കൺഫഷൻസ്![]() ഹിപ്പോയിലെ അഗസ്തീനോസ് പതിമൂന്നു വോള്ള്യങ്ങളായി ക്രി.വ. 397-398 കാലത്ത് എഴുതിയ ആത്മകഥാപരമായ പ്രഖ്യാത രചനയാണ് കൺഫെഷൻസ്. [1] ഇതേ പേരിൽ പിൽക്കാലത്ത് റുസ്സോയും ടോൾസ്റ്റൊയ്-യും മറ്റും എഴുതിയ രചനകളിൽ നിന്ന് തിരിച്ചറിയാനായി, ഈ കൃതി അഗസ്തീനോസിന്റെ കൺഫെഷൻസ് എന്ന പേരിലാണ് സാധാരണ പ്രസിദ്ധീകരിക്കാറ്. ആഗാധമായ ആത്മാവ ബോധം പ്രതിഫലിക്കുന്ന ഈ കൃതിയിൽ ഗ്രന്ഥകാരൻ തന്റെ ജീവിതത്തെ തനിക്കും മറ്റുള്ളവർക്കും വേണ്ടി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു. സ്വന്തം ആന്തരിക ലോകത്തിലൂടെ ഗ്രന്ഥകാരൻ നടത്തുന്ന യാത്രയുടെ സൂക്ഷ്മമായ വിവരണത്തിന്റെ പേരിൽ ഈ ആത്മകഥ, "ആദ്യത്തെ ആധുനിക ഗ്രന്ഥം" (The first modern book) എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ നോവലിസ്റ്റുകളിൽ പലർക്കും അതു വഴികാട്ടിയായി. കുറ്റബോധത്തിന്റേയും, തഴക്കങ്ങളുടേയും, സ്മരണയുടേയും സങ്കീർണ്ണതകളെപ്പറ്റി ഈ കൃതി നൽകുന്ന ഉൾക്കാഴ്ചകൾ വഴി ഗ്രന്ഥകാരൻ, ഫ്രോയിഡിനും, പ്രൂസ്തിനും, ബെക്കറ്റിനും പൂർവഗാമിയായി.[2] ![]() അവലോകനംപാശ്ചാത്യ ലോകത്തെ ആദ്യത്തെ ആത്മകഥയായി കണക്കാക്കപ്പെടുന്ന കൺഫെഷൻസ് മദ്ധ്യ യുഗങ്ങളുടെ ആയിരത്തോളം വർഷം, ക്രിസ്തീയ ലേഖകന്മാരെ ഏറെ സ്വാധീനിച്ച ഒരു മാതൃകയായി നിലകൊണ്ടു. ദൈവനഗരം എന്ന ബൃഹദ്‌രചനയും, ദൈവികത്രിത്വത്തെക്കുറിച്ചുള്ള De Trinitate എന്ന പ്രഖ്യാത കൃതിയും ഉൾപ്പെടെ, അഗസ്തീനോസിന്റെ പ്രധാന രചനകളെല്ലാം വെളിച്ചം കണ്ടത് കൺഫെഷൻസിനു ശേഷമാണ്. പെലേജിയനിസത്തിനും ഡോണറ്റിസത്തിനും മറ്റും എതിരായുള്ള ഗ്രന്ഥകാരന്റെ ചരിത്ര പ്രാധാന്യമുള്ള ആശയ സമരങ്ങളുടെ കാലവും കൺഫെഷൻസിന്റെ രചനയ്ക്കു ശേഷമാണ്. 76 വർഷം ജീവിച്ച അഗസ്തീനോസിന്റെ 33 വയസ്സുവരെയുള്ള കഥ മാത്രം പറയുന്ന ഈ രചന സമ്പൂർണ്ണ ആത്മകഥയുടെ അടുത്തെങ്ങും എത്തുന്നില്ല. എങ്കിലും അഗസ്തീനോസിന്റെ ചിന്തയുടെ വികാസത്തിന്റെ സമ്പൂർണ്ണ ചിത്രം തരുന്ന ഈ കൃതി നാലും അഞ്ചും നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഏതെങ്കിലും വ്യക്തിയെക്കുറിച്ച് അത്തരത്തിലുള്ള ഏക രേഖയാണ്. ശ്രദ്ധേയമായ ഒരു ദൈവശാസ്ത്ര രചനയെന്ന നിലയിലും കൺഫെഷൻസ് പ്രധാനമാണ്.
രൂപരേഖപതിമൂന്നു വാല്യങ്ങളുള്ള കൺഫെഷൻസിന്റെ വാല്യം തിരിച്ചുള്ള ഏകദേശ രൂപരേഖയാണ് താഴെ.
സ്മരണകൾമുലപ്പാലിനൊപ്പം സ്വാംശീകരിച്ച ലത്തീൻ ഭാഷയിൽ അനായാസം പ്രാവീണ്യം നേടിയ തനിക്ക്, അദ്ധ്യാപകന്മാർ അടികൊടുത്തു പഠിപ്പിച്ച ഗ്രീക്ക് ഭാഷ ഒരിക്കലും പൂർണ്ണമായി വഴങ്ങാതിരുന്ന കാര്യം അഗസ്തീനോസ് സൂചിപ്പിക്കുന്നുണ്ട്. നിർബ്ബന്ധത്തേയും ശിക്ഷയോടുള്ള ഭയത്തേയുംകാൾ സ്വന്തവും സ്വതന്ത്രവുമായ ജിജ്ഞാസയാണ് വിദ്യാഭ്യാസത്തിനു പറ്റിയ ഉപാധിയെന്ന് ഇതിനെ അടിസ്ഥാനമാക്കി അഗസ്തീനോസ് നിരീക്ഷിക്കുന്നുണ്ടെങ്കിലും ശിക്ഷയ്ക്ക് വിദ്യാഭ്യാസത്തിലുള്ള സ്ഥാനത്തെ അദ്ദേഹം തള്ളിപ്പറയുന്നില്ല. സ്വാതന്ത്ര്യം വഴിതെറ്റിപ്പോകാതിരിക്കാൻ ശിക്ഷണം ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.[3] കൂടുതൽ കണിശവും നിർവചിതവുമായ നിയമങ്ങൾ പിന്തുടരുന്ന ശാസ്ത്രമെന്ന നിലയിൽ സ്കൂളിൽ തന്റെ ഇഷ്ടവിഷയം ഗണിതമായിരുന്നെന്ന് ഈ കൃതിയിൽ അഗസ്തീനോസ് വെളിപ്പെടുത്തുന്നുണ്ട്. രാത്രി, നഗരത്തിൽ ചുറ്റിക്കറങ്ങിയിരുന്ന താനും കൂട്ടുകാരും ഒരിക്കൽ വീടിനടുത്തുള്ളൊരു തോട്ടത്തിലെ പേരമരത്തിലെ കായ്കൾ മുഴുവൻ മോഷ്ടിച്ചകാര്യം ഏറെ കുറ്റബോധത്തോടെ ആഗസ്തീനോസ് എഴുതുന്നുണ്ട്. വിശന്നിട്ടോ അതിലും നല്ല പഴം വീട്ടിൽ തന്നെ ഇല്ലതിരുന്നിട്ടോ ആല്ലാതെ, വെറുതേ രസത്തിനു വേണ്ടി നടത്തിയ ആ മോഷണത്തെ തിന്മയിലേയ്ക്കുള്ള തന്റെ ചായ്‌വിന് തെളിവായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. വിവരിക്കാനാവത്ത ദുഷ്ടതയായി ആ പ്രവൃത്തിയെ ചിത്രീകരിച്ച് അതിനെപ്പറ്റി പരിതാപിക്കാനായി അദ്ദേഹം ആത്മകഥയിൽ ഏഴദ്ധ്യായങ്ങൾ മാറ്റിവച്ചിരിക്കുന്നു.[4][ഖ] സമീപനഗരമായ മദോരയിലെ പഠനം പൂർത്തിയാക്കിയതിനുശേഷം കാർത്തേജിൽ ഉന്നതപഠനത്തിനു പോകുന്നതിനു മുൻപ് വീട്ടിൽ കഴിഞ്ഞ നാളുകളിൽ, മകൻ നഗരത്തിലെ റോമൻ സ്നാനസങ്കേതങ്ങൾ സന്ദർശിക്കുന്നതറിഞ്ഞ അച്ഛൻ, തനിക്കു പേരക്കിടാങ്ങളുണ്ടാകാൻ പോകുന്നുവെന്നതിന്റെ സൂചനയായി അതിനെ സന്തോഷപൂർവം അമ്മയെ അറിയിച്ച കാര്യവും അദ്ദേഹം എഴുതുന്നു. അമ്മയാകട്ടെ മകന്റെ ഈ "സദാചാരഭ്രംശത്തിൽ" ദുഖിച്ചു.[5] തത്ത്വചിന്തപൊതുവേ ആത്മകഥയും കുമ്പസാരവും ആയി കണക്കാക്കപ്പെടുന്ന കൺഫെഷൻസ് സാഹിത്യത്തിലേയും ദർശനത്തിലേയും ഒരു ക്ലാസിക് കൂടിയാണ്. പതിമൂന്നു ഭാഗങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ അവസാനത്തെ മൂന്നു ഭാഗങ്ങൾ ആഴമുള്ള തത്ത്വചിന്തയാണ്. അഗസ്തീനോസിന്റെ രചനകളിൽ ഏറ്റവും ശുദ്ധമായ തത്ത്വചിന്തയുള്ളത് കൺഫെഷൻസിന്റെ "കാലവും നിത്യതയും"(Time and Eternity) എന്നു പേരുള്ള പതിനൊന്നാം ഭാഗത്താണ്.[ഗ] ബൈബിളിൽ ഉത്പത്തി പുസ്തകത്തിന്റെ ഒന്നാം അദ്ധ്യായത്തിൽ തന്നെ പ്രപഞ്ചസൃഷ്ടി നടക്കുന്നതു ചൂണ്ടിക്കാണിക്കുന്ന അഗസ്തീനോസ് അതിനു മുൻപുള്ള അവസ്ഥയെന്തായിരുന്നു എന്ന ചോദ്യം ഉന്നയിച്ച് സൃഷ്ടിക്കു "മുൻപുള്ള" അവസ്ഥ എന്ന സങ്കല്പം തന്നെ അപ്രസക്തമാണെന്നു മറുപടി പറയുന്നു. സമയത്തെക്കുറിച്ചുള്ള ഒരു ആപേക്ഷിക സിദ്ധാന്തത്തിലാണ് ഇതുവഴി അദ്ദേഹം ചെന്നെത്തുന്നത്. സൃഷ്ടിയുടെ ഭാഗമാണ് സമയമെന്നതു കൊണ്ട്, സൃഷ്ടിയ്ക്ക് ഒരു "മുൻപ്" ഉണ്ടാവുക സാധ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ദൈവം ഒരു സമയരേഖയിൽ സൃഷ്ടിയ്ക്ക് മുൻപുള്ളവനല്ല, സമയത്തിന്റെ ആപേക്ഷികതയ്ക്കു പുറത്തുള്ള നിത്യതയാണ്. ദൈവത്തിൽ എല്ലാ കാലവും എപ്പോഴും ഉണ്ടായിരിക്കുന്നു. കാലത്തെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോൾ മാത്രം അളക്കാനാവുന്നതു കൊണ്ട് എല്ലാ കാലവും വർത്തമാനമാണെന്നും അഗസ്തീനോസ് വാദിക്കുന്നു. ഭൂതവും ഭാവിയും പോലും വർത്തമാനമാണ്. ഭൂതം വർത്തമാനത്തിലെ സ്മരണയും ഭാവി വർത്തമാനത്തിലെ പ്രതീക്ഷയുമാണ്.
'പ്രത്യവലോകനം'സമകാലീനർക്ക് തന്റെ ഈ രചന ഏറെ ഇഷ്ടപ്പെട്ടെന്ന് അഗസ്തീനോസിന് മനസ്സിലായി. കൺഫെഷൻസ് എഴുതി മുപ്പതു വർഷം കഴിഞ്ഞ് അഗസ്തീനോസ് ഇത് സൂചിപ്പിക്കുന്നുണ്ട്. മരണത്തിനു മൂന്നു വർഷം മുൻപ്, ക്രി.വ. 427-ൽ തന്റെ രചനകളെ ഒന്നൊന്നായി പരിഗണിച്ച് എഴുതിയ "പ്രത്യവലോകനങ്ങൾ" (retractations) എന്ന അസാമാന്യ കൃതിയിൽ അദ്ദേഹം കൺഫെഷൻസിനെക്കുറിച്ച് ഇങ്ങനെ എഴുതി: " എന്റെ സത്പ്രവൃത്തികളും പാപകർമ്മങ്ങളുമടങ്ങിയ ആത്മകഥയുടെ പതിമ്മൂന്നു വാല്യങ്ങളും, നീതിമാനും നല്ലവനുമായ ദൈവത്തെ സ്തുതിക്കുന്നു. അതുപോലെ, ദൈവത്തോടു മനുഷ്യനുള്ള സ്നേഹത്തേയും ദൈവത്തെക്കുറിച്ചുള്ള അവന്റെ അറിവിനേയും അവ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഇതെഴുതിയ അവസരത്തിൽ എനിക്ക് അനുഭവപ്പെട്ടത്. ഇന്നിതു വായിച്ചുനോക്കുമ്പോൾ എനിക്കുണ്ടാകുന്നതും ഈ അനുഭവം തന്നെയാണ്. മറ്റുള്ളവർക്കു തോന്നുന്നതെന്താണെന്ന് അവർ തീരുമാനിക്കട്ടെ. ഏതായാലും ഒരു കാര്യം എനിക്കറിയാം - എന്റെ സഹോദരന്മാരിൽ പലർക്കും ഇതു വളരെയിഷ്ടപ്പെട്ടു. ഇന്നും അവർ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്യുന്നു."[8] കുറിപ്പുകൾക.^ "It is addressed directly to God as a 100,000 word act of contrition."[9] ഖ. ^ കേവലമായൊരു ബാലചാപല്യം ഓർത്തുള്ള അതിരുവിട്ട ഈ പരിതാപം രോഗാവസ്ഥയുടെ സൂചനയായി(morbid) ആധുനികർ കരുതിയേക്കാമെന്നും ഇതിനു സമമായ ഏറ്റുപറച്ചിലുകൾ ആത്മകഥയിൽ ആധുനിക കാലത്ത് നടത്തിയിട്ടുള്ളത് മഹാത്മാഗാന്ധി മാത്രമാണെന്നും ബെർട്രാൻഡ് റസ്സൽ നിരീക്ഷിക്കുന്നുണ്ട്.[4] ഈ മോഷണത്തിന്റെ ബാലിശമായ കഥ വായിച്ച് താൻ കണക്കില്ലാതെ ചിരിച്ചെന്ന് നീച്ച പറയുന്നു. "How I laughed!(for example, concerning the 'theft' of his youth, basically an undergraduate story."[10] ഗ.^ കൺഫെഷൻസിന്റെ "ജനകീയ" പതിപ്പുകളിൽ, ജീവചരിത്രമല്ലാതെ ഗഹനമായ തത്ത്വചിന്തയുള്ള അവസാനത്തെ മൂന്നു ഭാഗങ്ങൾ വിട്ടുകളയുക പതിവാണെന്ന് ബെർട്രാൻഡ് റസ്സൽ പറയുന്നു. "it is uninteresting because it is good philosophy, not biography."[11] അവലംബം
|
Portal di Ensiklopedia Dunia