കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്തോനേഷ്യ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്തോനേഷ്യ (ഇന്തോനേഷ്യൻ: പാർട്ടായ് കൊമുനിസ് ഇന്തോനേഷ്യ, PKI) ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇന്തോനേഷ്യയിൽ പ്രവർത്തിച്ചിരുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. 1965 ലെ പാർട്ടിയുടെ ഉന്മൂലനത്തിനും തൊട്ടടുത്ത വർഷത്തെ നിരോധനത്തിനും മുമ്പുള്ള കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഭരണേതര കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു ഇത്.[1][2] 1955 ലെ തിരഞ്ഞെടുപ്പിൽ ഏകദേശം രണ്ട് ദശലക്ഷത്തോളം അംഗങ്ങളുണ്ടായിരുന്ന ഈ പാർട്ടിക്ക്, ദേശീയ വോട്ടുകളുടെ 16 ശതമാനവും കിഴക്കൻ ജാവയിൽ 30 ശതമാനം വോട്ടുകളും നേടാനായി.[3] ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെയുള്ള മിക്ക കാലഘട്ടങ്ങളിലും, 1965 ൽ പാർട്ടിയുടെ നിർമ്മാർജ്ജനംവരെയും രാജ്യത്ത് പരസ്യമായി പ്രവർത്തിച്ചിരുന്ന ഒരു നിയമവിധേയമായ പാർട്ടിയായിരുന്നു അത്.[4] മുൻഗാമികൾ1914 ൽ ഒരു ഡച്ച് സോഷ്യലിസ്റ്റായിരുന്ന ഹെങ്ക് സ്നീവ്ലിയറ്റും മറ്റൊരു ഇൻഡീസ് സോഷ്യലിസ്റ്റും ചേർന്ന് ഇൻഡീസ് സോഷ്യൽ ഡെമോക്രാറ്റിക് അസോസിയേഷന് (ഡച്ച്: ഇൻഡിഷെ സോഷ്യാൽ-ഡെമോക്രാറ്റിഷെ വെറീനിഗിംഗ്, ISDV) രൂപംകൊടുത്തു. ഡച്ച് സോഷ്യലിസ്റ്റ് പാർട്ടികളായിരുന്ന SDAP, സോഷ്യലിസ്റ്റ് പാർട്ടി ഓഫ് നെതർലാൻഡ്‌സ് എന്നിവയുടെ ലയനത്തോടെ 85 അംഗ ISDV സ്ഥാപിതമാകുകയും ഇത് ഡച്ച് ഈസ്റ്റ് ഇൻഡീസ് നേതൃത്വം നൽകുന്ന നെതർലന്റ്സിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറുകയും ചെയ്തു.[5] കൊളോണിയൽ ഭരണത്തോട് എതിർപ്പുള്ള വിദ്യാസമ്പന്നരായ ഇന്തോനേഷ്യക്കാർക്കിടയിൽ ISDV യിലെ ഡച്ച് അംഗങ്ങൾ മാർക്‌സിസ്റ്റ് ആശയങ്ങൾ അവതരിപ്പിച്ചു. 1915 ഒക്ടോബറിൽ ISDV ഹെറ്റ് വ്രിജെ വൂർഡ് (ദ ഫ്രീ വേഡ്) എന്ന പേരിൽ അഡോൾഫ് ബാർസ് പത്രാധിപരായി ഒരു ഡച്ച് ഭാഷാ പ്രസിദ്ധീകരണം ആരംഭിച്ചു.[6] ISDV രൂപീകരിക്കുമ്പോൾ അത് രാജ്യത്തിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടിരുന്നില്ല. ഈ അവസരത്തിൽ ഏകദേശം 100 ഓളം അംഗങ്ങളുണ്ടായിരുന്ന സംഘടനയിൽ മൂന്ന് പേർ മാത്രം ഇന്തോനേഷ്യൻ വംശജരായിരിക്കുകയും, അത് അതിവേഗം ഒരു തീവ്ര മുതലാളിത്ത വിരുദ്ധ പാതയിലൂടെ മുന്നേറുകയും ചെയ്തു. ഹെങ്ക് സ്നീവ്ലിയറ്റ് ISDV യുടെ ആസ്ഥാനം സുരബായയിൽനിന്ന് സെമരങ്ങിലേയ്ക്ക് മാറ്റിയപ്പോൾ 1900 മുതൽ ഡച്ച് ഇൻഡീസിലുടനീളം വളർന്നുവന്നിരുന്ന സമാന ചിന്താഗതിക്കാരായ മത, ദേശീയ പ്രസ്ഥാനങ്ങളിൽനിന്നും മറ്റു പ്രചാരകരിൽനിന്നുമുള്ള നിരവധി തദ്ദേശവാസികളെ പാർട്ടി ആകർഷിക്കാൻ തുടങ്ങി. ഹെങ്ക് സ്നീവ്ലിയറ്റിന്റെ കീഴിലുള്ള ISDV യും നെതർലന്റിലെ SDAP നേതൃത്വവുമായുള്ള പൊരുത്തക്കേടുകൾ വർദ്ധിച്ചതോടെ അവർ SDAP നേതൃത്വത്തിൽനിന്ന് അകലുകയും അവരെ വോക്സ്‌റാഡിന് (പീപ്പിൾസ് കൗൺസിൽ) തുല്യമാക്കുകയും ചെയ്തു. മാതൃസംഘടനയിൽനിന്ന് ഒരു പരിഷ്കരണവാദ വിഭാഗം ഉരുത്തിരിയുകയും അവർ 1917 ൽ ഇൻഡീസ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി രൂപീകരിക്കുകയു ചെയ്തു. ISDV ഇന്തോനേഷ്യൻ ഭാഷയിലെ തങ്ങളുടെ ആദ്യത്തെ പ്രസിദ്ധീകരണമായ സൊയേറ മെർഡേക്ക (സ്വാതന്ത്ര്യത്തിന്റെ ശബ്ദം) ആ വർഷം ആരംഭിച്ചു. ഒക്ടോബർ വിപ്ലവത്തിന്റെ പൈതൃകം ഇന്തോനേഷ്യയിലും പിന്തുടരേണ്ട ഒന്നായി സ്നീവ്‌ലിയറ്റിന്റെ ISDV കാണുകയും അതനുസരിച്ച് ഡച്ച് നാവികർക്കും കോളനിയിൽ നിലയുറപ്പിച്ച സൈനികർക്കുമിടയിൽ ഈ സംഘടന ആക്രമണം അഴിച്ചുവിടുകയും ചെയ്തു. താമസിയാതെ ഒരു ചുവപ്പുസേന രൂപീകരിക്കപ്പെടുകയും മൂന്ന് മാസത്തിനുള്ളിൽ ഇതിലെ അംഗസംഖ്യ 3,000 കവിയുകയും ചെയ്തു. 1917 ന്റെ അവസാനത്തിൽ, സുരബായ നാവികത്താവളത്തിലെ സൈനികരും നാവികരും കലാപം നടത്തി സോവിയറ്റുകൾ സ്ഥാപിച്ചു. കൊളോണിയൽ ഭരണാധികാരികൾ സുരബായ സോവിയറ്റുകളെയും ISDV യെയും അടിച്ചമർത്തുകയും അതിന്റെ ഡച്ച് സ്വദേശികളായ നേതാക്കളെ (സ്നീവ്‌ലിയറ്റ് ഉൾപ്പെടെ) നെതർലന്റിലേക്ക് തിരിച്ചയക്കുകയും ചെയ്തു. എന്നിരുന്നാലും, കൊളോണിയലിസ്റ്റ് വിരുദ്ധ സരേകാത്ത് ഇസ്ലാം (ഇസ്ലാമിക് യൂണിയൻ) സംഘടനയ്ക്കുള്ളിൽ പ്രവർത്തിച്ചുകൊണ്ട് ISDV സമാനമനസ്കരുടേയായ ഒരു ബ്ലോക്ക് സ്ഥാപിച്ചു. സെമൌൺ, ഡാർസൊനോ എന്നിവരുൾപ്പെടെ സുരബായ, സോളോ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി സരേകാത്ത് ഇസ്ലാം അംഗങ്ങൾ സ്നീവ്ലിയറ്റിന്റെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകർഷിക്കപ്പെട്ടു. സ്നീവ്ലിയറ്റിന്റെ "ബ്ലോക്ക് ഇൻ" തന്ത്രത്തിന്റെ ഫലമായി, കൂടുതൽ വിപ്ലവകരവും, മാർക്സിസ്റ്റ് ആധിപത്യമുള്ളതുമായ സരേകാത്ത് റക്ജാത്ത് (പീപ്പിൾസ് യൂണിയൻ) സ്ഥാപിക്കാൻ നിരവധി സരേകാത്ത് ഇസ്ലാം അംഗങ്ങൾ പ്രേരിപ്പിക്കപ്പെട്ടു. രഹസ്യമായി തങ്ങളുടെ പ്രവർത്തനം തുടർന്ന ISDV സോയേറ രക്യാത്ത് (പീപ്പിൾസ് വോയ്‌സ്) എന്ന പേരിൽ മറ്റൊരു പ്രസിദ്ധീകരണം ആരംഭിച്ചു. നിരവധി ഡച്ച് കേഡർമാർ സ്വമേധയാ പിരിഞ്ഞു പോയതിനുശേഷം, സരകാത്ത് ഇസ്‌ലാമിന്റെ പ്രവർത്തനങ്ങൾക്കൊപ്പം സംഘടനയുടെ അംഗത്വം ഡച്ച് ഭൂരിപക്ഷത്തിൽ നിന്ന് ഇന്തോനേഷ്യൻ ഭൂരിപക്ഷത്തിലേക്ക് മാറി. സ്ഥാപനവും വളർച്ചയും1920 മെയ് 23 ന് സെമരാംഗിൽ നടന്ന കോൺഗ്രസിൽ ISDV പെർസെറിക്കട്ടൻ കൊമുനിസ് ഡി ഹിൻഡിയ (PKH; കമ്മ്യൂണിസ്റ്റ് യൂണിയൻ ഓഫ് ഇൻഡീസ്) എന്ന പുതിയ പേര് സ്വീകരിച്ചു. സെമൌൻ പാർട്ടി ചെയർമാനും ദർസോനോ പാർട്ടി വൈസ് ചെയർമാനുമായിരുന്നു. അതിന്റെ സെക്രട്ടറി, ട്രഷറി സ്ഥാനങ്ങളിൽ ഡച്ചുകാരായിരുന്നതുപോലെതന്നെ ആകെയുള്ള അഞ്ച് കമ്മിറ്റി അംഗങ്ങളിൽ മൂന്ന് പേരും ഡച്ചുകാരായിരുന്നു.[7] കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ (കോമിന്റേൺ) ഭാഗമായ ആദ്യത്തെ ഏഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു PKH. 1921 ൽ കോമിന്റേണിന്റെ രണ്ടാം ലോക കോൺഗ്രസിൽ സ്നീവ്‌ലിയറ്റ് പാർട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. 1926ലെ കലാപം1925 മെയ് മാസത്തെ സമ്പൂർണ്ണ സമ്മേളനത്തിൽ, കമ്യൂണിസ്റ്റേതര, ദേശീയ സംഘടനകളുമായും അലിമിൻ, മുസ്സോ എന്നിവർ നേതൃത്വം നൽകുന്ന തീവ്രവാദി ഘടകങ്ങളുമായും ചേർന്ന് ഒരു സാമ്രാജ്യത്വ വിരുദ്ധ സഖ്യം രൂപീകരിക്കാനും കൊളോണിയൽ സർക്കാരിനെ അട്ടിമറിക്കാനായി ഒരു വിപ്ലവം നടത്തുവാനും ഇന്തോനേഷ്യൻ കമ്മ്യൂണിസ്റ്റുകളോട് കോമിന്റേൺ എക്സിക്യൂട്ടീവ് കമ്മിറ്റി ഉത്തരവിട്ടു.[8] മദ്ധ്യ ജാവയിലെ പ്രംബനനിൽ നടന്ന ഒരു കൂടിയാലോചനയിൽ, ഒരു പൊതു പണിമുടക്കിന് കാരണമാകുന്ന, റെയിൽവേ തൊഴിലാളികളുടെ പണിമുടക്കിനൊപ്പം വിപ്ലവം ആരംഭിക്കുമെന്ന് കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ട്രേഡ് യൂണിയനുകൾ തീരുമാനിക്കുകയും അതിനുശേഷം, കൊളോണിയൽ സർക്കാരിനെ മാറ്റിസ്ഥാപിക്കുമെന്ന് നിശ്ചയിക്കുകയും ചെയ്തു.[9] ആസൂത്രിതമായ വിപ്ലവം പഡാങ്ങിൽ ആരംഭിക്കുമെന്ന തീരുമാനിച്ചിരുന്നെങ്കിലും 1926 ന്റെ തുടക്കത്തിൽ ഒരു സർക്കാർ-സുരക്ഷാ സംഘം ശക്തമായി നിലയുറപ്പിക്കുകയും കൂട്ടംകൂടാനുള്ള അവകാശം റദ്ദാക്കുകയും ഇത് PKI അംഗങ്ങളുടെ അറസ്റ്റിലേക്ക് നയിക്കുകയും ചെയ്തത് പാർട്ടിയെ കൂടുതൽ രഹസ്യമായ പ്രവർത്തനത്തിന് പ്രേരിപ്പിച്ചു. വിപ്ലവത്തിന്റെ സമയത്തെക്കുറിച്ചും ഗതിയെക്കുറിച്ചും PKI നേതാക്കൾക്കിടയിലുണ്ടായ ഭിന്നാഭിപ്രായവും ഒരു മോശം ആസൂത്രണത്തിന് കാരണമായി. തെക്കുകിഴക്കൻ ഏഷ്യയുടെയും ഓസ്ട്രേലിയയുടെയും കോമിന്റേൺ ഏജന്റായിരുന്ന ടാൻ മലാക്ക ഈ ഉപജാപത്തോട് യോജിച്ചില്ല (ഒരുപക്ഷേ PKI ക്ക് വേണ്ടത്ര ജനപിന്തുണയില്ലെന്ന് അദ്ദേഹം വിശ്വസിച്ചതുകൊണ്ടായിരിക്കാം ഇത്). ഈ ഭിന്നതകളുടെ ഫലമായി 1926 ജൂണിലേയ്ക്ക് വിപ്ലവം മാറ്റിവച്ചു. എന്നിരുന്നാലും, ബതാവിയയിൽ പരിമിതമായ ഒരു കലാപം (ജക്കാർത്ത അന്ന് ഇങ്ങനെ അറിയപ്പെട്ടിരുന്നു ) നവംബർ 12 ന് ആരംഭിച്ചു. പഡാംഗ്, ബാന്റാം, സുരബായ എന്നിവിടങ്ങളിലും സമാനമായ കലാപങ്ങൾ നടന്നു. ബതാവിയ കലാപം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അമർച്ച് ചെയ്തപ്പോൾ മറ്റുള്ളവ ഏതാനും ആഴ്ചകൾക്കുള്ളിലാണ് അടിച്ചമർത്തപ്പെട്ടത്.[10] പരാജയപ്പെട്ട ഈ വിപ്ലവത്തിന്റെ ഫലമായി 13,000 പേർ അറസ്റ്റ് ചെയ്യപ്പെടുകയും 4,500 പേർ ജയിലിൽ അടയ്ക്കപ്പെടുകയും 1,308 പേർ തടങ്കൽപ്പാളയത്തിലടയ്ക്കപ്പെടുകയും 823 പേർ പടിഞ്ഞാറൻ ന്യൂ ഗിനിയയിലെ ദിഗൽ മേഖലയിലേക്ക്[11] നാടുകടത്തപ്പെടുകയും ചെയ്തതോടൊപ്പം നിരവധി പേർ തടവിൽ മരണമടയുകയും ചെയ്തു. കമ്യൂണിസ്റ്റ് കലാപം അടിച്ചമർത്തുകയെന്ന വ്യാജേന നിരവധി കമ്മ്യൂണിസ്റ്റ് ഇതര രാഷ്ട്രീയ പ്രവർത്തകരെയും കൊളോണിയൽ അധികാരികൾ ലക്ഷ്യമിടുകയും 1927 ൽ ഡച്ച് ഈസ്റ്റ് ഇൻഡീസ് സർക്കാർ പാർട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് നിരോധിക്കുകയും ചെയ്തു. PKI കാണാമറയത്തൊളിക്കുകയും, ഡച്ച് (പിന്നീട്, ജാപ്പനീസ്) സൈനിക നിരീക്ഷണം ഈ സംഘടന യുദ്ധത്തിനു മുമ്പുള്ള കാലഘട്ടത്തിൽ ഒരിക്കലും അച്ചടക്കമുള്ളതോ യോജിച്ചതോ ആയ സംഘടനയല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.[12] പാർട്ടി നിയമവിരുദ്ധമാക്കപ്പെട്ടതിന്റെ പ്രാരംഭകാലത്ത്, നേതൃത്വത്തിന്റെ ഭൂരിഭാഗവും ജയിലിലടയ്ക്കപ്പെട്ടതിനാൽ പികെഐയുടെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. അധോലോക (അല്ലെങ്കിൽ "നിയമവിരുദ്ധ") പികെഐയെ പുനഃസംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പികെഐ നേതാവ് മുസ്സോ 1935 ൽ തന്റെ മോസ്കോ പ്രവാസത്തിൽ നിന്ന് മടങ്ങിയെങ്കിലും ഇന്തോനേഷ്യയിൽ അദ്ദേഹം താമസിച്ചത് ഹ്രസ്വമായിരുന്നു. ജെറിൻഡോ, ട്രേഡ് യൂണിയനുകൾ തുടങ്ങി വിവിധ മുന്നണികളുടെ മറവിൽ പാർട്ടി തുടർന്ന് പ്രവർത്തിച്ചു. പാർട്ടി ഉടൻ തന്നെ നിയന്ത്രിക്കുമെന്ന് പ്രതീക്ഷിച്ച ദേശീയ സംഘടനയായ പെർഹിംപുനൻ ഇന്തോനേഷ്യയിലൂടെ ഇത് നെതർലാൻഡിലെ ഇന്തോനേഷ്യൻ വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിക്കാൻ തുടങ്ങി.[13] 1965 ന് ശേഷംപ്രാരംഭത്തിലെ വിരളമായ പ്രതിരോധത്തിനുശേഷം, 1965-1966 ലെ കൊലപാതകങ്ങളോടെ പികെഐയുടെ പ്രവർത്തനം സ്തംഭിച്ചു. പാർട്ടിയുടെ നേതൃത്വം എല്ലാ തലങ്ങളിലും മുടങ്ങിയത്, അതിന്റെ മുൻ അനുയായികളെയും അനുഭാവികളെയും നിരാശരാക്കുകയും അവർ, നേതാക്കളില്ലാത്തവരും അസംഘടിതരുമായി മാറുകയും ചെയ്തു. പാർട്ടിയുടെ അവശിഷ്ട പൊളിറ്റ് ബ്യൂറോ 1966 സെപ്റ്റംബറിൽ ഒരു സ്വയം വിമർശന പ്രസ്താവന ഇറക്കുകയും, സുകാർണോ ഭരണകൂടവുമായുള്ള പാർട്ടിയുടെ മുൻ സഹകരണത്തെ വിമർശിക്കുകയും ചെയ്തു. എയ്ദിത്തും ന്ജോട്ടോയും കൊല്ലപ്പെട്ടതിനുശേഷം, സുഡിസ്മാൻ (1963 ഒക്ടോബറിന് മുമ്പ് നാലാം റാങ്കിലുണ്ടായിരുന്ന പികെഐ നേതാവ്) പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തു. മൂന്ന് അംഗങ്ങളുടെ അന്യോന്യ ബന്ധമുള്ള ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ പാർട്ടിയെ പുനർനിർമ്മിക്കാൻ അദ്ദേഹം ശ്രമിച്ചുവെങ്കിലും 1966 ഡിസംബറിൽ[14] പിടിക്കപ്പെടുകയും 1967 ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്യുന്നതിന് മുമ്പ് പാർട്ടി കാര്യമായ പുരോഗതി കൈവരിച്ചില്ല. പാർട്ടിക്കെതിരായ അടിച്ചമർത്തലിനേത്തുടർന്ന് ചില പികെഐ അംഗങ്ങൾ കിഴക്കൻ ജാവയിലെ ബ്ലിറ്ററിന് തെക്കുള്ള ഒറ്റപ്പെട്ട പ്രദേശത്ത് അഭയം തേടി. ബ്ലിറ്ററിലെ പാർട്ടിയുടെ നേതാക്കളിൽ പോളിറ്റ് ബ്യൂറോ അംഗം റെവാങ്, പാർട്ടി സൈദ്ധാന്തികൻ ഒലോൺ ഹുട്ടാപിയ, കിഴക്കൻ ജാവ നേതാവ് റുസ്‌ലാൻ വിഡ്ജജാസസ്ത്ര എന്നിവരും ഉൾപ്പെടുന്നു. പികെഐക്ക് ശക്തമായ കർഷിക പിന്തുണയുള്ള ഒരു അവികസിത പ്രദേശമായിരുന്ന ബ്ലിറ്റാറിൽ പികെഐ ഏകീകരിക്കപ്പെട്ടതായി സൈന്യത്തിന് അറിയില്ലായിരുന്നു. പ്രാദേശിക പശ്ചിമ ജാവയിലെ പാണ്ടെഗ്ലാങ് സൈനിക ജില്ലയുടെ മുൻ കമാൻഡറായ ലെഫ്റ്റനന്റ് കേണൽ പ്രാട്ടോമയാണ് പികെഐ നേതാക്കളോടൊപ്പം ചേർന്ന് കമ്യൂണിസ്റ്റുകാർക്ക് സൈനിക പരിശീലനം നൽകാൻ സഹായിച്ചിരുന്നു. 1968 മാർച്ചിൽ ബ്ലിറ്ററിൽ അക്രമം പൊട്ടിപ്പുറപ്പെടുകയും പ്രാദേശിക കർഷകർ നേതാക്കളെയും കമ്മ്യൂണിസ്റ്റ് പീഡനത്തിന് വഹിച്ച പങ്കിന് പ്രതികാരമായി നഹ്‌ദ്‍ലത്തുൽ ഉലമയിലെ അംഗങ്ങളെയും ആക്രമിച്ചതോടെ 60 ഓളം എൻയു അംഗങ്ങൾ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയൻ പൊളിറ്റിക്കൽ സയന്റിസ്റ്റ് ഹരോൾഡ് ക്രൌച്ച് പറയുന്നതനുസരിച്ച്, ബ്ലിറ്റാറിലെ എൻയു അംഗങ്ങളെ കൊലപ്പെടുത്താൻ പികെഐ നേതാക്കൾ ഉത്തരവിട്ടിട്ടുണ്ടാകാൻ സാധ്യതയില്ലെന്നാണ്. ബ്ലിറ്ററിലെ പികെഐ ശക്തിദുർഗ്ഗങ്ങളെക്കുറിച്ച് ബോധവാന്മാരായിരുന്ന സൈന്യം 1968 പകുതിയോടെ അതിന്റെ ശക്തികേന്ദ്രങ്ങളെ തകർത്തു.[15] സെപ്റ്റംബർ 30 സംഭവങ്ങളുടെ സമയത്ത് ചില പാർട്ടി അംഗങ്ങൾ ഇന്തോനേഷ്യക്ക് പുറത്തായിരുന്നു. ചൈനീസ് വിപ്ലവത്തിന്റെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ഒരു വലിയ പ്രതിനിധി സംഘം പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയിലേക്ക് പോയിരുന്നു. മറ്റുള്ളവർ കിഴക്കൻ യൂറോപ്പിൽ, പ്രത്യേകിച്ച് അൽബേനിയയിൽ പഠിക്കാനായി ഇന്തോനേഷ്യ വിട്ടുപോയിരുന്നു. പാർട്ടി സംവിധാനം പ്രവാസത്തിൽ തുടർന്നും പ്രവർത്തിച്ചിരുന്നുവെങ്കിലും ഇന്തോനേഷ്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ നിന്ന് ഇത് ഒറ്റപ്പെട്ടു. ജാവയിൽ, പാർട്ടി അംഗങ്ങൾക്ക് അഭയംകൊടുത്തതായി പറയപ്പെടുന്ന ചില ഗ്രാമങ്ങൾ (അല്ലെങ്കിൽ അനുഭാവികളെന്ന് സംശയിക്കപ്പെടുന്നവർ) അധികാരികളാൽ തിരിച്ചറിയപ്പെടുകയും വളരെക്കാലം നിരീക്ഷണത്തിലാകുകയും ചെയ്തിരുന്നു. 2004 ലെ കണക്കുകൾപ്രകാരം, മുൻകാല പികെഐ അംഗങ്ങളെ പല തൊഴിലുകളിലേർപ്പെടുന്നതിൽനിന്നും (സർക്കാർ ജോലികൾ ഉൾപ്പെടെ) വിലക്കേർപ്പെടുത്തിയിരുന്നു. പ്രസിഡന്റായിരിക്കെ, അബ്ദുറഹ്മാൻ വാഹിദ് 1999 ൽ ഇന്തോനേഷ്യയിലേക്ക് മടങ്ങിയെത്താൻ പ്രവാസികളായ പികെഐ അംഗങ്ങളെ ക്ഷണിക്കുകയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ തുറന്ന ചർച്ചയ്ക്കുള്ള നിയന്ത്രണങ്ങൾ നീക്കംചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു. നിരോധനം നീക്കം ചെയ്യണമെന്ന് വാദിച്ച വാഹിദ് ഇന്തോനേഷ്യയുടെ 1945 ലെ യഥാർത്ഥ ഭരണഘടനയെയും ഉദ്ധരിച്ചു (അത് കമ്മ്യൂണിസത്തെ വിലക്കുകയോ പ്രത്യേകമായി പരാമർശിക്കുകയോ ചെയ്തില്ല). ഇന്തോനേഷ്യൻ സമൂഹത്തിലെ ചില മേഖലകൾ, പ്രത്യേകിച്ച് യാഥാസ്ഥിതിക മുസ്ലിം വിഭാഗങ്ങൾ വാഹിദിന്റെ ഈ നിർദ്ദേശത്തെ ശക്തമായി എതിർത്തു. വാഹിദിന്റെ നിർദ്ദേശത്തിനെതിരെ ജക്കാർത്തയിൽ പതിനായിരം പേരെ അണിനിരത്തിക്കൊണ്ട് ഇന്തോനേഷ്യൻ ഇസ്ലാമിക് ഫ്രണ്ട് 2000 ഏപ്രിലിൽ ഒരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ ആശയത്തെക്കുറിച്ച് സമഗ്രവും സൂക്ഷ്മവുമായ പഠനം വാഗ്ദാനം ചെയ്ത ഇന്തോനേഷ്യൻ സൈന്യം നിർദ്ദേശത്തെ ഉടനടി തിരസ്കരിച്ചില്ല.[16] അവലംബം
|
Portal di Ensiklopedia Dunia