കൃത്രിമ കണ്ണുനീർ
കണ്ണുനീരിന്റെ അളവ് കുറച്ച് വീക്കം വർദ്ധിപ്പിക്കുന്ന നേത്ര ഉപരിതല (കോർണിയ) തകരാറായ ഡ്രൈ ഐ സിൻഡ്രോം (കെരറ്റോകൺജങ്റ്റിവൈറ്റിസ് സിക്ക) പോലെ വരണ്ടകണ്ണുകൾ ഉണ്ടാകുന്ന രോഗാവസ്ഥകൾ ചികിൽസിക്കാൻ ഉപയോഗിക്കുന്ന കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകളാണ് കൃത്രിമ കണ്ണുനീർ എന്നറിയപ്പെടുന്നത്. [1] കണ്ണിന്റെ ഉപരിതലത്തിൽ ടിയർ ഫിലിമിന് അക്വസ് (ജലീയ), ലിപിഡ്, മ്യൂക്കസ് എന്നിങ്ങനെ 3 പാളികൾ ഉണ്ട്.[2] ഇലക്ട്രോലൈറ്റുകൾ, എൻസൈമുകൾ, ആന്റിബോഡികൾ, ആന്റിമൈക്രോബയൽ പ്രോട്ടീനുകൾ, മറ്റ് സംയുക്തങ്ങൾ എന്നിവയുടെ മിശ്രിതമാണ് അക്വസ് പാളിയിൽ അടങ്ങിയിരിക്കുന്നത്. ടിയർ ഫിലിമിന്റെ ബാഷ്പീകരണം കുറയുന്നതിന് കാരണമാകുന്ന ഫാറ്റി സംയുക്തങ്ങൾ ലിപിഡ് പാളിയിൽ അടങ്ങിയിരിക്കുന്നു. മ്യൂക്കസ് പാളിയിൽ മ്യൂസിനുകൾ, ജെലാറ്റിനസ് ഗ്ലൈക്കോപ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു, ഇത് കോർണിയൽ ഉപരിതലത്തിൽ കണ്ണുനീർ ഫിലിം തുല്യമായി വിതരണം ചെയ്യാൻ അനുവദിക്കുന്നു, ഒപ്പം കണ്ണ് ചിമ്മുന്ന സമയത്ത് ഘർഷണം കുറയുകയും ചെയ്യും. ഒരു രോഗിയുടെ സ്വാഭാവികമായ കണ്ണീരിൽ ഉള്ള ഘടകങ്ങളുടെ സവിശേഷതകൾ അനുകരിക്കുന്നതിലൂടെ കണ്ണ് ലൂബ്രിക്കേഷൻ വർദ്ധിപ്പിക്കുന്നതിന് കൃത്രിമ കണ്ണുനീർ ഉപയോഗിക്കുന്നു.[3] കൃത്രിമ കണ്ണുനീർ, ഡ്രൈ ഐ സിൻഡ്രോം ഉൾപ്പടെയുള്ള ചില രോഗങ്ങളുടെ ചികിൽസയിൽ ഉപയോഗിക്കുന്നു. ഇത് ഒരു ഓവർ-ദ-കൌണ്ടർ (കുറിപ്പടി ഇല്ലാതെ വാങ്ങാവുന്ന) മരുന്നാണ്. [4] കോൺടാക്റ്റ് ലെൻസുകൾ നനയ്ക്കാനും നേത്രപരിശോധനയിലും കൃത്രിമ കണ്ണുനീർ ഉപയോഗിക്കുന്നു. രസതന്ത്രം![]() അവലോകനംകൃത്രിമ കണ്ണുനീരിൽ സ്വാഭാവികമായി ഉൽപാദിപ്പിക്കുന്ന കണ്ണീരിൽ കാണപ്പെടുന്ന ജൈവശാസ്ത്രപരമായി സജീവമായ ഘടകങ്ങൾ അടങ്ങിയിട്ടില്ല.[5] മാത്രമല്ല, സ്വാഭാവികമായും ഉൽപാദിപ്പിക്കുന്ന കണ്ണീരിൽ അടങ്ങിയിട്ടില്ലാത്ത രാസവസ്തുക്കൾ കൃത്രിമ കണ്ണുനീരിൽ അടങ്ങിയിട്ടുണ്ട്.[5] കൃത്രിമ കണ്ണുനീരിൽ കാർബോക്സിമീഥൈൽ സെല്ലുലോസ്,[4] പോളി വിനൈൽ ആൽക്കഹോൾ,[4] ഹൈഡ്രോക്സിപ്രോപൈൽ മീഥൈൽസെല്ലുലോസ്[4] ഹൈഡ്രോക്സിപ്രോപൈൽ സെല്ലുലോസ്[1], ഹൈലൂറോണിക് ആസിഡ് എന്നീ പദാർഥങ്ങൾ അടങ്ങിയിരിക്കുന്നു.[6] പ്രിസർവേറ്റീവുകൾനീണ്ടുനിൽക്കുന്ന ഉപയോഗത്തിനും ബാക്ടീരിയ മലിനീകരണം ഒഴിവാക്കുന്നതിനുമായി കൃത്രിമ കണ്ണുനീരിൽ പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ടാവാം.[7] പ്രിസർവേറ്റീവുകൾ സാധാരണയായി ബെൻസാൽകോണിയം ക്ലോറൈഡ് (BAK),[7] എഥിലീൻഡയാമിനെറ്റെട്രാസെറ്റിക് ആസിഡ് (EDTA),[7] പ്യൂറൈറ്റ്,[7] ക്ലോറോബുട്ടനോൾ,[8] സോഡിയം പെർബോറേറ്റ്,[8] തയോമെർസൽ,[8] ഡിസോഡിയം എഡിറ്റേറ്റ്,[8], ഓക്സിക്ലോറോ കോംപ്ലക്സ് (SOC)[8] എന്നിവയാണ്. പ്രിസർവേറ്റീവുകൾ ചിലപ്പോൾ ടോക്സിസിറ്റി ഉണ്ടാക്കുകയും കോർണിയൽ എപിത്തീലിയത്തിന് നാശമുണ്ടാക്കുകയും ചെയ്യും.[8] ഉദാഹരണത്തിന്, ഉയർന്ന സാന്ദ്രതയിലുള്ള ബെൻസാൽകോണിയം ക്ലോറൈഡ് (BAK) സൈറ്റോടോക്സിസിറ്റിക്ക് കാരണമാവുകയും സെൽ ലിസിസിന് കാരണമാവുകയും കണ്ണുനീരിന്റെയും മ്യൂസിൻ ഉൽപാദനം കുറയ്ക്കുകയും ചെയ്യും.[8] പ്രിസർവേറ്റീവുകളുള്ള കൃത്രിമ കണ്ണീരിന്റെ ഉപയോഗം ഒരു ദിവസം നാല് മുതൽ ആറ് തവണ വരെ മാത്രമായി പരിമിതപ്പെടുത്തണം.[9] കൃത്രിമ കണ്ണുനീർ ഒരു ദിവസം നാലോ ആറോ തവണയിൽ കൂടുതൽ ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ, പ്രിസർവേറ്റീവ്-ഫ്രീ ഫോർമുലേഷൻ ഉപയോഗിക്കണം.[8] പ്രിസർവേറ്റീവ്-ഫ്രീപ്രിസർവേറ്റീവുകളുപയോഗിക്കുന്ന കൃത്രിമ കണ്ണുനീർ ഉപയോഗിക്കാൻ കഴിയാത്ത രോഗികൾക്കും, ദിവസത്തിൽ നാലോ ആറോ തവണയിൽ കൂടുതൽ കൃത്രിമ കണ്ണുനീർ ഉപയോഗിക്കുന്ന രോഗികൾക്കും,[9] പ്രിസർവേറ്റീവുകളുള്ള ഒന്നിലധികം ടോപ്പികൽ കണ്ണ് തുള്ളിമരുന്നുകൾ ഉപയോഗിക്കുന്ന രോഗികൾക്കും പ്രിസർവേറ്റീവ്-ഫ്രീ കൃത്രിമ ഫോർമുലേഷനുകൾ ശുപാർശചെയ്യുന്നു.[8] പ്രിസർവേറ്റീവ്-ഫ്രീ കണ്ണ് തുള്ളിമരുന്നുകൾ ഒറ്റ ഉപയോഗത്തിനായുള്ള രീതിയിൽ കാണപ്പെടുന്നു. പ്രിസർവേറ്റീവുകളില്ലാത്ത സിംഗിൾ യൂണിറ്റ്-ഡോസ് കൃത്രിമ കണ്ണുനീർ പ്രിസർവേറ്റീവുകളുള്ള കൃത്രിമ കണ്ണീരിനേക്കാൾ ചെലവേറിയതാണ്.[8] ചില രോഗികൾ ഒരു വാസകോൺസ്ട്രിക്റ്റർ ആയ ടെട്രാഹൈഡ്രോസോളിൻ (അതായത് Visine®) അടങ്ങിയിരിക്കുന്ന കൌണ്ടർ ഡ്രോപ്പുകൾ കൃത്രിമ കണ്ണുനീരായി തെറ്റിധരിക്കാറുണ്ട്.[10] ടെട്രാഹൈഡ്രോസോളിൻ അടങ്ങിയ തുള്ളിമരുന്നുകളുടെ അമിത ഉപയോഗം മൂലം ഡിസെൻസിറ്റൈസേഷൻ സംഭവിക്കാം. [10] കാരണങ്ങളും ഫലങ്ങളുംകൃത്രിമ കണ്ണുനീർ ഉപയോഗത്തിനുള്ള ഏറ്റവും സാധാരണ കാരണം വരണ്ട കണ്ണുകളാണ്.[11] വരണ്ട കണ്ണുകൾ ഉണ്ടാവുന്നതിനുള്ള അപകട ഘടകങ്ങളിൽ പ്രായം, സ്ത്രീ ലിംഗഭേദം, കുറഞ്ഞ ഈർപ്പം ഉള്ള അന്തരീക്ഷം, പോഷകക്കുറവ്, ചില മരുന്നുകൾ, ഓട്ടോഇമ്മ്യൂൺ അവസ്ഥ എന്നിവ ഉൾപ്പെടുന്നു.[12] സോജ്രെൻസ് സിൻഡ്രോം, ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് രോഗം, യുവിയൈറ്റിസ് എന്നിവയാണ് ഓട്ടോഇമ്മ്യൂൺ അവസ്ഥകൾ.[13] വരണ്ട കണ്ണുകളുള്ള രോഗികൾക്ക് മതിയായ അളവിൽ കണ്ണുനീർ ഉൽപാദിപ്പിക്കാൻ കഴിയാത്തത് അവരുടെ കണ്ണുനീരിന്റെ തടസ്സത്തിലേക്ക് നയിക്കുന്നു.[14] കൂടാതെ, കോണ്ടാക്ട് ലെൻസുകൾ ധരിക്കുന്നവർ അല്ലെങ്കിൽ ലാസിക് പോലുള്ള നേത്ര ശസ്ത്രക്രിയകൾക്ക് വിധേയരായവർക്ക് കണ്ണുകൾ വരണ്ടതാകാനുള്ള സാധ്യത കൂടുതലാണ്.[14] കണ്ണുകളുടെ ഉപരിതലം വൃത്തിയും ഈർപ്പവും നിലനിർത്തുന്നതിനും അണുബാധകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിനും കണ്ണുനീർ പ്രധാനമാണ്. സ്വാഭാവിക ആൻറിബയോട്ടിക്കുകളായി പ്രവർത്തിക്കുന്ന എൻസൈമുകൾ, ബാക്ടീരിയകളുടെ വളർച്ച തടയുന്ന പ്രോട്ടീനുകൾ, പോഷകങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ കണ്ണുനീരിൽ അടങ്ങിയിരിക്കുന്നു.[15] മതിയായ ലൂബ്രിക്കേഷൻ ഇല്ലാതെവന്നാൽ, രോഗികൾക്ക് അണുബാധയ്ക്കും അതുപോലെ മാറ്റാനാവാത്ത വടുക്കൾക്കും കേടുപാടുകൾക്കും സാധ്യതയുണ്ട്.[14] കൃത്രിമ കണ്ണുനീർ ഈ പ്രശ്നത്തിനുള്ള തിരഞ്ഞെടുക്കപ്പെട്ട ചികിത്സയാണ്.[14] സ്വാഭാവിക കണ്ണുനീരിൽ അടങ്ങിയിരിക്കുന്നവയ്ക്ക് സമാനമായ ഫലങ്ങൾ നൽകുന്ന ലൂബ്രിക്കറ്റിംഗ് ഘടകങ്ങൾ ചേർത്താണ് കൃത്രിമ കണ്ണുനീർ നിർമ്മിക്കുന്നത്.[16] പ്രീ-കോർണിയൽ ടിയർ ഫിലിം കട്ടിയാക്കാനും സ്ഥിരപ്പെടുത്താനും, ടിയർ ഫിലിം ബ്രേക്കപ്പ് സമയം നീട്ടാനും, കണ്ണുകളുടെ ഉപരിതലത്തെ ശരിയായി സംരക്ഷിക്കാൻ കണ്ണീരിനെ അനുവദിക്കാനും ഇത് സഹായിക്കുന്നു.[16] മിക്ക കൃത്രിമ കണ്ണീരിനും ഒരു കുറിപ്പടിയുടെ ആവശ്യമില്ല, മാത്രമല്ല ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിക്കാനും കഴിയും. ഒരു ദിവസം നാലോ ആറോ തവണയിൽ കൂടുതൽ തവണ കൃത്രിമ കണ്ണുനീർ ഉപയോഗിക്കുന്ന രോഗികൾ പ്രിസർവേറ്റീവുകളില്ലാത്ത ഒരു ബ്രാൻഡ് അല്ലെങ്കിൽ പ്രകോപിപ്പിക്കാത്ത പ്രിസർവേറ്റീവുകളുള്ള ഒന്ന് തിരഞ്ഞെടുക്കണം.[9] കൂടുതൽ നേരം നീണ്ടുനിൽക്കുന്നതിനാൽ കൂടുതൽ കഠിനമായ കേസുകളിൽ നിദ്ദേശിക്കപ്പെടുന്ന ജെൽ അല്ലെങ്കിൽ തൈലങ്ങളുടെ രൂപത്തിൽ വരുന്ന കട്ടിയുള്ള കൃത്രിമ കണ്ണുനീർ താൽക്കാലികമായി കാഴ്ച മങ്ങിക്കാൻ സാധ്യതയുണ്ട്.[1] കൂടുതൽ കഠിനമായ സന്ദർഭങ്ങളിൽ, പ്രകൃതിദത്ത കണ്ണുനീരിന്റെ ഉൽപാദനവും കണ്ണീരിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി കണ്ണുനീർ ഗ്രന്ഥികളിലെ വീക്കം കുറയ്ക്കുന്ന തരം കൃത്രിമ കണ്ണുനീർ നിർദ്ദേശിച്ചേക്കാം.[17] പാർശ്വഫലങ്ങളും മുൻകരുതലുകളുംകൃത്രിമ കണ്ണുനീരിന് റിപ്പോർട്ടുചെയ്‌ത കഠിനമായ പാർശ്വഫലങ്ങളൊന്നുമില്ല.[1] കൃത്രിമ കണ്ണീരിന്റെ ഏറ്റവും സാധാരണ പാർശ്വഫലമാണ് താൽക്കാലികമായുണ്ടാകുന്ന മങ്ങിയ കാഴ്ച.[16] അലർജി പ്രതിപ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് കണ്ണ് ചൊറിച്ചിൽ, തലകറക്കം, ശ്വസന പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.[16] ഈ ലക്ഷണങ്ങൾ ഉള്ളപക്ഷം തുള്ളി മരുന്നുകൾ നിർത്താനും ഉടൻ തന്നെ ഒരു ഡോക്ടറെ കാണാനും ആവശ്യപ്പെടുന്നു.[16] കുറിപ്പടി തുള്ളിമരുന്നുകൾക്ക് നീറ്റൽ, ചുവപ്പ്, വേദന, സംവേദനം എന്നിവ പോലുള്ള അധിക പാർശ്വഫലങ്ങൾ ഉണ്ടാകാം.[11] കോണ്ടാക്ട് ലെൻസ് ഉപയോക്താക്കൾ കോൺടാക്റ്റ് ലെൻസിന് കേടുവരുത്തുന്ന ഘടകങ്ങൾ ഇല്ലാത്ത തരം നിർദ്ദിഷ്ട കൃത്രിമ തുള്ളിമരുന്നുകൾ ഉപയോഗിക്കണം.[11] ഒന്നിലധികം തരം കണ്ണ് തുള്ളിമരുന്നുകൾ ഉപയോഗിക്കുകയാണെങ്കിൽ, ആദ്യം ഒഴിച്ചത് പുറത്തേക്ക് ഒഴികിപ്പോകുന്നത് ഒഴിവാക്കാൻ ഓരോന്നിന്റെയും പ്രയോഗത്തിനിടയിൽ കുറച്ച് മിനിറ്റ് കാത്തിരിക്കേണ്ടത് പ്രധാനമാണ്.[18] കുപ്പി മലിനമാകാതിരിക്കാൻ ശരിയായ രീതിയിൽ സൂക്ഷിക്കണം. ഉപയോഗിക്കുന്നതിന് മുമ്പ് കൈ കഴുകുന്നതും കുപ്പിയും കണ്ണും തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുന്നതും അണുബാധ തടയുന്നു.[18] വെറ്ററിനറി ഉപയോഗങ്ങൾനായ്ക്കൾ, പൂച്ചകൾ, കുതിരകൾ തുടങ്ങിയ മൃഗങ്ങളെ ബാധിക്കുന്ന കെരറ്റോകൺജങ്റ്റിവൈറ്റിസ് സിക്കയ്ക്കുള്ള ടോപ്പിക് തെറാപ്പിയുടെ ഭാഗമായി കൃത്രിമ കണ്ണുനീർ ഉപയോഗിക്കാറുണ്ട്.[19] മനുഷ്യ ഉപയോഗത്തിന് സമാനമായി, കുപ്പിയിലെ മലിനീകരണം ഒഴിവാക്കാൻ ശരിയായ പരിചരണം നടത്തണം.[20] കൃത്രിമ കണ്ണീരിന്റെ ഉപയോഗം മൂലം അലർജി, പ്രകോപനം അല്ലെങ്കിൽ വേദന എന്നിവയുടെ ലക്ഷണങ്ങൾ ഉണ്ടായാൽ ഒരു മൃഗവൈദകനെ ബന്ധപ്പെടണം.[20] അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia