പാരീസ് ഇന്ത്യൻ സൊസൈറ്റി1905-ൽ മാഡം ഭിക്കാജി കാമ, ബി.എച്ച്. ഗോദ്‌റേജ്, എസ്.ആർ. റാണ എന്നിവരുടെ നേതൃത്വത്തിൽ പാരീസിൽ സ്ഥാപിതമായ ഒരു ഇന്ത്യൻ ദേശീയവാദി സംഘടനയാണ് പാരീസ് ഇന്ത്യൻ സൊസൈറ്റി. അതേവർഷം ലണ്ടനിൽ ശ്യാംജി കൃഷ്ണ വർമ്മയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഇന്ത്യൻ ഹോം റൂൾ സൊസൈറ്റിയുടെ ഒരു ശാഖയായാണ് ഈ സംഘടന രൂപീകൃതമായത്.[1] ഇന്ത്യാ ഹൗസുമായി ബന്ധമുണ്ടായിരുന്ന ഇന്ത്യൻ ദേശീയവാദികളിൽ പലരും പാരീസ് ഇന്ത്യൻ സൊസൈറ്റിയിൽ പ്രവർത്തിച്ചിട്ടുണ്ട്. വീരേന്ദ്രനാഥ് ചഥോപാധ്യായ, ലാലാ ഹർദയാൽ, എം.പി.ടി. ആചാര്യ, വിനായക് ദാമോദർ സാവർക്കർ, പി.ഓ. മേത്ത, എച്ച്,എം. ഷാ, പി.സി. വർമ്മ എന്നിങ്ങനെ നിരവധി പേർ ഇതിൽ അംഗങ്ങളായിരുന്നു.[2][3][4] മാഡം കാമയുടെ ശക്തമായ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പാരീസ് ഇന്ത്യാ സൊസൈറ്റിക്ക് ഫ്രാൻസിലും റഷ്യയിലുമുള്ള സോഷ്യലിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടായിരുന്നു.[1] 1907-ൽ ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ രണ്ടാം സോഷ്യലിസ്റ്റ് കോൺഗ്രസിൽ മാഡം ഭിക്കാജി കാമ പങ്കെടുത്തിരുന്നു.[2] ഇന്ത്യയ്ക്കു സ്വയം ഭരണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാഡം കാമ അവിടെ ഇന്ത്യയുടെ പതാക ഉയർത്തി.[2] 1909-ൽ കഴ്സൺ വില്ലി എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ മദൻ ലാൽ ഢീംഗ്ര എന്ന വിപ്ലവകാരി കൊലപ്പെടുത്തിയപ്പോൾ കൂടുതൽ വിപ്ലവകാരികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഈ സാഹചര്യത്തിൽ ഇന്ത്യാ ഹൗസിലെ വിപ്ലവകാരികൾക്ക് അഭയം നൽകിയത് പാരീസ് ഇന്ത്യൻ സൊസൈറ്റിയായിരുന്നു.[3] അക്കാലത്ത് ഇന്ത്യക്കു പുറത്തു പ്രവർത്തിച്ചിരുന്ന ഏറ്റവും ശക്തമായ ഇന്ത്യൻ സംഘടനയായിരുന്നു പാരിസ് ഇന്ത്യൻ സൊസൈറ്റി. ഈ സംഘടനയിലേക്ക് യൂറോപ്പിലെ കൂടുതൽ സോഷ്യലിസ്റ്റുകൾ വന്നുകൊണ്ടിരുന്നു.[5][5] മാർസെലസിൽ വച്ച് വി.ഡി. സാവർക്കർ അറസ്റ്റിലായപ്പോൾ അദ്ദേഹത്തെ ഫ്രാൻസിലേക്കു തിരികെക്കൊണ്ടുവരാൻ ഈ സൊസൈറ്റി ശ്രമിച്ചിരുന്നു. പാരീസ് ഇന്ത്യൻ സൊസൈറ്റിയിലെ അംഗങ്ങൾ പതിവായി യോഗങ്ങൾ കൂടുകയും എല്ലാവർക്കും ആയുധപരിശീലനം നൽകുകയും ചെയ്തിരുന്നു. വിപ്ലവപ്രവർത്തനങ്ങൾ കൂടാതെ വിപ്ലവ പ്രസിദ്ധീകരണങ്ങൾ രചിക്കുന്നതിലും ഇവിടെ പരിശീലനമുണ്ടായിരുന്നു. സംഘടനയിൽ നിന്നു പരിശീലനം നേടിയ പലരും ഇന്ത്യയിൽ വിപ്ലവപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.[5] പാരീസ് ഇന്ത്യൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ബന്ദേ മാതരം, തൽവാർ എന്നീ പ്രസിദ്ധീകരണങ്ങളും പുറത്തിറങ്ങിയിരുന്നു. അവലംബം
കൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia