കിക്കി ഡാൻസ് ചലഞ്ച്ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇൻ മൈ ഫീലിംങ്ങ്സ് എന്ന ഗാനത്തിനനുസരിച്ച് നൃത്തം ചെയ്യുകയും അതിനുശേഷം കാറിലേക്കു തിരിച്ചുകയറുകയും ചെയ്യുക എന്ന വെല്ലുവിളിയാണ് കിക്കി ഡാൻസ് ചലഞ്ച് (ഇംഗ്ലീഷ്: KiKi dance challenge) എന്നറിയപ്പെടുന്നത്.[1] 2018 ജൂൺ 30-നാണ് ഈ വെല്ലുവിളി ആരംഭിച്ചത്.[2] കനേഡിയൻ ഗായകനായ ഡ്രേക്ക് ആണ് കിക്കി ഡൂ യൂ ലവ് മീ ആർ യു റൈഡിങ്... എന്നുതുടങ്ങുന്ന ഗാനം രചിച്ചതെങ്കിലും അമേരിക്കൻ ഹാസ്യതാരമായ ഷിഗ്ഗിയാണ് കിക്കി ഡാൻസ് ചലഞ്ചിനെ ജനപ്രിയമാക്കിയത്.[3][2] ഓടുന്ന കാറിൽ നിന്ന് ഇറങ്ങിയശേഷം കിക്കി നൃത്തം ചെയ്യുന്നതിന്റെ വീഡിയോ അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചതോടെയാണ് കിക്കി ചലഞ്ചിനു തുടക്കം കുറിച്ചത്.[4] വീഡിയോ കണ്ട പലരും ഇത് അനുകരിക്കുവാൻ തുടങ്ങി. ഐസ് ബക്കറ്റ് ചലഞ്ച്, ഫിറ്റ്നസ് ചലഞ്ച് എന്നിവ പോലെ കിക്കി ചലഞ്ചും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടു. തന്റെയുള്ളിലുള്ള വികാരങ്ങൾ പ്രകടിപ്പിക്കുക എന്ന തത്ത്വത്തിലാണ് കികി വെല്ലുവിളി പ്രചരിക്കുന്നത്.[5] ബോളിവുഡിലെയും ഹോളിവുഡിലെയും നിരവധി താരങ്ങൾ വെല്ലുവിളി ഏറ്റെടുത്തു. ആദാ ശർമ, വിൽസ്മിത്ത്, നോറ ഫത്തേഹി, കരിഷ്മ ശർമ, നിയാ ശർമ, സിയറ എന്നിങ്ങനെ ഹോളിവുഡിലെയും ബോളിവുഡിലെയും നിരവധി താരങ്ങളും മലയാളചലച്ചിത്ര താരം സാനിയ അയ്യപ്പനും ഇത് വിജയകരമായി പൂർത്തിയാക്കിയവരിൽ ഉൾപ്പെടുന്നു.[1][5] ഈ വെല്ലുവിളി പരീക്ഷിക്കുന്നതിനായി ചിലർ പശു, ഒട്ടകം, നായ എന്നീ മൃഗങ്ങളെയും ഉപയോഗിച്ചിരുന്നു.[2] ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നു പുറത്തിറങ്ങി നൃത്തം ചെയ്യുന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു.[1] വെല്ലുവിളി ഏറ്റെടുക്കുന്നവർ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കുകയാണ് ചെയ്യുന്നത്.[2] കികി ചലഞ്ച് ചെയ്യാൻ ശ്രമിക്കുന്നത് ട്രാഫിക് നിയമങ്ങളുടെ ലംഘനവുമാണ്.[1] അപകടകരമാണെന്ന് അറിഞ്ഞിട്ടും നിരവധി പേർ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു. ചിലർ നൃത്തത്തോടുള്ള താൽപ്പര്യം കൊണ്ടാണ് ഇത് ചെയ്യുന്നതെങ്കിൽ മറ്റു ചിലർ സാഹസികതയ്ക്കു വേണ്ടിയാണ് കിക്കി വെല്ലുവിളി ഏറ്റെടുക്കുന്നത്. കിക്കി ചലഞ്ച് ചെയ്യുന്നതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നതിനാൽ നിരവധി പേർ വെല്ലുവിളിയിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. കിക്കി ചലഞ്ച് പൂർത്തിയാക്കുവാനുള്ള ശ്രമത്തിനിടെ നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്.[1][6] അപകടകരമായ ഈ വിനോദത്തിനെതിരെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പോലീസ് സേനകൾ ബോധവൽക്കരണവുമായി രംഗത്തുവന്നു. അപകടങ്ങൾ വർദ്ധിച്ചതോടെ കുവൈറ്റ് പോലുള്ള ചില ഗൾഫ് രാജ്യങ്ങളിൽ കിക്കി ഡാൻസ് ചലഞ്ചിനു നിരോധനം ഏർപ്പെടുത്തി.[3] നിയമം ലംഘിക്കുന്നവർക്ക് ജയിൽ ശിക്ഷയോ പിഴയോ ലഭിക്കുമെന്ന് മുന്നറിയിപ്പും നൽകി.[3] ഇതും കാണുകഅവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia