യേണ്ടതാണ്.

വിവിധ കാൻസറുകളുടെ ലക്ഷണങ്ങൾ

മിക്ക അർബുദങ്ങളും തുടക്കത്തിൽത്തന്നെ കണ്ടുപിടിക്കാവുന്നവയാണ്. അർബുദം അതിന്റെ ആരംഭദശയിൽ തന്നെ കണ്ടുപിടിക്കുകയും, കാര്യക്ഷമമായവിധം ചികിത്സിക്കുകയും ചെയ്താൽ ഒരളവുവരെ മാറ്റാമെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിയിക്കുന്നു. അർബുദത്തിന്റെ ആരംഭദശയിലുള്ള കണ്ടുപിടിത്തമാണ് കാര്യക്ഷമമായ ചികിത്സയുടെ അവിഭാജ്യഘടകം എന്ന് ഇതിൽനിന്ന് വ്യക്തമാകും. അർബുദത്തെപ്പറ്റി പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നുള്ളതാണ് ഈ പദ്ധതിയിൽ ആദ്യമായി ചെയ്യേണ്ടത്. ഇതിന് അർബുദത്തിന്റെ ആരംഭദശയിലുള്ള അപകടസൂചനയെപ്പറ്റി അവരെ മനസ്സിലാക്കിക്കണം. ഈ സൂചനകൾ താഴെ പറയുന്നവയാണ്: കരിയാൻ താമസിക്കുന്ന വ്രണം ദേഹത്ത് എവിടെയെങ്കിലും, പ്രത്യേകിച്ച് സ്തനങ്ങളിൽ, ഉണ്ടാകുന്ന മുഴയോ, കല്ലിപ്പോ സാധാരണയിൽ കവിഞ്ഞ രക്തസ്രാവം, പഴുപ്പു പോക്ക് മുതലായവ പെട്ടെന്നു വളരുന്ന കറുത്ത മറുകുകൾ വിശപ്പില്ലായ്മ, വിഴുങ്ങുന്നതിനു തടസ്സം മുതലായവ ഒച്ചയടപ്പും വിട്ടുമാറാത്ത ചുമയും വിരേചനയിലുണ്ടാകുന്ന തകരാറുകൾ

===സ്തനാർബുദം (ബ്രെസ്റ്റ് കാൻസർ)==• സ്ത്രീകളിൽ സ്തനങ്ങളിൽ, ഉണ്ടാകുന്ന മുഴയോ, കല്ലിപ്പോ, നിറം മാറ്റമോ സ്തനാർബുദത്തിന്റെ ലക്ഷണമാകാം. സ്വയം സ്തന പരിശോധന നടത്തുന്നത് വഴി ഇവ നേരത്തെ കണ്ടെത്താവുന്നതാണ്.

ഗർഭാശയ കാൻസർ

സ്ത്രീകളിൽ ആർത്തവ സമയത്ത് അമിതമായ രക്തസ്രാവം ഉണ്ടാവുക ആണെങ്കിലോ അല്ലെങ്കിൽ മാസമുറ സമയത്ത് അല്ലാതെ രക്തസ്രാവം ഉണ്ടാകുമെങ്കിലോ അത് ഗർഭാശയ കാൻസർ ആകാം. ഇത്തരം പ്രശ്നം ഉണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു ഉടനെ പരിശോധന നടത്തേണ്ടതാണ്. ആർത്തവവുമായി ബന്ധപെട്ടു സ്ത്രീകൾക്ക് ഇതെപ്പറ്റിയുള്ള ബോധവൽക്കരണം അത്യാവശ്യമാണ്.

ഗർഭാശയമുഖ കാൻസർ

സ്ത്രീകളിൽ ലൈംഗിക ബന്ധത്തിന് ശേഷമുള്ള രക്തസ്രാവം, വേദനാജനകമായ ലൈംഗികബന്ധം എന്നിവ ഗർഭാശയമുഖ കാൻസർ ലക്ഷണമാകാം. ഇത്തരം പ്രശ്നം ഉണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു ഉടനെ പരിശോധന നടത്തേണ്ടതാണ്. ഇതിനെതിരെ ഫലപ്രദമായ HPV പ്രതിരോധ വാക്സിൻ ലഭ്യമാണ്.

രക്‌താർബുദം (ബ്ലഡ്‌ കാൻസർ)

ഇടയ്ക്കിടെ ഉണ്ടാകുന്ന പനിയാണ് പ്രധാന ലക്ഷണം, പ്രത്യേകിച്ച് അധികം ഊഷ്മാവില്ലാത്ത പനി ബ്ലഡ്‌ കാൻസർ ലക്ഷണമാകാം.

