ജോഹന്നസ് ഗുട്ടെൻബെർഗ്
അച്ചടിയെ വിപ്ലവകരമാക്കിയ ജർമൻ പ്രിന്ററാണ് ജോഹന്ന്സ് ജെൻസ്ഫ്ലൈഷ് ലേഡൻ സം ഗുട്ടെൻബെർഗ്(/ˈɡuːtənbɜːrɡ/; ഉദ്ദേശം 1398-1468 ഫെബ്രുവരി 3). ജംഗമാച്ചുകൾ (movable metal types) ഉപയോഗിച്ചുകൊണ്ടുള്ള അച്ചടി കണ്ടുപിടിച്ചത് ഗുട്ടൻബെർഗാണ്. ലോകത്തെ മാറ്റിമറിച്ച കണ്ടെത്തലായിരുന്നു ഇത്. ചൈനക്കാർ മരഅച്ചുകൾകൊണ്ട് അച്ചടി നടത്തയിരുന്നുവെങ്കിലും ഗുട്ടെൻബെർഗിന്റെ സങ്കേതത്തിലൂടെയാണ് അച്ചടി ലോകവ്യാപകമായത്. കൊല്ലൻ, സ്വർണ്ണപ്പണിക്കാരൻ, പ്രിന്റർ, പ്രസാധകൻ എന്നീ നിലകളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹമാണ് യൂറോപ്പിൽ അച്ചടി കൊണ്ടുവന്നത്. ഇത് പ്രിന്റിംഗ് വിപ്ലവത്തിന് വഴിതെളിച്ചു. ഇതാണ് ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രധാന സംഭവവികാസം എന്ന് കണക്കാക്കപ്പെടുന്നു.[1] നവോദ്ധാരണത്തിനും, പ്രൊട്ടസ്റ്റന്റ് നവീകരണത്തിനും, ജ്ഞാനോദയകാലത്തിനും, ശാസ്ത്രീയ വിപ്ലവത്തിനും ഈ കണ്ടുപിടിത്തം വഴിവച്ചു. അറിവിനെ ആസ്പദമാക്കിയുള്ള സമ്പദ് വ്യവസ്ഥയ്ക്കും അറിവിന്റെ ജനാധിപത്യവൽക്കരണത്തിനും അടിസ്ഥാനശിലയായത് അച്ചടിയാണ്.[2] ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹന്ഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിലെ 8ആം സ്ഥാനത്തുള്ളത് ഗുട്ടൻബെർഗാണ്. മാറ്റി ഉപയോഗിക്കാവുന്ന അച്ച്(movable type) ഉപയോഗിച്ച് അച്ചടി നടത്തിയ ആദ്യയൂറോപ്യനാണ് ഗുട്ടൻബർഗ്. ഉദ്ദേശം 1439ലാണ് ഇതിന്റെ ആരംഭം. മാറ്റി ഉപയോഗിക്കാവുന്ന അക്ഷരങ്ങളുടെ അച്ചുകൾ ഒരുമിച്ച് ധാരാളമായി ഉണ്ടാക്കുക; എണ്ണയിൽ ലയിപ്പിച്ച മഷി ഉപയോഗിക്കുക; മരം കൊണ്ടുണ്ടാക്കിയ ചട്ടക്കൂടുകൾ അച്ചടിക്കായി ഉപയോഗിക്കുക എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ. ഈ മൂന്നു സംവിധാനങ്ങളും ഒരുമിച്ചു ചേർത്ത് അച്ചടിച്ച പുസ്തകങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ പുറത്തിറക്കുക എന്നതായിരുന്നു ലോകചരിത്രത്തെ മാറ്റിമറിച്ച സംഭവം. ഈ സംവിധാനം പുസ്തകമിറക്കൽ അച്ചടിക്കാർക്കും വായനക്കാർക്കും ഒരുപോലെ ലാഭകരമായ ഏർപ്പാടാക്കി മാറ്റി. അച്ചിനായുള്ള പ്രത്യേക ലോഹക്കൂട്ടും കൈകൊണ്ടുപയോഗിക്കാവുന്ന മൂശയും ഉപയോഗിച്ചാണ് ഇദ്ദേഹം അച്ചുകൾ ഉണ്ടാക്കിയതെന്ന് കരുതപ്പെടുന്നു. യൂറോപ്പിൽ ഗുട്ടൻബർഗിന്റെ കണ്ടുപിടിത്തത്തിനു മുൻപ് പുസ്തകങ്ങൾ കൈകൊണ്ട് എഴുതിയായിരുന്നു തയ്യാറാക്കിയിരുന്നത്. ചിലപ്പോൾ മരത്തിൽ കൊത്തിയെടുക്കുന്ന അച്ചുപയോഗിച്ചും പുസ്തകങ്ങൾ അച്ചടിക്കപ്പെട്ടിരുന്നു. യൂറോപ്പിലെ പുസ്തകപ്രസാധനരംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഈ കണ്ടുപിടിത്തം കാരണമുണ്ടായത്. ഈ സാങ്കേതികവിദ്യ യൂറോപ്പിലാകമാനം അതിവേഗം പടർന്നു. പിന്നീട് ഇത് ലോകമാസകലം വ്യാപിക്കുകയും ചെയ്തു. ഇദ്ദേഹം ഗുട്ടൻബർഗ് ബൈബിളിന്റെ (42 ലൈൻ ബൈബിൾ എന്നും ഇതറിയപ്പെടുന്നു) സ്രഷ്ടാവ് എന്ന നിലയിലും അറിയപ്പെടുന്നുണ്ട്. സാങ്കേതികവിദ്യ, കലാചാരുത എന്നീ കാരണങ്ങളാൽ ഈ ബൈബിൾ വിശ്രുതമാണ് ജീവിത രേഖ![]() 1398-ൽ ജർമ്മനിയിലെ മെയ്ൻസിലാണ് ഗുട്ടെൻബെഗിന്റെ ജനനം.ആദ്യകാല ജീവിതത്തെ കുറിച്ച വ്യക്തമായ രേഖപെടുത്തലുകളില്ല. ജോഹൻ ഫുസ്റ്റ് എന്നയാളുമായി പങ്കാളിത്ത വ്യവസ്ഥയിലാണ് ഗുട്ടെൻബെർഗ് അച്ചടി വ്യാപാരമാരംഭിക്കുന്നത്. നിരന്തരമായ പരീക്ഷണങ്ങളിലൂടെ 1456ൽ അദ്ദേഹം ആദ്യത്തെ അച്ചടിച്ച ബൈബിൾ പുറത്തിറക്കി. ഒരോ പേജിലും രണ്ടു കോളങ്ങളിലായി 42 വരികൾ വീതം ലാറ്റിനിൽ അച്ചടിച്ച ഈ ബൈബിൾ 'ഗുട്ടെൻബെർഗ് ബൈബിൾ' എന്നാണ് അറിയപ്പെടുന്നത്. വായനയുടെ ജനകീയവത്കരണത്തിലൂടെ ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന വിവരവിപ്ലവത്തിന് (Information revolution) തുടക്കമിടുകയായിരുന്നു ഗുട്ടെൻബെർഗ്. 1468 ഫെബ്രുവരി 3-ന് ഗുട്ടെൻബെർഗ് അന്തരിച്ചു. ഇതും കാണുകഅവലംബം
സ്രോതസ്സുകൾ
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾജോഹന്നസ് ഗുട്ടെൻബെർഗ് എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia