ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്
അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തിഒന്നാമത്തെ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആണ് ജോർജ് ഹെർബെർട്ട് വോക്കർ ബുഷ് (ജീവിതകാലം : ജൂൺ 12, 1924 – നവംബർ 30, 2018) റിപ്പബ്ലിക്കൻ പാർട്ടി-യിൽ അംഗം ആയിരുന്ന അദ്ദേഹം 1989 മുതൽ 1993 വരെ അമേരിക്ക-യുടെ രാഷ്ട്രപതി ആയിരുന്നു. 1981 മുതൽ 1989 വരെ അദ്ദേഹം രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായും പ്രവർത്തിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു അമേരിക്കയുടെ രാഷ്ട്രപതി ആയ അവസാനത്തെ ആൾ ആണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ മക്കൾ ആയ ജോർജ് ഡബ്ല്യു. ബുഷ് അമേരിക്കയുടെ 43-മത് രാഷ്ട്രപതി ആയും ജെബ് ബുഷ് ഫ്ലോറിഡയുടെ ഗവർണർ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മസാച്യുസെറ്റ്സ് സംസ്ഥാനത്തെ മിൽട്ടൺ നഗരത്തിൽ വ്യവസായപ്രമുഖനും രാഷ്ട്രീയ നേതാവുമായിരുന്ന പ്രസ്കോട്ട് ബുഷിന്റെയും ഡൊറോത്തി വാക്കർ ബുഷിന്റെയും രണ്ടാമത്തെ മകനായി 1924 ജൂൺ 12-ന് ജനിച്ച ബുഷ്, സ്കൂൾ പഠനത്തിനുശേഷം കനക്ടികട് യൂൾ സർവകലാശാലയിൽ പഠിച്ചുകൊണ്ടിരിയ്ക്കേ 1943-ൽ 19-ആം വയസ്സിൽ അമേരിക്കൻ വ്യോമസേനയിൽ പൈലറ്റായി സ്ഥാനമേറ്റു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായിരുന്നു അദ്ദേഹം. യുദ്ധത്തിൽ നിന്ന് മടങ്ങിയെത്തിയശേഷം 1945 ജനുവരി 6-ന് ബാർബറ പിയേഴ്സ് ബുഷിനെ വിവാഹം കഴിച്ചു. 73 വർഷം നീണ്ടുനിന്ന ഈ വിവാഹബന്ധം, അമേരിക്കൻ പ്രസിഡന്റുമാരുടെ വിവാഹങ്ങളിൽ ഏറ്റവും കൂടുതൽ കാലം നീണ്ടുനിന്നതാണ്. ഇവർക്ക് ആറ് മക്കളുണ്ട്. 43-ആമത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു. ബുഷാണ് ഇവരിൽ ഏറ്റവും മൂത്തത്. പരേതയായ പോളിൻ (നാലാം വയസ്സിൽ രക്താർബുദം ബാധിച്ച് അന്തരിച്ചു), മുൻ ഫ്ലോറിഡ ഗവർണർ ജെബ് (ജോൺ എല്ലിസ് ബുഷ്), നീൽ, മാർവിൻ, ഡൊറോത്തി എന്നിവരാണ് ഇവരുടെ മറ്റുമക്കൾ. മക്കളുടെ ജനനത്തിനുശേഷം ബിസിനസ് രംഗത്ത് ശ്രദ്ധ പതിപ്പിച്ച ബുഷ്, ആദ്യം എണ്ണക്കച്ചവടക്കാരനായും പിന്നീട് ബേസ്‌ബോൾ ഉപകരണങ്ങളുടെ വില്പനക്കാരനായും ജോലി ചെയ്തു. അച്ഛൻ പ്രസ്കോട്ട് ബുഷിന്റെ സ്വാധീനമാണ് അദ്ദേഹത്തെ ഇതിലേയ്ക്ക് അടുപ്പിച്ചത്. ആദ്യം ഡ്രസ്സർ ഇൻഡസ്ട്രീസ് എന്ന കമ്പനിയിലെ എണ്ണക്കച്ചവടം നിയന്ത്രിയ്ക്കുന്ന ജോലിയാണ് അദ്ദേഹം ചെയ്തിരുന്നത്. പിന്നീട് സപാറ്റ പെട്രോളിയം കോർപ്പറേഷൻ എന്ന പുതിയൊരു എണ്ണക്കമ്പനിയ്ക്ക് അദ്ദേഹം രൂപം നൽകി. 1965 ആകുമ്പോഴേയ്ക്കും അദ്ദേഹം കോടീശ്വരനായിക്കഴിഞ്ഞിരുന്നു. അവലംബം
|
Portal di Ensiklopedia Dunia