കുടലിലെ അർബുദം

മലത്തിലുണ്ടാകുന്ന രക്തമാണ് പ്രധാന ലക്ഷണം. പൈൽസ്, മലബന്ധം പോലെയുള്ള രോഗങ്ങൾ കൊണ്ടും ഈ ലക്ഷണം ഉണ്ടാകാം. എന്നിരുന്നാലും ഇടയ്ക്കിടെ മലത്തിൽ രക്തം കാണുന്നത് കുടൽ അർബുദ ലക്ഷണമാകാം. ഇടയ്ക്കിടെ ഉണ്ടാകുന്ന മലബന്ധവും വയറിളക്കവും ഇത്തരം കാൻസർ ലക്ഷണമാകാം.

ശ്വാസകോശ അർബുദം

നാല് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ, ശരീരഭാരം കുറയുക, ഇടയ്ക്കിടെയുള്ള പനി എന്നിവ ശ്വാസകോശ കാൻസർ ലക്ഷണമാകാം. പുകവലി ഇത് ഉണ്ടാകാൻ ഒരു പ്രധാന കാരണമാണ്.

തലച്ചോറിലെ കാൻസർ (ബ്രെയിൻ ട്യൂമർ)

കാഴ്ചക്കുറവ്, തലവേദന, ഓർമ്മക്കുറവ് എന്നിവയാണ് ബ്രെയിൻ ട്യൂമർ ലക്ഷണം.

വായിലെ കാൻസർ

വായിലെ ഉണങ്ങാത്ത വേദനയില്ലാത്ത മുറിവുകൾ, വായിലുണ്ടാകുന്ന മുഴകൾ, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ വായിലെ കാൻസർ ലക്ഷണമാകാം. പുകയില ഉപയോഗം ഒരു പ്രധാന കാരണമാണ്.

വയറ്റിലെ കാൻസർ

സ്ഥിരമായി ഭക്ഷണം കഴിച്ചാൽ ദഹിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും വയറെരിയുകയും ചെയ്യുക, രക്തം ഛർദിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വറുത്തതും പൊരിച്ചതും മൊരിഞ്ഞതും ഉൾപ്പടെയുള്ള അനാരോഗ്യകരമായ ഭക്ഷണം, ചുവന്ന മാംസത്തിന്റെ അമിത ഉപയോഗം, പഴങ്ങൾ പച്ചക്കറികൾ എന്നിവയുടെ കുറഞ്ഞ ഉപയോഗം എന്നിവ ഇത്തരം കാൻസർ ഉണ്ടാകാൻ പ്രധാന കാരണങ്ങളാണ്.

തൊലിപ്പുറത്തെ കാൻസർ

മറുകുകൾ പെട്ടന്ന് വലിപ്പം വയ്ക്കുക, ചർമത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

വാക്സിൻ

സ്ത്രീകൾ HPV വാക്സിൻ സ്വീകരിക്കുന്നത് ഗർഭാശയഗള കാൻസർ വരാതെ തടയുവാൻ സഹായിക്കുന്നു. അതിനാൽ പെൺകുട്ടികൾ കഴിവതും ഈ വാക്സിൻ സ്വീകരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

മറ്റു ചികിത്സകൾ

എക്സ്-റേ, ശസ്ത്രക്രിയ, റേഡിയേഷൻ (Radio theraphy)[1] കീമോ തെറാപ്പി എന്നിങ്ങനെ ഭൗതിക (physical) പ്രതിവിധികളും രാസവസ്തുക്കൾ, ഹോർമോണുകൾ എന്നീ രാസപ്രതിവിധികളും അർബുദചികിത്സയ്ക്കു നിർദ്ദേശിക്കപ്പെട്ടുവരുന്നു. സാന്ത്വന ചികിത്സ (palliative care)[2] ഭേദമാക്കാൻ സാധിക്കാത്ത വിധത്തിൽ മൂർച്ഛിച്ച രോഗം ഉള്ളവർക്കു വേദനയും മറ്റു പ്രശ്നങ്ങളും നിയന്ത്രിക്കാൻ ഉതകുന്നുണ്ട്. രോഗം ഒരു അവയവത്തെയോ ഒരു കലയെയോ മാത്രം ബാധിച്ചിട്ടുള്ള അവസ്ഥയിൽ ശസ്ത്രക്രിയകൊണ്ട് എളുപ്പത്തിൽ അതിനു പ്രതിവിധി ചെയ്യാം.

ശസ്ത്രക്രിയ

കഴുത്തിലെ ഗ്രന്ഥി

ശസ്ത്രക്രിയ പ്രധാനമായും സാർകോമ[3], അണ്ഡാശയ കാൻസർ, സ്തനാർബുദം, ബ്രെയിൻ ട്യൂമർ[4], നാക്കിലെ കാൻസർ, വയറിലെ ട്യൂമറുകൾ, കഴുത്തിലെ ഗ്രന്ഥികൾ (lymph nodes)[5] എന്നിവയ്ക്കാണു ഫലപ്രദം. ചിലപ്പോൾ സർജറി ചെയ്താൽ പൂർണമായി മുറിച്ചുമാറ്റാൻ സാധിച്ചില്ലെങ്കിൽ ഇതിനുപുറമേ റേഡിയേഷനും കീമോതെറാപിയും (multidisciplinary apporach)[6] ആവശ്യമായിവരും. ഇപ്പോൾ കരൾ, അന്നനാളം, മൂത്രാശയം, ശബ്ദപേടകം എന്നിവ പൂർണമായി ശസ്ത്രക്രിയ ചെയ്തു മാറ്റി പകരം കൃത്രിമ അവയവം (Transplant അല്ലെങ്കിൽ പ്രോസ്തസിസ്) വയ്ക്കാം. അല്ലെങ്കിൽ രോഗിയെ ഈ അവയവം ഇല്ലാത്ത അവസ്ഥ മറികടക്കാൻ പരിശീലിപ്പിക്കാം. ഇതിന് പുനരധിവാസം (rehabilitation) എന്നു പറയുന്നു.[7]

അവയവം മുറിച്ചുനീക്കുക

ഇവിടെ ഏറ്റവും ചിന്തനീയമായ കാര്യം അവയവം മുറിച്ചുനീക്കുന്നത് ശരീരത്തെ എത്രമാത്രം ബാധിക്കുമെന്നതാണ്. ചുണ്ട്, നാവ്,ചർമം എന്നിവയിലെ അർബുദങ്ങൾക്ക് ആ രോഗബാധിത ഭാഗങ്ങൾ മുറിച്ചുകളയുന്നത് പ്രതിവിധിയാണ്. ചുണ്ടിലും ചർമത്തിലും നഷ്ടപ്പെട്ട ഭാഗങ്ങൾ പ്ലാസ്റ്റിക് സർജറി കൊണ്ട് ശരിയാക്കാം. ശ്വാസനാളി,ഉദരം,വൻകുടൽ എന്നിവയിലെ അർബുദത്തിന് ബാധിതഭാഗം ശസ്ത്രക്രിയകൊണ്ടു നീക്കി രണ്ടറ്റങ്ങളെയും തുന്നി യോജിപ്പിക്കുന്നത് അംഗീകൃതമായ ഒരു പ്രതിവിധിയാണ്. കണ്ണുകൾ,ശ്വാസകോശങ്ങൾ,വൃഷണങ്ങൾ,വൃക്കകൾ എന്നീ ഇരട്ടഅവയവങ്ങളെ സംബന്ധിച്ചിടത്തോളം ബാധിതമായ ഒരു ഭാഗം കളഞ്ഞതുകൊണ്ട് ശരീരത്തിന്റെ ദൈനംദിനപ്രവർത്തനങ്ങളിൽ വലിയ തടസ്സമോ ന്യൂനതയോ സംഭവിക്കുന്നില്ല. കരളിനെ സംബന്ധിച്ചിടത്തോളം 75-80 ശ.മാ. നഷ്ടപ്പെട്ടാലും ഒരാൾക്കു ജീവിക്കാമെന്നു തെളിഞ്ഞിട്ടുണ്ട്. ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ എന്നിവ മുഴുവൻ നീക്കംചെയ്ത് പകരം കൃത്രിമാവയവങ്ങൾ ഘടിപ്പിച്ച് ജീവിതം ദീർഘിപ്പിക്കാവുന്നതാണ്.

റേഡിയേഷൻ ചികിത്സ

എക്സ്-റേ, റേഡിയം, റേഡിയോ ആക്ടീവ് ഐസൊടോപ്പുകൾ എന്നിവയുടെ ഉപയോഗം റേഡിയേഷൻ ചികിത്സയുടെ വിവിധമാർഗങ്ങളാണ്.

  1. ടെലിതെറാപ്പി,
  2. ബ്രേക്കി തെറാപ്പി
  3. ഇന്റേണൽ തെറാപ്പി

എന്നിങ്ങനെ റേഡിയോ തെറാപ്പി, മൂന്നു തരമുണ്ട്.

ടെലിതെറാപ്പി

കോബാൾട്ട് 60 മെഷീൻ (ഗാമാരശ്മി ചികിത്സ)

ടെലിതെറാപ്പിയിൽ മെഷീനിൽനിന്നും 80-120 സെ.മീ. ദുരെവച്ച് രശ്മികൾ കൊണ്ടു ചികിത്സിക്കുന്നു. ഉദാഹരണം-

  • കോബാൾട്ട് 60 മെഷീൻ (ഗാമാരശ്മി ചികിത്സ), [8]
  • ലീനിയർ ആക്സിലെറേറ്റർ (എക്സ്റേ രശ്മിചികിത്സ),
  • ഗാമാ നൈഫ് (വളരെ സൂക്ഷ്മമായി ബ്ലെയ്ഡ് വച്ചു വരച്ചതുപോലെയുള്ള രശ്മി ചികിത്സ)[9]

എന്നിവയാണ്. ഇപ്പോൾ കൺഫോർമൽ റേഡിയോതെറാപ്പി മുതലായ വളരെ സൂക്ഷ്മമായ ചികിത്സാരീതികളുണ്ട്. ഇതിൽ ആവശ്യമുള്ളിടത്ത് മാത്രം ഡോസ് കിട്ടുന്ന സംവിധാനം ഉണ്ട്. ചികിത്സാചെലവുകൾ വളരെ കൂടുതലാണ്. ഇന്റെൻസിറ്റി മോഡുലേറ്റഡ് റേഡിയോതെറാപ്പി(IMRT)യാണ് ഏറ്റവും പുതിയതും രോഗിക്ക് ഏറ്റവും ഗുണകരവുമായ ചികിത്സ.[10]

ബ്രേക്കിതെറാപ്പി

ബ്രേക്കിതെറാപ്പി റേഡിയേഷൻ ട്രീറ്റ്മെന്റ്

ബ്രേക്കിതെറാപ്പിയിൽ റേഡിയേഷൻ സ്രോതസ്സുകളെ സൂചികൾ, വയറുകൾ, പെല്ലെറ്റുകൾ എന്നീ രൂപത്തിലാക്കി വായ്, ഗർഭാശയം, അന്നനാളം എന്നിവിടങ്ങളിൽ കടത്തിവച്ച് ആ സ്ഥാനങ്ങളിൽത്തന്നെ ഉയർന്ന മാത്രയിൽ റേഡിയേഷൻ നൽകാൻ കഴിയും. റേഡിയം ഇപ്പോൾ ഉപയോഗിക്കുന്നില്ല. പകരം ഇറിഡിയം, സീസിയം എന്നിവയുടെ ഐസോടോപ്പുകൾ ഉപയോഗിക്കുന്നു. ഈ ചികിത്സ വളരെ ഫലപ്രദമാണ്.[11]

ഇന്റേണൽ തെറാപ്പി

ഇന്റേണൽ തെറാപ്പിയിൽ ഗുളിക അല്ലെങ്കിൽ പാനീയരൂപത്തിലുള്ള ഐസോടോപ്പുകൾ രോഗിക്കു കൊടുക്കുന്നു. ചില പ്രത്യേക അവയവങ്ങളിൽ ഐസോടോപ്പുകൾ ചെന്നുകൂടുന്നു. ആ ഭാഗങ്ങളിൽ ഒരു ഗാമ ക്യാമറ ഉപയോഗിച്ചു ചിത്രങ്ങളെടുത്ത് വ്യതിയാനങ്ങൾ പഠിച്ച് അനുമാനങ്ങളിലെത്തുന്നു. ചില ഐസോടോപ്പുകൾ ചില അവയവങ്ങളിൽ കേന്ദ്രീകരിക്കുന്നതു ചികിത്സയ്ക്കു ഉപയോഗിക്കാം. ഉദാ: കാൻസർ തൈറോയ്ഡ് & റേഡിയോ അയഡിൻ.

അർബുദം പൂർണമായി സുഖപ്പെടുത്താൻ

ശസ്ത്രക്രിയ (Surgery) കൊണ്ടുമാത്രമേ അർബുദം പൂർണമായി സുഖപ്പെടുത്താനാകൂ. എന്നാൽ നാവിലെ അർബുദം ആരംഭഘട്ടത്തിൽ കണ്ടെത്തി റേഡിയോ തെറാപ്പി കൊണ്ടും നാസാഗ്രസനി അർബുദം (Naso Pharyngeal Carcinoma) കീമോതെറാപ്പി കൊണ്ടും ശസ്ത്രക്രിയ കൂടാതെ പൂർണമായി സുഖപ്പെടുത്താനാകും.

ശസ്ത്രക്രിയ ചെയ്യുമ്പോൾ ട്യൂമറും ട്യൂമറിന്റെ ചുറ്റിലുമുള്ള സുമാർ ഒരു സെ.മീറ്ററോളം കലകളും അതിന്റെ ത്രിമാന (three dimensional) അവസ്ഥയിൽ മുറിച്ചു നീക്കണം. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ശസ്ത്രക്രിയ ചെയ്താലും സുഖപ്പെടാത്ത അവസ്ഥയുണ്ടാകും. ബയോപ്സി(biopsy)യുടെ ആവശ്യമില്ലാതെതന്നെ ഫൈൻ നീഡിൽ ആസ്പിറേഷൻ സൈറ്റോളജി(FNAC)യിലൂടെ 96 ശതമാനം മുഴകളും അർബുദമാണോ എന്നു കണ്ടുപിടിക്കാനാകും. ചുരുക്കം ചില അവസരങ്ങളിൽ മാത്രമേ ബയോപ്സി ആവശ്യമായി വരുന്നുള്ളൂ. യു.എസ്സിലെ ഡോക്ടർമാർ എഫ്.എൻ.എ.സി., ഇമേജിങ് പ്രവിധി(Imaging techniques)കളായ എക്സ്-റേ, സി.ടി. സ്കാൻ, എം.ആർ.ഐ. സ്കാൻ എന്നീ പരിശോധനകൾ നടത്തി 98 ശ.മാ. അർബുദവും ആദ്യഘട്ടത്തിൽത്തന്നെ കണ്ടുപിടിക്കുന്നുണ്ട്.

ആധുനിക ചികിത്സാരീതികൾ

ശസ്ത്രക്രിയയോടൊപ്പം ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് മറ്റ് ആധുനിക ചികിത്സാരീതികളും ഔഷധങ്ങളും അവലംബിക്കേണ്ടതാണ്. ഇത് അജൂവന്റ് (Adjuvant)[12] തെറാപ്പി എന്നറിയപ്പെടുന്നു. ഇതിനെക്കുറിച്ച് രോഗികൾക്ക് അവബോധമുണ്ടാക്കാൻ വളരെ പ്രയോജന പ്രദമായ മാർഗ്ഗമാണ് [13]

ശരീരത്തിനകത്ത് റേഡിയത്തെ ചെറിയ അളവിൽ കടത്തിവയ്ക്കാവുന്നതാണ്. റേഡിയം വികിരണങ്ങൾക്കു പ്രവേശിക്കുവാൻ കഴിയാത്ത ശരീരഭാഗങ്ങളിലേക്ക് ഹൈവോൾട്ടേജ് ഉള്ള എക്സ്-റേ കടന്നുചെല്ലുന്നു. എക്സ്-റേക്കു പകരം കോബാൾട് (Co60) അർബുദത്തിന്റെ ബാഹ്യചികിത്സയ്ക്കായി ധാരാളം ഉപയോഗിച്ചുവരുന്നുണ്ട്. ഈ ഐസൊടോപ്പിന്റെ അർധായുഷ്കാലം 5.3 കൊല്ലമാകയാൽ മുമ്മൂന്നു കൊല്ലം കഴിയുമ്പോൾ അതു പ്രതിസ്ഥാപിക്കേണ്ടി (substitute) വരും. റേഡിയോ ഫോസ്ഫറസ്[14] (P32) രക്താർബുദത്തിനുള്ള ഒരു നല്ല പ്രതിവിധിയാണ്. രോഗികളുടെ ജീവിതം 5-10 കൊല്ലത്തേക്കു ദീർഘിപ്പിക്കുവാൻ ഈ ചികിത്സകൊണ്ടു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. ചികിത്സയ്ക്കുള്ള എളുപ്പം, വിഷാലുത്വക്കുറവ്, വികിരണം മൂലമുള്ള വൈഷമ്യങ്ങളുടെ കുറവ് എന്നീ സവിശേഷതകൾ ഇവിടെ പ്രത്യേകം പ്രസ്താവ്യങ്ങളാണ്. തൈറോയ്ഡ് അർബുദത്തിന് ഏറ്റവും യോജിച്ച പ്രതിവിധിയാണ് അയഡിൻ-131[15] (I131) കൊണ്ടുള്ള ചികിത്സ. 7-10 ആഴ്ചകൾക്കുള്ളിൽ രോഗശമനമുണ്ടാകും. സോഡിയം (റേഡിയോ) അയഡൈഡ്[16] ലായനിരൂപത്തിൽ സേവിപ്പിക്കലാണ് ചികിത്സാരീതി. ശരീരത്തെ മൊത്തത്തിൽ വികിരണനവിധേയമാക്കുന്നതിന് പൊട്ടാസിയം42[17] (K42), സോഡിയം-24 (Na24) എന്നിവ ഉപയോഗിക്കപ്പെടുന്നു. ജലലേയങ്ങളായ യുറേനിയം കോംപ്ലെക്സ് ലവണങ്ങൾ പലപ്പോഴും നല്ല ഒരു അർബുദപ്രതിവിധിയായി അനുഭവപ്പെട്ടിട്ടുണ്ട്.

കീമോതെറാപ്പി

ഔഷധങ്ങൾ കൊണ്ടു കാൻസർ ചികിത്സിക്കുന്നതാണ് കീമോതെറാപ്പി. ഇത്തരം മരുന്നുകളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. താഴെ പറയുന്ന രീതിയിൽ ആണ് അവയെ വേർതിരിച്ചിരിക്കുന്നത്.

ആൽക്കൈലേറ്റിംഗ് ഏജന്റുകൾ

  • നൈട്രജൻ മസ്റ്റാർഡുകൾ
  • മസ്റ്റീന് ഹൈഡ്രോ ക്ലോറൈഡ്
  • സൈക്ലോഫോസ്ഫാമൈഡ്
  • മെൽഫാലാൻ
  • ഐഫോസ്ഫമൈഡ്
  • ക്ലോറാംബുസിൽ.

ആൽക്കൈൽ സൽഫോണേറ്റുകൾ

  • മൈലെറാൻ
  • നൈട്രോസോയുറിയകൾ.
  • CCNU

ആന്റിമെറ്റബൊളൈറ്റുകൾ

  • മീതേട്രെക്സേറ്റ്,
  • 5 ഫ്ലൂറോയുറാസിൽ,
  • കാപ്സൈറ്റബിൻ,
  • ജെംസൈറ്റബിൻ,
  • സൈറ്ററാബിൻ

ആന്റിട്യൂമർ ആന്റിബയോട്ടിക്കുകൾ

  • ആക്ടിനോമൈസിൻ-D
  • അഡ്രിയാമൈസിൻ
  • ബ്ലിയോമൈസിൻ
  • മൈറ്റോമൈസിൻ.

എപിപോഡോഫൈലോടോക്സികൾ

  • (VP 16) ഇറ്റോപൊസൈഡ്.

വിൻകാ ആൽകലോയിഡുകൾ

  • വിൻക്രിസ്റ്റിൻ,
  • വിൻബ്ലാസ്റ്റിൻ.

വിവിധയിനം

  • സിസ് പ്ലാറ്റിൻ
  • മൈറ്റോക്സാന്ത്രോൺ
  • താലിഡോമൈഡ്
  • ഓക്സാലിപ്ലാറ്റിൻ
  • ടാക്സോൾ.

ഹോർമോണുകൾ

  • കോർട്ടിസോൺ
  • ഡെക്സാമീതസോൺ
  • ടെസ്റ്റോസ്റ്റീറോൺ
  • ടാമോക്സിഫെൻ
  • ലെട്രോസോൾ
  • ഫ്ളൂട്ടമൈഡ്.

ഹോർമോൺ പ്രവർത്തനത്തിനു വിധേയമായ ചില അവയവങ്ങളിലുണ്ടാകുന്ന അർബുദത്തിന് ഹോർമോണുകൾ കുത്തിവയ്ക്കുന്നതുകൊണ്ട് വലിയ ഗുണങ്ങൾ കണ്ടുവരാറുണ്ട്. പ്രൊസ്ട്രേറ്റ് ഗ്രന്ഥിയിലെ അർബുദത്തിന് വൃഷണങ്ങൾ നീക്കം ചെയ്യുന്നതും സ്ത്രൈണ ഹോർമോണുകൾ (female hormones) കുത്തിവയ്ക്കുന്നതും ഫലപ്രദമാണ്. അതുപോലെ സ്ത്രീകൾക്കു സ്തനത്തിൽ ഉണ്ടാകുന്ന അർബുദത്തെ അണ്ഡാശയങ്ങൾ നീക്കം ചെയ്തും പുരുഷഹോർമോണുകൾ കുത്തിവച്ചും ചികിത്സിക്കാം. അർബുദത്തിന് ഹോർമോൺ ചികിത്സ പ്രാവർത്തികമാക്കിയതിനാണ് 1966-ൽ ചാൾസ് ഹിഗ്ഗിൻസ് എന്ന ശാസ്ത്രജ്ഞന് നോബൽ സമ്മാനം ലഭിച്ചത്.

വികിരണനം, ഔഷധപ്രയോഗം എന്നിവയെ ഒറ്റയ്ക്കൊറ്റയ്ക്കു ചികിത്സാമുറകളായി സ്വീകരിക്കുന്നതിനു പകരം രണ്ടും ഏകകാലത്തിൽ പ്രയോഗിച്ചുകൊണ്ടുള്ള സംയുക്തചികിത്സ കൂടുതൽ കാര്യക്ഷമമാണെന്നു കണ്ടുപിടിച്ചിട്ടുണ്ട്.

ഇമ്യൂണോതെറാപ്പി

  • മോണോക്ലോണൽ
  • ആന്റിബോഡികൾ
  • ബെവാസിസുമദ് [Bevacizumad(AVASTIN)]
  • ട്രാസ്റ്റുഗുമാബ് Traestugumab(Herceptrin)(ശരീരത്തിന്റെ പ്രതിരോധശക്തിയിൽ മാറ്റം വരുത്തുന്നവ)
  • ഇന്റർ ഫെറോൺ ഇന്റർല്യൂകിൻ (Interluckin)

പുതിയ ചികിത്സാ ഉപാധികൾ

ബോൺ മാരോ ട്രാൻപ്ലാന്റ്

ബോൺ മാരോ ട്രാൻസ്പ്ലാന്റ് അഥവാ മജ്ജമാറ്റി വയ്ക്കൽ പ്രധാനമായും രക്താർബുദം, ലിംഫോമാ മൾട്ടിപ്പിൾ മയലോമ എന്നീ ട്യൂമറുകളിൽ ഈ ചികിത്സ പ്രയോഗിക്കുന്നുണ്ട്. വളരെ ചെലവേറിയതും ഗുരുതരമായ പാർശ്വഫലങ്ങളുള്ളതുമാണ് ഈ ചികിത്സാ രീതി. ശരീരത്തിലെ മുഴുവൻ മജ്ജ കോശങ്ങളെയും റേഡിയേഷൻ അല്ലെങ്കിൽ കീമോതെറാപ്പികൊണ്ട് നിർവീര്യമാക്കിയിട്ടു പുതിയ മജ്ജകോശങ്ങൾ പ്രദാനം ചെയ്യുന്നു.

ജീൻ തെറാപ്പി

ഏറ്റവും പുതിയ സിദ്ധാന്തം അനുസരിച്ച് കാൻസറിന്റെ ശരിയായ കാരണം മനുഷ്യകോശങ്ങളിലെ ജീനുകളിൽ ഉത്പരിവർത്തനം (mutation) കൊണ്ടുണ്ടാകുന്ന ചില വ്യതിയാനങ്ങളാണ്. ഇത്തരത്തിലുള്ള ജീനുകളെ ചികിത്സിക്കുന്ന അതിസൂക്ഷ്മമായ ചികിത്സ അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ രോഗികളിൽ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ആശാവഹമായ ഫലങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. ഭാവിയിൽ ഈ ചികിത്സയായിരിക്കും കാൻസറിന് ഏറ്റവും ഫലപ്രദമായിരിക്കുക.

അർബുദരോഗ നിർണയവും നാനോടെക്നോളജിയും

അർബുദരോഗ നിർണയവും ചികിത്സയും സങ്കീർണമാക്കുന്ന ഘടകങ്ങളിൽ പ്രധാനമായൊരു പ്രശ്നം ജൈവകോശങ്ങളിലെ തന്മാത്രാതലങ്ങളിൽ രോഗബാധയുടെ പ്രാഥമിക സൂക്ഷ്മ ചിഹ്നങ്ങൾ രൂപപ്പെടുമ്പോൾത്തന്നെ അവ കണ്ടെത്തുവാൻ നിലവിലുള്ള സംവിധാനങ്ങളുടെ കഴിവില്ലായ്മയാണ്. രോഗബാധിതകോശങ്ങളും കലകളും കണ്ടെത്തിയാൽ തന്നെ അവയെ കൃത്യമായി നശിപ്പിക്കുന്നതിനും മറ്റു ശരീരകോശങ്ങളെയും വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുമുള്ള സാങ്കേതിക സംവിധാനത്തിന്റെ അപര്യാപ്തതയാണ് മറ്റൊന്ന്. ഈ രണ്ടു കാര്യങ്ങളിലും നാനോ ടെക്നോളജി ഫലപ്രദമായ ഒരുത്തരമാകുകയാണ്. നാനോ കണികകൾക്ക് രക്തധമനികളിലൂടെ സഞ്ചരിച്ച് രോഗബാധിതകോശങ്ങളെ കണ്ടെത്തുവാനുള്ള കഴിവുണ്ട്. ഈ പ്രക്രിയയാണ് നാനോ ഇമേജിങ്.

അർബുദ ചികിത്സയുടെ രീതി ശാസ്ത്രത്തിൽ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാക്കാൻ നാനോ ടെക്നോളജിക്ക് കഴിയുന്നുണ്ട്. മരുന്നുകൾ നിർദിഷ്ട ലക്ഷ്യങ്ങളിൽ കൃത്യതയോടെ നിക്ഷേപിക്കുവാനുള്ള സാങ്കേതികവിദ്യയാണ് (targetted drug delivery) ഈ മേഖലയിലെ ഒരു മഹാനേട്ടം. നാനോ ബയോചിപ്പുകൾ ഉപയോഗിച്ച് അതിവേഗത്തിൽ മാംസ്യഘടനാവിശകലനത്തിനുള്ള ഒരു സാങ്കേതികവിദ്യയും അർബുദനിർണയമേഖലയിൽ വികസിപ്പിച്ചു വരുന്നുണ്ട്.

അവലംബം

  1. http://www.betterhealth.vic.gov.au/bhcv2/bhcarticles.nsf/pages/Cancer_treatments_radiotherapy Archived 2012-09-21 at the Wayback Machine Radiotherapy uses targeted x-rays to destroy cancer cells with radiation
  2. http://www.getpalliativecare.org/ Palliative care is specialized care focused on the pain, symptoms and stress of serious illness.
  3. http://www.cancer.net/cancer-types/sarcoma Archived 2012-09-09 at the Wayback Machine Both children and adults can develop a sarcoma. It can start in any part of the body, such as the bone or soft tissue.
  4. http://www.medicinenet.com/brain_tumor/article.htm Read about brain tumor symptoms such as headaches, nausea or vomiting, balance and walking problems, mood and personality changes, memory problems, ...
  5. http://www.nlm.nih.gov/medlineplus/ency/article/003097.htm Lymph nodes are found throughout your body. They are an important part of your immune system
  6. http://scholar.lib.vt.edu/ejournals/JTE/v6n2/wicklein.jte-v6n2.html Case Studies of Multidisciplinary Approaches to Integrating Mathematics, Science and Technology Education
  7. http://www.nlm.nih.gov/medlineplus/rehabilitation.html After a serious injury, illness or surgery, you may recover slowly. You may need to regain your strength, relearn skills or find new ways of doing things you did before. This process is rehabilitation.
  8. Why is gamma ray radiation used in treating cancers? Read more: http://wiki.answers.com/Q/Why_is_gamma_ray_radiation_used_in_treating_cancers#ixzz25fHrIPaN Why is gamma ray radiation used in treating cancers?
  9. http://www.mayoclinic.com/health/gamma-knife-radiosurgery/MY00206 Gamma-knife radiosurgery is a type of radiation therapy used to treat tumors and other abnormalities in the brain.
  10. http://www.radiologyinfo.org/en/info.cfm?pg=imrt What is Intensity-Modulated Radiation Therapy and how is it used?
  11. http://www.mayoclinic.com/health/brachytherapy/MY00323 Brachytherapy (brak-e-THER-uh-pee) is a procedure that involves placing radioactive material inside your body.
  12. http://lungcancer.about.com/od/glossary/g/adjuvantrx.htm Archived 2012-11-18 at the Wayback Machine Adjuvant therapy is a treatment given along with or after surgery for cancer to reduce the chances that it will come back.
  13. http://www.adjuvantonline.com Archived 2006-10-04 at the Wayback Machine.
  14. http://medical-dictionary.thefreedictionary.com/radiophosphorus either of two radioactive isotopes of phosphorus, 32P and 33P; see also phosphorus 32.
  15. http://www.news-medical.net/health/Iodine-131-Medical-Use.aspx It is used in nuclear medicine therapeutically and can also be seen with diagnostic scanners if it has been used therapeutically.
  16. http://www.ncbi.nlm.nih.gov/pubmed/16121204 Sodium iodide symporter-mediated radioiodide imaging and therapy of ovarian tumor xenografts in mice.
  17. http://www.jci.org/articles/view/109434/files/pdf Creatine Kinase Release, Potassium-42 Content, and Mechanical

പുറത്തേക്കുള്ള കണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അർബുദ പ്രതിവിധികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya