തിയോഡോർ റൂസ്വെൽറ്റ്അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിയാറാമത്തെ പ്രസിഡന്റായിരുന്നു തിയോഡോർ റൂസ്‌വെൽറ്റ് (ഒക്ടോബർ 27, 1858 – ജനുവരി 6, 1919). എഴുത്തുകാരൻ, വേട്ടക്കാരൻ, പര്യവേക്ഷകൻ എന്നീ നിലകളിലും പ്രശസ്തനായ ഒരു ബഹുമുഖപ്രതിഭയായിരുന്നു ടെഡി റൂസ്‌വെൽറ്റ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവായിരുന്ന ഇദ്ദേഹം 1901-ൽ തന്റെ 42-ആം വയസ്സിൽ പ്രസിഡന്റായി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന ബഹുമതി ഇന്നും തിയോഡോർ റൂസ്‌വെൽറ്റിനു തന്നെ. റഷ്യ-ജപ്പാൻ യുദ്ധം അവസാനിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങളെ പരിഗണിച്ച് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകപ്പെട്ടു. ആദ്യമായി നോബൽ സമ്മാനം നേടിയ അമേരിക്കക്കാരൻ ഇദ്ദേഹമാണ്. ബാല്യകാലം1858 ഒക്റ്റോബർ 27-ന് ന്യൂയോർക്ക് നഗരത്തിൽ തിയോഡോർ റൂസ്‌വെൽറ്റ് സീനിയർ-മാർത്താ "മിറ്റി" ബുള്ളക്ക് ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമനായി ജനിച്ചു. തിയോഡോറിന് ഒരു ചേച്ചിയും (അന്നാ "ബാമി" റൂസ്‌വെൽറ്റ്) ഒരു അനുജനും (എലിയറ്റ് ബുള്ളക്ക് റൂസ്‌വെൽറ്റ്) ഒരു അനുജത്തിയും(കോറിൻ റൂസ്‌വെൽറ്റ്) ഉണ്ടായിരുന്നു. ആസ്ത്മ തുടങ്ങിയ രോഗപീഡകളാൽ ക്ലേശകരമായ ഒരു ബാല്യമായിരുന്നു. മിക്കപ്പോഴും കട്ടിലിൽ തല ഉയർത്തി വച്ചും കസേരയിൽ ഇരുന്നും ഉറങ്ങേണ്ടി വന്നു. ഈ കഷ്ടതകളിലും കുസൃതിയും സ്ഥിരോൽസാഹിയുമായിരുന്നു. ഏഴാം വയസ്സിൽ ഒരു ചന്തയിൽ വച്ചു കണ്ട കടൽസിംഹത്തിന്റെ ശവം അദ്ദേഹത്തെ ജീവിതകാലം മുഴുവൻ ജന്തുശാസ്ത്രത്തിൽ തൽപ്പരനാക്കി. അതിന്റെ തലയുമായി "റൂസ്‌വെൽറ്റ് മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി" ആരംഭിച്ചു. ഒമ്പതാം വയസ്സിൽ ഷഡ്പദങ്ങളെ നിരീക്ഷിച്ച് വിവരങ്ങൾ ക്രോഡീകരിച്ച് "ദി നാച്ചുറൽ ഹിസ്റ്ററി ഓഫ് ഇൻസെക്റ്റ്സ്" എന്ന തലക്കെട്ടിൽ ഒരു പേപ്പർ എഴുതി. പിതാവിന്റെ പിന്തുണയോടെ തന്റെ ശാരീരികക്ഷമത മെച്ചപ്പെടുത്താൻ വ്യായാമമുറകളും ബോക്സിംഗും പരിശീലിച്ചു. തന്റെ കുടുംബവുമൊത്ത് നടത്തിയ യൂറോപ്പ് യാത്രയും (1869,1870) ഈജിപ്റ്റ് യാത്രയും (1872 - 1873) അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു. ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia